ഉത്രാടദിനത്തില്‍ പ്രളയകേരളത്തിന് വേണ്ടി പാഞ്ഞ ‘മുത്തുകൾ’ ഇതാ

‘ഇവർ മുത്തുകളാണ്, ഇവരെപ്പോലെയുള്ളവരാണ് ദുരന്തകാലത്ത് നെഗറ്റിവിവിറ്റി ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ പ്രചോദനമായത്..’ ദുരന്തമുഖത്ത് കൈമെയ് മറന്നുപ്രവർത്തിച്ച അനേകായിരങ്ങളുടെ പ്രത‌ിനിധികളായ ഷംസുവിനെയും അഖിലിനെയും കുറിച്ച് എം.ജി.രാജമാണിക്യം പറഞ്ഞതു കേവലം വാഴ്ത്തൽ മാത്രമായിരുന്നില്ല, ഹൃദയംതൊട്ട അഭിനന്ദനമായിരുന്നു, ഇനിയും അനേകർക്കു പ്രചോദനം പകരുന്ന വാക്കുകളായിരുന്നു. ദുരന്തമുഖത്ത് സെൽഫിയോ ലൈവുകളോ ഇല്ലാതെ സ്വയം മറന്ന് പ്രവർത്തിച്ചവരുടെ പ്രതിനിധികളാണ് ഓട്ടോ തൊഴിലാളികളായ ഷംസുവും അഖിലും.

ദുരന്തമുഖത്ത് രക്ഷകരായെത്തിയതിനെക്കുറിച്ച് ഷംസു മനോരമ ന്യൂസ്.കോമിനോട്:

''19–ാം തീയതിയോടെയാണ് ഞങ്ങളുടെ പ്രദേശത്ത് ദുരിതാശ്വാസ ക്യാംപുകൾ തുറന്നത്. അടുത്തുള്ള ബ്ലോക്ക് ഓഫീസ് ക്യാംപിലുണ്ടായിരുന്നത് ആലുവ, പറവൂർ ഭാഗങ്ങളിൽ നിന്നുള്ളവരായിയരുന്നു. അവർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നന്വേഷിച്ചപ്പോൾ ഭക്ഷണം വേണമെന്നു മനസിലായി. പിറ്റേന്ന് ഞങ്ങൾ അവർക്കുള്ള പ്രഭാതഭക്ഷണവുമായി എത്തി.

പുട്ടും കടലയും ചായയുമായാണ് എത്തിയത്. പലരും കുറച്ചു മതി, പകുതി മതി എന്നൊക്കെ പറഞ്ഞു. ഭക്ഷണം ആവശ്യത്തിനുണ്ട് കഴിച്ചോളൂ എന്നു പറഞ്ഞപ്പോള്‍ ഒന്നും ഇറക്കാനാകുന്നില്ല എന്നാണ് അവര്‍ പറഞ്ഞത്. പലരും ജീവൻ മാത്രം ബാക്കിയാക്കി രക്ഷപെട്ടെത്തിയവരാണ്. ആടും മാടും സമ്പാദ്യങ്ങളുമെല്ലാം നഷ്ടപ്പെട്ടു. അവരുടെ കരച്ചില്‍ സഹിക്കാനായില്ല.

അന്നുതന്നെ അവർക്ക് കൂടുതൽ സഹായം ചെയ്യണമെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആലോചിച്ചപ്പോൾ ഒരു ദിവസത്തെ വേതനം അവർക്കായി മാറ്റിവെക്കണമെന്ന് തീരുമാനിച്ചു. സഹപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരും സമ്മതിച്ചു.’

ഉത്രാടദിനത്തിൽ ഓട്ടോ ഓടിക്കിട്ടുന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാം എന്ന് ആദ്യം പറഞ്ഞത് അഖിലാണ്. ആർക്കും എതിർപ്പുണ്ടായിരുന്നില്ല. കാര്യം അറിഞ്ഞപ്പോള്‍ വീട്ടുകാർക്കും സന്തോഷമേ ഉണ്ടായിരുന്നുള്ളൂ എന്ന് അഖിൽ പറയുന്നു. ''മറ്റുള്ളവർക്ക് ഒരു മാതൃകയാകുക എന്ന ഉദ്ദേശ്യം കൂടി ഉണ്ട് ഞങ്ങൾക്ക്. നന്മയുള്ള ഒത്തിരിയാളുകൾ ചുറ്റമുണ്ടെന്ന് ഈ ദുരന്തകാലത്ത് നമുക്കു മനസിലായി. ഞങ്ങളുടെ പ്രവൃത്തി അറിഞ്ഞു ദുരന്തത്തിലകപ്പെട്ടവർക്ക് ആശ്വാസമാകാന്‍ കൂടുതലാളുകളെത്തിയാൽ അതൊരു നല്ല കാര്യമല്ലേ.?'', അഖിൽ ചോദിക്കുന്നു.

ആലപ്പുഴ ജില്ലയിലെ പൂച്ചാക്കലിലുള്ള ഓട്ടോതൊഴിലാളികളാണ് ഇവർ. ഉത്രാടദിനത്തിൽ ഓടിക്കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടുത്ത ദിവസം തന്നെ നിക്ഷേപിക്കുമെന്ന് ഇരുവരും പറഞ്ഞു. നാളെ ആരംഭിക്കുന്ന കുട്ടനാട് ശുചീകരണ പദ്ധതിയുടെ ഭാഗമാകാനാണ് അടുത്ത യാത്ര. ഓട്ടം തുടരുകയാണ്, യാത്രക്കാർക്കു വേണ്ടി മാത്രമല്ല, സഹായത്തിനു കേഴുന്ന അനേകമാളുകൾക്കു വേണ്ടിയും.

ക‌‌ടപ്പാട്: മനോരമ ന്യൂസ്.കോം