പ്രേമിച്ചു കൊതി തീർന്നില്ല, വയസ്സ് കുറയ്ക്കണം; വിചിത്ര ഹർജി

ഇനിയും ഒരുപാട് പ്രേമിക്കണം. ജോലി ചെയ്യണം. അതിനുള്ള ആരോഗ്യമൊക്കെയുണ്ട്. പക്ഷേ ഈ പ്രായം ഒരു ബാധ്യതയാണ്. അതിനാല്‍ തന്റെ വയസ്സില്‍ നിന്ന് 20 വര്‍ഷം കുറച്ച് തരണം, നെതര്‍ലാന്‍ഡ്‌സിലെ ഹേഗില്‍ എമിൽ റാറ്റിൽബാൻഡ് എന്ന 69 വയസ്സുകാരൻ കോടതിയിൽ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിചിത്രമായ ആവശ്യം.

നാം ജീവിക്കുന്ന ലോകത്ത് ഓരാൾക്ക് തന്റെ പേരും ലിംഗവും മാറ്റാം. എന്നിട്ടും എന്തുകൊണ്ടാണ് ജനനതീയതി തിരുത്താൻ അനുവദിക്കാത്തത് എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. എമിലേയുടെ ജനന തീയതി 1949 മാര്‍ച്ച് 11 ആണ്. ഇത് 1969 മാര്‍ച്ച് 11ലേക്ക് മാറ്റിതരണമെന്നാണ് ആവശ്യം. അതായത് രേഖകളിൽ 20 വയസ്സു തനിക്ക് കുറച്ചു തരണം.

എന്തുകൊണ്ട് സ്വന്തം ജനനതീയതി തിരുത്തണമെന്ന കാര്യത്തിൽ എമിലിനു വ്യക്തമായ ഉത്തരമുണ്ട്. വയസ്സ് കാരണം താന്‍ പലതരത്തിലുള്ള വിവേചനം അനുഭവിക്കുകയാണ്. ആരോഗ്യവനായ തനിക്കു പലരും വയസ് കണക്കിലെടുത്ത് ജോലി നിഷേധിക്കുകയാണ്. രേഖകളിൽ 49 ആണ് പ്രായമെങ്കിൽ ഇനിയും മികച്ച രീതിയിൽ ജീവിക്കാൻ കഴിയുമെന്ന് എമിൽ ചൂണ്ടിക്കാട്ടുന്നു. ടിൻഡർ എന്ന ഡേറ്റിങ് ആപ്പിൽ 69കാരനായ തന്നെ ആരും വേണ്ട രീതിയിൽ പരിഗണിക്കുന്നില്ല. എന്നാൽ തന്റെ ജനനതീയതി തിരുത്തി ലഭിച്ചാൽ ഇനിയും കൂടുതൽ പ്രണയിക്കാം എന്നും എമിലേ വാദിക്കുന്നു. ഇതു മാത്രമല്ല തനിക്ക് ഒരു നാല്‍പ്പത്തഞ്ചുകാരന്‍റെ ആരോഗ്യം തനിക്കുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പോലും പറയുന്നതായി എമിൽ അവകാശപ്പെടുന്നു.

എമിലെയുടെ ഹര്‍ജിയില്‍ നാല് ആഴ്ച്ചയ്ക്കുള്ളില്‍ കോടതി വാദം കേള്‍ക്കും. ജനന തീയതി മാറ്റാന്‍ നിലവില്‍ നിയമങ്ങൾ ഇല്ലാത്തതിനാല്‍ എമിലേയുടെ ഹര്‍ജി തള്ളാനാണ് സാധ്യത