Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എനിക്കവളെ നഷ്ടപ്പെട്ടത് രണ്ട് മിനിറ്റ് വ്യത്യാസത്തിൽ : ജെസ്നയുടെ അച്ഛൻ

jesna-family

അത് ജെസ്നയാകരുതേയെന്ന് പ്രാർഥിച്ചു കൊണ്ടാണ് ജെയ്സ് പൊള്ളാച്ചിയിലേക്ക് പോയത്. പക്ഷേ, പൊലീസ് പറഞ്ഞത് അവിടെ കണ്ടുകിട്ടിയ പെൺകുട്ടിയുടെ മൃതദേഹത്തിനു ജെസ്നയുമായി നല്ല സാമ്യമുണ്ടെന്നാണ്. ഞങ്ങൾ മൂന്നു മക്കളാണ്. മൂത്തയാൾ ഞാനാണ്. പിന്നെ, ജെയ്സും ജെസ്നയും. 

ആന്റിയുടെ വീട്ടിൽ പ്രാർഥനയുടെ സമയത്താണ് ജെയ്സിന് ഫോൺ വരുന്നത്. ആധിയാൽ ഉള്ളു കത്തി നിൽക്കുകയാണ് ഞങ്ങളുടെ പപ്പ ജെയിംസ്. അതുകൊണ്ട് പപ്പയോട് ഇക്കാര്യം പറയേണ്ടെന്ന് തീരുമാനിച്ച് ഞാൻ അനിയനെ യാത്രയാക്കി.’’ കണ്ണീർ തുടച്ച്, ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം ജെസ്നയുടെ ചേച്ചി ജെഫി തുടർന്നു.

‘‘ യാത്രയ്ക്കിടെ  പൊലീസ് അയച്ചു കൊടുത്ത ചിത്രം ജെയ്സ് എനിക്ക് ഫോർവേഡ്  ചെയ്തു. പക്ഷേ, അത് ജെസ്നയല്ലെന്ന ഉറപ്പ് കിട്ടും വരെ പപ്പയെ ഇതറിയിക്കാതിരിക്കണം. മകളെ കാണാഞ്ഞും  പഴിവാക്കുകൾ കേട്ടും ആകെ തകർന്നിരിക്കുകയാണ് പപ്പ.  എന്റെ മുഖത്തെ ഭാവമാറ്റം കണ്ട് എന്തെങ്കിലും  പ്രശ്നമുണ്ടോ എന്ന് പപ്പ ആവർത്തിച്ചു ചോദിച്ചിരുന്നു. 

‘ഒന്നുമില്ല പപ്പ’ എന്നു പറഞ്ഞൊഴിഞ്ഞു  മാറുമ്പോഴും  ഉള്ള് പിടയ്ക്കുകയാണ്.  ദൈവമേ, ഇതു ഞങ്ങളുടെ കൊച്ചാകരുതേ എന്ന പ്രാർഥനയോടെയാണ് മൊബൈലിൽ ആ ഫോട്ടോ കണ്ടത്.  ‘ഇല്ല, ഇതെന്റെ അനിയത്തിയല്ല’ എന്ന് ആ ഫോട്ടോ കണ്ടപ്പോൾ തന്നെ എനിക്കുറപ്പായിരുന്നു. പക്ഷേ, ഫോർമാലിറ്റി പൂർത്തിയാക്കാൻ അവിടെ ചെന്നല്ലേ പറ്റൂ.  കഴിഞ്ഞ മാർച്ച് 22 ന് അവളെ കാണാതായതിനു ശേഷം ഞങ്ങൾ ഏറ്റവുമധികം  തീ തിന്ന ദിവസമായിരുന്നു അത്.’’ ജെഫിയുടെ കണ്ണിൽനിന്ന് ഇപ്പോഴും കണ്ടെടുക്കാം  ഭയത്തിന്റെ കയങ്ങൾ.

‘‘ഞാൻ തിരിച്ചറിയാൻ ചെന്നത് അവിടത്തെ ചാനലുകളിൽ വാർത്തയായിരുന്നു. അതോടൊപ്പം കത്തിക്കരിഞ്ഞ ദേഹത്തിന്റെ ചിത്രം കൂടി കാണിച്ചപ്പോഴാണ്  ആ പെൺകുട്ടിയുടെ വീട്ടുകാർ തിരിച്ചറിയുന്നത്.’’ ‍ജെയ്സിന്റെ വാക്കുകളിലുണ്ട്  ഇപ്പോഴുമാ കാഴ്ചയുടെ ഞടുക്കം.

‘‘ബെംഗളൂരു നിംഹാൻസിൽ കണ്ടു, ചെന്നൈയിൽ കണ്ടു എന്നൊക്കെ വാർത്തകൾ വരുമ്പോൾ പ്രതീക്ഷയേറി. ഇന്നല്ലെങ്കിൽ നാളെ അവൾ ഞങ്ങളുടെ കൺമുന്നിലെത്തുമെന്ന പ്രതീക്ഷ. മമ്മി മരിച്ചിട്ട് എട്ടുമാസം കഴിയുമ്പോഴാണ് ജെസ്നയുടെ കാണാതാകൽ. ആ മരണം തന്ന ഷോക്കിൽനിന്ന് ഞങ്ങളൊന്നു നിവർന്നു നിൽക്കുന്നതേയുള്ളൂ. അപ്പോഴേക്കും ഞങ്ങളുടെ കൊച്ചിനെ കാണാതായി. എവിടേക്കാണ് അവൾ മാഞ്ഞുപോയത്...

jesna-2

ഊണു കഴിക്കാനിരിക്കുമ്പോൾ, ഉള്ളിലൊരാന്തൽ വരും. അവൾക്ക് ഭക്ഷണം കിട്ടുന്നുണ്ടാവുമോ, മാറിയുടുക്കാൻ ഡ്രസ് കിട്ടുന്നുണ്ടോ, ആരെങ്കിലും ഉപദ്രവിക്കുന്നുണ്ടോ...’’ ജെസ്നയുടെ ചേച്ചി ജെഫി വിതുമ്പലോടെ പറയുന്നു. പല വാദങ്ങൾക്കും വാർത്തകൾക്കുമിടയിൽ കാത്തിരിക്കുന്ന ഉത്തരം മാത്രം  ഇപ്പോഴും ദുരൂഹതയിൽ മുഖം പൂഴ്ത്തി നിൽക്കുന്നു.

രണ്ടു മിനിറ്റിന്റെ വില

കാണാതായ ദിനം വീട്ടിൽനിന്നിറങ്ങുമ്പോൾ പരീക്ഷയ്ക്കുള്ള ടെക്സ്റ്റ് ബുക്കും 2500 രൂപയുള്ള പഴ്സുമുണ്ടായിരുന്നു ജെസ്നയുടെ ബാഗിൽ. പത്തനംതിട്ട എരുമേലി മുക്കൂട്ടുത്തുറ കുന്നത്തു വീട്ടിൽ നിന്ന് ഓട്ടോയിൽ കയറി ജെസ്ന സന്തോഷ് കവലയിൽ എത്തുമ്പോൾ സമയം രാവിലെ 9.15. 

കാഞ്ഞിരപ്പളളിയിലെ എസ്ഡി കോളജിൽ മൂന്നാംവർഷ  ബികോം വിദ്യാർഥിനിയാണ് ജെസ്ന. മുണ്ടക്കയത്തുള്ള ആ ന്റിയുടെ വീട്ടിലേക്കായിരുന്നു ആ യാത്ര. മുൻപിലൊരു കാർ വട്ടം വന്നതു കൊണ്ട് ആ സമയം അതു വഴി വന്ന എരുമേലി ബസ്  രണ്ടു നിമിഷം  അവിടെ  ബ്ലോക് ആയി. ബസ് കടന്നു പോകാനായി കാറുകാരൻ സൈഡിലേക്ക് വണ്ടിയൊതുക്കി. ആ സമയത്ത് ജെസ്ന പിൻവാതിലിലൂടെ ബസിൽ കയറി. കോളജിൽ  ജൂനിയറായി പഠിക്കുന്ന ഫിറോസ് പിന്നിലെ സീറ്റിലിരിക്കുന്നുണ്ടായിരുന്നു, ഫിറോസിനെ നോക്കി ചിരിച്ച് ജെസ്ന മുൻവശത്തേക്ക് പോയി. ഫിറോസിന്റെ ഉമ്മയുടെ അടുത്തായിരുന്നു അവൾ ഇരുന്നത്.

പക്ഷേ, ആ ബസ് രണ്ടു മിനിറ്റ് അവിടെ ബ്ലോക്കായത് ജെസ്നയുടെ പപ്പ ജെയിംസിന്റെ കാർ മുന്നിൽ പെട്ടതു കൊണ്ടായിരുന്നു. 

‘‘ എന്റെ കൺമുന്നിൽ നിന്നാണ്  മോൾ പോയത്.  ആ ബസിനു മുന്നിലായിരുന്നു ഞാൻ പോയതെങ്കിൽ മോളെ കാണുമായിരുന്നു. എവിടേക്കാണ് എന്നെനിക്ക് ചോദിക്കാമായിരുന്നു. രണ്ടു മിനിറ്റിലെ വ്യത്യാസത്തിലാണ് ഒരു വാക്കു പോലും പറയാൻ കഴിയാതെ എന്റെ മോൾ  കാണാമറയത്തായത്.’’ജെയിംസ് കാഴ്ചയെ വേറൊരിടത്തേക്ക് മാറ്റി .

‘‘കാണാതാകുന്നതിന്റെ തലേന്നായിരുന്നു ജെസ്നയുടെ മൂന്നാം സെമസ്റ്ററിന്റെ റിസൽറ്റ് വന്നത്. 96 ശതമാനം മാർക്കുണ്ടായിരുന്നു.  കൂട്ടുകാരിയാണ് മോളെ വിളിച്ചു പറഞ്ഞത്. അറിഞ്ഞയുടനെ എന്നെ വിളിച്ചു.‘മിടുക്കിയാണല്ലോ, കൊലുസ് വാങ്ങിത്തരാമെന്നു പറഞ്ഞതാണ് ഞാൻ’

‘‘വീടിനു തൊട്ടടുത്തുള്ള സ്കൂളിലായിരുന്നു അവൾ പ ത്താം ക്ലാസ് വരെ പഠിച്ചത്. ഒതുങ്ങിയ പ്രകൃതമായിരുന്നു. പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് പുറത്തുള്ളവരോടൊക്കെ  മിണ്ടാന്‍ തുടങ്ങിയത്. ബസിൽ പോയി പരിചയമില്ലെന്ന പേടികൊണ്ട് മമ്മി പറഞ്ഞിട്ടാണ് അവളെ കോളജ് ഹോസ്റ്റലിലാക്കിയത്. പിന്നീട് കൂട്ടുകാരുടെയൊപ്പം ബസിൽ യാത്ര ചെയ്തപ്പോൾ പരിചയമായി. കോളജിൽ നിന്ന് തനിയെ വീട്ടിലേക്കു വരാൻ തുടങ്ങി. മമ്മിക്ക് അസുഖമായതുമുതൽ ജെസ്ന വീട്ടിൽ നിന്നായിരുന്നു കോളജിൽ പൊയ്ക്കൊണ്ടിരുന്നത്. 

ഓടിച്ചാടി നല്ല ആരോഗ്യത്തോടെ നടന്നയാളായിരുന്നു മമ്മി. ന്യൂമോണിയ ബാധിച്ച് ഒരുമാസം ഹോസ്പിറ്റലിൽ കിടന്നാണു മരണം. വീടിനടുത്തുള്ള ഹോസ്പിറ്റലിലായിരുന്നു മമ്മിയെ ആദ്യം കാണിച്ചത്.  അവിടെ നിന്ന് ഡിസ്ചാർജായപ്പോൾ  ഞാൻ എറണാകുളത്തേക്കു തിരിച്ചു പോയി. പരീക്ഷ അടുക്കാറായിരുന്നു.’’ എറണാകുളത്ത് ഡി എഡ് കോഴ്സിനു പഠിക്കുകയാണ് ജെഫി. 

‘മമ്മിയുടെ ചുമ മാറാതായപ്പോഴാണു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ജീവിതത്തിലേക്കു തിരിച്ചു വരാൻ അൻപതുശതമാനം ചാൻസേയുള്ളുവെന്ന് ഡോക്ടർമാർ പറഞ്ഞു. 

പപ്പയും ജെസ്നയുമാണ് അപ്പോൾ കൂടെയുണ്ടായിരുന്നത്. അവളാണ് എന്നോടും ജയ്സിനോടും ഇക്കാര്യങ്ങൾ പറഞ്ഞത്. ജെസ്ന വളരെ പക്വതയോടെയാണ് ആ സമയത്ത് പെരുമാറിയത്. ഡിപ്രഷനൊന്നും ഉള്ളതായി തോന്നിയില്ല. പക്ഷേ, സങ്കടം ഉള്ളിലൊതുക്കിയപോലെ തോന്നിയിരുന്നു. ഇടയ്ക്ക് എന്നോട് സങ്കടം പങ്കുവയ്ക്കുമായിരുന്നു. അതു കൊണ്ട് ഞാൻ എന്നും ജെസ്നയെ വിളിച്ചിരുന്നു.’ 

അമ്മയ്ക്കു പകരമായവൾ

‘‘അവൾ ഹോസ്റ്റൽ റൂം വെക്കേറ്റു ചെയ്യാത്തതുകൊണ്ട് സിസ്റ്റർ എന്നെ വിളിച്ചിരുന്നു. അവളോട് ഞാൻ ചോദിച്ചപ്പോൾ ‘‘പപ്പയും ചേട്ടനും മാത്രമല്ലേയുള്ളൂ ചേച്ചി. ഞാൻ കോളജിലേക്ക്  പോയി വരാം’’ എന്നാണു പറഞ്ഞത്. ഞാൻ  അവധിദിവസം വീട്ടിലെത്തിയാൽ എന്നെ ചുറ്റിപ്പറ്റി നിൽക്കും. വല്യമ്മച്ചി കിടന്നു മരിച്ച മുറിയിലാണ് ഞാൻ ഉറങ്ങുന്നത്. മമ്മിയും വയ്യാതായപ്പോൾ കുറച്ചുനാൾ ആ മുറിയിൽ കിടന്നു. അതുകൊണ്ട് അവൾ എന്റെ കൂടെ കിടക്കില്ല.  ‘എനിക്ക് പേടിയാ ജെഫി ചേച്ചി...’ എന്നു പറയും.’’ ജെഫിയിൽ ഓർമയുടെ കണ്ണീർ നനവ്. 

‘‘വീട്ടിലെത്തിയാൽ കയ്യിലൊരു ചൂലുമായല്ലാതെ അവളെ കണ്ടിട്ടില്ല. പാട്ടു വച്ച് തൂത്തും തുടച്ചും എല്ലായിടവും വൃത്തിയാക്കികൊണ്ടിരിക്കും. അല്ലെങ്കിൽ പഠിക്കും. നന്നായി ഹാർഡ് വർക്ക് ചെയ്യുന്ന കൂട്ടത്തിലാണ്.’’ ചേട്ടൻ ജെയ്സ് സിവിൽ  എൻജിനീയറിങ് കഴിഞ്ഞു നിൽക്കുകയാണ്.

‘‘ അവൾ വീട്ടിലുള്ളപ്പോഴാണെങ്കിൽ ‍എന്റെ മുറി കണ്ടാലറിയാം. ഞാൻ എല്ലാം വാരിവലിച്ചിടുന്ന പ്രകൃതമാണ്. അവൾ എല്ലാം അടുക്കി പെറുക്കി, ഡ്രസ്സൊക്കെ അലക്കി മടക്കി വച്ചിട്ടുണ്ടാവും.’’

‘‘പപ്പ 20 വർഷമായി കൺസ്ട്രഷൻ കമ്പനി നടത്തുകയാണ്. സ്കൂൾ വിട്ടു വന്നാൽ മുക്കൂട്ടുതറയിലുള്ള പപ്പയുടെ ഓഫിസിലേക്കായിരുന്നു ഞങ്ങൾ വന്നിരുന്നത്. വീട്ടിലേക്കു മൂന്നു കിലോമീറ്റർ ദൂരമുണ്ട്. നിറയെ തോട്ടങ്ങളായതുകൊണ്ട് ഇരുട്ടു പിടിച്ചു കിടക്കും. എല്ലാവരും ഒരുമിച്ച് വീട്ടിലേക്ക് പോകും. പിന്നീട് ഞാനും ചേച്ചിയും വണ്ടി ഓടിച്ചു തുടങ്ങി. പക്ഷേ, ജെസ്നയ്ക്ക് ഡ്രൈവിങ് പേടിയായിരുന്നു. 

jesna-family3

കുറച്ചുനാൾ മുൻപാണ് പപ്പയുടെ ഒരു പെങ്ങൾ മുക്കൂട്ടുതറയിൽ വീടുവച്ചത്. മമ്മി മരിച്ചശേഷം ഞങ്ങൾ  ഈ ആന്റിയുടെ വീട്ടിലേക്കാണ് വരുന്നത്. വൈകുന്നേരങ്ങളിൽ അവിടത്തെ ചേട്ടനും ചേച്ചിയുമൊക്കെയായി ഷട്ടിൽ കളിച്ച് നല്ല തിമിർപ്പായിരിക്കും. ജെസ്നയും കളിക്കാൻ കൂടും. പപ്പ ഓഫിസ് അടച്ചു വരുമ്പോഴാണ് ഞങ്ങൾ മൂന്നു പേരും കൂടി വീട്ടിലേക്കു വരുന്നത്. എന്നിട്ടാണ് ഭക്ഷണമുണ്ടാക്കുന്നതും  കഴിക്കുന്നതും.’’ ജെസ്ന ബാക്കിയാക്കിയ ശൂന്യത ജെയ്സിന്റെ സ്വരത്തിൽ നിഴലായി നിന്നു. 

കാണാതായ ആ ദിനം

‘‘ഞാനന്ന് അഞ്ചരയ്ക്ക് വന്നപ്പോൾ വീടു പൂട്ടി കിടക്കുകയാണ്. ചേച്ചി ഹോസ്റ്റലിലേക്കു മടങ്ങിപ്പോയിരുന്നു. കാലത്ത് ഞാൻ പോകുമ്പോൾ  അവൾ  പപ്പയുടെ  കൂടെ അടുക്കളയിലെന്തോ ചെയ്യുകയാണ്. തനിച്ചിരിക്കാനുള്ള മടി കാരണം ആന്റിയുടെ വീട്ടിൽ പോയെന്ന് കരുതി. അതാണ് പതിവ്. കുറച്ചു സമയം കഴിഞ്ഞപ്പോൾ ഞാൻ വീട്ടിലുണ്ടെന്ന് പറയാൻ ആന്റിയുടെ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അവൾ അവിടെയില്ലെന്ന് മനസ്സിലായത്. പപ്പയെ വിളിച്ചു നോക്കിയപ്പോൾ പപ്പയ്ക്കും അറിയില്ല. പപ്പ കാലത്ത് പോകാനിറങ്ങുമ്പോൾ ‘എന്തെങ്കിലും പരിപാടിയുണ്ടോയെന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്നു പറഞ്ഞത്രേ’. ഞാൻ ചേച്ചിയെ വിവരമറിയിച്ചു. രാത്രി എട്ടര വരെ കാത്തിരുന്നു. 

പിന്നീടാണ് അടുത്ത വീട്ടിലെ ചേച്ചിയോട് ജെസ്നയെ ക ണ്ടിരുന്നോ എന്ന് ചോദിച്ചത്. കാലത്ത് ഒമ്പതുമണി കഴിഞ്ഞപ്പോൾ ഒരു ഓട്ടോയിൽ കയറി പോയെന്ന് വിവരം കിട്ടി. ഓരോ ബന്ധു വീടുകളിലും  ഒന്നുമറിയാത്തതുപോലെ വിളിച്ച് ചോദിച്ചു. പെൺകുട്ടിയല്ലേ, പിന്നീട് ഒരു ബുദ്ധിമുട്ടുണ്ടാകരുതെന്ന് കരുതി. പിറ്റേന്നാണ് പൊലീസിലറിയിക്കുന്നത്.’’ ഇപ്പോഴുമുണ്ട് ജെയ്സിന്റെ മുഖത്ത് അന്നത്തെ നടുക്കം.  

‘‘കാണാതായത് പൊലീസിൽ അറിയിച്ചപ്പോൾ അവരാദ്യം സംശയിച്ചത് ഏതെങ്കിലും ധ്യാന കേന്ദ്രത്തിൽ പോയിട്ടുണ്ടാവും അല്ലെങ്കിൽ ആരുടെയെങ്കിലുമൊപ്പം. ഇതായിരുന്നു അവരുടെ ഊഹം. 

‘‘കൊച്ചിന് ഒരു റിലേഷനുള്ളതായിട്ട് എനിക്ക് തോന്നിയിട്ടില്ല. വീട്ടിൽ ഇതുവരെ സംശയമുണ്ടാകുന്ന തരത്തിലൊരു പെരുമാറ്റവും ഉണ്ടായിട്ടില്ല. ഭാര്യ ഫ്രാൻസി മരിച്ചതിൽപ്പിന്നെ എനിക്ക് ഗാഢനിദ്ര എന്നൊന്നില്ല. പാതിമയക്കത്തിലാണ് എ പ്പോഴും. ഇടയ്ക്കുണരുമ്പോൾ കാണാം അവള്‍ മുറിയിലിരുന്ന് പഠിക്കുന്നത്. പഴയ മോഡൽ നോക്കിയ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. അതവൾ വീട്ടിൽ വച്ചിട്ടാണു പോയത്. വേറൊരു ഫോൺ അവൾ ഉപയോഗിച്ചിരുന്നില്ല എന്നാണ് അന്വേഷണത്തിൽ കിട്ടിയ വിവരവും.’’ പപ്പയ്ക്ക് സംശയങ്ങളേതുമില്ല.

പൊലീസ് നല്ല രീതിയിൽത്തന്നെയാണ് അന്വേഷണം നടത്തുന്നത്. അവർ കോൾലിസ്റ്റ് പരിശോധിച്ചു. ആരെയൊക്കെ വിളിച്ചു എന്ന് കണ്ടെത്തി. തലേന്ന് മുണ്ടക്കയത്തെ ആന്റിയെ വിളിച്ചിരുന്നു. അപ്പോൾ ആന്റി പരീക്ഷയെക്കുറിച്ച് തിരക്കി.

‘വീട്ടിൽ തനിച്ചായതുകാരണം പഠിക്കാൻ പറ്റുന്നില്ലെന്ന് അവൾ സങ്കടം പറഞ്ഞു. ‘എന്നാ നീ മുണ്ടക്കയത്തേക്കു വ ന്നോളാൻ.’ ആന്റി മറുപടിയും നൽകി. അടുത്ത വീട്ടിലെ രണ്ടു കുട്ടികളുമായി നല്ല കൂട്ടായിരുന്നു അവൾ. അവരോടൊക്കെ തലേദിവസമേ പറഞ്ഞു വച്ചിരുന്നു ആന്റിയുടെ വീട്ടിലേക്കു പഠിക്കാൻ പോകുകയാണെന്ന്. ഞങ്ങളോടെന്തുകൊണ്ട് പറഞ്ഞില്ല എന്നറിയില്ല.’’ ജെയിംസിന്റെ കണ്ണുകളിൽ നിരാശ.

'തളർത്തുന്ന വാക്കുകൾ, നഷ്ടപ്പെടുത്തിയ തെളിവുകൾ' കൂടുതൽ വായിക്കാം