മലയാളക്കരയിൽ നിന്നും തമിഴകത്തേക്കു പറന്ന് വെന്നിക്കൊടി പാറിച്ച താരമാണ് നടൻ ആര്യ. ആര്യക്കു വധുവിനെ കണ്ടെത്താനായി നടത്തിയ എങ്ക വീട്ട് മാപ്പിളൈ എന്ന റിയാലിറ്റി ഷോയെക്കുറിച്ചുള്ള ചര്‍ച്ചകൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഷോയുടെ അവസാന ദിവസത്തിലാണ് ഫൈനലില്‍ ഇടംനേടിയ മൂന്നുപേരിൽ നിന്നൊരാളെ വധുവായി തിരഞ്ഞെടുക്കാൻ തനിക്ക് അൽപംകൂടി സമയം വേണമെന്ന ഞെട്ടിക്കുന്ന പ്രഖ്യാപനം ആര്യ നടത്തിയത്. ഇപ്പോഴത്തെ വിശേഷം അതൊന്നുമല്ല, ഫൈനലിസ്റ്റുകളിലൊരാളായ സീതാലക്ഷ്മി ആര്യയെക്കുറിച്ചു സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് ആണ് വൈറലാകുന്നത്.
ഷോയിൽ കുഞ്ചു എന്നറിയപ്പെടുന്ന പാലക്കാട് സ്വദേശിനി സീതാലക്ഷ്മി പ്രത്യേകശൈലിയിലുള്ള സംസാരവും പെരുമാറ്റവും കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു. ഫൈനലിൽ വധുവിന്റെ വേഷത്തിൽ പ്രതീക്ഷയോടെ കാത്തുനിൽക്കുമ്പോൾ ആര്യ നടത്തിയ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തൽ സീതാലക്ഷ്മിയെ തളർത്തിയിട്ടില്ല. മാത്രമല്ല ഇപ്പോഴും സീതാലക്ഷ്മി ആര്യയെ ജീവനുതുല്യം സ്നേഹിക്കുന്നുമുണ്ടെന്നു വ്യക്തമാക്കുന്നതാണ് പോസ്റ്റ്.
'' എനിക്കറിയില്ല ആദ്യദിവസം മുതൽ ഞാന്‍ തിരിച്ചറിയുന്നുണ്ട്, 27ാം തീയതിയിൽ എന്തെങ്കിലും സ്പെഷലായി സംഭവിക്കാറുണ്ട്. ജനുവരി 27നാണ് നമ്മൾ കാണുന്നതും ഞാൻ നിന്നെ പ്രൊപോസ് ചെയ്യുന്നതും. ഫെബ്രുവരി 27ന് രാധാ നൃത്തത്തിനു ശേഷം നീയെന്നെ എടുത്തുപൊക്കി. മാർച്ച് 27ന് നീ എന്നെ എലിമിനേറ്റ് ചെയ്യാതെ ഫൈനലിസ്റ്റിൽ ഇടംനല്കി.
എന്റെ ജീവിതത്തിൽ എക്കാലവും സംഭവിച്ച ഏറ്റവുംനല്ല കാര്യമാണു നീ. കാരണം നിന്നെ കണ്ടുമുട്ടിയതിനുശേഷമാണ് എല്ലാം ശരിയായ വഴിക്കുവന്നത്. എന്റെ കുടുംബം, എന്റെ സുഹൃത്തുക്കൾ, എന്റെ പാഷൻ.. നിനക്ക് ജീവിതത്തിൽ ഏറ്റവും മികച്ചതു തന്നെ ലഭിക്കട്ടെ. എന്തെന്നാൽ നീ ആത്മാർഥമായും അത് അർഹിക്കുന്നുണ്ട്. ഒരുപാടു സ്നേഹത്തോടെ, കുഞ്ചു''–സീതാലക്ഷ്മി കുറിച്ചു.
എങ്ക വീട്ട് മാപ്പിളൈയുടെ വിജയിയെ ആര്യ വിവാഹം കഴിക്കുമോ എന്ന കാര്യത്തിൽ തുടക്കം മുതൽ ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു. പെൺമനസ്സുകളെ തട്ടിക്കളിച്ചാണോ ആര്യയുടെ വധുവിനെ കണ്ടെത്തേണ്ടതെന്ന് പലരും ചോദ്യം ഉന്നയിച്ചിരുന്നു. ആര്യയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പെരുമാറുകയും മനസ്സിനിണങ്ങുകയും ചെയ്യുന്ന വധുവിനെ കണ്ടെത്താനായി നിരവധി ടാസ്ക്കുകളും ചെയ്യിച്ചിരുന്നു. ഒടുവിൽ സൂസന്ന, സീതാലക്ഷ്മി, അഗത എന്നീ മൂന്നു പെൺകുട്ടികളാണ് ഫൈനൽ ലിസ്റ്റിൽ ഇടം നേടിയിരുന്നത്. എന്നാൽ ഇതെല്ലാം വെറും പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഇപ്പോൾ സമൂഹമാധ്യമത്തിലുയരുന്ന വാദം.
തനിക്ക് വിവാഹപ്രായമായെന്നും വധുവിനെ ആവശ്യമുണ്ടെന്നും പറഞ്ഞ് ആര്യ തന്നെയാണ് ഫെയ്സ്ബുക്കിൽ ഒരു വിഡിയോ ഇട്ടിരുന്നത്. സിനിമ മേഖലയിൽ നിന്നുള്ളവർ വേണമെന്ന് നിർബന്ധമില്ലെന്നും, തന്നെ സ്നേഹിക്കുന്ന ഒരു പെൺകുട്ടിയായാൽ മതിയെന്നുമായിരുന്നു ആര്യ പറഞ്ഞത്. താൽപര്യമുള്ളവർക്ക് വിളിക്കാൻ മൊബൈൽ നമ്പറും നൽകി. ഇതു കൂടാതെ രജിസ്ട്രേഷനുള്ള വെബ്സൈറ്റും ആര്യ ഫെയ്സ്ബുക് ലൈവില്‍ പുറത്തുവിട്ടു.
തുടര്‍ന്നാണ് ആര്യയുടെ വിവാഹം റിയാലിറ്റി ഷോയുടെ തുടക്കമായിരുന്നെന്നു തിരിച്ചറിഞ്ഞത്. ആര്യയെ വരനായി ലഭിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഒരു ലക്ഷത്തിലധികം കോളുകളാണ് വന്നിരുന്നത്. 7000 അപേക്ഷകരിൽ നിന്നായി 16 പേരെയായിരുന്നു തിരഞ്ഞെടുത്തത്. 'എങ്ക വീട്ടു മാപ്പിളൈ' എന്ന പേരിൽ സംപ്രേക്ഷണം ചെയ്യുന്ന റിയാലിറ്റി ഷോയിൽ വിജയിക്കുന്ന പെൺകുട്ടിയെ ആര്യ മിന്നു ചാര്‍ത്തുമെന്നാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam