‘ഞങ്ങളുടെ ഹനാൻ ഫെയ്ക്കല്ല’ സഹപാഠികളും പ്രിൻസിപ്പലും രംഗത്ത്

എറണാകുളം തമ്മനത്ത് കോളജ് യൂണിഫോമിൽ മീന്‍ വിൽക്കുന്ന ഹനാന്റെ കഥ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തുടർന്ന് പെൺകുട്ടി ഫെയ്‌ക്ക് ആണെന്ന തരത്തിൽ വ്യാപക പ്രചാരണവും നടന്നു. ഇതോടെ പുകഴ്‌ത്തിയവർ പോലും പെൺകുട്ടിയെ തരംതാഴ്‌ത്തിയും അധിക്ഷേപിച്ചും പോസ്റ്റുകളിട്ടു തുടങ്ങി. ഇപ്പോൾ ഹനാന് വേണ്ടി രംഗത്തുവന്നിരിക്കുകയാണ് സഹപാഠികൾ.

തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളായ അന്‍സലും അബുവുമാണ് ഹനാന് പിന്തുണയുമായി  രംഗത്തുവന്നിരിക്കുന്നത്. ഹനാനെ കുറേ നാളുകളായി ഞങ്ങള്‍ക്ക് അറിയാവുന്നതാണെന്നും ജീവിക്കാനായി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അവളെന്നും സഹപാഠികള്‍ പറയുന്നു. സത്യം അറിയാതെയാണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും ഇവർ പറയുന്നു.

ഹനാന്റെ ജീവിത പശ്ചാത്തലം ശരിവച്ച് അല്‍ അസര്‍ കോളജ് പ്രിന്‍സിപ്പലും രംഗത്തുവന്നു. ഹനാന് മറ്റ് വരുമാന മാര്‍ഗമൊന്നും ഇല്ലെന്നും കോളജിലെ ഫീസ് അടയ്ക്കാനും മറ്റുമായി പലപ്പോഴും ബുദ്ധിമുട്ടാറുണ്ടെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. മീന്‍വിറ്റും പച്ചക്കറി കച്ചവടം നടത്തിയുമാണ് അവര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.

പഠനത്തിനായി മീന്‍വില്‍ക്കുന്നത് സത്യമാണെന്നും അത് മാന്യമായി ജീവിക്കാന്‍ വേണ്ടിയാണെന്നും വ്യക്തമാക്കി ഹനാനും രംഗത്തുവന്നു. എന്നാല്‍ ഈ വാർത്ത വന്നതിനുശേഷം തന്നെ സമൂഹ മാധ്യമങ്ങള്‍ വേട്ടയാടുകയാണെന്നും ഹനാന്‍ പറയുന്നു. 

‘‘സിനിമയുടെ പ്രചരണത്തിനായി മീന്‍വിറ്റുവെന്ന ആരോപണം തെറ്റാണ്. കലാഭവന്‍ മണിയുണ്ടായിരുന്ന കാലത്ത് അദ്ദേഹമാണ് എനിക്ക് സിനിമയില്‍ ചില അവസരങ്ങള്‍ നല്‍കിയിരുന്നത്. ജൂനിയര്‍ ആര്‍ടിസ്റ്റായി വേഷമിട്ടിരുന്നു. ചില പരിപാടിയുടെ അവതാരകയായും ജോലി ചെയ്തു. എന്നാല്‍ അദ്ദേഹത്തിന്റെ  മരണശേഷം കാര്യങ്ങള്‍ വഷളായി. അവസരങ്ങള്‍ ഒന്നും ലഭിക്കാതെയായി. ശേഷമാണ് മീന്‍കച്ചവടത്തിനും മറ്റു ജോലികള്‍ക്കും പോയി തുടങ്ങിയത്’’ ഹനാൻ പറയുന്നു.

ഹനാന് പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് സംവിധായകന്‍ അരുണ്‍ ഗോപി രംഗത്തുവന്നിരുന്നു. ഇതോടെ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ഹനാന്‍ നാടകം കളിക്കുകയായിരുന്നെന്നും മറ്റുള്ളവരെ കബളിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിലര്‍ സംഭവം വിവാദമായത്.