'ഒറ്റപ്പെട്ട' ചില സ്നേഹങ്ങൾ; മറ്റുചില ഒറ്റപ്പെടലുകൾ: നീനു പറയുന്നു

നീനുവിന്റെ മുഖം മലയാളിക്ക് ഇന്ന് സുപരിചിതമാണ്. താൻ അനുഭവിച്ച മാനസിക പീഡനങ്ങളോടൊപ്പം അനുഭവിച്ച സ്നേഹത്തിന്റേയും കഥ തുറന്നുപറയുകയാണ് നീനു.

അച്ഛനും അമ്മയും സ്നേഹിച്ച് വിവാഹിതരായവരാണ്. അമ്മയ്ക്ക് 17 വയസുള്ളപ്പോഴാണ് അമ്മയുടെ വിവാഹം. വീട്ടുകാർക്കൊക്കെ എതിർപ്പായിരുന്നു. അച്ഛൻ ഒാട്ടോ റിക്ഷ ഒാടിച്ചാണ് അന്ന് ജീവിച്ചിരുന്നത്. എനിക്ക് ഒന്നരവയസുള്ളപ്പോൾ അമ്മ ഗൾഫിൽ പോയി. അമ്മയ്ക്ക് തയ്യൽ ജോലി അറിയാമായിരുന്നു. പിന്നീട് അച്ഛനേയും കൊണ്ടുപോയി. അന്ന് എന്നേയും ചേട്ടനേയും അച്ഛന്റെ ചേട്ടനും ഭാര്യയുമാണ് നോക്കിയിരുന്നത്. സ്നേഹനിധികളായിരുന്നു അവർ. സ്വന്തം മക്കളെപ്പോലെ അവർ ഞങ്ങളെ നോക്കി. ജീവിതത്തിൽ എനിക്ക് ഏറ്റവും അടുപ്പം തോന്നിയിട്ടുള്ളത് വല്ല്യമ്മയോടാണ്.

പക്ഷെ ഞാൻ അഞ്ചാംക്ലാസിൽ പഠിക്കുമ്പോൾ അമ്മ തിരിച്ചു വന്നു. പിന്നെ വല്ല്യമ്മയുടെ വീട്ടിൽ പോകാൻ അമ്മ അനുവദിക്കില്ലായിരുന്നു. അച്ഛന്റെ വീട്ടുകാരോട് അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അവരോട് അടുക്കാൻ അനുവദിക്കില്ല. വല്ല്യമ്മയെ കാണാൻ പോയിരുന്നത് ഒളിച്ചും പാത്തുമൊക്കെയാണ്. അവിടെ പോയെന്നറിഞ്ഞാൽ അമ്മ ഒരുപാട് തല്ലും. അമ്മയ്ക്ക് കുറച്ചെങ്കിലും അടുപ്പമുണ്ടായിരുന്നത് അമ്മയുടെ വീട്ടുകാരോടാണ്.

അച്ഛനും അമ്മയും എന്നും വഴക്കായിരുന്നു. ഇടയ്ക്ക് ഞാൻ ഇടപെട്ടാൽ എന്നെ അച്ഛൻ  ഒരുപാട് ഉപദ്രവിക്കും. ഒരിക്കൽ മൂക്കിൽ നിന്ന് ഒരുപാട് ചോരവന്ന് ചികിത്സ തേടിയിട്ടുണ്ട്. നാട്ടുകാരൊന്നും വീട്ടിലേക്ക് വരില്ല. ചേട്ടൻ അവരുടെ പ്രശ്നത്തിലൊന്നും ഇടപെടില്ല. ചേട്ടനും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ചേട്ടത്തിയമ്മ സ്നേഹമുള്ളയാളാണ്. അവർ എന്നോട് സ്നേഹം കാണിക്കും., എന്തും തുറന്നു പറയാമായിരുന്നു. ഞാൻ വിചാരിച്ചു വീട്ടിൽ സ്നേഹിക്കാൻ ഒരാളുണ്ടല്ലോ എന്ന്. പക്ഷെ ഒരുമാസമേ എന്റെ വീട്ടിൽ ചേട്ടത്തി നി‍ന്നുള്ളൂ. അമ്മയെപ്പേടിച്ച് ചേട്ടത്തിയമ്മ സ്വന്തം വീട്ടിലേക്ക് പോയി. സ്കൂളിൽ വച്ച് ഒരാൺകുട്ടിയോടുപോലും സംസാരിക്കാൻ അമ്മ എന്നെ അനുവദിച്ചിട്ടില്ല. ഒരിക്കൽ ചെറിയ ക്ലാസിൽ വച്ച് ഒരു പയ്യൻ ഇഷ്ടമാണെന്നു പറഞ്ഞവിവരം ഞാൻ ‍അമ്മയോട് പറഞ്ഞു. അമ്മ അത് വലിയ വിഷയമാക്കി. സ്കൂളിൽ ചെന്ന് ആ പയ്യനോട് വഴക്കുണ്ടാക്കി, പിന്നീട് അമ്മയോടൊന്നും പറഞ്ഞിട്ടില്ല

ഹോസ്റ്റലിൽ നിന്ന് വലിയ അവധിക്കു മാത്രമേ ഞാൻ വീട്ടിൽ പോകൂ. കൂട്ടുകാരൊക്കെ ആഴ്ചാവസാനം വീട്ടിൽ പോകുമ്പോൾ ഞാൻ പോകാറില്ല. അമ്മയുടേയും അപ്പയുടേയും ഉപദ്രവം ഭയന്നാണ്. അപ്പയുടെ വീട്ടുകാരോട് സംസാരിച്ചതിന് ആന്റിന ചൂടാക്കി ശരീരത്തിൽ വച്ചിട്ടുണ്ട്. പ്ലസ്ടുവിന് 70 ശതമാനം മാർക്കുണ്ടായിരുന്നു. സിവിൽ സർവീസ് കോച്ചിങ്ങിന് പോയിരുന്നു. പക്ഷെ പിന്നീട് നിർത്തി. ഇനിയും പോകണമെന്നാഗ്രഹമുണ്ട് .മനസൊന്ന് ശരിയാവട്ടെ. , നീനു ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറ‍ഞ്ഞു. 

കോളജിൽ ഒരു പ്രണയത്തിന് മധ്യസ്ഥത വഹിക്കുമ്പോഴാണ് കെവിൻ ചേട്ടനെ പരിചയപ്പെടുന്നത്. വീട്ടിൽ പോകാറില്ലേ എന്ന് കെവിൻ ചേട്ടൻ ചോദിച്ചപ്പോൾ എന്റെ അവസ്ഥ പറ‍ഞ്ഞു. അങ്ങനെ കെവിൻ ചേട്ടൻ ആശ്വസിപ്പിക്കുമായിരുന്നു. അതാണ് പിന്നീട് പ്രണയത്തിലെത്തിയത്.