ജീവിതത്തിലെ പ്രതിസന്ധികളിൽ തളരാതെ പോരാടുന്ന ചൈനയിലെ ചെന്‍ സിഫാംഗ് എന്ന ഇരുപത്താറുകാരന് അഭിനന്ദനവുമായി ലോകം. ഇരുകൈകളും ഇല്ലാത്ത ചെൻ വയ്യാത്ത അമ്മയെ കാലുകൊണ്ട് ശുശ്രൂഷിക്കുന്ന ചിത്രങ്ങളും ഇതോടൊപ്പം വൈറലായി. ചൈനീസ് മാധ്യമമായ പീപ്പിള്‍സ് ഡെയ്‌ലിയുടെ സമൂഹമാധ്യമ പേജിലൂടെയാണ് ചെന്നിന്റെ കഥ ലോകമറിഞ്ഞത്.
1989-ല്‍ ഷുജിവാന്‍ എന്ന ചൈനയിലെ ഒരു ഗ്രാമത്തിലാണ് ചെന്നിന്റെ ജനനം. ഇരു കൈകളും ഇല്ലാതെ ജനിച്ച ചെന്നിന് ഒമ്പതു മാസം പ്രായമായപ്പോൾ പിതാവ് പനി ബാധിച്ച് മരിച്ചു. പിന്നീട് തന്നെയും സഹോദരനെയും വളർത്താൻ കഷ്ടപ്പെടുന്ന അമ്മയെയാണ് ചെൻ കാണുന്നത്. പരാതിപ്പെടാതെ, പരിഭവപ്പെടാതെ ജീവിതത്തിൽ സംഭവിച്ച പ്രതിസന്ധികളെ തരണം ചെയ്ത അമ്മ ചെന്നിന് അത്ഭുതമായിരുന്നു. നാലാമത്തെ വയസ്സ് മുതൽ കാലുകൾകൊണ്ടു സ്വന്തമായി കാര്യങ്ങൾ ചെയ്തു പരിശീലിച്ചു തുടങ്ങി ചെൻ.
കാലുകൊണ്ടുള്ള പ്രവൃത്തികൾ ആദ്യശ്രമങ്ങൾ പരാജയമായിരുന്നു. ബാലൻസ് കിട്ടാതെ ചെൻ വിഷമിച്ചു. എന്നാലും അതിൽ നിന്നു പിന്തിരിയാൻ അയാൾ തയ്യാറായില്ല. ഒടുവിൽ ചെൻ മറ്റുള്ളവരുടെ സഹായമില്ലാതെ കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. വീട്ടിലെ ചെറിയ ജോലികൾ ചെയ്തും മാർക്കറ്റിൽ പോയും ചെൻ അമ്മയ്ക്കു സഹായമായി.
കാലുകൾകൊണ്ട് അമ്മയ്ക്കു ഭക്ഷണവും മരുന്നും കൊടുക്കുന്ന, മുഖം തുടച്ചു കൊടുക്കുന്ന ചെന്നിന്റെ ചിത്രങ്ങൾക്കു വൻസ്വീകാര്യതയാണു ലഭിക്കുന്നത്. യുവതലമുറയ്ക്ക് ചെന്നിന്റെ കഥ പ്രചോദനമാണെന്നും നല്ലൊരു ജീവിതം ഇദ്ദേഹത്തിനു ലഭിക്കട്ടേയെന്നും ആശംസിക്കുകയാണ് ലോകം.