വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഹനാനോടു മാപ്പ് പറഞ്ഞ് നൂറുദ്ദീൻ

ഇന്നലെ ഹനാനെതിരെ വ്യാജപ്രചാരണങ്ങൾക്ക് തുടക്കമിട്ട നൂറുദ്ദീന്‍ ഷെയ്ഖ് മാപ്പപേക്ഷയുമായി രംഗത്ത്. വയനാട് സ്വദേശിയും കൊച്ചിയിൽ താമസക്കാരനുമായ നൂറുദ്ദീൻ ഷെയ്ഖ് ഫെയ്സ്ബുക്കിലൂടെയാണ് മാപ്പ് പറഞ്ഞത്. ഇന്നലെ ഇയാൾ ഉന്നയിച്ച അടിസ്ഥാനരഹിതമായ വാദങ്ങൾ ഫെയ്സ്ബുക്കിൽ വൈറലായതോടെയാണ് ഹനാനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നത്. എന്നാൽ മാപ്പ് പറഞ്ഞ വിഡിയോ ഇയാൾ പിന്നീട് ഫെയ്സ്ബുക്കിൽ നിന്ന് നീക്കം ചെയ്തു.

പ്രചരിച്ച വ്യാജവാർത്തകൾക്ക് പിന്നിലെ സത്യം ഇന്നത്തെ പകൽ വ്യക്തമാക്കിയതോടെ നൂറുദ്ദീനെതിരെ പ്രതിഷേധമുയർന്നു. ഇതെ തുടർന്നാണ് മാപ്പപേക്ഷയുമായി ഇയാൾ തടിതപ്പുന്നത്. താനൊരു മുസ്​ലീം ലീഗ് പ്രവർത്തകനാണെന്നും ഇയാൾ വിഡിയോയിൽ വ്യക്തമാക്കുന്നു. ഹനാനെ നേരിട്ട് വിളിച്ച് മാപ്പുപറയാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും ഇയാൾ പറയുന്നു. ഹനാനെതിരെ അധിക്ഷേപം ഉന്നയിച്ചപ്പോൾ അവൾ നേരിടേണ്ടിവന്ന അധിക്ഷേപങ്ങൾ ഇപ്പോൾ തന്റെ ഫെയ്സ്ബുക്ക് പേജിൽ നടക്കുകയാണെന്നും മാന്യമായ കമന്റുകൾ ഇടണമെന്നും ഇയാൾ സോഷ്യൽ ലോകത്തോട് അഭ്യർഥിക്കുന്നു.

ഹനാൻ നവരത്നമോതിരമിട്ടിരിക്കുന്നുവെന്നും ഗ്ലൗസ് ഇട്ടാണ് മീൻ വിൽക്കുന്നതെന്നും തരക്കേടില്ലാത്ത വസ്ത്രം ധരിക്കുന്നെന്നും അരുൺ ഗോപിയും മറ്റും അവളെ വിളിച്ചെന്നുമാണ് ഇയാൾ ഇന്നലെ വിഡിയോയിൽ പറഞ്ഞത്.

ഇൗ തെറ്റിദ്ധാരണയാണ് ആ പാവം പെൺകുട്ടിയെ ഇന്നത്തെ ദിനം മാനസിക സംഘർഷത്തിലാക്കിയത്. തെറ്റ് ഏറ്റുപറഞ്ഞ് മാപ്പ് പറഞ്ഞെങ്കിലും ഇയാളുടെ പേജിൽ പ്രതിഷേധം നിറയുകയാണ്.