ദിവസങ്ങള്‍ക്ക് മുൻപ് ബംഗളൂരു സ്വദേശിനിയായ യുവതിക്ക് ഫെയ്സ്ബുക്കില്‍ അപരിചിതയായ ഒരു സ്ത്രീയുടെ ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചു. അസ്വഭാവികമായി ഒന്നുമില്ലാത്തതിനാൽ ഇരുവരും പരിചയത്തിലായി, ചാറ്റിങ്ങും തുടങ്ങി. എന്നാൽ തന്റെ ഭർത്താവിന്റെ ആദ്യ ഭാര്യയാണ് പുതിയ സുഹൃത്തെന്ന് അധികം വൈകാതെ യുവതി മനസ്സിലാക്കി.
മുകേഷ് എന്നയാളുടെ ഭാര്യമാരായിരുന്നു ഇരുവരും. ഭർത്താവ് രണ്ട് കല്യാണം കഴിച്ചതാണെന്നു രണ്ടു ഭാര്യമാർക്കും അറിയുമായിരുന്നില്ല. 2013ൽ മൈസൂര്‍ സ്വദേശിനിയെ വിവാഹം ചെയ്ത മുകേഷ് ഇതു മറച്ചുവെച്ചാണ് 2017 ല്‍ ബംഗളൂരുവിലെ കോടതി ജീവനക്കാരിയെ വിവാഹം കഴിച്ചത്. ജോലി സ്ഥലത്തുനിന്നു മാറി താമസിക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ ബംഗളൂരുവില്‍ തന്നെയാണ് യുവതി താമസിച്ചിരുന്നത്. മൈസൂരില്‍ അക്കൗണ്ടന്റായ മുകേഷ് വാരാന്ത്യങ്ങളിൽ ബംഗളൂരുവിൽ എത്തുമായിരുന്നതിനാൽ യുവതിക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയിരുന്നില്ല.
യുവതി ജോലി ചെയ്യുന്ന കോടതിയിലെ സഹപ്രവര്‍ത്തകര്‍ക്കും കുടുംബത്തിലെ ബന്ധുക്കളില്‍ ചിലര്‍ക്കും മുകേഷിന്റെ ആദ്യ ഭാര്യ റിക്വസ്റ്റ് അയച്ചിരുന്നു. പരിചിതമല്ലാത്തയാളായതിനാല്‍ റിക്വസ്റ്റ് ലഭിച്ചവര്‍ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് ഇവര്‍ മുകേഷിന്റെ ഭാര്യയാണെന്ന വിവരം പുറത്തായത്. തുടര്‍ന്ന് ബന്ധുക്കള്‍ ചോദ്യം ചെയ്തെങ്കിലും വിവാഹ വിവരം ഇയാള്‍ നിഷേധിച്ചു. എന്നാല്‍ ആദ്യ ഭാര്യയെ നേരിട്ടു കണ്ട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ രണ്ടാം ഭാര്യ പെലീസില്‍ പരാതിപ്പെടുകയായിരുന്നു.