Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഫുട്ബോൾ ഉപേക്ഷിച്ച് തൂപ്പുകാരനായി, സ്വാരെസിനെ താരമാക്കിയത് പ്രണയിനി'

Luis_Suarez

കളിക്കളത്തിലെ വഴക്കാളിക്കുട്ടിയായ യുറഗ്വായ് താരം ലൂയി സ്വാരെസ് ജീവിതത്തിൽ പെർഫെക്ടാണ്. സ്വാരെസിന്റെ വിജയപരാജയങ്ങളിലെല്ലാം താങ്ങും തണലായി ഭാര്യ സോഫിയ ബാൽബി ഉണ്ട്. അയാളെ ലോകമറിയുന്ന താരമാക്കിയത് സോഫിയ ആണ്.

ആറാം വയസ്സിലാണ് സ്വാരെസ് ഫുട്ബോൾ പരിശീലനം തുടങ്ങുന്നത്. അച്ഛനും അമ്മയും പിരിയുന്നത് സ്വാരെസിന്റെ ഏഴാം വയസ്സിൽ. പ്രാരബ്ധങ്ങൾ മൂലം ഫുട്ബോൾ ഉപേക്ഷിച്ച് തെരുവിൽ തൂപ്പുകാരനായി. അപ്പോഴും അയാൾ ഫുട്ബോളിനെ ഉപേക്ഷിച്ചില്ല. വീണ്ടും കളിക്കളത്തിൽ തിരിച്ചെത്തിയെങ്കിലും വീട്ടിലെ സാഹചര്യങ്ങൾ സ്വഭാവത്തെ സ്വാധീനിച്ചു. റഫറിയെ തല്ലിയതിന് റെഡ് കാർഡ് കിട്ടിയതും കളിക്കിടയില്‍ മദ്യപിച്ച് പിടിക്കപ്പെട്ടതുമെല്ലാം ഉദാഹരണങ്ങൾ. ഈ സമയത്താണ് പതിനഞ്ചു വയസ്സുകാരനായ സ്വാരെസ് പതിമൂന്നുകാരിയായ സോഫിയയെ കണ്ടുമുട്ടുന്നത്. അന്നു മുതലിങ്ങോട്ട് അവൾക്കു വേണ്ടി അയാൾ നല്ല കുട്ടിയായി.

സോഫിയയുടെ കുടുംബം യുറഗ്വായ് വിട്ട് ബാഴ്സലോണയിലേക്കു താമസം മാറ്റിയപ്പോൾ ഭൂഖണ്ഡം കടന്ന് അവളുടെ അടുത്തെത്തണം എന്നതായി അയാളുടെ ലക്ഷ്യം. കഠിനമായി ഫുട്ബോൾ പരിശീലനം നടത്തിയ സ്വാരെസിനെ ഭാഗ്യം തുണച്ചു. മറ്റൊരു കളിക്കാരനെ അന്വേഷിച്ച് വന്ന സെലക്ടർമാർ സ്വാരെസിന്റെ കളി കണ്ട് അയാളെ ടീമിലെടുത്തു. പിന്നീട് ഡച്ച് ക്ലബായ അജാക്സിൽ എത്തിയ സ്വാരെസ് അവിടെനിന്ന് നേരെ ലിവർപൂളിലേക്ക്.

2009ൽ സ്വാരെസ് സോഫിയയെ വിവാഹം കഴിച്ചു, രണ്ട് മക്കളുമായി. സ്വാരെസ് പറയുന്നതിങ്ങനെ. ‘എന്റെ തെറ്റുകൾ തിരുത്തിച്ച് എന്നെ വീണ്ടും കളിക്കളത്തിലെത്തിച്ചത് സോഫിയയാണ്. അവളോടു ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു.’