പ്രായം ആയാൽ മക്കളെ കെട്ടിച്ചു വിട്ടേ പറ്റു. അല്ലേല് നാട്ടുകാർ കുറ്റം പറയും. കെട്ടുദോഷം തീർക്കാൻ കല്യാണം. അല്ലേല് ഇച്ചിരി പ്രശ്നക്കാരായ മക്കളെ ഒതുക്കാൻ വേണ്ടി താലിക്കെട്ട്. ഉളളിന്റെ ഉളളിൽ മക്കൾ മറ്റൊരാളുടേത് ആകുന്നത് സഹിക്കാതെ അമ്മമാർ. ആ വേദന മനസിൽ കിടന്നു നിറയുമ്പോൾ അറിഞ്ഞോ അറിയാതെയോ അവരുണ്ടാക്കുന്ന പ്രശ്നങ്ങൾ. മക്കളുടെ സ്വസ്ഥതയെ എത്ര മാത്രം കാർന്നു തിന്നുന്നു എന്ന് അവർ അറിയുന്നുമില്ല. കുടുംബകോടതിയിലെ കേസുകളെ മുൻ നിർത്തി പ്രശസ്ത സൈക്കോളജിസ്റ്റ് കലാ ഷിബു ഒരു വർഷം മുൻപ് എഴുതിയ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വീണ്ടും തരംഗമാകുന്നു.
ചെറിയ ചെറിയ പിണക്കങ്ങൾ ഒരിക്കലും ഉണങ്ങാത്ത മുറിവ് ആക്കി മാറ്റുന്നതിൽ ദമ്പതികളുടെ മാതാപിതാക്കൾക്കും കൃത്യമായ പങ്കുണ്ട്. എരിതീയിൽ എണ്ണ എന്ന പോലെ ഭാര്യയുടെയും ഭർത്താവിന്റെയും മാതാപിതാക്കൾ ഇരുചേരിയിലും അണിനിരക്കുന്നതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയും ചെയ്യും. പരസ്പരം പോരടിച്ച് പോരടിച്ച് ജീവിതം പാഴാക്കുന്നതിന് വേണ്ടിയാണോ വിവാഹം കഴിച്ചതെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം തന്നെയുണ്ടാകില്ല.
സ്ത്രീയുടെയും പുരുഷന്റെയും രഹസ്യമായ പഴികൾ മിക്ക കൗൺസിലേഴ്സിന്റെയും ഡയറിയിൽ കാണും. മനസിൽ നിന്നാണ് കാമം ഉണ്ടാകേണ്ടത്. രണ്ട് ധ്രുവങ്ങളിൽ പെട്ടവർ തമ്മിൽ മരവിപ്പേ ഉണ്ടാകു. അതൊരു പൊളളുന്ന സത്യം ആണ്. വിവാഹേതര ബന്ധം എന്ത് കൊണ്ട് ഇത്ര മാത്രം വർദ്ധിക്കുന്നുവെന്നതിന് ഒരു ഉത്തരം ഇതാണ്. കലാ ഷിബു പറയുന്നു. പങ്കാളിയുടെ കൂടെ മരവിപ്പോടെ ഇരിക്കുന്നവർക്ക്,സ്നേഹമുള്ള മറ്റൊരാളോട് എല്ലാ ഇഷ്‌ടങ്ങളും തോന്നും എന്നതിൽ അതിശയമില്ല.
മോളെ എന്ന് വിളിക്കുന്നത് കൊണ്ട് അമ്മായി 'അമ്മ, ശാന്തസ്വരൂപിണി ആകുന്നില്ലലോ.അവരുടെ തനി സ്വഭാവം ആര്‍ക്കും അറിയില്ല. പെണ്‍കുട്ടി വീറോടെ പറഞ്ഞു. നല്ലൊരു നിശാവസ്ത്രം ധരിച്ച് ഞാന്‍ നിന്നാല്‍ ആ രാത്രി അമ്മായിഅമ്മയ്ക്ക് നെഞ്ച് വേദന എടുക്കും. ഇത് സത്യമാണെങ്കില്‍, പഴമക്കാര്‍ പറയുന്ന തലയിണമന്ത്രം ആണ് അമ്മായിയമ്മയുടെ പ്രശ്‌നം..ഭയം. അമ്മയ്ക്കും പെങ്ങള്‍ക്കും ഒരിക്കലും ഭാര്യ ആകാന്‍ പറ്റില്ലല്ലോ എന്ന് പറയുന്നത് ഇതിന്റെ പശ്ചാത്തലത്തില്‍ ആണ്.
മാതാപിതാക്കളെ ബഹുമാനിക്കണം. സ്നേഹിക്കണം. പക്ഷേ വിവാഹശേഷം ഒരു ബുക്കും വായിക്കുന്ന ആളിന്റെ കണ്ണും തമ്മിലുളള ദൂരം ഉണ്ടാകണം. ഒന്നുമറിയാത്ത എന്റെ മോൾ അപ്പുറത്തു പ്രസവിച്ചു കിടക്കുന്നു എന്നതാണ് ചില അമ്മമാരുടെ നയം. എന്റെ മോന് ഒന്നുമറിയില്ല. രണ്ട് പിളളേരുടെ അച്ഛനായ പുരുഷനെ പറ്റി ആണ് ഈ വിലയിരുത്തൽ. ശരിയാണ് നിങ്ങളുടെ മകന് ഒന്നും അറിയില്ല. മരുമകൾ പിറുപിറുക്കുന്നതിന്റെ അർത്ഥം അവർക്കു അറിയണം എന്നുമില്ല.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam