ഒരു മറയ്ക്കപ്പുറം മറവിയാണ്. ഓർമകളൊക്കെ മറവിയെപ്പറ്റിയായിരുന്നു. എന്നുമോർത്തിരുന്ന ഡോ. എ.പി.ജെ.അബ്ദുൽ കലാമിനെ പോലും ഓർമയിൽ തെളിഞ്ഞു കിട്ടിയില്ല... ഇന്ന് അഞ്ജു ലാൽ കേട്ടറിവുകൊണ്ട് ആ കാലത്തെ പൂരിപ്പിക്കുന്നു. സ്വപ്നങ്ങൾ പലതുണ്ട്. ഇനിയുമേറെ പഠിക്കണം. ബഹിരാകാശ ശാസ്ത്രജ്‍ഞയാകണം, ഐഎഎസ് ജയിക്കണം. അങ്ങനെ അപകടം തലയ്ക്കു നൽകിയ പ്രഹരം ഒന്നു കുടഞ്ഞു കളയണം...
ഈയിടെ ഇറങ്ങിയ ‘നാം’ എന്ന സിനിമയുടെ കഥ ഇങ്ങനെയൊരു ജീവിതത്തിന്റെ വീണ്ടെടുപ്പാണ്. അഞ്ജുവിനെപ്പോലെ അപകടം ഓർമകളെ മായ്ചുകളഞ്ഞ ശ്യാമിന്റെ കഥ. അഞ്ജു ലാലും ‘നാമി’ൽ ചെറിയൊരു കഥാപാത്രമാണ്. ഒറ്റ സീനിൽ. പക്ഷേ, അതിൽ അഞ്ജുവിന്റെ ജീവിതം ചുരുക്കിയെഴുതിയിട്ടുണ്ട്. അത്രമേൽ അവിശ്വസനീയമായ തിരിച്ചുവരവാണ് അഞ്ജുവിന്റേത്.
വലിയൊരു അപകടത്തെയും ഓർമകൾ മരിച്ച മാസങ്ങളെയും പിന്നിട്ട് അഞ്ജു മടങ്ങിവന്ന കഥയിലുമുണ്ട് ഒരുപാട് ‘സപ്പോർട്ടിങ്’ കഥാപാത്രങ്ങൾ. എൽകെജി മുതലുള്ള കൂട്ടുകാരി, മാതാപിതാക്കൾ, അധ്യാപകർ, ഒക്കെ... കായംകുളം എംഎസ്എം കോളജിനു സമീപത്തെ വീട്ടിലിരുന്ന് അഞ്ജു എല്ലാം ഓർത്തെടുക്കുന്നു. പിതാവ് ലാലും മാതാവ് മഞ്ജുവും അനുജത്തി അഞ്ജനയും ഉറ്റ കൂട്ടുകാരി അനഘയും വിട്ടുപോയവ കൂട്ടിച്ചേർക്കുന്നു.
ഓർമകൾക്കേറ്റ ഇടി
നാലു ദിവസമേ അഞ്ജു സൈക്കിളിൽ സ്കൂളിലേക്കു പോയിട്ടുള്ളൂ. നാലാം ദിവസം, 2013 നവംബർ 12ന് അപകടം കാത്തിരുന്നു. എയ്ഞ്ചൽസ് ആർക് സ്കൂളിലേക്കുള്ള യാത്രയിൽ ദേശീയപാതയിലെ കെപിഎസി ജംക്‌ഷനിൽ. ഓട്ടോറിക്ഷയെ മറികടന്നു പാഞ്ഞെത്തിയ വാൻ അഞ്ജുവിനെ ഇടിച്ചു തെറിപ്പിച്ചു. തലയുടെ ഇടതുവശത്തു ഗുരുതരമായി മുറിവേറ്റു. അപ്പോൾത്തന്നെ ബോധം പോയി.
ആലപ്പുഴ മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും അവസ്ഥ മോശമായി. അപസ്മാരം വന്നു. പിന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. അവിടെ ന്യൂറോ സർജൻ ഡോ. സുധീഷ് കരുണാകരനാണു ചികിത്സിച്ചത്.
ഒരുമാസം അബോധനിദ്ര (കോമ). അതു കഴിഞ്ഞും ഓർമക്കുറവ്. എഴുന്നേൽക്കില്ല, സംസാരിക്കില്ല. തളർന്നുപോയ ശരീരം നേരേനിർത്താൻ അഞ്ജുവിനെ ഡോ. സുധീഷ് വെല്ലൂരിലേക്കയച്ചു. അവിടെ പത്തു ദിവസം വിശദമായ പരിശോധന, ഫിസിയോതെറപ്പി.
വായനയും കവിതയെഴുത്തുമൊക്കെയായി ഉഷാറായിരുന്ന കുട്ടിയാണ്. ഓർമകൾ കൂട്ടം തെറ്റി, എഴുന്നേറ്റിരിക്കാതെ ഒരേ കിടപ്പ്. എത്രനാളെന്നറിയില്ല. അബ്ദുൽ കലാമിനോടാണ് ആരാധനയെന്നറിഞ്ഞ ഡോക്ടർ ആ വഴിക്കു ചിന്തിച്ചു. കലാമിന്റെ ചിത്രങ്ങൾ കാട്ടാനും പ്രസംഗം കേൾപ്പിക്കാനും പുസ്തകത്തിൽനിന്നു വായിച്ചു കേൾപ്പിക്കാനും നിർദേശിച്ചു.
‘നാടകീയമായ മാറ്റങ്ങളുണ്ടായി. ഇത്തരം അവസ്ഥയിലുള്ള മറ്റു പലരിലും പരീക്ഷണങ്ങൾക്ക് ഇതു പ്രേരണയായി. തലയ്ക്കേറ്റ ഗുരുതര പരുക്കുകൾ ഭേദപ്പെടുന്ന വിജയകഥകൾ പിന്നീടുമുണ്ടായി’–ഡോ. സുധീഷ് പറയുന്നു.
‘ഞങ്ങൾക്കൊരു തീരുമാനമുണ്ടായിരുന്നു. ആശുപത്രിയിൽനിന്ന് അവൾ വീട്ടിലേക്കു നടന്നുകയറണം. അതിനു വേണ്ടതെന്തും ചെയ്യാൻ ഞങ്ങൾ ഒരുക്കമായിരുന്നു’–ലാൽ.
അഞ്ജുവിന് ആരോഗ്യമുണ്ട്, നടത്തിക്കണം എന്ന് വെല്ലൂരിലെ ഡോക്ടർമാർ പറഞ്ഞു. ഇഷ്ടമുള്ളതെല്ലാം ചെയ്യിക്കണം. നടത്തിച്ചു, വീണുപോകുന്നു. കലാമിന്റെ വാക്കുകൾ കേൾപ്പിച്ചു, ശ്രദ്ധിക്കുന്നില്ല. ഡോ. ജോർജ് തര്യൻ നിറഞ്ഞ പിന്തുണയായിരുന്നു. അധ്യാപകരും കൂട്ടുകാരുമൊക്കെ കൂടെ നിന്നു.
എറണാകുളത്തെ ഐസിയുവിൽ അഞ്ജുവിനെ കാണാൻ ആദ്യം കയറിയത് അനഘയാണ്. ‘അതിനുള്ളിൽ എല്ലാവരും ഒരുപോലെ. ആളെ തിരിച്ചറിയാത്ത വിധം വച്ചുകെട്ടുകൾ. ഇവളെ മനസ്സിലാകാതെ ഞാൻ തിരിച്ചുപോന്നു’–അഞ്ജുവിന്റെ തോളിൽ കയ്യിട്ട് അനഘ.
‘നാം’
ഇതുപോലൊരു അപകട കഥ മനസ്സിലിട്ടു നടക്കുകയായിരുന്നു ‘നാ’മിന്റെ സംവിധായകൻ ജോഷി തോമസ് പള്ളിക്കൽ. അപകടത്തിൽ പെട്ട് എട്ടുവർഷം തളർന്നു കിടന്ന സുഹൃത്ത് ജിം ഫിലിപ്പാണ് സിനിമയ്ക്കു പ്രേരണ. ‘ഇതു നന്മയുടെ ചിത്രമാണ്. വീണു പോകുന്നവർക്ക് സ്നേഹവും ശുശ്രൂഷയും ഇഷ്ടമുള്ളതൊക്കെയും നൽകി തിരികെ കൊണ്ടുവരാമെന്ന സന്ദേശം’–ജോഷി തോമസ് പറയുന്നു.
അഞ്ജുവിന് എ.പി.ജെ.അബ്ദുൽ കലാം പോലെയാണ് സിനിമയിലെ ശ്യാമിന് എ.ആർ.റഹ്മാൻ. അപകടം കഴിഞ്ഞ് അഞ്ജു അനുഭവിച്ച പ്രതിസന്ധികൾ ശ്യാമിനുമുണ്ട്. സിനിമയിൽ, ശ്യാമിന്റെ ഓർമകൾ വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ഡോക്ടർ ഒരു പ്രധാന അതിഥിയായി അഞ്ജു ലാലിനെ കൊണ്ടുവരുന്നുണ്ട്. അപകടത്തിൽ നഷ്ടമായ ഓർമകളെ വീണ്ടെടുത്ത പെൺകുട്ടിയെ മുന്നിൽ നിർത്തി പ്രചോദനത്തിനൊരു ശ്രമം. അഞ്ജുവായിത്തന്നെ അഞ്ജു സിനിമയിൽ വരുന്നു.
അപകടത്തിന്റെ അടിയേറ്റു വീഴുന്നവർ എങ്ങനെയാവും പെരുമാറുകയെന്ന് അന്വേഷിച്ച് ഡോ. സുധീഷിനെ കാണാൻ ജോഷിയെത്തിയിരുന്നു. ഡോക്ടർ അവരോട് അഞ്ജുവിന്റെ കഥ പറഞ്ഞു. അവർ അഞ്ജുവിനെ കണ്ടു സംസാരിച്ചു. പിന്നെ അഞ്ജുവിനെയും കഥാപാത്രമാക്കി.
ഡോ. സുധീഷിൽനിന്നറിഞ്ഞ അഞ്ജുവിനെ കാണാൻ ജോഷി തോമസ് എത്തിയപ്പോൾ സിനിമക്കാര്യമൊന്നും കാര്യമായി പറഞ്ഞില്ല. ഹ്രസ്വചിത്രമെന്നേ അഞ്ജു കരുതിയുള്ളൂ. അതിഥിതാരമായി അഭിനയിക്കണമെന്നു ജോഷി പറഞ്ഞു. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലായിരുന്നു ചിത്രീകരണം. അവിടെ രഞ്ജി പണിക്കരെയും സൈജു കുറുപ്പിനെയുമൊക്കെ കണ്ടപ്പോൾ അഞ്ജു അമ്പരന്നു.
പ്രധാന കഥാപാത്രമായ ശ്യാമിന് ജീവിതത്തിലേക്കു മടങ്ങാൻ പ്രചോദനമാകുന്ന പെൺകുട്ടി. അതാണാ ചെറിയ വേഷം. അജയ് മാത്യുവാണ് ശ്യാമിന്റെ വേഷത്തിൽ. ശ്യാമിനു മുന്നിൽ അഞ്ജുവിനെ എത്തിക്കുന്ന ഡോക്ടറുടെ പേരും സിനിമയിൽ സുധീഷ് എന്നു തന്നെ.
ശ്യാമിന് അഞ്ജു ഒരു പുസ്തകം സമ്മാനിക്കുന്നുണ്ട്: അഗ്നിച്ചിറകുകൾ. ശ്യാമിനെ വീണ്ടെടുക്കാനുള്ള കൂട്ടുകാരുടെ ശ്രമം സിനിമയുടെ പ്രധാന ഭാഗമാണ്. ‘എന്റെ കൂട്ടുകാർ എനിക്കു ചെയ്തതു തന്നെ’–അനഘയെ നോക്കി അഞ്ജു എല്ലാ കൂട്ടുകാരോടും ചിരിക്കുന്നു. അഞ്ജു ‘നാം’ കണ്ടു, ഇഷ്ടപ്പെട്ടു, കരഞ്ഞു. അജയ് മാത്യു അറിയിച്ചിരുന്നു, സിനിമയിൽ അഞ്ജു നന്നായെന്ന്.
തുടിക്കുന്നൊരു ഹൃദയത്തിന്റെ അസാധാരണ സഞ്ചാരകഥ പറഞ്ഞ ‘ട്രാഫിക്’ എന്ന സിനിമ അഞ്ജു പലവട്ടം കണ്ടിട്ടുണ്ട്. വീട്ടുകാരോടു പറഞ്ഞിരുന്നു, എനിക്കെങ്ങാനും മസ്തിഷ്ക മരണമുണ്ടായാൽ അവയവങ്ങളെല്ലാം ദാനം ചെയ്യണേ. വീട്ടുകാർ എതിരൊന്നും പറഞ്ഞില്ല. ചിന്തകളിൽ ഏറെ മുൻപേ പോകുന്ന കുട്ടിയുടെ ആഗ്രഹമെന്നേ കണ്ടുള്ളൂ. അവളുടെ ജീവിതത്തിൽ ഇങ്ങനെയൊക്കെ വരുമെന്ന് അവരെങ്ങനെ മുൻകൂട്ടിക്കാണാൻ?
അബ്ദുൽ കലാമിനുള്ള എഴുത്തുകൾ
അഞ്ജു എട്ടാം ക്ലാസിൽ തുടങ്ങിയതാണ് എ.പി.ജെ.അബ്ദുൽ കലാമുമായുള്ള എഴുത്തുകുത്തുകൾ. കഥ അഞ്ജു പറയും: ‘അനുകരിക്കാവുന്ന നേതാവ്’ എന്ന പാഠമുണ്ടായിരുന്നു. അതു പഠിച്ച ശേഷം സ്കൂൾ ലൈബ്രറിയിൽനിന്ന് ആദ്യമെടുത്തത് ‘അഗ്നിച്ചിറകുകൾ’. അങ്ങനെ തുടങ്ങിയതാണ് അദ്ദേഹത്തെ കാണണമെന്ന മോഹം. അധ്യാപകരോടു പറഞ്ഞു. ഒരു കത്തയ്ക്കാൻ അവർ പ്രേരിപ്പിച്ചു. അയച്ചു. പിന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ പ്രധാന ദിവസങ്ങളിലെല്ലാം ആശംസയറിയിച്ചു. അപകടത്തിനു മുൻപുള്ള ഒക്ടോബർ 15നും പിറന്നാൾ കാർഡയച്ചു.
‘ഒരുദിവസം വീട്ടിൽനിന്നു സ്കൂളിലേക്കു വിളി. എ.പി.ജെ.അബ്ദുൽ കലാമിന്റെ കത്തുവന്നിട്ടുണ്ട്. ലോകം കീഴടക്കിയ സന്തോഷമായിരുന്നു. പിന്നെയും കത്തുകൾ വന്നു, നന്നായി പഠിക്കണമെന്ന ഉപദേശം. അങ്ങനെ ഇഷ്ടം കുറഞ്ഞ വിഷയങ്ങളും നന്നായി പഠിക്കാൻ തുടങ്ങി.
‘അദ്ദേഹത്തിന്റെ വഴിയേ പോകണമെന്നു തോന്നി, ഫിസിക്സിനെ വല്ലാതെ സ്നേഹിച്ചു തുടങ്ങി. പ്ലസ് വൺ പരീക്ഷയിൽ ഫിസിക്സ് കടുപ്പമായിരുന്നു. എന്നിട്ടും സ്കൂളിൽ ഒന്നാമതെത്തി. എയ്റോസ്പേസ് എൻജിനീയറാകണമെന്ന ആഗ്രഹം വാശിയായിത്തുടങ്ങി’–ഇപ്പോഴും പലതും ഓർമയില്ലെന്ന മുഖവുരയും ചിരിയുമായി അഞ്ജു മറയ്ക്കപ്പുറത്തെ സ്വന്തം ജീവിതത്തെ പുറത്തേക്കു വിളിക്കുന്നു. ഡയറിയെഴുത്തുണ്ട്. അതിൽനിന്നാണ് പലതും ഓർത്തെടുക്കുന്നത്. വിട്ട കണ്ണികൾ വീട്ടുകാരും കൂട്ടുകാരും വിളക്കുന്നു.
കലാം കൺമുന്നിൽ
തിരുവനന്തപുരം സെനറ്റ് ഹാളിലാണ് ആരാധനാമൂർത്തിയെ അഞ്ജു ആദ്യം കണ്ടത്. സുരക്ഷാ പ്രശ്നം കാരണം അന്ന് അടുത്തു ചെല്ലാനോ സംസാരിക്കാനോ കഴിഞ്ഞില്ല.
പിന്നെ കണ്ടത് അപകടത്തിന്റെ അസ്വസ്ഥതകളിൽനിന്നു തലയൂരുന്നതിനു മുൻപാണ്. വെല്ലൂരിൽ മറ്റൊരു രോഗിക്കു കൂട്ടിരുന്നയാളാണ് ആ കൂടിക്കാഴ്ചയ്ക്കു ദൂതു പോയത്. അഞ്ജു കലാമിന്റെ ആരാധികയാണെന്നറിഞ്ഞ് അദ്ദേഹം കലാമിനു മെയിൽ അയച്ചു. മറുപടി വന്നു: ഇനി കേരളത്തിലെത്തുമ്പോൾ കാണാം.
കണ്ടു, 2014 ഏപ്രിലിൽ. ആലപ്പുഴയിൽ കയർഫെഡ് ജൂബിലി ചടങ്ങ്. കെ.സി.വേണുഗോപാൽ എംപിയാണ് വഴിയൊരുക്കിയത്. ‘ഒരുപാടൊന്നും ഓർമയില്ല. കുട്ടികളെയെന്നപോലെ ഞാൻ അദ്ദേഹത്തിന്റെ കവിളിൽ പിടിച്ചു. അദ്ദേഹം തിരിച്ചും. ഇഷ്ടമുള്ളവരോടു ഞാൻ അങ്ങനെ ചെയ്യാറുണ്ട്.
‘എന്റെ കഥയെല്ലാം ഞാൻ അദ്ദേഹത്തോടു പറഞ്ഞു. പഴയതു പോലെ ഒന്നിനും പറ്റുന്നില്ലെന്നും പറഞ്ഞു. ഇതായിരുന്നു ഉപദേശം: Problems should not become your captain. You should become the captain of your problems. ആ വാക്കുകൾ എന്നും എനിക്കു വഴികാട്ടും’–കലാമിന്റെ വാക്കുകളിലെ വെളിച്ചം അഞ്ജുവിന്റെ കണ്ണുകളിൽ പ്രതിഫലിക്കുന്നു.
കലാം മരിച്ചതറിഞ്ഞ് അഞ്ജു നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. രാമേശ്വരത്തേക്കു രാത്രി തന്നെ പോകണമെന്നു വാശിയായി. ലാൽ തുണയ്ക്കായി കൂട്ടുകാരെ തേടി. ആരും സ്ഥലത്തില്ല. പുലർച്ചെ ലാലും മഞ്ജുവും അഞ്ജുവും കൂടി കാറിൽ രാമേശ്വരത്തേക്കു പുറപ്പെട്ടു.
കലാമിന്റെ വീട്ടിലേക്ക് ആളുകളെ കയറ്റിവിടുന്നില്ല. കാര്യങ്ങൾ പറഞ്ഞു, കത്തുകൾ കാട്ടി. അങ്ങനെ പ്രവേശനം കിട്ടി. സംസ്കാരച്ചടങ്ങു കഴിഞ്ഞാണു മടങ്ങിയത്.
കലാം മ്യൂസിയം ഒരു രാത്രി അഞ്ജുവിനു വേണ്ടി തുറന്നിട്ടുണ്ട്. കലാമിന്റെ ജ്യേഷ്ഠന്റെ മകൻ എ.പി.ജെ.മരയ്ക്കാർ ജൈനുലാബ്ദീനാണു സഹായിച്ചത്. അദ്ദേഹം ഒരു പേനയും മോതിരക്കല്ലും സമ്മാനിച്ചു.
കുത്തിവര കവിതയാകുന്നു
വെല്ലൂരിലെ പുനരധിവാസ കേന്ദ്രത്തിൽ ഇരുപതു ദിവസം. ആ നാളുകളിൽ അവ്യക്തമായി പറയുന്നതെല്ലാം സ്കൂളിൽ പോകണം, ശ്രീകുമാർ സാറിനെ കാണണം എന്നാണ്. ആഹാരം കഴിക്കാതെ വാശിപിടിച്ചു.
എഴുതാൻ പേനയും കടലാസും കൊടുത്തപ്പോൾ ആദ്യമൊക്കെ കുത്തിവര മാത്രം. പിന്നെ കുഞ്ഞുങ്ങൾക്ക് അക്ഷരം വഴങ്ങാൻ തുടങ്ങുന്നതു പോലെ ചില വരകൾ. പെട്ടെന്നൊരു ദിവസം കവിതയെഴുതിത്തുടങ്ങി. ‘എഴുതാൻ പ്രയാസം തോന്നിയിരുന്നു. എങ്കിലും കോളജിലെ മത്സരത്തിൽ സമ്മാനം കിട്ടി’–ഇംഗ്ലിഷിലും മലയാളത്തിലും കവിതകൾ കുറിച്ച നോട്ടുപുസ്തകം വിടർത്തുന്നു അഞ്ജു.
പഴയ, ഭംഗിയുള്ള കൈപ്പടയൊക്കെ പോയിരുന്നു. എല്ലാം വീണ്ടുകിട്ടി, കയ്യൊപ്പ് ഉൾപ്പെടെ.
പരീക്ഷയടുത്തപ്പോൾ അഞ്ജുവിനെ ക്ലാസിലിരുത്തിയതാണ്. അസ്വസ്ഥയായിരുന്നു. ഒന്നുമായും പൊരുത്തപ്പെടുന്നില്ല. പരീക്ഷയ്ക്കിരുത്തിയപ്പോൾ കടലാസ് കീറിയെറിഞ്ഞു. അപ്പോഴും കൂട്ടുകാരും അധ്യാപകരും പിന്നാലെയുണ്ടായിരുന്നു. ശ്രീകുമാർ സാറിനെ കാണണമെന്ന് ഇടയ്ക്കിടെ പറഞ്ഞു. കണ്ടേ അടങ്ങിയുള്ളൂ. ‘അദ്ദേഹം എനിക്ക് ഇംഗ്ലിഷ് അധ്യാപകൻ മാത്രമല്ല. എല്ലാം ചർച്ച ചെയ്യാവുന്നയാൾ’–ശ്രീകുമാറിനെ നോക്കി അഞ്ജു ചിരിച്ചു. ശ്രീകുമാറിനെ കണ്ടപ്പോഴാണ് അഞ്ജു സംസാരിച്ചു തുടങ്ങിയത്. തിരിച്ചുവരവിന്റെ നാളുകളിലെ വഴിത്തിരിവ്.
വിഹ്വലതയായിരുന്നു അന്നെല്ലാം. പഴയതുപോലെ എല്ലാവരുമായി, എല്ലായിടത്തും ഇടപഴകിക്കണമെന്നാണു ഡോക്ടറുടെ നിർദേശം. വീട്ടിലിരിക്കുമ്പോൾ അഞ്ജുവിനു സ്കൂളിൽ പോകണം. ക്ലാസിലിരുന്നാൽ മാവിൻചുവട്ടിൽ പോകണം. എന്തും സാധിച്ചു കൊടുക്കാൻ ഉറ്റവരും കൂട്ടുകാരും മത്സരിച്ചു. അഞ്ജു വിജയിച്ചു തുടങ്ങി.
കവി കെ.ജയകുമാറും കാൻസർ ചികിത്സാ വിദഗ്ധൻ ഡോ.വി.പി.ഗംഗാധരനും അഞ്ജുവിന്റെ തൂലികാസുഹൃത്തുക്കളാണ്. അപകട വിവരം അമ്മ മഞ്ജു, ജയകുമാറിനെ അറിയിച്ചിരുന്നു. അദ്ദേഹം അഞ്ജുവിനെ കാണാനെത്തി. പരീക്ഷയെഴുതാൻ വിലകൂടിയ രണ്ടു പേന സമ്മാനിച്ചു. ഡോ.ഗംഗാധരൻ അഞ്ജുവിനു ‘പപ്പാജി’ ആണ്. ഇപ്പോഴും വിശേഷങ്ങളെല്ലാം അറിയിക്കും.
ഒറ്റശ്വാസത്തിൽ, ഓർത്തോർത്തു പറയാൻ ഏറെയുണ്ട്. കലാം, സ്വപ്നങ്ങൾ, അപകടം മറച്ചുപിടിച്ചതെല്ലാം പിടിച്ചുവാങ്ങിയത്... ആത്മവിശ്വാസത്തിലാണ് അഞ്ജുവിനു വിശ്വാസം. ‘എന്റെയീ തിരിച്ചുവരവിൽ എനിക്കു പ്രചോദനം ഞാൻ തന്നെയാണ്. എന്റെ കഥയിൽത്തന്നെയുണ്ട് എനിക്കുള്ള ഊർജം.’
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam