അച്ഛനെ ജീവനോളം സ്നേഹിക്കുന്നവരും സ്നേഹിക്കാൻ മറന്നുപോയവരും അറിയാൻ !

സത്താർ കാസർകോട് നഗരത്തിലൂടെ രാത്രിയിലുള്ള സ്കൂട്ടർ യാത്രയിൽ. ചിത്രം: രാഹുൽ ആർ. പട്ടം.

പഞ്ചാരത്തേൻ നിറച്ച ചുവന്നു തുടുത്ത മിഠായായിരുന്നു സത്താറിന് ഉപ്പ. വല്ലപ്പോഴുമെത്തുമ്പോൾ കൈക്കുമ്പിൾ നിറയെ മിഠായി നീട്ടും. ഒരുനാൾ ആരോ അടക്കം പറഞ്ഞതോർമയുണ്ട്–ഇനി ഹസൈനാർ ഇക്ക വരില്ല!

അന്നു മാഞ്ഞുപോയതാണ് ഉപ്പ. വല്ലപ്പോഴും എത്തിയിരുന്ന ഉപ്പയെ ആ മകനും മറന്നു. ഉമ്മയുടെ മരണവും സ്വന്തം കാലിൽ നിൽക്കാനുള്ള അലച്ചിലുകൾക്കുമിടയിൽ ഉപ്പയെ ഓർത്തില്ല. വർഷങ്ങൾക്കു ശേഷം സത്താർ ഒരു ബാപ്പയായപ്പോൾ, സ്വന്തം മക്കൾ കൺമുന്നിൽ നിവർന്നു നിന്നു തുടങ്ങിയപ്പോൾ അയാൾ ഓർമകളെ തിരികെ വിളിച്ചു, സ്വയം മന്ത്രിച്ചു: പ്രിയപ്പെട്ട ഉപ്പാ, നിങ്ങൾ എവിടെയാണ്? 

ആ ഓർമകൾക്കു പിന്നാലെ സത്താർ സ്കൂട്ടറോടിച്ചു തുടങ്ങി. കാസർകോട് നഗരത്തിന്റെ പലകോണിൽ, റെയിൽവേ സ്റ്റേഷനിൽ, ബസ് സ്റ്റേഷനിൽ... ഒരു രാത്രി തന്റെ ബാപ്പ വന്നിറങ്ങുമെന്ന പ്രതീക്ഷയോടെ... കാത്തുനിൽപിന്റെ നേരങ്ങളിൽ അയാൾ വെറുതേയിരിക്കില്ല. നഗരത്തിലേക്കു വൈകി വരുന്നവരോട് എങ്ങോട്ടേക്കാണെന്ന് അങ്ങോട്ടു പോയി ചോദിക്കും. യാതൊരു പ്രതിഫലവും വാങ്ങാതെ ലക്ഷ്യസ്ഥാനത്തെത്തിക്കും; എത്ര അപരിചതനാണെങ്കിലും. ഇനി തിരിച്ചുവരാത്ത ഉപ്പയുടെ മകനാണ് സത്താർ എന്നത് അദ്ദേഹത്തിന്റെ സ്കൂട്ടറിനു പിന്നിലിരുന്നു യാത്രചെയ്തവർക്കും അറിയാത്ത കഥയാണ്. സത്യത്തിൽ അതു കഥയല്ല; സത്താറിനെപ്പോലെ ഒരുപാടു പേരുടെ ജീവിതവും പ്രതീക്ഷയും തകർത്ത ഒരു കപ്പൽയാത്രയുടെ ഓർമയാണ്. 

ഉപ്പ യാത്ര പോകുന്നു 

മിഥുനമഴ പെയ്തിറങ്ങുന്ന 1979 ജൂൺ മാസത്തിലെ പുലർകാലം. ഉപ്പയുടെ കൈപിടിച്ചു തളങ്കര മാലിക് ദീനാർ പള്ളിയിലേക്കു പോയതോർമയുണ്ട്. സുബഹ് നമസ്കാരം ചെയ്തു. പിന്നെ കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്നു മുംബൈക്കുള്ള ട്രെയിനിലേറി ഉപ്പ പോയി. സത്താർ കൈവീശി യാത്രയയച്ചു. കാസർകോട് നെല്ലിക്കുന്നിലെ അബ്ദുല്ലയ്ക്കൊപ്പം കപ്പൽ ജോലിക്കായി മുംബൈലേക്കുള്ള യാത്രയായിരുന്നു അത്. മുംബൈയിലും പിന്നീടു ഗോവയിലും എത്തിയ വിവരം നാട്ടിൽ അറിയിച്ചു. ഒൻപതു മാസം കഴിഞ്ഞു കൈനിറയെ സമ്മാനങ്ങളുമായി വരുന്ന ഉപ്പയെക്കുറിച്ച് ആലോചിച്ച് സത്താർ കൂട്ടുകാർക്കൊപ്പം കളിച്ചു നടന്നു. 

തീരമണയാത്ത ദുരൂഹത 

കേരള ഷിപ്പിങ് കോർപറേഷന്റെ ‘എംവി–കൈരളി’ എന്ന കപ്പലിലായിരുന്നു ഹസൈനാർക്കു ജോലി. 51 പേരുമായി ഗോവയിൽ നിന്നു കിഴക്കൻ ജർമനിയിലെ റോസ്‌റ്റോക്കിലേക്കു പുറപ്പെട്ട കപ്പൽ പക്ഷേ, ദുരൂഹതകൾ ബാക്കിയാക്കി തിരമാലകൾക്കപ്പുറത്തേക്കു മറഞ്ഞു. എന്താണു സംഭവിച്ചതെന്ന അന്വേഷണങ്ങൾക്കു നാലു പതിറ്റാണ്ടിനു ശേഷവും കൃത്യമായ ഉത്തരമില്ല. 1979 ജൂൺ മുപ്പതിനാണ് ഇരുമ്പയിരുമായി കപ്പൽ പുറപ്പെട്ടത്. ഇന്ധനം നിറയ്‌ക്കാൻ ആഫ്രിക്കയിലെ ജിബൂത്തിയിലെത്തേണ്ടതാണ്. കപ്പൽ അവിടെ എത്തിയില്ലെന്ന വിവരം ജൂലൈ 11നു ഷിപ്പിങ് കോർപറേഷനു ലഭിച്ചതോടെ സങ്കടക്കടൽ സത്താറിന്റെ വീട്ടിലേക്കു വന്നെത്തി.

കപ്പൽ തകർന്നതിനു തെളിവില്ല. ഇതു കപ്പലിലുണ്ടായിരുന്നവരുടെ കുടുംബങ്ങൾക്ക് ഇന്നും പ്രതീക്ഷ നൽകുന്നു. പലസ്‌തീൻ ലിബറേഷൻ ഓർഗനൈസേഷനിലെ ഒരുവിഭാഗം പിടിച്ചെടുത്തെന്നും കടൽക്കൊള്ളക്കാർ റാഞ്ചിയെന്നുമെല്ലാം വാദങ്ങളുണ്ടായി. പക്ഷേ, ദുരൂഹതകൾ കെട്ടഴിയാതെ തന്നെ നിന്നപ്പോൾ സങ്കടക്കടലിൽ ആഴ്ന്നുപോയതു സത്താറിനെ പോലുള്ളവരുടെ സ്വപ്നങ്ങളായിരുന്നു. എല്ലാവരെയും പോലെ പരാതിയും അപേക്ഷയുമായി മുംബൈയിലും മറ്റും പലതവണ പോയി വന്നു. 46,000 രൂപ നഷ്ടപരിഹാരം അനുവദിച്ചുകിട്ടി. പക്ഷേ, ഉപ്പയോളം വരില്ലല്ലോ അതൊന്നും! 

ആദ്യം എണ്ണക്കപ്പലിലായിരുന്നു ഹസൈനാറിനു ജോലി. അത്തവണ കപ്പലിൽ പോയി വന്നാൽ നാട്ടിൽ സ്ഥിരമാക്കുമെന്ന് ഉമ്മയോടു പറഞ്ഞിരുന്നതായി കേട്ടറിയാം. തളങ്കരയിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു ഹസൈനാർ. സത്താറിന്റെ ഉമ്മ റുഖിയയുമായുള്ളത് രണ്ടാംവിവാഹമായിരുന്നു. ആദ്യത്തേത് തലശ്ശേരിയിലായിരുന്നു. നാട്ടിലേക്കുള്ള വരവിൽ റുഖിയയേയും മകൻ സത്താറിനെയും കാണാനെത്തിയിരുന്നു. ഉപ്പ വന്നാൽ പിന്നെ കല്യാണവീടു പോലെയാണ്. ചങ്ങായിമാരെല്ലാം വരും–കണ്ണീർനനവുള്ള കണ്ണുമറയ്ക്കാൻ ശ്രമിക്കുന്നതിനിടയിൽ സത്താർ പറഞ്ഞു. 

ഹസൈനാറിനെ കാണാതായി രണ്ടു വർഷം കഴിയുമ്പോഴേക്കും കടുത്ത ശ്വാസംമുട്ടിനെ തുടർന്നു റുഖിയ മരിച്ചു. അതിനും മുൻപെ സത്താർ സ്കൂൾ പഠനം മതിയാക്കി. എളേപ്പക്കൊപ്പം കല്ലുകെട്ടാൻ പോയി തൊഴിലു പഠിച്ചു. ഈ നാൾവരെയും അതുതന്നെയാണ് വരുമാനമാർഗം. പകലു മുഴുവൻ ജോലി ചെയ്തു കിട്ടുന്ന പണത്തിൽ ഒരോഹരിയെടുത്താണ് സ്കൂട്ടറിന്റെ പെട്രോൾ ടാങ്ക് നിറയ്ക്കുന്നതും നാട്ടിൽ നന്മ പരത്തുന്നതും. 

കണ്ണു നിറയിച്ച റൂട്ടുകൾ 

കാൻസർ ബാധിതനായ ആറുവയസ്സുകാരൻ മകനുമായി അർധരാത്രി നഗരത്തിൽ വന്നിറിങ്ങിയ അച്ഛൻ. അവരെയും കൊണ്ട് ആ രാത്രി ഓടിയത് 70 കിലോമീറ്ററിലേറെ ദൂരം. ഞാനും ആ വഴിക്കാണെന്നു പറഞ്ഞ് അങ്ങോട്ടു സമീപിക്കുകയായിരുന്നു. അതുകൊണ്ടു മാത്രമാണ് മകനെയും വാരിയെടുത്ത് അയാൾ സത്താറിന്റെ പിന്നിലിരുന്നത്. അവരെ വീട്ടിൽ വിട്ടു മടങ്ങാൻ നേരമാണ്, അവർക്കു വേണ്ടി തന്നെയാണ് ഈ ദൂരം വന്നതെന്ന സത്യം പറഞ്ഞത്. കെട്ടിപ്പിടിച്ചു കരഞ്ഞ ആ അച്ഛന്റെ കണ്ണീർ നനവോളം വരില്ല മറ്റൊന്നും. 

മറ്റൊരു രാത്രിയിൽ ബസ്‌സ്റ്റാൻഡിനു സമീപത്തു കൂടി ഓടുകയാണ് ഒരാൾ. അടുത്തേക്കു സ്കൂട്ടർ ഓടിച്ചെത്തിയ സത്താർ എവിടേക്കാണെന്ന് അന്വേഷിച്ചു. റെയിൽവേ സ്റ്റേഷനിലേക്കു വിടാമോ എന്നു ചോദിച്ചയാൾ ഒപ്പംകയറി. പിറ്റേന്നു ചെന്നൈയിലെ ആശുപത്രിയിൽ ഭാര്യ ശസ്ത്രക്രിയയ്ക്കു വിധേയയാവുകയാണ്. തത്രപ്പാടിൽ പണം സംഘടിപ്പിച്ചു തിരികെ മടങ്ങുന്ന വഴിയാണ്. പണം എത്തിച്ചില്ലെങ്കിൽ ശസ്ത്രക്രിയ നടക്കില്ലെന്നും ഇടറിയ ശബ്ദത്തിൽ പറഞ്ഞൊപ്പിച്ച് അയാൾ സ്റ്റേഷനു സമീപം ഇറങ്ങിയോടി. പ്ലാറ്റ്ഫോമിൽ പുറപ്പെടാനൊരുങ്ങി നിൽക്കുകയായിരുന്നു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്. അയാളുടെ ഭാര്യയുടെ ശസ്ത്രക്രിയ നടന്നിരിക്കും സുഖംപ്രാപിച്ചിരിക്കും എന്നെല്ലാമുള്ള സമാശ്വാസം മാത്രം. അങ്ങനെ പേരുപോലും ചോദിക്കാതെ എത്രയോ പേർ... 

സ്നേഹത്തിന്റെ ഒറ്റത്തുട്ട്! 

ആരെങ്കിലും സ്നേഹത്തോടെ പണം തന്നിട്ടുണ്ടാവില്ലേ? ഉണ്ട്, ആരു പണം വച്ചുനീട്ടിയാലും വേണ്ടെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുന്ന സത്താറിനെ ഒരാൾ വിട്ടില്ല. രാത്രി ദേളി സാഅദിയയിലേക്കു പോകാൻ വഴിയില്ലാതെ നിന്ന ഉസ്താദാണു കക്ഷി. എന്തെങ്കിലും വാങ്ങിയേ പറ്റൂ എന്ന് ഉസ്താദ്. എങ്കിൽ ഒരു രൂപ നാണയം മതിയെന്നു സത്താർ. സ്നേഹത്തിന്റെ ആ ഒറ്റത്തുട്ട് വാങ്ങി സത്താർ മടങ്ങി. പ്രതിഫലം നൽകിയതിന്റെ മധുരിക്കുന്ന മറ്റൊരു ഓർമയും സത്താർ പങ്കുവച്ചു. എന്തെങ്കിലും വാങ്ങിയേ മതിയാവൂ എന്നു പറഞ്ഞ് ഒരാൾ വട്ടംപിടിച്ചിരിക്കുകയാണ്. ചെറിയദൂരമേ സത്താറിന്റെ സ്കൂട്ടറിലുണ്ടായിരുന്നുള്ളൂ. ഒന്നുംവേണ്ടെന്നു പതിവുശൈലിയിൽ സ്വരംതാഴ്ത്തി പറഞ്ഞൊഴിഞ്ഞപ്പോൾ അയാൾ സ്വന്തം പേനയെടുത്തു സത്താറിന്റെ പോക്കറ്റിൽ കുത്തി! 

ഇരുട്ടടി 

കെഎസ്ആർടിസി ബസ്‌സ്റ്റാൻഡ് പരിസരത്തു പതിവുപോലെ ചുറ്റിക്കറങ്ങുന്ന നേരം. ഹൈവേ ഏടെയെന്നു ചോദിച്ചൊരാൾ. കയറാൻ പറഞ്ഞു. ഏടേക്കാണു പേകേണ്ടതെന്നു ചോദിച്ചപ്പോൾ കാസർകോട് നഗരത്തിൽ നിന്ന് 35 കിലോമീറ്ററിലേറെ അകലെ ബട്ടിപദവിനടുത്തെ സ്ഥലം പറഞ്ഞു. ഞാനും ആ വഴിക്കാണെന്നു പറഞ്ഞ് സത്താർ യാത്ര തുടങ്ങി. സ്ഥലമെത്താറാവുമ്പോഴേക്കു കാര്യം പറഞ്ഞു. കൊണ്ടുവിടാമെന്നു കരുതി തന്നെ വന്നതാണ്. അദ്ഭുതംപോലെ കേട്ട അയാൾ സത്താറിനെ വീട്ടിലേക്കു ക്ഷണിച്ചു. അന്നവിടെ തങ്ങി പിറ്റേന്നു പോകാമെന്നു പറഞ്ഞെങ്കിലും നിന്നില്ല. അയാൾ മൊബൈൽ നമ്പർ നൽകിയിരുന്നു.

പാതിവഴിയിലെത്തുമ്പോൾ ഒരു സംഘം യുവാക്കൾ വളഞ്ഞു. ആദ്യം ചോദ്യംചെയ്യലായി. ബട്ടിപദവിൽ യാത്രക്കാരനെ കൊണ്ടുവിട്ട സ്ഥലം എവിടെയെന്നു കൃത്യമായി പറയാൻ കഴിയാതെ വന്നപ്പോഴേക്കും സംഘം കത്തിയെടുത്തു. ജീവൻഭയന്നു സ്കൂട്ടറെടുത്ത് കുതിക്കുമ്പോഴേക്കും സംഘം പിന്നാലെ. ഒരുവിധം രക്ഷപ്പെട്ട് ഇടവഴി പിടിച്ചു സമീപത്തെ ഒരു വീട്ടുകാരെ വിളിച്ചുണർത്തിയതു കൊണ്ട് ജീവൻ ബാക്കിയായി. ബട്ടിപദവിൽ കൊണ്ടുവിട്ട യാത്രക്കാരനോടു വിളിച്ചു കാര്യം പറഞ്ഞു. അയാൾ ആളെ കൂട്ടി വന്നു വീട്ടിലേക്കു കൊണ്ടുപോയി. അന്നവിടെ തങ്ങിയാണ് മടങ്ങിയത്. അങ്ങനെ ജീവൻ നഷ്ടപ്പെടുമെന്നു തോന്നിയ പല സംഭവങ്ങൾ. 

കൊണ്ടുവിടാമെന്നു പറഞ്ഞുവിളിച്ചാൽ പലരും സംശയിക്കും. അതുകൊണ്ട് എങ്ങോട്ടേക്കാണെന്നു ചോദിച്ച് താനും ആ വഴിക്കാണെന്നു പറയുകയാണു രീതി. സ്ഥലത്തെത്തുമ്പോൾ മാത്രം കൊണ്ടുവിടാൻ വേണ്ടിത്തന്നെ വന്നതാണെന്ന സത്യം പറയും. ‘പടച്ചോൻ കാക്കട്ടെ എന്നോ ദൈവം അനുഗ്രഹിക്കും എന്നോ’ അവർ ഉള്ളിൽത്തട്ടി പറയുന്നതു കേൾക്കുന്നതാണ് പ്രതിഫലം. അതു തന്നെയാണ് സത്താറിന്റെ സ്കൂട്ടറിനു മുന്നോട്ടുപോകാനുള്ള യഥാർഥ ഇന്ധനവും. വർഷമേറെയായി സത്താർ ഇങ്ങനെ അപരിചിതരായ യാത്രക്കാരുടെ സാരഥിയായിട്ട്. അപൂർവം ദിവസങ്ങളിൽ വീട്ടിൽ നിന്നു മാറിനിൽക്കേണ്ടി വരുമ്പോഴോ പനിയോ മറ്റോ ഉള്ളപ്പോഴോ മാത്രമാണ് ഒഴിവാകുക. ഹർത്താൽ, പണിമുടക്ക് ദിവസങ്ങളിൽ പകൽ മുഴുവൻ സേവന സന്നദ്ധനായുണ്ടാവും.  

സ്‌കൂട്ടറിൽ ഫുൾടാങ്ക് പെട്രോളുമായാണ് നഗരത്തിലെത്തുന്നത്. രാത്രിയിൽ വഴിയിൽ വച്ച് ഇന്ധനം തീർന്നുപോയാൽ നിറയ്‌ക്കാൻ കുറച്ച് പ്രത്യേകം കുപ്പിയിൽ കരുതും. സ്നേഹ റൂട്ടിൽ പാഞ്ഞോടിയ അഞ്ചാമത്തെ സ്കൂട്ടറാണ് സത്താറിന്റേത്. മാസം തിരിച്ചടവിട്ടാണ് സ്കൂട്ടർ വാങ്ങുക. ഇതിപ്പോൾ തന്നെ ഒരുലക്ഷം കിലോമീറ്റർ കവിഞ്ഞു. അതിന്റെ കിതപ്പും ഉണ്ട്. നിലവിലുള്ള കടം തീർന്നാൽ പുതിയതൊരെണ്ണം വാങ്ങണമെന്നുണ്ട് സത്താറിന്.

നഗരത്തിലെ ഒട്ടുമിക്ക പൊലീസുകാർക്കും സുപരിചതനായ സത്താറിനെ പലപ്പോഴും അവർ തന്നെ വിലക്കാറുണ്ട്. രാത്രി വൈകി ഉൾപ്രദേശങ്ങളിലേക്ക് അപരിചിതരെയൊന്നും കൊണ്ടു വിടരുതെന്നാവും സ്നേഹത്തോടെയുള്ള ഉപദേശം. പടച്ചോൻ കൂട്ടിനുണ്ടാവുമെന്നാവും സത്താറിന്റെ മറുപടി. ശരിയാവും, സത്താറിന്റെ സ്കൂട്ടറിൽ മൂന്നുപേർ യാത്ര ചെയ്യുന്നുണ്ടാവും. സത്താറും യാത്രക്കാരനും പിന്നെ ദൈവവും! 

പോക്കറ്റടി 

പ്രാർഥനയും സ്നേഹവും മാത്രമല്ല കയ്പനുഭവങ്ങളുമുണ്ട് സത്താറിന്റെ റൂട്ടിൽ. കയ്യിലുണ്ടായിരുന്ന 500 രൂപയുടെ ഒറ്റനോട്ട് ഷർട്ടിന്റെ പോക്കറ്റിലിട്ട് സ്നേഹവിളി കാത്തു റെയിൽവേ സ്റ്റേഷൻ പരിസരത്തുണ്ടായിരുന്നു സത്താർ. ടൗണിലേക്കാണോ എന്നു ചോദിച്ചു കയറിയ യുവാവ് പാതിവഴിയിലിറങ്ങി. കൈകൊടുത്ത് പുഞ്ചിരി സമ്മാനിച്ചായിരുന്നു മടക്കം. ചില്ലറയ്ക്കായി ഒരു കടയിൽ കയറി പോക്കറ്റിൽ തപ്പുമ്പോഴാണ് കയ്യിലുണ്ടായിരുന്ന 500 രൂപ നഷ്ടപ്പെട്ടത് അറിയുന്നത്. അതിൽപ്പോലും സത്താറിനു പക്ഷേ, പരിഭവമില്ല. 

ആകെയുള്ളത് രണ്ടു സെന്റ് സ്ഥലവും സ്വയം കെട്ടിയുയർത്തിയ വീടും. വീടിനുള്ള വായ്പ അടക്കം ബാധ്യതയേറെയുണ്ട്. അതൊന്നും സത്താറിന്റെ യാത്രകൾ മുടക്കില്ല. പേരുംനാളും അറിയാത്ത ഏതോ അപരിചതനെയും കൊണ്ട്, സത്താർ യാത്ര തുടരുകയാണ്. നേരവും കാലവും നോക്കാതെ, സ്വന്തം പോക്കറ്റു പോലും കാക്കാതെ...

ആധി കൂടുമ്പോൾ, വരാൻ വൈകുമ്പോൾ ഭാര്യ സാഹിറയുടെ ഉള്ളുപിടയും. ഇടയ്ക്കു പറയും: ഇങ്ങള് നോക്കിപോണേ... പടച്ചോനെ കൂട്ടുപിടിച്ചാവും സത്താറിന്റെ മറുപടി. ചെറുതും വലുതുമായ ദൂരങ്ങൾ തേടി ദിവസവും പത്തിൽകുറയാതെ യാത്രക്കാരുണ്ടാവും സത്താറിനൊപ്പം. അവരിൽ കാലു വയ്യാത്ത ഒരാളോ വളരെ അത്യാവശ്യമായി എത്തേണ്ട ഓരോ ആളോ ഉറപ്പായും ഉണ്ടാവും. ആ അത്യാവശ്യക്കാർക്കു വേണ്ടിയാണ് രാത്രി വൈകിയും കാത്തുനിൽക്കുന്നതെന്ന് സത്താർ പറയും. നാലു മക്കളാണ്. മൂത്തമകൾ ഷംസാദിയുടെ കല്യാണം കഴിഞ്ഞു. താഴെ രണ്ടാൺമക്കൾ ഷംസീറും ഷംനാസും. ഏറ്റവും ഇളയവൾ ഷംസീറ. 

ഉപ്പ ഇനി വരില്ലെന്ന് എല്ലാവരും പറയുമ്പോഴും സത്താർ വിശ്വസിക്കുന്നു: ‘ഒരുപാതിരാ നേരത്ത് ഉപ്പ കാസർകോട് നഗരത്തിൽ വന്നിറങ്ങും; അന്നു വീട്ടിലേക്കു കൂട്ടാൻ സ്കൂട്ടറുമായി താനുണ്ടാവണം.’ ആ ഉപ്പയ്ക്കു മാത്രമല്ല, ആർക്കും സത്താറിന്റെ സ്കൂട്ടറിൽ കയറാം. സഹജീവി സ്നേഹത്തിന്റെ പുതിയ ദൂരങ്ങൾ താണ്ടാം. കാസർകോട് നഗരത്തിൽ വന്നിറങ്ങുന്നവർ വാഹനമില്ലാതെ ബുദ്ധിമുട്ടിയാൽ വിളിക്കാം–93887 94938. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam