താന്‍ ആവശ്യപ്പെടാതെയാണ് ആളുകള്‍ സഹായിച്ചതെന്ന് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി അപഹസിക്കപ്പെട്ട വിദ്യാർത്ഥിനി ഹനാന്‍. ഇൗ പണം തിരികെ നല്‍കാന്‍ താൻ തയാറാണെന്നും ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നും അപേക്ഷാ സ്വരത്തിൽ പെൺകുട്ടി പറഞ്ഞു. കോളജ് യൂനിഫോമിൽ തെരുവോരത്ത് മീൻകച്ചവടം നടത്തി സമൂഹമാധ്യമങ്ങളിൽ താരമായ ഹനാനെതിരെ വ്യാജപ്രചാരണവുമായി വലിയൊരു വിഭാഗം രംഗത്തെത്തിയിരുന്നു.
‘‘പൊലീസ് ആവശ്യപ്പെട്ടതിനാല്‍ തമ്മനത്ത് ഇനി മല്‍സ്യക്കച്ചവടം ചെയ്യില്ല. കഴിഞ്ഞ നാലു ദിവസമായി മൽസ്യക്കച്ചവടം ചെയ്ത എറണാകുളം പാലാരിവട്ടത്തിനടുത്തെ തമ്മനത്ത് മാധ്യമങ്ങളെ കാണുമ്പോഴായിരുന്നു പ്രതികരണം. സഹായിക്കേണ്ട ജീവിക്കാൻ അനുവദിച്ചാൽ മതി. എനിക്ക് ഇനി ഇവിടെ കച്ചവടം നടത്താൻ പറ്റില്ലെന്നാണ് പൊലീസ് പറയുന്നത്. ആളുകൾ കൂടുന്നത് കൊണ്ടാണ് അവർ ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ഇനി വേറെ സ്ഥലം നോക്കണം. ജീവിക്കാനൊരു വഴി കണ്ടെത്താൻ’’, അവൾ പറഞ്ഞു.
പണത്തിന് വേണ്ടിയാണ് ഞാൻ ഇതെല്ലാം ചെയ്തതെന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. പഠിക്കുന്ന കോളജിലെ അധ്യാപകരോട് പോലും എനിക്കൊരു ഡോക്ടർ ആകണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. എന്റെ ഒാപ്പറേഷൻ അടക്കം സൗജന്യമായി കോളജ് അധികൃതരാണ് ചെയ്ത് തന്നത്. എന്റെ വാർത്തയറിഞ്ഞ് എനിക്ക് ലഭിച്ച സഹായങ്ങൾ ഇൗ അക്കൗണ്ടിലുണ്ട്. ആ പണം ഞാൻ തിരികെതരാം. ഇതാ എന്റെ കാർഡ്. കാർഡ് മാധ്യമങ്ങൾക്ക് നേരെ ഉയർത്തി അവൾ പറഞ്ഞു. സിനിമയിൽ അഭിനയിക്കുമെന്ന് ഹനാൻ ആവർത്തിച്ചു.