ചാപിള്ളയായി പിറന്ന തന്റെ കുഞ്ഞിനെ നെഞ്ചോടു ചോര്‍ത്തു നിൽക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് റഷ്യൻ മോഡൽ യാന യറ്റസ്കോവ്സക്യ. കുഞ്ഞുങ്ങളെ നഷ്ടമാകുന്ന അമ്മമാർക്കു കരുത്ത നൽകുന്നതിനായാണു തന്റെ കുഞ്ഞിന്റെ മൃതശരീരം ചേർത്തുപിടിച്ച ചിത്രം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
റഷ്യയിലെ പ്രശസ്ത മോഡലും ബ്യൂട്ടി വ്ലോഗറുമാണ് 27കാരിയായ യാന യറ്റ്സ്കോവ്സ്ക്യ. ആറുമാസം ഗർഭിണിയായിരിക്കെ ഭർത്താവിനും മൂന്നു വയസ്സുകാരി മകൾക്കുമൊപ്പം മാലിദ്വീപിലേക്കുള്ള യാത്രയിലാണു ഗർഭസ്ഥ ശിശുവിന്റെ അനക്കം നിലച്ചതായി യാനയ്ക്കു തോന്നിയത്. തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി. കുഞ്ഞിന്റെ ഹൃദയമിടിപ്പു നിലച്ചതായി പരിശോധിച്ച ഡോക്ടർമാര്‍ അറിയിച്ചു.
മോസ്കോയിൽ തിരിച്ചെത്തിയ യാന വീട്ടിൽവെച്ചു ചാപിള്ളയ്ക്കു ജന്മം നൽകുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം നെഞ്ചില്‍ ചേർത്തു പിടിച്ചിരിക്കുന്ന ചിത്രമാണു യാന സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. ഈ വേദന അസഹനീയമാണെന്നും, ഈ ലോകത്ത് ഒരമ്മയ്ക്കും ഈ വേദന താങ്ങാനാവില്ലെന്നുമാണു യാന പറയുന്നത്.
‘‘എന്റെ കുഞ്ഞിനെ ഞാൻ ആർക്കും കൊടുക്കില്ല, എടുത്തുകൊണ്ടു പോകാൻ ആരേയും സമ്മതിക്കില്ല. ഞാൻ വീട്ടിൽ ഇവനു ജന്മം നൽകി, ഇവനെ ഞങ്ങൾ തന്നെ അടക്കം ചെയ്യും. കാരണം ഇവൻ ഞങ്ങളുടെ കുടുംബത്തിലെ അംഗമാണ്. ഇവൻ ഒരു മാലാഖയായി സ്വർഗത്തിലെത്തി ഞങ്ങളുടെ കുടുംബത്തെ സംരക്ഷിക്കും.’’– യാന കുറിച്ചു.
ചിത്രത്തിനു താഴെ നിരവധിപേർ ഇവരെ ആശ്വസിപ്പിച്ചുകൊണ്ട് കമന്റു ചെയ്യുന്നുണ്ട്. കുഞ്ഞിനു വീട്ടിൽവെച്ചു ജന്മം നൽകിയതിനു ഇവർക്കെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്.