‘‘ഡിഡി (ഡെയ്ൻ ഡേവിസ്) ഒരു ഫൈറ്റർ ആണ്. ചെറുപ്പത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളായിരുന്നു. നാക്കിന് കെട്ടുണ്ടായിരുന്നു. അച്ഛൻ ഒരു നടനായിരുന്നു. ഒരു സിനിമാനടനാകണമെന്ന് ആഗ്രഹിച്ച ആളായിരുന്നു അദ്ദേഹം. എന്നാൽ ജീവിത പ്രാരാബ്ധങ്ങളും ജോലിയുമൊക്കെ ആയിട്ട് നടനാകാൻ പറ്റാതിരുന്നതുകൊണ്ട് മൂത്ത മകനെ നടനാക്കാൻ തീരുമാനിച്ചു.
ഡിഡിയുടെ മൂത്ത ഒരു ചേട്ടനുണ്ട്, ചേട്ടനെ മിമിക്രിയും മോണാക്ടും അഭിനയവുമൊക്കെ പഠിപ്പിച്ചു. സംസാരിക്കാനുള്ള ചെറിയ പ്രശ്നമുണ്ടായിരുന്നതുകൊണ്ട് ഡിഡിക്ക് ഡയലോഗ് ഇല്ലാത്ത കാര്യങ്ങൾ ഒക്കെ കാണിച്ചുകൊടുക്കും. ചേട്ടൻ വീട്ടിൽ കപ്പുകളും ഷീൽഡും ഒക്കെ കൊണ്ടുവരുന്നത് കണ്ടിട്ട് കുശുമ്പ് സഹിക്കാൻ വയ്യാഞ്ഞിട്ട് നടനാകാൻ ആഗ്രഹിച്ച ആളാണ് ഡിഡി. ഒരു വർഷം മുഴുവൻ എടുത്ത് ഒരേയൊരു മോണോ ആക്ട് പഠിച്ച് അത് സ്കൂൾ ഫെസ്റ്റിന് അവതരിപ്പിക്കുകയും പിന്നീട് സ്റ്റേറ്റ് ഫസ്റ്റ് വാങ്ങുകയും ചെയ്ത ആളാണ് ഡിഡി. ഇപ്പോൾ ഡിഡി ചെയ്യുന്ന പെർഫോമൻസുകൾ യുദ്ധം ചെയ്ത് നേടിയെടുത്തിട്ടുള്ളതാണ്.’’
മഴവിൽ മനോരമയിലെ നായികാ നായകൻ റിയാലിറ്റി ഷോയുെട വേദിയിൽവെച്ച് അവതാരകനായ ലാൽ ജോസ് പറഞ്ഞ വാക്കുകളാണിത്. ലോകമെങ്ങുമുള്ള മലയാളി പ്രേക്ഷകരോട് അദ്ദേഹം ഇങ്ങനെ പറയുമ്പോൾ പകച്ച മുഖവുമായി നിൽക്കുന്ന ഡെയ്നെ നമ്മൾ കണ്ടു. അതിനും എത്രയോ മുമ്പ് ഡെയ്ൻ നമ്മുടെ ഹൃദയത്തിൽ ചേക്കേറിയിരുന്നു. മഴവിൽ മനോരമയിൽ കോമഡി സർക്കസിന്റെ വേദിയിൽ സലീം കുമാറിനോട് ‘എന്നോട് സംസാരിക്കുമ്പോൾ ബാസ് ഇത്ര വേണ്ട കേട്ടോ, അതിത്തിരി കുറയ്ക്കാം’ എന്നു പറഞ്ഞുകൊണ്ടാണ് അയാൾ നമുക്കിടയിലേയ്ക്ക് കയറി വന്നത്.
കേട്ടു പഴകിയ കോമഡികളും കണ്ടു മടുത്ത അനുകരണങ്ങളും മലയാളി പ്രേക്ഷകരെ കോമഡി ഷോകളിൽ നിന്നു അകറ്റി കൊണ്ടിരിക്കുമ്പോഴാണ് മഴവിൽ മനോരമ കോമഡി സർക്കസുമായി എത്തുന്നത്. ആ വേദിയിൽ നിന്നു ജനങ്ങളുെട മനസ്സിൽ സ്ഥാനം പിടിച്ച കലാകാരനാണ് ഡിഡി. വിധി കർത്താക്കളോടും പ്രേക്ഷകരോടും സംസാരിച്ചുകൊണ്ട് തന്റെ സ്വതസിദ്ധമായ െെശലിയിൽ അയാൾ സ്കിറ്റുകൾ അവതരിപ്പിച്ചു. ഒടുവിൽ ആ കോമഡി ഷോയിലെ വിജയിയായി ഡെയ്ൻ മാറി.
പക്ഷേ ഡെയ്ൻ അവതരിപ്പിച്ച സ്കിറ്റുകൾ, നിഷ്കളങ്കഭാവത്തോടെ അയാൾ പറഞ്ഞ സംഭാഷണങ്ങൾ യാത്ര തുടർന്നുകൊണ്ടേയിരുന്നു. സിനിമാ സംഭാഷണങ്ങളോടൊപ്പം ഡബ്മാഷുകളിൽ ഡെയ്നിന്റെ സംഭാഷണങ്ങളും സ്ഥാനം പിടിച്ചു.‘പിന്നെന്തിനാ മുത്തേ ചേട്ടൻ......’. ട്രോൾ മീമുകളിൽ ആ ചെറുപ്പക്കാരനെ കണ്ടു തുടങ്ങി. സിനിമാ താരങ്ങളുടെ ഡബ്മാഷിൽ ഡെയ്നിന്റെ സംഭാഷണം കേട്ട് ആളെ തേടിയിറങ്ങിയവരും ധാരാളം.
ജീവിതത്തിലെ സ്വപ്നങ്ങളും സന്തോഷങ്ങളും പങ്കുവെയ്ക്കുകയാണ് ഡെയ്ൻ. ഒന്നര വർഷം മാറി മറിഞ്ഞ ജീവിതത്തെക്കുറിച്ച് ഡിഡി പറയുകയാണ്. തൃശ്ശൂർ ഭാഷയുടെ നിഷ്കളങ്കതയിൽ എവിടെയൊക്കെയോ കയറികൂടിയ കൊച്ചിയെ ചേർത്തുപിടിച്ച് ആ ഇരുപത്തുമൂന്നുകാരൻ സംസാരിക്കുന്നു.
തൃശൂർ ജില്ലയിലെ ഒല്ലൂരാണ് വീട്. അപ്പൻ ഡേവിസ് ഒരു ഹോട്ടൽ നടത്തുന്നു. അമ്മ റോസ്മോൾ ബ്യൂട്ടീഷനാണ്. ഒരു ചേട്ടനുണ്ട്, പേര് ഡാസൽ . ചാലക്കുടി ഡിവൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മീഡിയ സ്റ്റഡീസ് കോളജിൽനിന്നു വിഷ്യൽ കമ്യൂണിക്കേഷനിൽ ബിരുദം നേടി.
സ്വപ്നം, ലക്ഷ്യം
ലക്ഷ്യം സിനിമയാണ്. ചെറുപ്പം മുതലേ സിനിമ ഒരു സ്വപ്നമാണ്. സിനിമയുടെ എല്ലാത്തിനോടും അതിയായ താൽപര്യമുണ്ടായിരുന്നു. വിഷ്യൽ കമ്യൂണിക്കേഷൻ പഠിച്ചതിനാൽ പല മേഖലകളെക്കുറിച്ചും കൂടുതൽ അറിയാൻ സാധിച്ചു. അതുകൊണ്ട് സിനിമയില്‍ ഏതു മേഖലയില്‍ അവസരം കിട്ടിയാലും സ്വീകരിക്കാൻ തയാറായിരുന്നു. അങ്ങനെ സിനിമയിെലത്തി അഭിനയിക്കാൻ അവസരം തേടാമെന്നു കരുതി. സിനിമയിൽ കഴിവ് തെളിയിക്കണമെന്നാണ് മോഹം. നല്ല അവസരങ്ങൾക്കു വേണ്ടി കാത്തിരിക്കുന്നു.
കോമഡി സർക്കസിലേയ്ക്ക്
ഡിഗ്രി അവസാന വർഷത്തിലാണു കോമഡി സർക്കസിന്റെ ഓഡിഷനെക്കുറിച്ചറിയുന്നത്. ഒരു സുഹൃത്താണു വിവരങ്ങൾ അയച്ചു തന്നത്. ഡിഗ്രി കഴിഞ്ഞാൽ എന്തു ചെയ്യുമെന്ന് ആലോചിക്കുന്ന സമയമായിരുന്നു. അതുകൊണ്ടുതന്നെ ഓഡിഷനു പങ്കെടുക്കാൻ തീരുമാനിച്ചു. തിരുവന്തപുരത്തെ ഓഡിഷൻ കഴിഞ്ഞുവെന്നും നാളെ കോഴിക്കോടും മറ്റന്നാൾ ആലപ്പുഴയിലും ഓഡിഷനുണ്ടെന്നും അറിഞ്ഞു. മറ്റന്നാൾ വരെ കാക്കാനുള്ള ക്ഷമയില്ലാത്തതുകൊണ്ട് പിന്നേറ്റ് അമ്മയുെട കയ്യിൽ നിന്നും 200 രൂപ വാങ്ങി കോഴിക്കോട്ടേയ്ക്കു പുറപ്പെട്ടു. തയാറെടുപ്പുകൾ നടത്താനൊന്നും സമയം കിട്ടിയില്ല. തിരഞ്ഞെടുക്കപ്പെട്ടാൽ ചിലപ്പോൾ നമ്മുടെ ജീവിതം തന്നെ മാറുമെന്ന് ഇറങ്ങുന്നതിനും മുമ്പ് അമ്മയോടു പറഞ്ഞിരുന്നു.
ഓഡീഷനെത്തിയപ്പോൾ ടിവിയിൽ കണ്ടിട്ടുള്ള പല കലാകാരന്മാരേയും നേരിട്ട് കാണാൻ സാധിച്ചു. അവിെട വച്ച് ഒരു കഥാപാത്രത്തിനെ ഉണ്ടാക്കി അവതരിപ്പിക്കുകായിരുന്നു. രണ്ടു ദിവസം കഴിഞ്ഞ് അറിയിക്കാം എന്നാണു പറഞ്ഞിരുന്നത്. പക്ഷേ, രണ്ടു മാസം കഴിഞ്ഞിട്ടും വിളിയൊന്നും വരാതായപ്പോള്‍ ഓഡീഷനിൽ പരാജയപ്പെട്ടു കാണുമെന്നു കരുതി. പക്ഷേ ഒരു വ്യാഴ്ച അപ്രതീക്ഷിതമായി വിളിവന്നു. അടുത്ത തിങ്കളാഴ്ച ആലപ്പുഴ അരൂര്‌വെച്ചു ഫൈനൽ ഓഡീഷനെന്ന് നടക്കുമെന്നും പങ്കെടുക്കുമെന്നും അറിയിച്ചു.
ആദ്യ സ്കിറ്റ്
പണ്ട് ഒരു ബാങ്കില്‍ ജാഡയുളള ഒരു മാനേജരെ കണ്ടിരുന്നു. ആ കഥാപാത്രത്തെ ഗ്രൂമേഴ്സിന്റെ സഹായത്തോടെ വികസിപ്പിച്ചാണ് അഹങ്കാരിയായ സിനിമാ നടന്‍ സ്കിറ്റാവുന്നത്. എന്റെ ആദ്യ സ്കിറ്റ് അതായിരുന്നു. അഹങ്കാരിയായ കഥാപാത്രമാണ്, കാലിറക്കി വയ്ക്കാനൊക്കെ പറയുമെന്നു സ്റ്റേജിൽ കയറുന്നതിനു മുമ്പേ സലീമേട്ടനോട് പറഞ്ഞിരുന്നു. സ്റ്റേജിൽ സലീമേട്ടൻ എല്ലാത്തിനും മറുപടി പറയാൻ തുടങ്ങി, ഞാൻ തിരിച്ചു പറയാനും. അങ്ങനെ അതൊരു വലിയ സ്കിറ്റായി മാറി.
അഭിനന്ദനം, പിന്തുണ
സലീമേട്ടനാണ് ഏറ്റവും കൂടുതൽ അഭിനന്ദനവും പ്രേത്സാഹനവുമൊക്കെ നൽകിയ വ്യക്തി. പിന്നെ സിനിമയിൽ നിന്നും ആദ്യമായി വിളിക്കുന്നതു ജയസൂര്യയാണ്. ഫെയ്സ്ബുക്കിൽ മെസേജ് ചെയ്തു നമ്പർ ചോദിച്ചു. പിന്നീട് അദ്ദേഹം വിളിച്ചു. സ്കിറ്റ് കണ്ടു നന്നായിരുന്നുവെന്നും പുണ്യാളനിൽ ഒരു കഥാപാത്രം തരാമെന്നും പറഞ്ഞിരുന്നു. പക്ഷേ, ആ വേഷം ചെയ്യാൻ പറ്റിയില്ല. അങ്ങനെ വളരെയധികം പിന്തുണ നൽകുന്ന വ്യക്തിയാണ് ജയേട്ടൻ. അതുപോലെ അജു വർഗീസ് വളരെയധികം പ്രചോദനം നൽകുന്ന വ്യക്തിയാണ്. അജു ചേട്ടന്റെ കൂടെ ചെമ്പരത്തി പൂവ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. നമ്മൾ സിനിമയിലൊക്കെ കണ്ടിട്ടുള്ള ആളുകൾ വിളിച്ച് അഭിനന്ദിക്കുന്നത് ഒരു ഊർജ്ജമാണ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമുൾെപ്പടെ പിന്തുണ നൽകുന്ന ഒരുപാട് പേരുണ്ട്.
പ്രചോദനമാകുന്ന ജീവിതം
ശിവകാർത്തികേയന്റെ ജീവിതത്തിന് എന്റെ ജീവിതവുമായി സാദൃശ്യമുണ്ടെന്ന് ചിലരൊക്കെ പറഞ്ഞിട്ടുണ്ട്. ഞാന്‍ നോക്കിയപ്പോള്‍ അത് ശരിയാണ്. ചെറുതല്ലാത്ത സാമ്യം പലയിടത്തും ഉണ്ട്. ശിവകാർത്തികേയൻ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തു വിജയിച്ചു. അതേ ചാനലിൽ അവതാരകനായി, പിന്നീട് സിനിമയിലെത്തി. അദ്ദേഹത്തെപ്പോലെ സിനിമയിൽ തിളങ്ങാൻ പറ്റുമേ എന്നൊന്നും അറിയില്ല. ചിലരൊക്കെ അഭിനന്ദിക്കാൻ വേണ്ടി മലയാളത്തിലെ ശിവകാർത്തികേയൻ എന്നൊക്കെ പറയാറുണ്ട്. അങ്ങനെയാക്കെ കേൾക്കുമ്പോള്‍ പ്രതീക്ഷയും വിശ്വാസവുമൊക്കെ തോന്നും.
ലൈവ് സ്കിറ്റും ഡെയ്നും
സ്പോട്ടില്‍ കുറച്ചു കൂടി ലൈവായി സ്കിറ്റ് ചെയ്യാൻ എനിക്ക് എളുപ്പമാണ്. വിധികർത്താക്കളോടും കാഴ്ചക്കാരോടും സംസാരിക്കാൻ സാധിക്കുന്ന തരത്തിലുള്ള സ്കിറ്റുകളിൽ കൂടുതൽ തമാശകൾ ഉണ്ടാവും. കാഴ്ചക്കാർക്ക് താൽപര്യം കൂടുതലുള്ളതും ഇത്തരം സ്കിറ്റുകളോടാണ്. അതുകൊണ്ട് എല്ലാ സ്കിറ്റിലും അങ്ങനെയൊരു ശൈലി പിൻതുടരാൻ ശ്രമിച്ചിട്ടുള്ളത്.
ഡബ്മാഷും ട്രോളും
വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങൾ. ട്രോളിനായാലും ഡബ്മാഷിനായാലും കൂടുതൽ നമ്മളുപയോഗിക്കുക സിനിമ താരങ്ങളേയും അവരുടെ സംഭാഷണങ്ങളെയുമാണ്. ഞാൻ ചെയ്ത സ്കിറ്റുകളിലെ സംഭാഷണങ്ങളൊക്കെ അങ്ങനെ ഉപയോഗിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നും. അതൊക്കെ വളരെ ആത്മവിശ്വാസം നൽകുന്ന കാര്യങ്ങളാണ്. കോമഡി സർക്കസ് കഴിഞ്ഞ് കുറച്ചുകഴിഞ്ഞാണു ഡബ്മാഷിനൊക്കെ ഞാൻ പറഞ്ഞ സംഭാഷണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത്. അങ്ങനെ ആരാണ് ഈ ശബ്ദത്തിനുടമ എന്നുള്ള അന്വേഷണങ്ങൾ ആരംഭിച്ചപ്പോഴാണു പലരും എന്നെക്കുറിച്ച് അറിയുന്നതും.
ഞാൻ ഒരു ദിവസം എറണാംകുളത്ത് ടാക്സിയിൽ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് എനിക്കൊരു കോൾ വന്നു. ഞാൻ സംസാരിക്കാൻ തുടങ്ങി. അങ്ങനെ എന്റെ ശബ്ദം കേട്ടപ്പോൾ ഡ്രൈവർക്ക് സംശയം തോന്നി. ആ ചേട്ടൻ കുറേ ആലോചിച്ച് അവസാനം എന്നോടു ചോദിച്ചു താൻ ഞാൻ ഉദ്ദേശിക്കുന്ന വ്യക്തിയാണോ എന്ന്.
സംസാരിക്കാൻ മടിച്ച ബാല്യം
പണ്ട് പെതുസ്ഥലത്തൊന്നും അധികം സംസാരിക്കില്ലായിരുന്നു. ഞാൻ എന്ത് സംസാരിച്ചാലും വെള്ളി വീഴും. അങ്ങനെ സംസാരിക്കാൻ പേടിയായിരുന്നു.‘വീട്ടുക്കാര് കൊഞ്ചിച്ച വഷളാക്കി ചെക്കന് കൊഞ്ഞപ്പ് വന്നതാന്നാ’ എന്നൊക്കെ പലരും പറയും. അങ്ങനെ ഡോക്ടറെ കണ്ടു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ സംസാരിച്ചാലേ മാറൂവെന്ന് അദ്ദേഹം പറഞ്ഞു.
വേദനയും സന്തേഷവും നൽകിയ കഴിഞ്ഞ വർഷത്തെ ഓണം
കഴിഞ്ഞ ആഗസ്റ്റിലാണ് ഞാനാദ്യമായി അഭിനയിച്ച സിനിമ ഇറങ്ങുന്നത്. ‘ഇ’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ചെറുപ്പം മുതലേ സിനിമ ഒരു സ്വപ്നമായി കൊണ്ടു നടക്കുകയായിരുന്നു. ആ സ്വപ്നം അങ്ങനെ യാഥാർഥ്യമായി. സിനിമ റിലീസായ ദിവസം ആദ്യ ഷോയ്ക്ക് ഞാനെന്റെ അമ്മാമയെ(അമ്മയുടെ അമ്മ) കൊണ്ടുപോയിയിരുന്നു. അമ്മാമ്മ തിയേറ്ററിൽ പോയി അധികം സിനിമയൊന്നും കണ്ടിട്ടില്ല. സിനിമ കണ്ടു കഴിഞ്ഞ് ഇനി മോൻ വലിയ നടനാവുമെന്നൊക്കെ അമ്മാമ അമ്മയോട് പറഞ്ഞു. അമ്മാമ്മ അങ്ങനെ സ്വപ്നം കാണാനൊക്കെ തുടങ്ങി. പക്ഷേ രണ്ടു ദിവസം കഴിഞ്ഞ് അമ്മാമ്മ ഞങ്ങളെ വിട്ടു പോയി. ഇൗ ഓണത്തിന് അമ്മാമയുടെ ഒാര്‍മ ദിവസമാണ്.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ഓണം. ആ സമയത്ത് കാമുകി സിനിമയുടെ ഷൂട്ടിങ് നടക്കുകയായിരുന്നു. പണ്ട് അഭിമുഖങ്ങളിൽ സിനിമ താരങ്ങളും കലാകാരന്മാരൊക്കെ സെറ്റിലായിരുന്നു ഓണമെന്ന് പറയുന്നതു കേട്ടിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ അങ്ങനെ ഒരിക്കൽ ആഘോഷിക്കാൻ പറ്റണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഓണത്തിന് അത് സാധിച്ചു. അതൊരു ഭാഗ്യമായിട്ട് കരുതുന്നു.
ഡെയ്ൻ ഒരു പോരാളിയാണ്
ലാൽ ജോസ് സാർ പെട്ടെന്നാണ് അത് പറയുന്നത്. ഷോയ്‌ക്കിടയിൽ ഭക്ഷണം കഴിക്കുന്ന ഇടവേള സമയത്ത് സാറുമായി സംസാരിക്കാറുണ്ട്. വീട്ടിലെ വിശേഷങ്ങളൊക്കെ അദ്ദേഹം ചോദിച്ചിരുന്നു. അങ്ങനെ സംസാരിക്കുമ്പോൾ പറഞ്ഞ കാര്യങ്ങളാണ്. സാറ് അത് ഷോയിൽ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഷോക്കായി. വണ്ടറടിച്ചു നിൽക്കുകയായിരുന്നു അപ്പോൾ.
ജീവിതം മാറിയില്ലേ
നാട്ടിലൊക്കെ വില കിട്ടി തുടങ്ങി. ആളുകൾ തിരിച്ചറിയുന്നു. മാസം വീട്ടിൽ എന്തെങ്കിലുമൊക്കെ കൊടുക്കാൻ പറ്റുന്നുണ്ട്. ഞാൻ വളരെ ഹാപ്പിയാണ്. ഇങ്ങനെ ആവാൻ സാധിച്ചതു തന്നെ ഭാഗ്യമായി കരുതുന്നു. ഇനി എല്ലാം വിധി പോലെ. ഇവിടെ വരെ ദൈവമെത്തിച്ചു. എല്ലാം പോസറ്റീവായി കാണുന്നു.
സ്വപ്നം കണ്ട പലതും ജീവിതത്തിൽ സംഭവിച്ചത് കഴിഞ്ഞ ഒന്നര വർഷത്തിനിടയിലാണ്. സ്കിറ്റിലൊക്കെ കാണുന്ന പോലെയുള്ള ആളാണ് ഞാൻ. പിന്നെ സ്കിറ്റിനു വേണ്ടി കൂടുതൽ ചെയ്യണം. ഇനിയെല്ലാം തലവിധി പോലെ നടക്കട്ടെ. സിനിമ ഒരു മോഹമാണ് അതിൽ മുന്നേറാൻ പരിശ്രമിച്ചു കൊണ്ടേയിരിക്കും. ഇതുവരെ നൽകിയ പോലെ ഇനിയും പിന്തുണ നൽകുക.