പത്തൊമ്പതുകാരന് എഴുപത്തിമൂന്നുകാരി ഭാര്യ! കാരണമോ?

Gari-Almeida
ഗാരിയും അൽമേഡയും

പ്രണയത്തിലും വിവാഹത്തിലും പ്രായത്തിനു സ്ഥാനമുണ്ടോയെന്നു ചോദിച്ചാൽ ഇല്ലെന്നു നിസ്സംശയം പറയുന്ന ദമ്പതികളാണ് ഇന്ന് സമൂഹമാധ്യമത്തിൽ നിറയുന്നത്. വരനേക്കാൾ വധുവിനു പ്രായം കൂടിപ്പോയാൽ മൂക്കത്തു വിരൽ വെക്കുന്ന സമൂഹത്തെ തെല്ലും വകവെക്കാതെ ജീവിതം ആസ്വദിക്കുന്ന ആ ദമ്പതികളാണ് അൽമേഡയും ഗാരി ഹാർഡ്‌വിക്കും. തന്നേക്കാൾ അമ്പത്തിമൂന്നു വയസ്സു പ്രായമുള്ള സ്ത്രീയെ വിവാഹം കഴിച്ച ഗാരിയെ പലരും അത്ഭുതത്തോടെയാണ നോക്കുന്നത്. ഗാരിക്ക് ഇപ്പോൾ പത്തൊമ്പതു വയസ്സാണു പ്രായം ഭാര്യ അല്‍മേഡയ്ക്കാകട്ടെ എഴുപത്തിമൂന്നും.

കൗമാരക്കാരന്‍ വൃദ്ധയെ വിവാഹം കഴിക്കുന്നു എന്ന പേരിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നതാണ് ഇരുവരുടെയും ജീവിതം. അൽമേഡയ്ക്ക് എഴുപത്തിയൊന്നും ഗാരിക്ക് പതിനേഴും വയസ്സുള്ളപ്പോഴാണ് ഇരുവരും തമ്മിൽ ആദ്യമായി കണ്ടുമു‌ട്ടുന്നത്. ഇനി മിക്ക പ്രണയജോഡികളുടെയും കൂടിക്കാഴ്ച പോലെ സന്തോഷം നിറഞ്ഞൊരു ദിനമായിരുന്നില്ലത്. മറിച്ച് അൽമേഡയുടെ പുത്രന്റെ മരണാനന്തര ചടങ്ങുകൾക്കിടെയായിരുന്നു ആദ്യമായി കണ്ടത്.  അന്നത്തെ കാഴ്ചയ്ക്കു ശേഷം വീണ്ടും രണ്ടുമാസം കഴിഞ്ഞാണ് ഗാരിയും അൽമേഡയും കാണുന്നത്. അതും മറ്റൊരു കുടുംബ സദസ്സിൽ വച്ച്. അന്നുതന്നെ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടിരുന്നു.

gari-1
ഗാരിയും അൽമേഡയും

എഴുപത്തിയേഴുകാരിയായ വൃദ്ധയുമായി ബ്രേക്കപ് ആയ സമയത്താണ് ഗാരി അൽമേഡയെ കാണുന്നതും തന്റെ ഭാവിവധുവായി മനസ്സിൽ പ്രതിഷ്ഠിക്കുന്നതും. പിന്നീട് സൗഹൃദവും പ്രണയവും വിവാഹത്തിൽ ചെന്നെത്തുകയായിരുന്നു. ഇപ്പോൾ രണ്ടുവർഷത്തോളമായി സന്തുഷ്ടമായി ജീവിതം നയിക്കുകയാണ് ഗാരി–അൽമേഡ ദമ്പതികൾ. ആത്മാർഥമായി പ്രണയിക്കുകയാണെങ്കിൽ പ്രായം വെറുമൊരു അക്കം മാത്രമാണെന്നു പറയുന്നു അൽമേഡ.

അൽമേഡയു‌ടെ മനോഹരമായ നീലക്കണ്ണുകളും പെരുമാറ്റവുമൊക്കെയാണ് തന്നെ അവരിലേക്കടുപ്പിച്ചതെന്നു പറയുന്നു ഗാരി. ഒരേ ഇഷ്ടങ്ങളും താൽപര്യങ്ങളുമൊക്കെയായാണ് ഇത്രനാളും ജീവിച്ചത്. ഇനി തന്നേക്കാൾ ഇത്രത്തോളം പ്രായം കൂടിയ സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതിനു പിന്നിലെ കാരണം ചോദിച്ചാൽ ഗാരി നിസ്സംശയം പറയും തനിക്കൊരിക്കലും തന്റെ പ്രായത്തിലുള്ള പെൺകുട്ടികളോട് പ്രണയം തോന്നിയിട്ടില്ലെന്ന്. പതിമൂന്നും പതിനാലും വയസ്സുള്ള പ്രായത്തിലും താൻ ആകർഷിക്കപ്പെട്ടിരുന്നത് പ്രായം കൂടിയ സ്ത്രീകളോടായിരുന്നു. ‌

എന്നാല്‍ ഇരുവരുടെയും തീരുമാനത്തെ കൗതുകത്തോടെ നോക്കിക്കാണുന്നവരുമുണ്ട്, അവരിൽ ചിലർ ഇപ്പോൾ ഇവരോടു മിണ്ടുക കൂടിയില്ല. അൽമേഡയുടെ പുത്രനും അക്കൂട്ടത്തിലുണ്ട്. മക്കളുടെ പ്രായമുള്ളൊരാളെ ഭർത്താവായി സ്വീകരിച്ച് അമ്മ നടക്കുന്നതു കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നാണത്രേ മകൻ പറയാറുള്ളത്. അൽമേഡയുടെ പേരക്കുട്ടികൾക്കും ഗാരിയെ മുത്തശ്ശിയുടെ ഭർത്താവായി കാണാൻ ബുദ്ധിമുട്ടുണ്ട്. സമപ്രായക്കാരോ ഗാരിയേക്കാൾ മൂത്തവരോ ഒക്കെയാണ് അവരെല്ലാം. ഗാരിയെ തങ്ങളെങ്ങനെ മുത്തച്ഛനായി കാണുമെന്നാണ് അവരുടെ ചോദ്യം. 

പക്ഷേ ഇതൊന്നും ഇവരെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്നു മാത്രമല്ല വിജയകരമായൊരു യൂട്യൂബ് ചാനൽ ന‌ടത്തിക്കൊണ്ടു പോകുന്നതിന്റെ കൂടി തിരക്കിലാണ് കക്ഷികൾ. വ്ലോഗുകളും റിയാക്ഷന്‍ വിഡിയോകളും പ്രാങ്ക് വിഡിയോകളുമൊക്കെയായി മുമ്പത്തേതിലും തിരക്കിലാണ് ഗാരി–അൽമേഡ ദമ്പതികൾ. എന്തായാലും പ്രായവും സ്വഭാവവും സൗന്ദര്യവും സമ്പത്തുമൊക്കെ നോക്കി വിവാഹം കഴിച്ച് അധികം വൈകാതെ വിവാഹ മോചനം നേടുന്നവർക്കു മുന്നിൽ മാതൃകാ ജീവിതം നയിച്ചു വ്യത്യസ്തരാവുകയാണ് ഇവർ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam