ജാതി ചോദിക്കാതെയും പറയാതെയും കെവിന്റെ നാട്ടിൽ ഒരു കല്യാണം

ഒരുവശത്ത് പ്രണയത്തിന്റെ പേരിൽ ജാതിവെറി മൂത്ത് കെവിൻ എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ, ഈ നാട്ടിൽ നന്മയുള്ളവരുടെ അവശേഷിപ്പുകൾ ഇനിയുമുണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ട് ഇടതുപക്ഷ സഹയാത്രികരുടെ വിവാഹം. എരുമേലി സി.പി.എം. ലോക്കല്‍ കമ്മറ്റിയംഗവും മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മറ്റിയംഗവുമായ അനിത ഐസക്കിനെയാണ്‌ ഡി.വൈ.എഫ്‌.ഐ. ഏറ്റുമാനൂര്‍ ബ്ലോക്ക്‌ ജോയിന്റ്‌ സെക്രട്ടറി പ്രതാപ്‌ചന്ദ്രന്‍ കഴിഞ്ഞ ദിവസം ജീവിത സഖിയാക്കിയത്. 

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ വീട്ടുകാര്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ സ്‌ഥലമായ കോട്ടയത്ത് നിന്നും എത്തിയ വരൻ, കെവിനെ കാണാതായ അന്നുമുതൽ പോസ്റ്റ്പോർട്ടം നടക്കുന്നതും മറ്റുമായ ആവശ്യങ്ങൾക്ക് കെവിന്റെ വീടിന് ഒരു താങ്ങായി നിന്ന വ്യക്തി കൂടിയാണ്. ഇരു മതവിഭാഗത്തിൽപ്പെട്ട വ്യക്തികളാണ് പ്രതാപ്ചന്ദ്രനും അനിതയും. എന്നാൽ 13  വർഷം നീണ്ടു നിന്ന ഇരുവരുടെയും പ്രണയത്തിന് മുന്നിൽ മതം ഒരു വിഷയമായില്ല. 

എരുമേലി അസംപ്‌ഷന്‍ ഫൊറോന പള്ളി പാരീഷ്‌ ഹാളില്‍ നടന്ന വിവാഹ ചടങ്ങുകള്‍ തികച്ചും ലളിതമായിരുന്നു. പരസ്പരം മാലയിട്ടു, മാതാപിതാക്കളുടെ ഇഷ്ടപ്രകാരം  മോതിരം അണിയിച്ചു അതോടെ പ്രതാപ്ചന്ദ്രനും അനിതയും ദാമ്പത്യത്തിലേക്ക് ചുവടു വച്ചു. പുരോഗമന ആശയത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ഇരുവരും എസ്‌.എഫ്‌.ഐയിലുടെയാണ്‌ സംഘടന രംഗത്ത്‌ എത്തിയത്‌. മതം ഒരിക്കലും ഒരുമിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിലങ്ങുതടിയാവരുത് എന്നാണ് ഇരുവരുടെയും ഭാഷ്യം. മതത്തിന്റെ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ വിവാഹത്തെക്കുറിച്ച് ദമ്പതികൾ....

എതിർപ്പുകൾ ഞങ്ങൾക്കും നേരിടേണ്ടി വന്നിട്ടുണ്ട് 

13  വർഷത്തെ പ്രണയത്തിന് ഒടുവിലാണ് ഞങ്ങൾ വിവാഹത്തിതരാകുന്നത്. 2006  മുതൽക്ക് എസ്എഫ്ഐയിലൂടെ പരിചയപ്പെട്ട ഞങ്ങൾ ഏറെ അടുത്തറിഞ്ഞ ശേഷമാണു വിവാഹം കഴിക്കാം എന്ന തീരുമാനത്തിൽ എത്തുന്നത്. ഞങ്ങൾ പുരോഗമന ആശയങ്ങളിൽ വിശ്വസിക്കുന്ന ആളുകളാണ് എന്നതിനാൽ രണ്ടു മതവിഭാഗമാണ് എന്നതിന്റെ എതിർപ്പുകൾ ഒന്നും തന്നെ നാട്ടിൽ നിന്നും ഉണ്ടായിരുന്നില്ല. എന്നാൽ വീട്ടുകാരെ പറഞ്ഞു ബോധ്യപ്പെടുത്തി പൂർണ സമ്മതത്തോടെ വിവാഹം നടത്തുന്നതിനായി കാത്തിരിക്കേണ്ടി വന്നു. 

12 ൽ പരം മിശ്രവിവാഹങ്ങൾ ഞങ്ങൾ നടത്തിയിട്ടുണ്ട് 

സംഘടനാപ്രവർത്തങ്ങളുടെ ഭാഗമായി ഞങ്ങൾ ഇരുവരും ചേർന്ന് 12  ൽ പരം ആളുകളുടെ മിശ്രവിവാഹങ്ങൾ നടത്തിയിട്ടുണ്ട്. ഇതിൽ മുസ്‌ലിം - ഹിന്ദു സമുദായത്തിൽപ്പെട്ട ദമ്പതികൾ ഉണ്ട്. ഞങ്ങളുടെ വിവാഹത്തിന് അവർ മകളുമൊത്താണ് വന്നത്. വിവാഹശേഷം ഇരു വീട്ടുകാരുടെയും പൂർണ സഹകരണത്തോടെയാണ് അവർ ജീവിക്കുന്നത്. ഇത്തരത്തിൽ സന്തോഷം നിറഞ്ഞ മിശ്രവിവാഹിതരുടെ ജീവിതങ്ങൾ  നൽകുന്നത് മഹത്തായ ഒരു സന്ദേശമാണ്. 

ജനറേഷൻ ഗാപ് അവഗണിക്കരുത് 

ഇന്നത്തെ തലമുറയും മാതാപിതാക്കളും തമ്മിലുള്ള ജനറേഷൻ ഗാപ് ഒരിക്കലും അവഗണിക്കരുത്. നമ്മൾ പറയുന്ന കാര്യങ്ങൾ എല്ലാം അതെ പോലെ ഉൾക്കൊള്ളാൻ അവർക്ക് ആകണമെന്നില്ല. അവർ അവരുടെ കാലഘട്ടത്തിലൂടെയാണ് കാര്യങ്ങളെ കാണാൻ ശ്രമിക്കുക. അതിനാൽ സാവകാശം കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കുക. പെട്ടന്ന് കേൾക്കുമ്പോൾ പ്രകോപനം ഉണ്ടാകുന്നത് ജനറേഷൻ ഗാപ് മൂലമാണ് എന്ന് മനസിലാക്കുക. പങ്കാളിയുടെ നന്മയെ ഉയർത്തിക്കാട്ടുക

പ്രായത്തിന്റെ അപക്വത എന്നൊന്നില്ല 

എടുത്തുചാട്ടം കാണിക്കാതിരുന്നാൽ ഏതുപ്രായത്തിൽ വിവാഹം കഴിക്കുന്നതുകൊണ്ടും തെറ്റില്ല. പങ്കാളികളെ പരമാവധി അടുത്തറിയാൻ ശ്രമിക്കുക എന്നതാണ് പ്രധാനം. പ്രണയിക്കുമ്പോൾ നമ്മൾ പലപ്പോഴും നമ്മുടെ നല്ലവശം മാത്രം പുറത്ത് കാണിക്കുവാനായിരിക്കും ശ്രമിക്കുക. എന്നാൽ പങ്കാളിയുടെ ഗുണവും ദോഷവും പൂർണമായി മനസിലാക്കിയ ശേഷം മാത്രം വിവാഹത്തിനായുള്ള  തീരുമാനം എടുക്കുക 

മാതാപിതാക്കൾക്ക് പൂർണ്ണസമ്മതം

ഞങ്ങളുടെ പ്രണയത്തിന്റെ ആഴം മനസിലാക്കിയപ്പോൾ ഇരുവീട്ടുകാരും പൂർണ സമ്മതത്തോടെയാണ് വിവാഹത്തിന് ഒരുങ്ങിയത്. മാനസീകമായ പൂർണ പിന്തുണ ഞങ്ങളുടെ മാതാപിതാക്കൾ നൽകുന്നുണ്ട് എന്നത് ഏറെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്. എല്ലാ മാതാപിതാക്കളും ഇക്കാര്യത്തിൽ കൂടുതൽ സൗമനസ്യം കാണിക്കുന്നതാണ് ഉചിതം. മതത്തിന്റെയും ജാതിയുടെയും പേരിൽ ഇനി ഇവിടെ ആരും വേർപിരിയാതിരിക്കട്ടെ.