അന്ന് പണമില്ലാത്തതിന്റെ പേരില്‍ നഷ്ടമായത്...ഓർമകൾ പങ്കുവച്ച് സൂപ്പർതാരം

‘കഥ പറയുമ്പോള്‍’. ആ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരില്‍ എല്ലാവരുടെയും കണ്ണുനിറച്ച് ഇന്ത്യന്‍ ഫുട്ബോളിന്റെ ഇൗ അഭിമാനതാരം വാക്കുകള്‍ അവസാനിപ്പിക്കുമ്പോള്‍ കേട്ടുനിന്നവരുടെ മനസിലൂടെ കടന്നുപോയത് ഇൗ വാക്കായിരിക്കും. ഇന്ത്യന്‍ ഫുട്ബോളിന്റെ നമ്പര്‍ വണ്‍ പ്രതിരോധതാരം അനസ് എടത്തൊടിക പങ്കുവച്ചത് പോയ കാലത്തിന്റെ കണ്ണീരോര്‍മയായിരുന്നു. കാന്‍സര്‍ എന്ന മാരകരോഗം തന്റെ കുടുംബത്തില്‍ ഏല്‍പ്പിച്ച മുറികുകള്‍ കണ്ണീരോടെ ആ പൊതുവേദിയില്‍ അനസ് പറഞ്ഞു. അന്ന് പണമില്ലാത്തതിന്റെ പേരില്‍ നഷ്ടമായത് സ്വന്തം സഹോദരന്റെ ജീവനായിരുന്നു. അനസ് പറഞ്ഞുനിര്‍ത്തി. ആ കണ്ണീര്‍ തുടച്ചു.

‘ഇന്ന് ആ അസുഖം എന്റെ ഉമ്മാനെ തേടിയെത്തി. പക്ഷേ ഇന്ന് എനിക്ക് എന്റെ ഉമ്മയാക്ക് മികച്ച ചികില്‍സ നല്‍കാന്‍ കഴിയുന്നുണ്ട്. പക്ഷേ എനിക്കറിയാം ഇൗ രോഗം കൊണ്ട് വലയുന്നഒരുപാട് പേരെ എനിക്കറിയാം. ഒരു കീമോ ഇഞ്ചക്ഷന് 2,500രൂപയാണ്. മെഡിക്കല്‍ കോളജിന് മുന്നില്‍ പണത്തിന് വേണ്ടി ചേട്ടാ നൂറ് രൂപ എങ്കിലും തരുമോ എന്ന് ചോദിക്കുന്ന ഒരുപാട് പോരെ കണ്ടിട്ടുണ്ട്.’ കണ്ണീരോടെ അനസ് പറഞ്ഞുനിര്‍ത്തി. കാന്‍സര്‍ രോഗികള്‍ക്ക് ചികില്‍സാസഹായം നല്‍കുന്നതിനായി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗമാണ് സോഷ്യല്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.