ദാമ്പത്യത്തിലെ പ്രശ്നങ്ങൾക്കു കാരണം ഈ എട്ട് നിസാരകാര്യങ്ങൾ!

പിണക്കങ്ങളില്ലാത്ത ദാമ്പത്യങ്ങളില്ല.  ഇണങ്ങിയും പിണങ്ങിയും മുന്നോട്ട് പോകുന്ന ദാമ്പത്യജീവിതത്തിൽ പിണക്കങ്ങളില്‍ തട്ടി കാലിടറുന്നവർ ഏറെയാണ്. എന്തായിരിക്കും ഇവർക്കിടയിൽ ചെറുതും വലുതുമായ പ്രശ്നങ്ങളുണ്ടാക്കുന്ന വില്ലന്‍മാര്‍. കൗണ്‍സിലിങ് ചെയ്യുന്നവരുടെ അഭിപ്രായത്തില്‍ എല്ലാ ദമ്പതിമാര്‍ക്കിടയിലും പൊതുവായി കാണുന്ന ചില പ്രശ്നങ്ങളുണ്ട്. പരിഹരിച്ചില്ലെങ്കില്‍ ബന്ധം എന്നന്നേക്കുമായി തര്‍ത്തു കളയാന്‍ ശേഷിയുള്ള ആ എട്ടു പ്രശ്നങ്ങൾ ഇവയാണ്. 

ചുമതലകള്‍

ദാമ്പത്യത്തില്‍ രണ്ടു പേര്‍ക്കും അവരുടേതായ ചുമതലകള്‍ ഉണ്ട്. എന്നാല്‍ മിക്ക ബന്ധങ്ങളിലും ഈ ചുമതലകള്‍ ഏറ്റടുക്കുന്നതിൽ തുല്യത ഉണ്ടായിരിക്കുകയില്ല. ഇത് ആദ്യമൊന്നും കാര്യമാക്കില്ല. എന്നാല്‍ പതിയെ ഇക്കാര്യത്തില്‍ കല്ലുകടി തുടങ്ങും. വൈകാതെ പൊരിഞ്ഞ അടിയില്‍ കലാശിക്കുകയും ചെയ്യും. തൊഴിലിടങ്ങളിലെപ്പോൽ ഓരോരുത്തരുടെ ഉത്തരവാദിത്തം മുന്‍കൂട്ടി നിശ്ചയിച്ചു പിന്തുടരുക ദാമ്പത്ത്യത്തില്‍ പ്രായോഗികമല്ല. മറിച്ച് ചുമതലകള്‍ മനസ്സിലാക്കിയും ഏറ്റെടുത്തും പരസ്പര ബഹുമാനത്തോടെ ജീവിക്കുക. ഇതാണ് പ്രശ്നങ്ങളെ അതിജീവിക്കാനുള്ള എളുപ്പ വഴി.

ജോലി പങ്കുവെയ്ക്കൽ

ദാമ്പത്യ ജീവിതത്തിലെ മറ്റൊരു വെല്ലുവിളിയാണു വീട്ടിലെ ജോലികള്‍. വീട്ടു ജോലികളെല്ലാം സ്ത്രീകള്‍ക്ക്, പണം സമ്പാദിക്കുന്ന ജോലിയെല്ലാം പുരുഷന്‍മാര്‍ക്കെന്ന ചിന്തയൊക്കെ കാലഹരണപ്പെട്ടു കഴിഞ്ഞല്ലോ. അതിനാല്‍ വീട്ടു ജോലിയും പങ്കിട്ടു ചെയ്യേണ്ടതുണ്ട്. പുതുതലമുറയിൽ പല ദമ്പതികളും ഈ രീതി പിന്തുടരാനും ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇങ്ങനെ അല്ലാത്ത വീടുകളിലെ സ്ത്രീകൾ അടുത്ത വീട്ടിലെ പുരുഷനെ ചൂണ്ടികാട്ടി ഭർത്താക്കന്മാരെ കുറ്റപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഭാവിയിൽ ഇത് നിരവധി പ്രതിസന്ധികളിലേക്കാണു നീങ്ങുക.

സമൂഹമാധ്യമങ്ങൾ

കുടുംബകലഹമുണ്ടാക്കാനുള്ള കാരണങ്ങളിലേക്ക് അതിവേഗം കുതിച്ചെത്തിയ വ്യക്തിയാണ് സമൂഹമാധ്യമങ്ങൾ. പങ്കാളിയ്ക്കൊപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമൂഹമാധ്യമങ്ങളിലേ മൊബൈലിലോ വ്യാപൃതമാകുന്നത് പതിയെ സംശയങ്ങളിലേക്കും അതൃപ്തിയിലേക്കും നയിക്കും.  പലപ്പോഴും വേർപിരിയുന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തുകയും ചെയ്യാം.

സാമ്പത്തികം

ദമ്പതിമാര്‍ക്കിടയില്‍ മാത്രമല്ല ലോകത്ത് ഏതൊരു ബന്ധത്തിനിടയിലും അകൽച്ച സൃഷ്ടിക്കാൻ പണത്തിനു കഴിയും. കുടുംബത്തിന്റെ സാമ്പത്തിക ഭാരം മുഴുവന്‍ ഏൽക്കുന്ന ഭർത്താക്കന്മാരുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ സാമ്പത്തികമായ തര്‍ക്കം കൂടുതലുള്ളത് ദമ്പതിമാര്‍ക്കിടയിലാണ്. സ്വന്തമായി ജോലി ചെയ്ത് സ്വതന്ത്രമായി ജീവിച്ചിരുന്നവര്‍ വിവാഹിതരാകുമ്പോൾ ഇവരുടെ വരവും ചിലവും ഒന്നിക്കുന്നതോടെ സാമ്പത്തിക സ്വാതന്ത്രം പരിമിതപ്പെടും. ഇത് അംഗീകരിക്കാനുള്ള മടിയാണ് കലഹങ്ങള്‍ക്കും കാരണമാകുന്നത്.

അമിത പ്രാധാന്യം

ജോലിക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ആളായിരിക്കും പങ്കാളി. കരിയറിലെ നേട്ടങ്ങൾ മാത്രമയിരിക്കും സ്വപ്നം. സദാസമയവും ഇതുമാത്രമായിരിക്കും ചിന്ത. ഇതെല്ലാം തുറന്നു പറഞ്ഞില്ലെങ്കിലും പങ്കാളി മനസ്സിലാക്കും എന്ന ധാരണയിൽ മുന്നോട്ടു പോകും. എന്നാൽ ഇതേസമയം പങ്കാളി ചിന്തിക്കുന്നത് തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു എന്നാവാം. പിന്നെ നിരന്തരമായി വഴക്കുകളിലേക്കു മാറും കാര്യങ്ങൾ. ഓഫിസില്‍ നിന്ന് പുറത്തിറങ്ങുന്നതോടെ ജോലി സംബന്ധമായി ചിന്തകൾ അവസാനിപ്പിക്കുക. കുടുംബത്തിലെ കാര്യങ്ങൾക്കു ശ്രദ്ധ നൽകുക. പരസ്പരം മനസ്സു തുറന്നു സംസാരിക്കുക. അതല്ലാതെ മറ്റൊരു പരിഹാരവും ഇതിനില്ല.

ലഹരി

‌ലഹരി വസ്തുക്കൾ എന്നും ദാമ്പത്യ ജീവിതത്തിലെ വില്ലനാണ്. ലഹരി പതിവാകുന്നതോടെ തീർച്ചയായും ദാമ്പത്യത്തെ ബാധിക്കും. അനാവശ്യമായ സംസാരങ്ങൾ, ബോധമില്ലാതെയുള്ള പ്രവൃത്തികൾ ഇതെല്ലാം ചേർന്നു ദാമ്പത്യം നരകതുല്യമാകും. കാലം മാറിയിട്ടും കുടുംബങ്ങള്‍ തകര്‍ക്കുന്നതില്‍ നിത്യഹരിത വില്ലനായാണ് ലഹരി നിലനിൽക്കുന്നത്. 

ലൈംഗികത

ദാമ്പത്യജീവിതത്തില്‍ ലൈംഗികതക്കു വളരെയേറെ പ്രാധാന്യമുണ്ട്. എന്നാൽ ലൈംഗികതയുടെ പ്രാധാന്യം തിരിച്ചറിയാത്തവർ ധാരാളം . പങ്കാളിയുടെ ലൈംഗിക താൽപര്യങ്ങൾ മനസ്സിലാക്കാതെ വർഷങ്ങളായി മുന്നോട്ടു പോകുന്നവരും നിരവധിയാണ്. ഊതിപ്പെരുപ്പിച്ചതും അടിച്ചേൽപ്പിച്ചതുമായ പൊതുബോധങ്ങളാണു മിക്കപ്പോഴും ഇവിടെ വിനയാകുന്നത്. ഈ പ്രതിസന്ധി മറികടക്കാൻ പരസ്പരധാരണ കൂടിയേ തീരൂ.  ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്നു പറഞ്ഞും മനസ്സിലാക്കിയും വേണം മുന്നോട്ടു പോകാൻ.

കുട്ടികള്‍

ദമ്പതിമാരെ ഒന്നിപ്പിച്ചു നിർത്തുന്ന ഒരു കണ്ണിയായാണു മക്കൾ നിലകൊള്ളാറുള്ളത്. എന്നാൽ ഇതിനൊപ്പം പ്രശ്നങ്ങൾക്കും കുട്ടികൾ കാരണമാകാറുണ്ട്. മക്കളുടെ കാര്യങ്ങൾ നോക്കുന്നതിൽ പങ്കാളികളിൽ ഒരാൾ വരുത്തുന്ന വീഴ്ചയായിരിക്കും പ്രശ്നങ്ങളിലേക്കു നയിക്കുന്നത്. പിതാവായിരിക്കും ഈ കാര്യത്തിൽ മുൻപന്തിയിൽ. കുട്ടികളെ നോക്കേണ്ടത് അമ്മമാരുടെ മാത്രം കടമയാണെന്ന പൊതുബോധമാണ് ഇതിന് പ്രധാന കാരണം. മക്കളെ നോക്കുന്നത്  പങ്കാളികളുടെ തുല്യമായ കടമയാണ്.