കെട്ടിപ്പിടിത്ത വിവാദം: സ്കൂളിനും തടുക്കാനായില്ല അവന്റെ മിന്നുംവിജയം

ആത്മാർഥമായ സൗഹൃദം മാപ്പർഹിക്കാത്ത തെറ്റായി കണ്ടു കല്ലെറിയാൻ വട്ടം കൂടിയവരോട് അവന് പരാതിയില്ല. പ്രതിസന്ധികളിൽ കൂടെ നിന്നവരോടു നന്ദിമാത്രം. – Representative Image

വിജയങ്ങളിൽ ചേർത്തു നിർത്തി തോളിൽതട്ടിയൊന്ന് അഭിനന്ദിക്കാൻ, സങ്കടങ്ങൾ എണ്ണിപറഞ്ഞ് തലചായ്ച്ചു കരയാൻ, ഒരു നല്ല സൗഹൃദമെങ്കിലും വേണമെന്ന് ആഗ്രഹിക്കാത്തവരുണ്ടാകുമോ? നന്നായി പാട്ടുപാടിയ കൂട്ടുകാരിയെ ചേർത്തു നിർത്തി അഭിനന്ദിച്ചപ്പോൾ അതു തങ്ങളുടെ രണ്ടു പേരുടെയും ഭാവിയെ തന്നെ ബാധിക്കുന്ന പ്രശ്നമായി വളരുമെന്ന് ആ കൗമാരക്കാൻ സ്വപ്നത്തിൽ പോലും ഓർത്തിരുന്നില്ല.

അൽപം ഫ്ലാഷ്ബാക്ക്

ജൂലൈ 21ന് സ്കൂള്‍ കലോത്സവത്തിൽ പാശ്ചാത്യ സംഗീതമത്സരത്തിൽ പങ്കെടുത്ത കൂട്ടുകാരിയെ അഭിനന്ദിക്കാൻ നടത്തിയ കെട്ടിപ്പിടിത്തമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. സ്റ്റാഫ് റൂമിനു സമീപം സുഹൃത്തുക്കളുടെ സാന്നിധ്യത്തിൽ നടന്ന ഒരു അഭിനന്ദനപ്രകടനം. എന്നാൽ കാര്യങ്ങൾ കൈവിട്ടുപോയത് വളരെപ്പെട്ടെന്നായിരുന്നു... നിഷ്കളങ്കമായ ആ സ്നേഹപ്രകടനത്തിനു വളരെപ്പെട്ടെന്ന് മറ്റൊരു മാനം കൈവന്നു. സ്കൂളിന്റെ സൽപേരിനു കളങ്കം വരുത്തുന്നു എന്നാരോപിച്ച് അച്ചടക്ക നടപടികൾ സ്വീകരിച്ചു. വിദ്യാർഥിയെ സ്കൂളിൽനിന്നു പുറത്താക്കുകയും പെൺകുട്ടി സ്കൂളിൽ നിന്നു സ്വമേധയാ പിൻവാങ്ങുകയും വിഷയം ചർച്ചയാകുകയും ചെയ്തു. 

കഥയുടെ ക്ലൈമാക്സ്

അച്ചടക്ക നടപടികൾ ആരോപിച്ചു സ്കൂളിൽ നിന്നു പുറത്താക്കിയ, പരീക്ഷ എഴുതാൻ കഴിയുമോ എന്നുപോലും അറിയാതെ ആറേഴു മാസത്തോളം വീട്ടിൽ ചെലവഴിച്ച, ആ പയ്യന്റെ പരീക്ഷാഫലം എത്തി. സിബിഎസ്ഇ പരീക്ഷാഫലം വന്നപ്പോൾ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡോടെയുള്ള ഉന്നത വിജയമായിരുന്നു തന്റെ മേൽ കെട്ടിവെച്ച ആരോപണങ്ങൾക്ക് ആ കൗമാരക്കാരനു നൽകാനുള്ള മറുപടി. ആത്മാർഥമായ സൗഹൃദം മാപ്പർഹിക്കാത്ത തെറ്റായി കണ്ടു കല്ലെറിയാൻ വട്ടം കൂടിയവരോട് അവന് പരാതിയില്ല. പ്രതിസന്ധികളിൽ കൂടെ നിന്നവരോടു നന്ദിമാത്രം. ഇനി വേണേൽ ഒന്നു കെട്ടിപിടിച്ച് അഭിനന്ദിച്ചോളു ഈ മിടുക്കനെ. കപടസദാചാരം അനിശ്ചിതത്വത്തിലാക്കിയ തന്റെ ഭാവി തിരിച്ചുപിടിച്ച കഥപറയുകയാണ് ആ കൗമാരക്കാരൻ...

ക്ലാസിൽ കയറാനാകാതെ ഏഴുമാസം

ജൂലൈയിലായിരുന്നു സസ്പൻഷൻ. ആറേഴു മാസത്തോളം ക്ലാസിൽ പോകാൻ പറ്റിയില്ല. ആദ്യമൊക്കെ നല്ല വിഷമമം ഉണ്ടായിരുന്നു. അവസാനവർഷമാണ്, പ്ലസ് ടുവോടെ സ്കൂൾ ജീവിതം തീരുകയാണല്ലോ. അതോർക്കുമ്പോഴൊക്കെ സങ്കടം തോന്നി. സ്കൂളും കൂട്ടുകാരും ഒക്കെ എനിക്കു വല്ലാതെ മിസ് ചെയ്തു. പരീക്ഷയെഴുതാൻ സാധിക്കുമോ എന്നു പോലും അറിയില്ലെങ്കിലും മുടങ്ങാതെ എന്നും ട്യൂഷനു പോയി. വീട്ടുകാരും അടുത്ത സുഹൃത്തുക്കളുമായിരുന്നു അന്നൊക്കെ എനിക്ക് ധൈര്യം തന്നത്. അക്കൗണ്ടൻസിയും ഇക്കണോമിക്സും പഠിക്കാൻ അൽപം ബുദ്ധിമുട്ടുണ്ടായിരുന്നു. ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധിച്ചു. ഇക്കണോമിക്സിന് 100 ൽ 99 മാർക്കും അക്കൗണ്ടൻസിക്ക് 89 മാർക്കും ലഭിച്ചു.

താങ്ങായി നിന്ന മാതാപിതാക്കൾ...

പരീക്ഷയിൽ മാർക്ക് അൽപമൊന്നു കുറഞ്ഞാൽ, ആരെങ്കിലും മക്കളെകുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞു കേട്ടാൽ അപ്പോൾ വടിയെടുക്കാൻ ഓടുന്ന മാതാപിതാക്കൾക്ക് തീർച്ചായായും ഈ അച്ഛനിൽ നിന്നും അമ്മയിൽ നിന്നും ഏറെ പഠിക്കാനുണ്ട്. വലിയൊരു പ്രതിസന്ധിഘട്ടത്തിൽ എത്ര കരുതലോടെയാണ് ആത്മവിശ്വാസവും ധൈര്യവും നൽകി ചേർത്തു നിർത്തി മകനെ അവർ വിജയത്തിന്റെ വഴികളിലേക്കു തിരിച്ചെത്തിച്ചത്. പെട്ടെന്നൊരു ദിവസം ഇരുളിലായി പോയ ഭാവി കൂടുതൽ ശോഭയോടെ അവനു വീണ്ടെടുത്തു നൽകിയത്.

അച്ഛന്റെയും അമ്മയുടെയും പൂർണപിന്തുണയാണ് ഇന്നത്തെ വിജയത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഈ കൗമാരക്കാരൻ തുറന്നു സമ്മതിക്കുന്നു. പരീക്ഷ എഴുതാൻ സാധിക്കുമെന്ന ഉറപ്പു നൽകി അവർ എന്റെ ആത്മവിശ്വാസം കൂട്ടി. വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണെന്നിരിക്കെ മകന്റെ പഠനം പാതി വഴിയിൽ മുടങ്ങാതിരിക്കാൻ കോടതി കയറേണ്ടി വന്നു ഈ മാതാപിതാക്കൾക്ക്. പഠനം  തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ രക്ഷിതാക്കൾ ബാലാവകാശ കമ്മിഷനെ സമീപിക്കുകയും അനുകൂലമായ ഉത്തരവ് നേടുകയും ചെയ്തു. ഇതിനെതിരെ സ്കൂൾ മാനേജ്മെന്റ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ കോടതി  ബാലാവകാശ കമ്മിഷന്റെ ഉത്തരവ് റദ്ദാക്കി. അതിനിടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരം നൽകുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ സ്കൂൾ അധികൃതർ കൂടിക്കാഴ്ചയ്ക്കു തയാറായി. രണ്ടായിരത്തോളം പൂർവവിദ്യാർഥികൾ ഒപ്പിട്ട ഒരു നിവേദനവും സ്കൂളിനു മുന്നിലെത്തിയതോടെ അധികൃതർ മാറിച്ചിന്തിച്ചു. നാളുകൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ പരീക്ഷ എഴുതാൻ വിദ്യാർഥിയെ അനുവദിച്ചു. ഇരുവരും തിരികെ സ്കൂളിലെത്തുകയും ചെയ്തു.

സൗഹൃദം എന്ന തണൽ

നല്ല സൗഹൃദങ്ങളെ തിരിച്ചറിയാൻ കഴിയുക ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികാലത്തായിരിക്കും. അങ്ങേയറ്റം മോശമായി എന്നെ ചിത്രീകരിക്കുകയും പറഞ്ഞു പരത്തുകയും ചെയ്തപ്പോൾ എന്റെ സുഹൃത്തുക്കളെല്ലാം വിട്ടുപോകുമെന്ന പേടി ഉണ്ടായിരുന്നു. എന്നാൽ എത്രയോ വർഷമായി അവർക്കെന്നെ അറിയാം, ധൈര്യം തന്ന് അവർ എന്റെ ഒപ്പം നിന്നു. നോട്ടുകളും, സ്കൂളിൽ നടക്കുന്ന കാര്യങ്ങളുമെല്ലാം സുഹൃത്തുക്കൾ എന്നോടു പങ്കുവയ്ക്കാറുണ്ടായിരുന്നു. സ്കൂളിനു പുറത്താണെന്ന തോന്നലും വിഷമവും മാറാൻ അതെന്നെ സഹായിച്ചു.

ആരോടും പരാതിയില്ല, ഞാൻ ഹാപ്പിയാണ്

സന്തോഷകരമല്ലാത്ത എല്ലാ അനുഭവങ്ങളെയും കേട്ടുമറന്ന ഏതോ കെട്ടുകഥ പോലെ പിന്നിൽ ഉപേക്ഷിച്ച് അവധിക്കാലം അടിച്ചുപൊളിക്കുന്ന തിരക്കിലാണ് ഈ മിടുക്കനിപ്പോൾ. ആരോടും പരാതിയില്ല, ആരോടും ദേഷ്യവും ഇല്ല. ഇപ്പോൾ ഞാൻ വളരെ ഹാപ്പിയാണ്. കൂടെ നിന്ന എല്ലാവർക്കും നന്ദി. വിജയിച്ചതിന്റെ സന്തോഷവും ആത്മവിശ്വാസവും വ്യക്തമാണ് അവന്റെ വാക്കുകളിൽ. സ്കൂളിൽ തിരിച്ചെത്തിയ ശേഷം അധ്യാപകരും കൂട്ടുകാരും വളരെയേറെ സഹായിച്ചിട്ടുണ്ട്. വിഷയത്തിൽ ഉൾപ്പെട്ട പെൺകുട്ടിയും ഇതേ സ്കൂളിൽ തന്നെ ഇപ്പോൾ വിദ്യാഭ്യാസം തുടരുന്നു. ഒരുപിടി കൂടുതൽ ഓർമകളുമായി മതിലുകെട്ടിയടയ്ക്കാത്ത മനസുമായി ഈ കൗമാരക്കാരും സ്കൂൾ ജീവിതത്തോട് വിടപറഞ്ഞിറങ്ങുന്നു.  

എല്ലാ ആരോപണങ്ങൾക്കും മീതെ വയ്ക്കാൻ, താനായിരുന്നു ശരി എന്നു തെളിയിക്കാൻ എല്ലാ വിഷയങ്ങൾക്കും നേരെ എ ഗ്രേഡ് അടയാളപ്പെടുത്തിയ പരീക്ഷാഫലം ഉണ്ട് ഇപ്പോൾ ഈ മിടുക്കന്റെ കയ്യിൽ. വേണമെങ്കിൽ ഒന്നു കെട്ടിപിടിച്ച് അഭിനന്ദിച്ചോളു..

ഭാവി പരിപാടികൾ

നിയമം പഠിക്കാനാണ് ആഗ്രഹം. അതിന് എനിക്ക് പ്രചോദനം അഭിഭാഷക ആയ അമ്മ തന്നെയാണ്. 

നീതിയുടെ പക്ഷത്തു നിൽക്കാൻ, ശരികൾക്കുവേണ്ടി വാദിക്കാൻ മിടുക്കനായ ഒരു അഭിഭാഷകനു വേണ്ടി നമുക്കു കാത്തിരിക്കാം. അനാവശ്യമായ ആരോപണങ്ങൾ ഭാവി തകർക്കുമെന്നായപ്പോൾ ഈ കുട്ടികളെ മനസ്സുകൊണ്ടെങ്കിലും പിന്തുണച്ച ഓരോരുത്തർക്കും ഈ വിജയത്തിൽ അഭിമാനിക്കാം.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam