ജീവനിൽ പാതിയായവനാണ് നഷ്ടപ്പെട്ടത്. പരിഭവങ്ങളില്ല, കുറ്റപ്പെടുത്തലുകളില്ല, തായ് രക്ഷാപ്രവർത്തനത്തിനിടെ മരിച്ച സമൻ കുമാൻറെ ഭാര്യയുടെ ഉള്ളിൽ നിറയെ ഓർമകളാണ്. ''നീയെൻറെ ഹൃദയമാണ്, ഞാൻ നിന്നെ സ്നേഹിക്കുന്നു, നിന്നെ ഒരുപാട് മിസ് ചെയ്യുന്നു, ഇനി ഞാനുണരുമ്പോൾ ആരെയാണ് ഉമ്മ വെയ്ക്കുക'', വലീപോൻ കുനാൻ ഓര്‍മകളിൽ വിതുമ്പുന്നു. ഭർത്താവിനോടൊപ്പമുള്ള ആ ചിത്രങ്ങൾ കണ്ണീരോർമയായി അവശേഷിക്കുന്നു.
''നീയെന്നും എന്നോടൊപ്പമുണ്ടാകും, നിന്നെപ്പോലെ മറ്റാരുമില്ല, നീയെന്നോടൊപ്പമില്ലെങ്കിൽ ഇനിയെനിക്ക് ശ്വാസം വേണ്ട, കാരണം ഒരേ വായു ശ്വസിക്കുമെന്നായിരുന്നു നമ്മൾ പരസ്പരം വാഗ്ദാനം ചെയ്തിരുന്നത്'', ഒരു പോസ്റ്റിൽ പറയുന്നു.
ഇന്‍സ്റ്റഗ്രാമിലൂടേയാണ് വലീപോൻ ചിത്രങ്ങൾ പങ്കുവെച്ചത്. ജീവിതത്തിലെ പ്രിയപ്പെട്ട പല നിമിഷങ്ങളുടെയും ചിത്രങ്ങൾ അവൾ നവമാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. നീയില്ലാത്ത ദിവസങ്ങളിൽ ഇനിയെന്തു ചെയ്യുമെന്നാണ് ഇപ്പോളവൾ ചോദിക്കുന്നത്. അപ്പോഴും നിങ്ങൾ കാരണമാണ് സമൻ മരിച്ചതെന്ന കുറ്റബോധം തോന്നരുതെന്നാണ് രക്ഷിക്കപ്പെട്ട കുട്ടികളോട് പറയാനുള്ളത്.
സമൻ യഥാർത്ഥ ഹീറോ ആണ് സമനെന്നാണ് ലോകം ഒന്നടങ്കം പറയുന്നത്. രക്ഷാപ്രവർത്തനത്തിടെ ഓക്സിജൻറെ അഭാവം മൂലം ജൂലൈ ആറിനാണ് നാവികസേനാ മുൻ ഉദ്യോഗസ്ഥനായ സമൻ മരിച്ചത്. ഗുഹക്കുള്ളിലേക്ക് എയർ ടാങ്കുകൾ എത്തിക്കുക എന്ന ദൗത്യമായിരുന്നു അദ്ദേഹത്തിന്. ഓക്സിജന്‍ സിലിണ്ടറുകള്‍ സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. അങ്ങനെ 13 പേർക്ക് പ്രാണവായു നൽകി സമൻ മരണമേറ്റുവാങ്ങി. മരണത്തെക്കുറിച്ചു പോലും തനിക്ക് നിശ്ചയമില്ല എന്നാണ് രക്ഷാപ്രവർത്തനത്തിന് പുറപ്പെടും മുൻപ് അദ്ദേഹം ഭാര്യയോട് പറഞ്ഞത്.