പ്രണയവും ദാമ്പത്യവും; അഞ്ച്  മിഥ്യാധാരണകൾ!

ഏറെ കാല്‍പനികവത്കരിക്കപ്പെട്ടതും തെറ്റിദ്ധരിക്കപ്പെട്ടതുമാണ് ദാമ്പത്യവും പ്രണയവും. ഒട്ടേറെ മിഥ്യാധാരണകള്‍ ഈ ബന്ധങ്ങളെക്കുറിച്ചു സമൂഹത്തിലുണ്ട്. അവ പലപ്പോഴും രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തില്‍ വില്ലന്‍മാരാകാറുമുണ്ട്. ഓരോ വ്യക്തിയും വ്യത്യസ്തനാണ് എന്നത് പോലെ വ്യക്തികള്‍ തമ്മിലുള്ള ബന്ധവും തീര്‍ത്തും വ്യത്യസ്തമായിരിക്കും. എത്രയൊക്കെ സാമ്യം കണ്ടെത്താന്‍ ശ്രമിച്ചാലും ഒരു പൊതുബോധത്തിന്റെ ചരടിലും രണ്ടു ബന്ധങ്ങളെ കൂട്ടിക്കെട്ടാനാകില്ല. ഇത്തരത്തില്‍ ദാമ്പത്യജീവിതത്തെയോ പ്രണയത്തെയോ കുറിച്ച് പൊതുസമൂഹം വച്ചു പുലര്‍ത്തുന്ന അഞ്ചു മിഥ്യാധാരണകളാണ് താഴെ. 

1. എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരു സോള്‍മേറ്റ് ഉണ്ടാകും

പ്രണയത്തെക്കുറിച്ചുള്ള ഏറ്റവും വലിയ മിത്തുകളില്‍ ഒന്നാകും ഏറ്റവും പ്രിയപ്പെട്ട ആ ഒരാളെക്കുറിച്ചുള്ള പ്രതീക്ഷകളും കാത്തിരിപ്പും. ഒരാള്‍ അയാളുടെ പ്രണയം കണ്ടെത്തുന്നതും മറ്റൊരാളുമായി അടുക്കുന്നതും തീര്‍ച്ചയായും സാഹചര്യങ്ങളെ അനുസരിച്ചായിരിക്കും. അതോടൊപ്പംതന്നെ നിങ്ങള്‍ പ്രണയത്തിലാകാന്‍ സാധ്യതയുള്ള ഒന്നിലധികം പേരില്‍ ഒരാളിലേക്കു നിങ്ങളെ എത്തിക്കുന്നത് ഒരു നിമിഷത്തെ ചിന്തയോ ഒരു സംഭവമോ ആയിരിക്കും. നിങ്ങളുമായി മാനസികപ്പൊരുത്തമുള്ള ഒട്ടേറെപ്പേരില്‍, നിങ്ങളുടെ മുന്നിലേക്ക് എത്തിയ ഒരാളായിക്കാം നിങ്ങളുടെ കാമുകനോ കാമുകിയോ. അങ്ങനെ നോക്കുമ്പോൾ ഒന്നല്ല, ഒന്നിലധികം സോള്‍മേറ്റുകള്‍ നിങ്ങള്‍ക്കുണ്ടെന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഒരു പ്രണയത്തെച്ചൊല്ലി നിരാശരാകാതെ അടുത്ത പ്രണയത്തിനു വേണ്ടി ശ്രമിച്ചു കൊണ്ടേയിരിക്കാം.

2. ഒരേ വ്യക്തിത്വമുള്ളവര്‍ തമ്മിലാണ് മികച്ച ബന്ധം ഉണ്ടാവുക

ഒരേ വ്യക്തിത്വവും മാനസികാവസ്ഥയും ഉള്ളവര്‍ തമ്മിലേ മികച്ച ബന്ധമുണ്ടാകൂ എന്നതാണ് മറ്റൊരു തെറ്റായ പൊതുധാരണ. നൂറു ശതമാനവും ഒരേ വ്യക്തിത്വമുള്ളവരെ കണ്ടെത്താനാകില്ല എന്നതാണ് സത്യം. എത്ര തന്നെ സാമ്യങ്ങളുണ്ടെങ്കിലും വലിയ വ്യത്യാസങ്ങളും രണ്ടു പേര്‍ക്കിടയില്‍ കാണും. സാമ്യങ്ങളില്‍ സന്തോഷിച്ചും വ്യത്യാസങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തിയും മാത്രമേ രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിനു മുന്നോട്ടു പോകാനാകൂ. 

 3. സ്നേഹം മാത്രമാണ് ഒരു ബന്ധത്തില്‍ എല്ലാം എന്ന ചിന്ത

രണ്ടു പേര്‍ തമ്മിലുള്ള ബന്ധം ആരംഭിക്കുന്നത് ഇരുവര്‍ക്കിടയില്‍ ഉണ്ടാകുന്ന ആകര്‍ഷണവും തുടര്‍ന്നുണ്ടാകുന്ന പ്രണയവും മൂലമാണ്. പക്ഷേ ബന്ധം നിലനില്‍ക്കുന്നത് പരസ്പരമുള്ള സ്നേഹത്തെ മാത്രം അടിസ്ഥാനമാക്കിയല്ല. ഉത്തരവാദിത്തങ്ങളും വിട്ടുവീഴ്ചകളും കടമകളും ത്യാഗങ്ങളുമെല്ലാം അതിന് അനിവാര്യമാണ്. ഇരുവരുടെയും ക്ഷമിക്കാനുള്ള കഴിവാകും ഒരുപക്ഷേ രണ്ടു പേര്‍ തമ്മിലുള്ള ബന്ധത്തിലെ ഏറ്റവും നിര്‍ണായക ഘടകം.

4. മികച്ച സെക്സാണ് ആരോഗ്യകരമായ ദാമ്പത്യത്തിന്റെ ലക്ഷണം 

ലൈംഗികത രണ്ടു പേര്‍ തമ്മിലുള്ള പ്രണയത്തിന് ഊര്‍ജ്ജം നല്‍കുന്ന ഘടകങ്ങളില്‍ ഒന്നാണ് എന്നതിനു സംശയമില്ല. പക്ഷേ അതു മാത്രമല്ല ദാമ്പത്യജീവിതത്തിന്റെ അളവുകോല്‍. ലൈംഗികത ഇരുവരുടെയും ശാരീരിക താല്‍പര്യങ്ങള്‍ക്കനുസരിച്ചു സംഭവിക്കുന്നതാണ്. പങ്കാളികളില്‍ ഒരാള്‍ക്ക് താല്‍പര്യക്കൂടുതലും ഒരാള്‍ക്കു കുറവും ഉണ്ടെങ്കില്‍ ഇരുവരും പലപ്പോഴും വിട്ടുവീഴ്ചയ്ക്കു തയാറാകേണ്ടി വരും. അതിനുതയാറാകാനുള്ള മനഃസ്ഥിതിയാണ് ആരോഗ്യകരമായ ദാമ്പത്യത്തിന്റെ ലക്ഷണം.

5. പ്രണയപരാജയത്തെ മറികടക്കാന്‍ അടുത്ത പ്രണയമാണ് ഏറ്റവും നല്ല മാര്‍ഗ്ഗം

ഒരു പ്രണയം നിങ്ങളെ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് മറികടക്കാനുള്ള ഏറ്റവും മോശം ശ്രമങ്ങളില്‍ ഒന്നാണ് അടുത്ത പ്രണയം. ഒരു പ്രണയത്തിന്റെ വേദനയില്‍നിന്നു മോചനം നേടാന്‍ നിങ്ങള്‍ക്കു സ്വയം സമയം നല്‍കേണ്ടതുണ്ട്. കുറച്ചുകാലം നിങ്ങള്‍ ഒറ്റയ്ക്കു ചെലവഴിക്കുക. അതിലൂടെ, കഴിഞ്ഞുപോയ ബന്ധത്തില്‍ നിങ്ങള്‍ക്ക് സംഭവിച്ച പാളിച്ചകളും ആ ബന്ധത്തിലുണ്ടായ പ്രശ്നങ്ങളും വിലയിരുത്താന്‍ കഴിയും. പിന്നീട് മറ്റൊരു ബന്ധത്തിലാകുമ്പോൾ അതു നിങ്ങളെ കുറച്ചുകൂടി പക്വതയുള്ള വ്യക്തിയാക്കും. മാത്രമല്ല, ഒരു പ്രണയം സമ്മാനിച്ച വേദന മറികടക്കാനായി മറ്റൊരു പ്രണയം തേടുന്നത് പുതിയ ബന്ധത്തിനു ഗുണം ചെയ്യില്ല. പ്രണയം താനേ സംഭവിക്കാന്‍ അനുവദിക്കുക.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam