മക്കളുടെ ഏത് ആഗ്രഹവും സാധിച്ചു തരാനാണ് അച്ഛനമ്മമാർ ആഗ്രഹിക്കുക. പ്രത്യേകിച്ച് പെണ്‍മക്കളുടെ ആഗ്രഹങ്ങൾ ഏതുവിധേനയും സാധിച്ചു കൊടുക്കുന്നവരാണ് മിക്ക അച്ഛന്മാരും. എന്നാൽ മകൾ ആഗ്രഹിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് കയറണം എന്നാണ് എങ്കിലോ? അതും സാധിച്ചു കൊടുക്കുന്ന ഒരച്ഛൻ ഇവിടെയുണ്ട്, അജിത് ബജാജ്.
കുറച്ചു നാളുകൾക്ക് മുൻപാണ് മകൾ ദീയ ബജാജ് അച്ഛനോട് തന്റെ ഒരാഗ്രഹം പറയുന്നത്. ''അച്ഛാ, നമുക്കൊരു യാത്ര പോകണം , അങ്ങ് മഞ്ഞുറഞ്ഞു നിൽക്കുന്ന എവറസ്റ്റിന്റെ അറ്റത്തേക്ക്''. മകളുടെ ആഗ്രഹം കേട്ട അച്ഛൻ മകളെ നിരുത്സാഹപ്പെടുത്തുകയല്ല ചെയ്തത്. പോകാം എന്നുതന്നെ തറപ്പിച്ചു പറഞ്ഞു.
മെയ് 16ലെ പ്രഭാതം പൊട്ടിവിടർന്നപ്പോൾ ആ അച്ഛൻ മകൾക്ക് കൊടുത്ത വാക്കു പാലിച്ചു. എവറസ്റ്റ് കീഴടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അച്ഛനും മകളും എന്ന ഖ്യാതി ദീയ ബജാജിനും അജിത് ബജാജിനും സ്വന്തം. ഇന്നലെ പുലർച്ചെ നാലര മണിയോടെയാണ് ദീയ എവറസ്റ്റിന്റെ ഉച്ചിയിൽ എത്തിയത്. ദീയ എത്തി പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ അജിത് ബജാജ് അവിടെയെത്തി.
സാഹസികത ഏറെ ഇഷ്ടപെടുന്ന ദീയ തന്റെ യാത്രയുടെ ഓരോ ഘട്ടവും ബ്ലോഗിൽ കുറിച്ചിട്ടുകൊണ്ടാണ് യാത്ര തുടർന്നത്. ലോകത്തിന്റെ ഉച്ചിയിൽ വച്ച് സൂര്യൻ ഉദിക്കുന്നത് താൻ കണ്ടു എന്നാണ് ആ ധന്യ നിമിഷത്തെക്കുറിച്ച് ദീയ പറഞ്ഞത്. മകളുടെ ഏത് ആഗ്രഹവും സാധിച്ചു കൊടുക്കുന്ന അച്ഛനെ സംബന്ധിച്ച് ഏറ്റവും സന്തോഷകരമായ മുഹൂർത്തമായിരുന്നു അത്.
അച്ഛന്റെയും മകളുടെയും സാഹസിക യാത്രക്ക് 'അമ്മ ഷേർളി ബജാജ് പൂർണ പിന്തുണ നൽകിയിരുന്നു. ചെറുപ്പത്തിൽ വായിച്ചു കൂട്ടിയ സാഹസിക കഥകളിൽ നിന്നുമാണ് ദീയയ്ക്ക് എവറസ്റ്റ് കീഴടക്കണം എന്ന ആഗ്രഹം ഉണ്ടായത്. ഇത് ആദ്യമായല്ല ദീയ ഇത്തരം സാഹസങ്ങളിൽ ഏർപ്പെടുന്നത്. ഗ്രീൻലാൻഡ് പര്യടനം 17ാം വയസ്സിലാണ് ദീയ പൂർത്തിയാക്കിയത്.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam