ഈ പ്രളയകാലത്ത് അറിയപ്പെടാതെ പോയ നായകതുല്യനായ യുവകർഷകനാണ് മാരാരിക്കുളം സ്വദേശിയായ നിഷാദ് നായർ. ഓണവിപണി ലക്ഷ്യമിട്ടു നാലേക്കറിൽ കൃഷി ചെയ്ത പച്ചക്കറികൾ ദുരിതാശ്വാസ ക്യാംപുകളിലേക്കു നൽകിയാണ് ഇൗ യുവ കർഷകൻ മാതൃകയായത്.
പ്രളയം രൂക്ഷമായതോടെ കൃഷിയിടങ്ങൾ പലതും വെള്ളത്തിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ പച്ചക്കറി ക്ഷാമം രൂക്ഷമായി. വില കുത്തനെ ഉയർന്നു. ക്യാംപുകളുടെ നടത്തിപ്പിനെയും ഇതു ബാധിച്ചു. സാഹചര്യം മസസ്സിലാക്കി താൻ കൃഷി ചെയ്ത പച്ചക്കറികൾ കണിച്ചുകുളങ്ങരയിലെയും എറണാംകുളം ജില്ലയിലെയും വിവിധ ക്യാംപുകളിലേക്കു നൽകുകയായിരുന്നു നിഷാദ്.
‘‘വീട്ടിലെ പശുക്കളിലൊന്ന് ഇടിച്ചു വീഴ്ത്തിയതിനാൽ നടുവിനു പരിക്കേറ്റു വിശ്രമത്തിലായിരുന്നു. ക്യാംപുകളിൽ നേരിട്ടു പോയി സഹായങ്ങൾ ചെയ്യാനുള്ള ആരോഗ്യ സ്ഥിതി ആയിരുന്നില്ല. അതിനാൽ പഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ച് ക്യാംപിലേക്ക് ആവശ്യമായ പച്ചക്കറികൾ എന്റെ തോട്ടത്തിൽനിന്നു എടുത്തുകൊള്ളാൻ പറഞ്ഞു. അവരെത്തി പച്ചക്കറികൾ ശേഖരിച്ചു കൊണ്ടുപോയി,’’ നിഷാദ് പറഞ്ഞു.
എറണാംകുളം ജില്ലയിലെ ക്യാംപുകളിൽ പച്ചക്കറി ക്ഷാമമുള്ള വിവരം സുഹൃത്തായ സുധീർ ബാബുവാണ് നിഷാദിനെ അറിയിക്കുന്നത്. ആവശ്യമുള്ള പച്ചക്കറികൾ തോട്ടത്തിൽനിന്നു കൊണ്ടുപോകാമെന്നു നിഷാദ് അറിയിച്ചു. സുധീർ ബാബുവെത്തി പച്ചക്കറി ശേഖരിച്ചു സ്വന്തം വാഹനത്തില്‍ എറണാംകുളത്തെ വിവിധ ക്യാംപുകളിലെത്തിച്ചു.
കുറച്ചു വെണ്ട നശിച്ചതൊഴിച്ചാൽ നിഷാദിന്റെ തോട്ടത്തെ പ്രളയം കാര്യമായി ബാധിച്ചില്ല. ക്യാംപുകളിലേക്കു ആവശ്യമായ പച്ചക്കറികൾ എത്തിക്കാൻ സാധിച്ചെങ്കിലും നേരിട്ട് ഒരിടത്തും പോകാൻ പറ്റാത്തതിന്റെ വിഷമം നിഷാദ് പങ്കുവയ്ക്കുന്നു. എന്നാൽ തന്റെ അധ്വാനം മുഴുവൻ സഹജീവികൾക്കായി മാറ്റിവെച്ച മനസ്സിന് അങ്ങനെയൊരു വിഷമത്തിന്റെ ആവശ്യമില്ലല്ലോ.