സോഫിയയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന കഥകൾ!

മലയാളികളെ മാത്രമല്ല, ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകമാണ് ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്നത്. 2015 ഒക്ടോബര്‍ 13 നാണ് പുനലൂരുകാരന്‍ സാം എബ്രഹാം മെല്‍ബണില്‍ കൊല്ലപ്പെടുന്നത്. ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി ഭാര്യ സോഫിയയും കാമുകനും ചേർന്നാണ് സാമിനെ കൊലപ്പെടുത്തിയത്. മനഃസാക്ഷിയെ ഞെട്ടിച്ച ഈ കേസിന്റെ ശിക്ഷാവിധി കഴിഞ്ഞ ദിവസം മെൽബണിൽ നടന്നു. സാം എബ്രഹാമിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ ഭാര്യ സോഫിയയ്‌ക്കും കാമുകൻ അരുണ്‍ കമലാസനനും പരമാവധി ശിക്ഷ തന്നെ കോടതി വിധിച്ചു. ശേഷം വിക്ടോറിയൻ സുപ്രീംകോടതി നടത്തിയ പ്രഖ്യാപനം സംഭവത്തിന്റെ ഗൗരവം അടിവരയിടുന്നു. "ഈ ക്രൂരത ചെയ്തവർ സമൂഹത്തിൽ ജീവിക്കാൻ പാടില്ല. അവർ കഴിയേണ്ടത് ജയിലിലാണ്‌. ഇതിൽ മാപ്പില്ല, ശിക്ഷയിൽ ഒട്ടും ഇളവില്ല. പരമാവധി ശിക്ഷ നല്കുന്നു." - ശിക്ഷാവിധി വായിച്ച ജഡ്ജി പറഞ്ഞതിങ്ങനെ. ഇത്രയ്ക്ക് ക്രൂരമായ മറ്റൊരു കേസും തന്റെ നീതിനിർവഹണ ജീവിതത്തിൽ കാണാൻ കഴിഞ്ഞിട്ടില്ലന്ന് ജഡ്ജി കോഗ്ലാൻ വ്യക്തമാക്കി. 

ഓസ്‌ട്രേലിയയിൽ വധശിക്ഷയില്ലാത്തതിനാലാണ് ഇവർക്ക് ലഭിക്കാവുന്ന പരവാവധി ശിക്ഷ കോടതി നൽകിയത്. ഇവർക്ക് പരോൾ പോലും കോടതി നിഷേധിച്ചു. ഇനി 23 വർഷം കഴിഞ്ഞിട്ടേ ജയിലിൽ നിന്ന് പരോൾ നൽകാവൂ എന്നാണ് വിധിയിൽ പറയുന്നത്. സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണ്‍ കമലാസനന് 27 വര്‍ഷവുമാണ് തടവുശിക്ഷ അനുഭവിക്കേണ്ടി വരുക. വിധി കേട്ട സോഫിയ പൊട്ടിക്കരഞ്ഞു. എന്നാൽ കാമുകനായ അരുൺ തികച്ചും നിർവികാരനായി കാണപ്പെട്ടു. തനിക്ക് തെറ്റുപറ്റിയെന്നും സാം മരിക്കുമെന്ന് കരുതിയില്ലെന്നും, കുഞ്ഞു ഉള്ളതിനാൽ ശിക്ഷ കുറച്ചു തരണമെന്നും സോഫിയ കോടതിയോട് ആവശ്യപ്പെട്ടു. എന്നാൽ കോടതി ഇത്തരം വാദങ്ങളെ പൂർണ്ണമായും തള്ളി. സോഫിയയുടെ വഴിവിട്ട ജീവിതമാണ് കൊലയ്ക്ക് കാരണമായി കരുതപ്പെടുന്നത്.

സോഫിയയെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകൾ! ഒരേസമയം രണ്ടു പുരുഷന്മാരോട് പ്രണയം കാത്തുസൂക്ഷിച്ചു സോഫിയ. സാം എബ്രഹാമും അരുൺ കമലാസനനുമായിരുന്നു കാമുകന്മാർ. അതിൽ സാമിനെയായിരുന്നു സോഫിയ ഭർത്താവായി തിരഞ്ഞെടുത്തത്. ഇരുവരും വിവാഹം കഴിഞ്ഞതോടെ ഓസ്‌ട്രേലിയയിലെത്തി. എന്നാൽ ഓസ്‌ട്രേലിയയിലും സോഫിയയ്‌ക്ക് സമാധാനമുണ്ടായില്ല. കാമുകൻ അരുണില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടായി. ഇതോടെ വിവാഹിതനായ അരുണിനെ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവന്നു. കുടുംബമായി എത്തിയ അരുൺ സോഫിയയുമായി പ്രണയം തുടർന്നതോടെ ഇയാൾക്ക് സ്വന്തം ഭാര്യയും കുഞ്ഞും ഒരു തടസ്സമായി. അവരെ നാട്ടിലേക്ക് പറഞ്ഞുവിട്ടതോടെ അരുണിന്റെയും സോഫിയയുടെയും ബന്ധം കൂടുതൽ ശക്തമായി. ഭർത്താവ്‌ സാമില്ലാത്ത സമയത്ത് അരുൺ സോഫിയയുടെ വീട്ടിൽ എത്തിയിരുന്നു. അതുപോലെ അരുണിന്റെ വീട്ടിലെ നിത്യ സന്ദർശകയായിരുന്നു സോഫിയ. പിരിയാൻ കഴിയാതെ ബന്ധം വളർന്നപ്പോഴാണ് ഇരുവരും ചേർന്ന് സാമിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. 

ഭര്‍ത്താവിന് സയനൈഡ് നൽകി കൊലപ്പെടുത്തുന്നതിനു മുൻപ് സോഫിയ ഇലക്ട്രോണിക് ഡയറിയിൽ കാമുകന് എഴുതിയ വരികൾ ഇങ്ങനെ; "പ്രിയപ്പെട്ടവനേ... എന്നെ മുറുക്കെ കെട്ടിപ്പിടിക്കൂ. ആ കരങ്ങള്‍ കൊണ്ട് എന്നെ ബലമായി അമര്‍ത്തി ഞെരിക്കൂ. നിന്റെ സ്‌നേഹത്തിന്റെ കടലിലേക്ക് എന്നെ കൊണ്ടുപോകൂ. ഞാന്‍ നിനക്കായി കാത്തിരിക്കുന്നു. ഐ മിസ് യു എലോട്ട്... എനിക്ക് ഇയാളുടെ കൂടെ മടുത്തു. എന്നെ സ്വതന്ത്രയാക്കൂ. എന്നെ കൊണ്ടുപോയില്ലെങ്കിൽ ഞാന്‍ നിന്നെ ഓര്‍ത്ത് കൂടുതൽ കഷ്ടപ്പെടും. പ്രത്യേകിച്ച് നിനക്ക് അറിയാമല്ലോ പെണ്‍കുട്ടികളാണ് പ്രണയകാര്യത്തില്‍ കൂടുതല്‍ കാത്തിരിക്കുന്നതും കഷ്ടപ്പെടുന്നതും. നമുക്ക് എല്ലാം പ്ലാന്‍ ചെയ്യണം. പ്ലാനില്ലാതെ ഒരു സ്വപ്നവും ഈ ഭൂമിയില്‍ വിജയിക്കില്ല. നമുക്ക് പ്ലാന്‍ ചെയ്യാം." പൊലീസാണ് കോടതിയുടെ അനുമതിയോടെ ഈ സംഭാഷണങ്ങൾ പുറത്തുവിട്ടത്. മുൻപ് സാമിനെ കൊല്ലാൻ മെൽബണിൽ ഗുണ്ടാ സംഘത്തെ സോഫിയയും കാമുകനും  ചേർന്ന് ഏർപ്പാടാക്കിയിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ സാമിനെ ഗുണ്ടകൾ കുത്തി മുറിവേൽപ്പിച്ചിരുന്നു. അന്ന് സാം ഓടി രക്ഷപെടുകയായിരുന്നു. ഈ സംഭവത്തിനുശേഷം തന്റെ ജീവൻ അപകടത്തിലാണെന്ന് നാട്ടിലേക്ക് വിളിച്ച് സാം പറഞ്ഞിരുന്നു. തുടർന്ന് ഭയം മൂലം ജോലിക്ക് പോയില്ല. വീട്ടിൽ തന്നെ തങ്ങി. 

അതേസമയം സോഫിയ നല്ല മരുമകളായിരുന്നു എന്ന് കൊലപ്പെട്ട സാമിന്റെ പിതാവ്‌ പറയുന്നു. ദിവസവും ഭർത്താവിന്റെ കുടുംബവുമായി സോഫിയ ബന്ധം പുലർത്തിയിരുന്നു. സാമിനെ കൊലപ്പെടുത്തിയശേഷവും അതു തുടർന്നു. "എന്റെ മകനെ അവൾ കൊലപ്പെടുത്തിയ ശേഷവും മിക്കവാറും വിളിക്കുമായിരുന്നു. വളരെ സന്തോഷത്തോടെയാണ് ഞങ്ങളോട് പെരുമാറിയിരുന്നത്. അവളെക്കുറിച്ച് ഒരു സംശയവും ഉണ്ടായിരുന്നില്ല. ശവസംസ്കാര ചടങ്ങിൽ അവൾ പൊട്ടിക്കരഞ്ഞു. മോഹാലസ്യം അഭിനയിച്ചു. അവളേ സമാധാനിപ്പിക്കാൻ ഞങ്ങൾ പാടുപെട്ടു."- സാമിന്റെ പിതാവ് പറയുന്നു. ഭർത്താവിന്റെ മൃതശരീരം നാട്ടിൽ അടക്കം ചെയ്തശേഷം ഓസ്ട്രേലിയയിൽ തിരിച്ചെത്തിയ സോഫിയ അവിടുത്തെ പ്രവാസി മലയാളികളുടെ മുന്നിലും ദുഃഖം അഭിനയിച്ചു. സോഫിയയ്‌ക്കും കുഞ്ഞിനുമായി പ്രവാസികൾ പിരിവെടുത്ത് 15 ലക്ഷം നൽകി. എന്നാൽ സോഫിയയും അരുണും പരസ്പരം കണ്ടിരുന്നു. ഇവരുടെ യാത്രയും കൂടിക്കാഴ്ചയുമെല്ലാം ഓസ്‌ട്രേലിയയിലെ പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ടായിരുന്നു.   പോസ്റ്റ്മോർട്ടത്തിൽ സാമിന്റെ രക്തത്തിൽ സയനൈഡ് കലർന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത് പൊലീസ് രഹസ്യമാക്കി വച്ചു. ഒപ്പം സോഫിയയെയും അവരുടെ വീടും നിരീക്ഷിച്ചു. ഇവരുടെ ഫോൺ കോളുകൾ ചോർത്തി. പലപ്പോഴും വീട്ടിൽ ഇലക്ട്രീഷ്യനായും പ്ളംബറായും പോസ്റ്റ്മാനായുമെല്ലാം പൊലീസെത്തി. ശേഖരിച്ച എല്ലാ വിവരങ്ങളും റെക്കോർഡ് ചെയ്തു. ഇങ്ങനെ കൃത്യമായ തെളിവുകളോടെയാണ് രക്ഷപ്പെടാൻ പഴുതില്ലാത്ത വിധം പൊലീസ് സോഫിയയെയും അരുണിനെയും കുടുക്കിയത്.