Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതം ആരംഭിക്കാനുള്ള യാത്രയിൽ റോഡിൽ പിടഞ്ഞ ജീവന് രക്ഷകനായി മണവാളൻ!

Ayaas

കല്ല്യാണദിവസം വധുവിന്‍റെ വീട്ടിലേക്കുള്ള യാത്ര. ബന്ധുക്കളും നാട്ടുകാരുമായി വലിയൊരു പട തന്നെയുണ്ടാകും. അങ്ങനെയൊരു നേരത്ത് മുന്നില്‍ എന്തെങ്കിലും അപകടമോ തടസ്സങ്ങളോ വന്നുപെട്ടാല്‍ എന്തുചെയ്യും..? പലര്‍ക്കും പല ഉത്തരങ്ങളാകും. എന്നാല്‍ അത്തരമൊരു അനുഭവത്തില്‍ കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂര്‍ സ്വദേശിയായ ചെറുപ്പക്കാരന് അഥവാ വരന് ഒരേയൊരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ. 

വധുവിന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ മുന്‍പില്‍ വന്നുപെട്ട ദുരന്തം കാണാതെ മുന്നോട്ടുപോകാനായില്ല ഈ ചെറുപ്പക്കാരന്. അയാസിന്‍റെ അനുഭവം സഹോദരന്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് നാട്ടുകാരും ബന്ധുക്കളുമടക്കം സംഭവം അറിയുന്നത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ യുവതിക്കും കുടുംബത്തിനുമാണ് കല്ല്യാണവേഷത്തില്‍ അയാസ് അശ്വാസമായത്. 

ജീവിതം ആരംഭിക്കാനുള്ള യാത്രയില്‍ മറ്റൊരു ജീവിതത്തിന് രക്ഷയൊരുക്കിയ മണവാളന്‍ പയ്യന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് വായിച്ചവര്‍. 

മുഷ്താഖ് റഷീദ് ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പ് വായിക്കാം: 

അനിയൻ അയാസിന്റെ കല്യാണമായിരുന്നു കഴിഞ്ഞ ഞായറാഴ്ച. ദൈവാനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടന്നു. എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, വിട്ടുപോയവർ ദയവായി ക്ഷമിക്കുക. സമയപരിമിതി കാരണം വിട്ടുപോയതാണ്. പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക.

കുറ്റിപ്പുറത്തു നിന്നാണ് വധു. കുറ്റിപ്പുറവും ചേന്ദമംഗല്ലൂരും തമ്മിൽ വലിയ ദൂരം ഉള്ളതിനാൽ പെണ്ണിനെ കൂട്ടിക്കൊണ്ടു വരുന്ന ചടങ്ങ് ശനിയാഴ്ച തന്നെ കഴിക്കാൻ തീരുമാനിച്ചു (നല്ല സ്വഭാവം ഉണ്ടെങ്കിൽ സ്വന്തം ജില്ലയിൽ നിന്നു തന്നെ പെണ്ണ് കിട്ടും എന്നാണ് വാപ്പയോടും മനുവിനോടും അയാസിനോടും ഈ അവസരത്തിൽ എനിക്ക് പറയാനുള്ളത്) ശനിയാഴ്ച കുറ്റിപ്പുറത്തേക്ക് മൂന്ന് വണ്ടികൾ പോകാൻ തീരുമാനമായി. ഒരു വണ്ടിയിൽ ഞാനും ഭാര്യയും മറ്റൊരു വണ്ടിയിൽ അനിയൻ സാഹിലും പെങ്ങന്മാരും അടുത്ത വണ്ടിയിൽ അയാസ് ഒറ്റക്കും. നിക്കാഹ് നേരത്തെ കഴിഞ്ഞിരുന്നതിനാൽ അയാസ് ഒരുപാട് തവണ അവിടെ പോയിരിക്കാൻ സാധ്യത ഉള്ളത് കൊണ്ട് വഴികാട്ടിയായി അവനോട് മുൻപിൽ വണ്ടി വിടാൻ പറഞ്ഞു. മറ്റു രണ്ടു വണ്ടികളും അതിനെ പിന്തുടർന്നു.

ഇറങ്ങാൻ ഒരല്പം താമസിച്ചതുകൊണ്ട് ഉച്ചഭക്ഷണത്തിന് കുറ്റിപ്പുറത്ത് എത്താൻ താമസിക്കും എന്നതിനാൽ ഒരല്പം ധൃതിയിൽ ആയിരുന്നു പോക്ക്. അവിടെ ഒരുപാട് പേർ ഞങ്ങളുടെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. വണ്ടി വേങ്ങര കൂരിയാട് പാടത്തിന്റെ കുറുകെ പോവുമ്പോൾ തൊട്ടുമുന്നിൽ ഒരു ബൈക്കപകടം നടന്നതായി കണ്ടു. ബൈക്കിൽ നിന്നും തെറിച്ചു വീണ ഒരു യുവതി റോഡരികിൽ കിടക്കുന്നു. പെട്ടെന്ന് തന്നെ ഒരാൾ ആ യുവതിയെ താങ്ങിയെടുത്ത് പുയാപ്ലയുടെ വണ്ടിക്ക് കൈ കാണിച്ചു. ഒട്ടും മടികൂടാതെ അവൻ വണ്ടിയിലേക്ക് കയറിക്കോളാൻ അവരോട് പറയുന്നത് പിറകിലെ കാറിലിരുന്ന് ഞങ്ങൾ നോക്കിക്കണ്ടു. ഞങ്ങളോട് കുറ്റിപ്പുറത്തേക്ക് വിട്ടോളാൻ പറഞ്ഞു അവൻ അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടി പെട്ടെന്ന് ഓടിച്ചുപോയി. കുറ്റിപ്പുറത്ത് ഒരുഭാഗത്ത് വണ്ടിയൊതുക്കി അവനെ ഞങ്ങൾ കാത്തിരുന്നു. ചുരുങ്ങിയ സമയം കൊണ്ടുതന്നെ അവൻ ഞങ്ങളുടെ കൂടെയെത്തി. സമയബന്ധിതമായി തന്നെ ലക്ഷ്യസ്ഥാനത്ത് എത്താനും സാധിച്ചു.

ഒരു ജീവിതം ആരംഭിക്കാനുള്ള യാത്രയിൽ മറ്റൊരു ജീവിതം പാതിവഴിയിൽ പിടയുന്നത് കാണുമ്പോൾ മടികൂടാതെ അവരെ സഹായിക്കാൻ കാണിച്ച സന്മനസ്സിന് നൂറ് അഭിനന്ദനപ്പൂക്കൾ. നമ്മൾ നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും ഒരുപക്ഷേ ദൈവത്തിന്റെ പരീക്ഷണങ്ങൾ ആയിരിക്കാം. ആദാമിന്റെ മകൻ അബു എന്ന സിനിമയിൽ സലീം കുമാർ പറഞ്ഞ ഡയലോഗ് ഓർമ്മ വരുന്നു. 'ആ പ്ലാവ് മുറിക്കേണ്ടിയിരുന്നില്ല, അതും ഒരു ജീവനല്ലേ'.

നവദമ്പതികൾക്ക് ആശംസകൾ

Read More : Lifestyle Malayalam Magazine, Beauty Tips in Malayalam