ഫൈസുൽ ഹസൻ ഖ്വാദ്രി; പാടത്ത് താജ്മഹൽ പണിത പാവങ്ങളുടെ ഷാജഹാൻ

മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹന്‍ തന്റെ ഭാര്യയായ മുംതാസിനോടുള്ള പ്രണയത്തിന്റെ സൂചകമായി പണികഴിപ്പിച്ച താജ്മഹാല്‍ ലോകപ്രശസ്തമാണ്. ചക്രവര്‍ത്തിയായത് കൊണ്ടു തന്നെ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധങ്ങളിൽ ഒന്ന് നിർമിക്കുന്നതിന് ഷാജഹാന് പരിമിതികള്‍ ഇല്ലായിരുന്നു. എന്നാല്‍ ഫൈസുൽ ഹസന്‍ ഖ്വാദ്രി എന്ന വിരമിച്ച പോസ്റ്റ്മാന്‍ താജ്മഹല്‍ പണി കഴിപ്പിച്ചത് ഒട്ടേറെ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ്. രൂപഭംഗിയിൽ താജ്മഹലിനോടു മത്സരിക്കാനാവില്ലെങ്കിലും പ്രണയത്തിൽ താജ്മഹലിനേക്കാൾ കരുത്തുണ്ട് ഫൈസില്‍ ഹസന്റെ ഇൗ കൊച്ചു സ്മാരകത്തിന്.

നവംബര്‍ 10ന് ഫൈസുല്‍ ഹസൻ(82) മരിച്ചതോടെയാണ് ആധുനിക ഷാജഹാനും അയാളുടെ താജ്മഹലും വീണ്ടും വാർത്തകളിൽ നിറയുന്നത്. നവംബര്‍ 9നു ബൈക്ക് ഇടിച്ചു പരിക്കേറ്റ ഫൈസുൽ പിറ്റേന്നു മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ദിബായിലുള്ള കാസര്‍ കലാന്‍ എന്ന ഗ്രാമത്തില്‍ ഭാര്യയ്ക്കു വേണ്ടി പണിത താജ്മഹാലിനോ‌ടു സാദൃശ്യമുള്ള സ്മാരകത്തിലാണ് ഫൈസലിനെയും മറവു ചെയ്തത്. ഭാര്യയുടെ ശവകുടീരത്തിനു സമീപത്ത് തന്നെ അടക്കണമെന്ന ഫൈസുലിന്റെ ആഗ്രഹപ്രകാരമായിരുന്നു ഇത്. 

ഭാര്യയുടെ മരണവും താജ്മഹലിന്റെ നിര്‍മാണവും

ഷാജഹാനെ പോലെ മരണശേഷം ഭാര്യയുടെ ഓർമയ്ക്കായാണ് ഫൈസുലും ‘താജ്മഹല്‍’ നിര്‍മ്മിച്ചത്. 2011 ലാണ് തജാമുലി ബീഗം (57) തൊണ്ടയില്‍ അര്‍ബുദം ബാധിച്ചു മരിക്കുന്നത്. ഈ അപ്രതീക്ഷിത വേര്‍പാട് താങ്ങാനാകാതെ ഫൈസുല്‍ ഹസന്‍ തളര്‍ന്നു പോയി. വൈകാതെ ഭാര്യയുടെ സ്മരണയ്ക്കായി എന്തെങ്കിലും ചെയ്യണമെന്ന് ഫൈസുൽ തീരുമാനിച്ചു. അങ്ങനെ താജ്മഹല്‍ മാതൃകയിൽ ഒരു സ്മാരകത്തിന്റെ നിർമാണം ആരംഭിച്ചു. തന്റെ സമ്പാദ്യമെല്ലാം ചിലവാക്കി അദ്ദേഹം 2015ല്‍ താജ്മഹലിന്റെ നിർമാണം പൂര്‍ത്തിയാക്കി. തുടക്കത്തില്‍ ഫൈസുലിന്റെ തീരുമാനത്തില്‍ അമ്പരന്ന നാട്ടുകാർ പണി പൂര്‍ത്തിയായതോടെ പാവപ്പെട്ടവരുടെ ഷാജഹാനെന്ന വിളിപ്പേരു നല്‍കി അഭിനന്ദിച്ചു. 

പാടത്തെ താജ്മഹല്‍

യഥാര്‍ഥ താജ്മഹൽ സ്ഥിതി ചെയ്യുന്നത് ഉദ്യാനത്തിനു നടുവിലാണെങ്കില്‍ ഫൈസുലിന്റേത് പാടത്താണ്. തന്റെ താജ്മഹലിനു ചുറ്റും ഉദ്യാനം നിർമിക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ആരോഗ്യം അനുവദിക്കാതെ വന്നതോടെ അദ്ദേഹം പിന്‍വാങ്ങുകയായിരുന്നു. താജ്മഹലിനു മുന്നിലുള്ളതു പോലെ ഒരു തടാകവും നിര്‍മ്മിക്കണമെന്ന് ഫൈസുല്‍ ആഗ്രഹിച്ചിരുന്നു. തടാകം നിർമിച്ചെങ്കിലും അതിനെ സൗന്ദര്യവത്കരിക്കണമെന്ന ആഗ്രഹവും പൂര്‍ത്തിയാക്കാനായില്ല.

കോളജിന് സ്ഥലം

താജ്മഹല്‍ പണികഴിപ്പിച്ചെങ്കിലും ഷാജഹാനെ വ്യക്തിത്വവും പ്രണയവും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഭാര്യയോടുള്ള സ്നേഹത്തിൽ താജ്മഹൽ നിർമിക്കുക മാത്രമല്ല ഫൈസുൽ ചെയ്തത്, തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ വലിയൊരു ഭാഗം വനിത കോളേജ് നിർമിക്കാൻ സര്‍ക്കാരിനു വിട്ടുനൽകുകയും ചെയ്തു. ഭാര്യയ്ക്കായി നിർമിച്ച സ്മാരകത്തില്‍ തനിക്ക് ഒരു കല്ലറ ഫൈസുൽ പണികഴിപ്പിച്ചിരുന്നു. മക്കളില്ലാത്ത ഫൈസുല്‍ ഈ സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലമുൾപ്പടെ തന്റെ സ്വത്തുക്കളെല്ലാം വഖഫ് ബോര്‍ഡിന്റെ പേരിൽ എഴുതി നല്‍കി.