Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊലീസുകാർ വീട്ടുകാരോട് ചോദിച്ചു, ' കൊന്നു കളഞ്ഞൂടേ '

Surya Ishan ഇഷാനും സൂര്യയും, ഫോട്ടോ: ബേസിൽ പൗലോ

പ്രണയം തോന്നാൻ ഒരു നിമിഷം മതി. തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഇഷാൻ എതിർസീറ്റിലിരുന്ന സൂര്യയെ പലകുറി നോക്കി, ഒരുപാടു നേരം  മുഖത്തോടു മുഖം നോക്കി സംസാരിച്ചു. വർത്തമാനങ്ങൾക്കിടെ എപ്പോഴാണ് അയാളുടെ മനസ്സിൽ അവളോട് പ്രണയം തോന്നിയത്, അറിയില്ല. ആ യാത്രയുടെ അവസാനം മറ്റു പലതിന്റേയും തുടക്കമായിരുന്നു. ഒരു നിമിഷത്തെ ആവേശമായിരുന്നില്ല, ജീവിതകാലം മുഴുവൻ അവളെ തന്നോടു ചേർത്തു പിടിക്കാനാണ് അയാൾ ആഗ്രഹിച്ചത്. ഇഷ്ടം തുറന്നുപറയാൻ ഹൃദയം വെമ്പിയപ്പോഴും അവൾ നിരസിച്ചാലോ എന്ന പേടിയിൽ പല വട്ടം മടിച്ചു. ഒടുവിൽ മനസ്സ് തുറന്നപ്പോള്‍ അവളും സമ്മതം മൂളി. പ്രിയപ്പെട്ടവരുടെ സമ്മതത്തോടെ  ഇരുവരും  ഒന്നായി. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ  ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌സെക്‌ഷ്വൽ  ദമ്പതികളാണ്  സൂര്യയും  ഇഷാനും.

പ്രണയം പറഞ്ഞിടാൻ വയ്യാതെ

ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയുടെ പരിപാടിക്കായി കോഴിക്കോട്ടേക്കുള്ള തീവണ്ടിയാത്രയ്ക്കിടെയാണ് ഇഷാൻ ആദ്യമായി സൂര്യയെ കാണുന്നത്. ‘ട്രെയിനിൽ എന്റെ എതിർസീറ്റിലാണ് സൂര്യ ഇരുന്നത്. യാത്രയിലുടനീളം ഞങ്ങളൊരുപാട് സംസാരിച്ചു. സൂര്യ എന്ന വ്യക്തിയെയും അവളുടെ ആറ്റിറ്റ്യൂഡുമെല്ലാം ഒരുപാട് ഇഷ്ടമായി. അടുത്ത ദിവസങ്ങളിൽ വീണ്ടും തമ്മിൽ കണ്ടു. എന്റെ മനസ്സിലുണ്ടായിരുന്നത് പ്രണയമാണെന്ന തിരിച്ചറിവ് ഉണ്ടായത് അപ്പോഴാണ്. പക്ഷേ, പറയാൻ ഭയങ്കര ടെൻഷൻ.’

കടൽതീരത്തെ പഞ്ചാരമണലിൽ  ഇരുന്ന് പ്രിയപ്പെട്ടവൻ പറഞ്ഞു നിർത്തിയിടത്തുനിന്ന് സൂര്യ തുടർന്നു. ‘കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഇക്ക എന്റെ വീട്ടിൽ വന്നു. ഞാൻ തലേദിവസത്തെ പ്രോഗ്രാമിന്റെ ക്ഷീണം കൊണ്ട് നല്ല ഉറക്കത്തിൽ. വാതിലിൽ മുട്ടിയിട്ടും  വിളിച്ചിട്ടുമൊന്നും  അറിഞ്ഞില്ല. പിന്നീട് എന്നെ ഫോണില്‍ വിളിച്ചിട്ട് വീട്ടിൽ വന്നിരുന്നുവെന്ന് പറഞ്ഞു. കാര്യം ചോദിച്ചപ്പോൾ, പറയാനുള്ളത് വീടിന്റെ ചുവരിൽ എഴുതിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഞാൻ ചുവരിൽ നോക്കി. അതിൽ ‘ഐ ലവ് യൂ’ എന്ന് എഴുതിയിരിക്കുന്നു.’

surya-ishan ഇഷാനും സൂര്യയും, ഫോട്ടോ: ബേസിൽ പൗലോ

ഇഷാൻ പ്രണയം വെളിപ്പെടുത്തിയ ഉടനെ അത് സ്വീകരിക്കുകയായിരുന്നില്ല സൂര്യ. ‘എനിക്ക് ഇക്കയോട് ഇഷ്ടക്കുറവൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പരസ്പരം പൂർണമായി മനസ്സിലാക്കാതെ ഒരു തീരുമാനം എടുക്കുന്നത് ശരിയല്ലെന്ന് തോന്നി. ഞങ്ങൾ തമ്മിൽ സംസാരിച്ച് അന്യോന്യം മനസ്സിലാക്കി. മുൻപ് എന്റെ ജീവിതത്തിൽ മറ്റൊരാൾ ഉണ്ടായിരുന്നു. എനിക്ക് മാനുഷികമായ പരിഗണന പോലും തരാതെയുള്ള ആ ബന്ധം മുന്നോട്ടു പോയില്ല. എല്ലാം  പറഞ്ഞതിനു ശേഷം ഒന്നിച്ചു പോകാൻ പറ്റുമെന്ന്  ഉറപ്പായപ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു. അന്നു തൊട്ടിന്നോളം ഞങ്ങൾ പ്രണയിക്കുകയാണ്.’

ഒരിക്കൽ പരിചയപ്പെട്ട ആരും പിന്നീട് സൂര്യയെ മറക്കാതിരിക്കുന്നതിന്റെ കാരണം സൂര്യയുടെ സംസാരം തന്നെ. ട്രെയിൻ യാത്രയ്ക്കിടെ ഇഷാനെ അവളിലേക്ക് ആകർഷിച്ചതും അതു തന്നെയാകാം. ‘മുൻപ് എത്ര നേരം വേണമെങ്കിലും വാതോരാതെ സംസാരിക്കും. പക്ഷേ, ഇപ്പോൾ ഞാനൊരുപാട് മാറി. അധികം  സംസാരിക്കാറില്ല. നന്നായി ഭക്ഷണം കഴിക്കുമായിരുന്ന ഞാൻ ഇപ്പോൾ ശരീരം ശ്രദ്ധിക്കാൻ തുടങ്ങി. ’

പ്രണയം പോലെ എളുപ്പമായിരുന്നില്ല വിവാഹമെന്ന തീരുമാനം. ചുറ്റുപാടു നിന്നും എതിർപ്പുകൾ ഒട്ടേറെ നേരിടേണ്ടി വന്നിട്ടുണ്ട്  ഇരുവർക്കും. ‘എന്റേത് ഒരു യാഥാസ്ഥിതിക മുസ്‌ലിം കുടുംബമാണ്. സ്വന്തം സമുദായത്തിൽ നിന്നുള്ള കുട്ടിയെ കല്യാണം കഴിക്കണമെന്നായിരുന്നു ബാപ്പയുടെയും ഉമ്മയുടെയും ആഗ്രഹം. പക്ഷേ, ജീവിതത്തിൽ ഒരു വിവാഹമുണ്ടെങ്കിൽ അത് സൂര്യയോടൊപ്പമാണെന്ന് തീരുമാനിച്ചിരുന്നു. മനസ്സിലെ ഇഷ്ടം എന്റെ വളർത്തമ്മമാരായ രഞ്ജിനിയോടും ശ്രീക്കുട്ടിയോടും പറഞ്ഞു. അവരാണ് വീട്ടിൽ പോയി സംസാരിച്ചത്. ഉമ്മ ആദ്യം എതിർത്തെങ്കിലും  ഒടുവിൽ എന്റെ ഇഷ്ടത്തിന് സമ്മതം മൂളി.’

surya-ishan-4 ഇഷാനും സൂര്യയും വിവാഹദിനത്തിൽ

അവൻ അവളായപ്പോൾ

കഴിഞ്ഞ പതിനഞ്ച് വർഷമായി മിമിക്രി വേദികളിലെ സജീവ സാന്നിധ്യമാണ് സൂര്യ. റിയാലിറ്റി ഷോകളിലൂടെ മലയാളികൾക്കു സുപരിചിത. ട്രാൻസ്ജെൻഡറുകളെ സമൂഹം മാറ്റിനിർത്തിയിരുന്ന കാലത്ത് ഒരുപാട് വേദനകൾക്കും അവഗണനകൾക്കുമൊടുവിലാണ് സൂര്യ മുഖ്യധാരയിലേക്ക് കടന്നുവന്നത്. ‘ചെറുപ്പം മുതൽ ഞാൻ വീട്ടിൽ സ്ത്രീവേഷമാണ് ധരിക്കുന്നത്.  2005ലാണ് ആദ്യമായി സാരിയുടുത്ത് പുറത്തുപോകുന്നത്. അന്നൊക്കെ ട്രാൻസ്ജെൻഡേഴ്സിന്റെ അവസ്ഥ ഇതിലും കഷ്ടമായിരുന്നു. മാനസികരോഗികളെപ്പോലെയും അന്യഗ്രഹജീവികളെപ്പോലെയുമാണ് ആളുകൾ ഞങ്ങളെ കണ്ടിരുന്നത്. ഫോർട്ട് സ്‌റ്റേഷനിലെ പൊലീസുകാർ എന്നെ അറസ്റ്റ് ചെയ്തു. വീട്ടുകാരെ വിളിപ്പിച്ചിട്ട് അവരോട് ചോദിച്ചത് എന്തിനാണ് ഇങ്ങനെ ഒരെണ്ണത്തിനെ വളർത്തുന്നത്, കൊന്നു കളഞ്ഞൂടേ എന്നാണ്. 

അച്ഛന്റെയും അമ്മയുടെയും കണ്ണിൽ ഞാൻ കണ്ടത് കണ്ണീരല്ല, രക്തമാണ്. അന്ന് ഞാൻ തീരുമാനിച്ചു, ഇനി ഞാൻ  ഇങ്ങനെയേ വസ്ത്രം ധരിക്കൂ. മറ്റ് വ സ്ത്രങ്ങളെല്ലാം ഞാൻ കത്തിച്ചുകളഞ്ഞു. എന്റെ വസ്ത്രസ്വാതന്ത്ര്യം നിശ്ചയിക്കുന്നത് സമൂഹമല്ല. നിങ്ങളെന്നെ ഭ്രാന്തിയെന്ന് വിളിച്ചോളൂ. അതെ, എനിക്ക് ഭ്രാന്താണ്. സ്ത്രീയാകാനുള്ള ഭ്രാന്ത്. നിങ്ങൾ എന്നെ ആണും പെണ്ണും കെട്ടവൾ എന്ന് വിളിച്ചോളൂ. എന്നാൽ, അത് എന്റെ അടയാളമാണ്.

എന്റെ സ്വത്വം തെളിയിക്കാനുള്ള പോരാട്ടം തുടങ്ങുന്നത് വീട്ടിൽ നിന്നാണ്. എന്റെ സാന്നിധ്യം വീട്ടുകാർക്ക് ബുദ്ധിമുട്ട് ആകരുതെന്ന് തോന്നിയപ്പോൾ വീട്ടിൽ നിന്ന് മാറി താമസിച്ചു. പക്ഷേ, ഇടയ്ക്കിടെ അവരെ കാണാൻ പോകുമായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചപ്പോൾ പൂർണപിന്തുണ തന്നത് അനിയത്തിയാണ്. അമ്മയോട് വല്ലാത്തൊരു അടുപ്പമായിരുന്നു. സർജറി ചെയ്യുന്ന കാര്യം അമ്മയിൽനിന്ന് മാത്രം മറച്ചു വച്ചു. എന്തെങ്കിലും കാര്യം ചെയ്യുമ്പോൾ അമ്മ അരുത് എന്ന് പറഞ്ഞാൽ പിന്നെ അത് ചെയ്യാൻ തോന്നില്ല. തമിഴ്നാട്ടിലെ വേലൂരിലാണ് സർജറി ചെയ്തത്. പക്ഷേ, സർജറിക്കു ശേഷം എന്റെ ചേട്ടൻ എന്നോടു സംസാരിക്കാറില്ല. അച്ഛനും അധികം സംസാരിക്കാറില്ല. വീട്ടിൽ എന്ത് വിശേഷം നടന്നാലും ട്രാൻസ്ജെൻഡർ കമ്യൂണിറ്റിയിലുള്ള എന്റെ സുഹൃത്തുക്കളെ ഞാൻ വീട്ടിൽ കൊണ്ടുപോകാറുണ്ട്. എന്നെ മാത്രം അംഗീകരിച്ചതുകൊണ്ട് കാര്യമില്ല. എനിക്കു കിട്ടുന്ന പരിഗണന അവർക്കും  കിട്ടണമെന്നാണ് ആഗ്രഹം’

surya-ishan-2 ഇഷാനും സൂര്യയും വിവാഹത്തിനിടെ

മകൾ മകനായപ്പോൾ

ചെറുപ്പം മുതൽക്കേ പരിഹാസങ്ങളും അപമാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും  ഇഷാൻ അതൊന്നും  മുഖവിലയ്ക്ക് എടുത്തിട്ടില്ല. ‘ആണായോ പെണ്ണായോ ജീവിക്കാനുള്ള അവകാശം എനിക്കുണ്ട്. അതിനെ ചോദ്യം  ചെയ്യാൻ ആർക്കാണ് അധികാരം. എനിക്ക് അധികം സൗഹൃദങ്ങൾ ഇല്ല. വീട്ടുകാരുടെ അവസ്ഥയും കഷ്ടമായിരുന്നു. പെണ്ണായി ജനിച്ചിട്ട് ആണിനെപ്പോലെ പെരുമാറുന്ന എന്നെക്കുറിച്ച് ബന്ധുക്കളും അയൽക്കാരുമെല്ലാം ചോദിക്കുമ്പോൾ അവർക്ക് പറയാൻ മറുപടികളുണ്ടാകില്ല. പറഞ്ഞുകൊടുക്കാനുള്ള അറിവ് എനിക്കും ഉണ്ടായിരുന്നില്ല. വീട്ടിൽ മൂത്ത കുട്ടിയാണ് ഞാൻ. എനിക്കു താഴെ രണ്ടു സഹോദരിമാരാണ്. വിവാഹപ്രായമെത്തിയപ്പോൾ എന്നെ പെൺകുട്ടിയായി കണ്ട് കല്യാണാലോചനകൾ നടത്തി. എനിക്ക് മാനസിക പ്രശ്നമാണെന്ന് കരുതി മനഃശാസ്ത്രജ്ഞരുടെ അടുത്ത് ചികിൽസിക്കാൻ കൊണ്ടുപോയിട്ടുണ്ട്.’

പുരുഷനായി മാറാൻ ആഗ്രഹിച്ചപ്പോഴെല്ലാം കുടുംബത്തെക്കുറിച്ചുള്ള ചിന്തയാണ് ഇഷാനെ പുറകോട്ട് വലിച്ചത്. ‘ഉമ്മയും ഉപ്പയും മനസ്സിലാക്കാൻ മടിച്ചപ്പോഴും  തണലായി കൂടെ നിന്നത് ഇളയ പെങ്ങൾ ഷിഫിനയും അവളുടെ ഭർത്താവുമാണ്. വീട്ടുകാർ എന്നെ അംഗീകരിക്കുന്നതിനു കാരണം അവരാണ്. ശസ്ത്രക്രിയ ചെയ്ത സമയത്ത് വീട്ടുകാരെക്കാളധികം എതിർത്തത് ബന്ധുക്കളും നാട്ടുകാരുമാണ്. ആ സമയത്ത് ഞാൻ വീട്ടിൽനിന്ന് മാറി താമസിച്ചു. എന്നാൽ, ഇപ്പോൾ പ്രിയപ്പെട്ടവർക്ക് എന്നെ മനസ്സിലാക്കാൻ സാധിക്കുന്നു. ഇന്ന് എന്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്നവർക്കും എന്റെ ബന്ധുക്കൾക്കും ഉമ്മ കൊടുക്കുന്ന മറുപടി ഇതാണ്, ‘എന്റെ മകൾ ഇനി മുതൽ എന്റെ മകനാണ്.’

പോരാട്ടമാണ് ജീവിതം

സാഹചര്യങ്ങളാൽ വിദ്യാഭ്യാസം പാതിവഴിയിൽ മുടങ്ങിപ്പോയ ഇഷാനും സൂര്യയും ഇപ്പോൾ സ്കൂൾ വിദ്യാർഥികളാണ്. സംസ്ഥാന  സാക്ഷരതാ മിഷന്റെ  തുടർവിദ്യാഭ്യാസപദ്ധതിയുടെ  ഭാഗമായി ഇരുവരും പഠനം പുനരാരംഭിച്ചിരിക്കുന്നു. തിരുവനന്തപുരം മണക്കാട് സ്കൂളിൾ ഇഷാൻ പ്ലസ് ടുവിലും സൂര്യ പത്താം ക്ലാസ്സിലും പഠിക്കുന്നു. ഇഷാൻ നഗരത്തിൽ സ്വന്തമായൊരു ഫ്രൂട്ട്സ് കട തുടങ്ങാനുള്ള ശ്രമത്തിലാണ്.

surya-ishan-3 ഇഷാനും സൂര്യയും

ഇഷാനും സൂര്യയും പ്രണയതീരത്ത് ഒരുമിക്കുമ്പോൾ പലർക്കും അറിയേണ്ടത് വിവാഹശേഷം കുഞ്ഞുങ്ങൾ വേണ്ടേയെന്ന്. അവരോടെല്ലാം സൂര്യയ്ക്ക് പറയാനുള്ളത് ഇത്ര മാത്രം. ‘ഞങ്ങൾക്ക് മക്കളില്ലെന്ന് ആരാണ് പറഞ്ഞത്. ട്രാൻസ് ജെൻഡേഴ്സിനെ ഒരുമിച്ചു കൊണ്ടുവന്ന് കമ്യൂണിറ്റി രൂപീകരിക്കാൻ മുൻനിരയിൽ  ഞാൻ  ഉണ്ടായിരുന്നു. ഇന്ന് അവരിൽ പലർക്കും ഞാൻ അമ്മയാണ്. അവരെല്ലാം വിളിക്കുന്നത് ‘സൂര്യാമ്മ’യെന്നാണ്. ആ സ്ഥാനം ഞാൻ ആസ്വദിക്കുന്നു. ഞങ്ങൾക്ക് കുടുംബജീവിതം സാധ്യമല്ല എന്ന കാഴ്ചപ്പാട് സ മൂഹത്തിനുണ്ട്. അങ്ങനെ ചിന്തിക്കുന്നവർക്കുള്ള മറുപടിയാകണം ഞങ്ങളുടെ ജീവിതം. അതു മാത്രമാണ് ആഗ്രഹം.’ അസ്തമയസൂര്യനെ സാക്ഷിയാക്കി, കടൽത്തിരകളിൽ കാൽ നനച്ച്, പ്രിയപ്പെട്ടവന്റെ കൈകൾ ചേർത്തുപിടിച്ച് സൂര്യ പങ്കുവയ്ക്കുന്നതത്രയും ഏഴഴകുള്ള മധുരസ്വപ്നങ്ങൾ. 

കടപ്പാട്: വനിത ഓണ്‍ലൈൻ

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam