22 വര്‍ഷത്തിന് ശേഷം പെറ്റമ്മയെ കാണാൻ സ്പെയിനിൽ നിന്നും മകളെത്തി. പുനെയിലാണ് സംഭവം. 23-ാം വയസിലാണ് സീനത്ത് ഏലിയാസ് മിറയ്യ എന്ന യുവതി തന്റെ പെറ്റമ്മയെ കാണാൻ തിരികെ എത്തിയത്. സ്പെയിനിൽ താമസിക്കുന്ന ദമ്പതികൾ കുട്ടിയായിരിക്കുമ്പോൾ സീനത്തിനെ ദത്തെടുക്കുകയായിരുന്നു. അമ്മയെ കണ്ടതും അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു. സമ്മാനങ്ങൾ നൽകി. സംരക്ഷിക്കാൻ കഴിയാത്തതിൽ മാപ്പ് ചോദിച്ചു. വളരെ വികാരനിർഭരമായ നിമിഷങ്ങളായിരുന്നു അത്.
സ്പെയിൻ സ്വദേശികളായ ആന്റിച് മാർടി രാമൻ, ഗാരിസ ഫോർസ് എന്നിവരാണ് സീനത്തിനെ 14 മാസമുള്ളപ്പോൾ ദത്തെടുത്ത് വളർത്തിയത്. ഒരു സന്നദ്ധ സേവന സംഘടനയിൽ നിന്നുമാണ് സീനത്തിനെ അവർ ദത്തെടുത്തത്. 10 വയസുള്ളപ്പോൾ സീനത്തിനെയും കൂട്ടി സ്പാനിഷ് ദമ്പതികൾ ഇന്ത്യയിലെത്തിയെങ്കിലും അവളുടെ അമ്മയെ കണ്ടെത്താനായിരുന്നില്ല. ഏഴാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസമാണ് സീനത്ത് നേടിയത്. പിന്നീട് സൈക്കോളജി പഠിച്ചു. ഒരു ഭക്ഷണശാലയിൽ ജോലി നോക്കി. ഇന്ത്യയിലേക്ക് തിരികെ എത്താനുള്ള പണം കണ്ടെത്തി. തിരികെ എത്തിയ സീനത്ത് അറിയുന്നത് ഞെട്ടിക്കുന്ന വാർത്തയാണ്. പീഡനത്തിനിരയായ അമ്മയുടെ മകളാണ് താൻ എന്നാണ് സീനത്തിന് അറിയാൻ കഴിഞ്ഞത്. പിന്നീട് അമ്മയെ കണ്ടെത്താനുള്ള ശ്രമമായിരുന്നു.
അവസാനം കഴിഞ്ഞ ശനിയാഴ്ച അവൾ അലീഫിയയെ, അവളുടെ പെറ്റമ്മയെ കണ്ടെത്തി. പക്ഷേ തമ്മിൽ ഒന്നും സംസാരിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. കാരണം അലീഫിയക്ക് ഹിന്ദിയും സീനത്തിന് സ്പാനിഷ് ഭാഷയും അൽപം ഇംഗ്ലീഷും മാത്രമേ വശമുള്ളു. പക്ഷേ ആ അമ്മ മകൾക്ക് ഒരു സമ്മാനം നൽകി. ഒരു ജോഡി കമ്മൽ.
അലീഫിയയുടെ കഥ ഇതാണ് : ‘‘എനിക്ക് 21 വയസുള്ളപ്പോഴാണ് ബന്ധുവിൽ നിന്നും നിരന്തരം ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നത്. അവസാനം ഞാൻ ഗർഭിണിയായി. അതോടെ അയാളും എന്റെ കുടുംബവും എന്നെ ഒറ്റപ്പെടുത്തി. കുട്ടി ഉണ്ടായി. അതിനെ ഉപേക്ഷിക്കാൻ എനിക്ക് ഒട്ടും ആഗ്രഹമുണ്ടായിരുന്നില്ല. പക്ഷേ അവിവാഹിതയായ ഞാൻ എങ്ങനെ അതിനെ വളർത്തും. വീട്ടുജോലി എടുത്താണ് ഞാൻ ജീവിതം മുന്നേട്ട് കൊണ്ടുപോയത്. അവളെങ്കിലും സുഖമായി ജീവിക്കട്ടെ എന്നു കരുതായാണ് ദത്ത് നൽകാൻ തയാറായത്. സീനത്തിനായി ദിവസവും പ്രാർത്ഥിക്കുമായിരുന്നു'. ഇതാണ് അലീഫിയയുടെ വാക്കുകൾ. 'അമ്മയെ കണ്ടതിൽ സന്തോഷിക്കുന്നു. ഇപ്പോൾ തിരികെ പോകുന്നു. പക്ഷേ ഒരു വര്‍ഷത്തിന് ശേഷം തിരിച്ചു വരും, ഹിന്ദി പഠിക്കും.’’ സീനത്ത് പറയുന്നു.
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam