വിഡിയോ കണ്ട് ചിരിച്ചു, ആത്മഹത്യ ചെയ്യാതെ അയാൾ തിരിച്ചു നടന്നു: കാർത്തിക് സൂര്യ പറയുന്നു
വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് സൂര്യ തുടങ്ങിയത്. അതുകൊണ്ട് നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. പക്ഷേ മറ്റുള്ളവർ പറയുന്നതു കേട്ട് നമുക്ക് ഇഷ്ടമുള്ളത് ചെയ്യാതിരിക്കുന്നതിലും മോശമായി ഈ ലോകത്ത് മറ്റൊന്നുമില്ല എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വഴി എത്ര
വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് സൂര്യ തുടങ്ങിയത്. അതുകൊണ്ട് നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. പക്ഷേ മറ്റുള്ളവർ പറയുന്നതു കേട്ട് നമുക്ക് ഇഷ്ടമുള്ളത് ചെയ്യാതിരിക്കുന്നതിലും മോശമായി ഈ ലോകത്ത് മറ്റൊന്നുമില്ല എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വഴി എത്ര
വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് സൂര്യ തുടങ്ങിയത്. അതുകൊണ്ട് നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. പക്ഷേ മറ്റുള്ളവർ പറയുന്നതു കേട്ട് നമുക്ക് ഇഷ്ടമുള്ളത് ചെയ്യാതിരിക്കുന്നതിലും മോശമായി ഈ ലോകത്ത് മറ്റൊന്നുമില്ല എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വഴി എത്ര
വ്യത്യസ്തമായ കാര്യങ്ങൾ ചെയ്താണ് കാർത്തിക് സൂര്യ തുടങ്ങിയത്. അതുകൊണ്ട് നിരവധി പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നു. പക്ഷേ മറ്റുള്ളവർ പറയുന്നതു കേട്ട് നമുക്ക് ഇഷ്ടമുള്ളത് ചെയ്യാതിരിക്കുന്നതിലും മോശമായി ഈ ലോകത്ത് മറ്റൊന്നുമില്ല എന്നായിരുന്നു അയാൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് വഴി എത്ര കഠിനമാണെങ്കിലും മുന്നോട്ടു നടക്കാനായിരുന്നു തീരുമാനം. 2017 നവംബർ 1ന് തുടങ്ങിയ കാർത്തിക്കിന്റെ വ്ലോഗിങ് നാലാം വർഷത്തിലേക്ക് കടക്കുകയാണ്. ‘കാർത്തിക് സൂര്യ’ എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് ഇപ്പോൾ 16 ലക്ഷം. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപര്‍ ചിരി’ എന്ന ഷോയുടെ അവതാരകനായി മിനിസ്ക്രീനിലേക്കും കാർത്തിക് എത്തി. ജീവിതം സംതൃപ്തമായി മുന്നോട്ടു പോകുമ്പോൾ, ബംപർ ചിരി നൽകിയ പാഠങ്ങളെയും വ്ലോഗിങ്ങിലൂടെ ജീവിതം മാറ്റിമറിച്ചതിനെയും കുറിച്ചു കാർത്തിക് സൂര്യ പറയുന്നു.
∙ ബംപർ ചിരിയുടെ അവതാരകനായി ക്ഷണം ലഭിച്ചപ്പോൾ എന്താണു തോന്നിയത് ?
ഇങ്ങനെയൊരു വിളി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാനൊരു അവതാരകനായാൽ പ്രേക്ഷകർക്ക് ഇഷ്ടമാകുമോ എന്നു സംശയം ഉണ്ടായിരുന്നു. ഈയൊരു മേഖലയുമായി ബന്ധപ്പെട്ട് യാതൊരു അറിവും എനിക്ക് ഇല്ല. എങ്കിലും വിളിച്ചതനുസരിച്ച് പോവുകയും ഷോയുടെ അധികൃതരുമായി സംസാരിക്കുകയും ചെയ്തു. ഷോയുടെ ആശയം കേട്ടപ്പോൾ രസകരമായി തോന്നി. ഒരു കൈ നോക്കാമെന്നും എനിക്ക് എന്തെങ്കിലുമെക്കെ ചെയ്യാനാവുമെന്നും തോന്നി. അങ്ങനെ സമ്മതം അറിയിച്ചു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു.
∙ അവതാരകനാകാൻ തയാറെടുപ്പുകൾ നടത്തിയിരുന്നു ?
സത്യമായിട്ടും ഒന്നും ചെയ്തിരുന്നില്ല. ആദ്യമായി ഫ്ലോറിൽ കയറി നിന്നപ്പോൾ ‘ചുറ്റിലും എട്ടു ക്യാമറ ഉണ്ട്’ എന്ന് മഞ്ജു ചേച്ചിയും സാബു ചേട്ടനും പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്ക് ടെൻഷൻ ആയി. കാരണം നമ്മൾ ഒരു ഫോണുമായി നടക്കുന്നതു പോലെ അല്ലല്ലോ കാര്യങ്ങൾ. ആദ്യത്തെ എപ്പിസോഡുകളിൽ ആ ടെൻഷൻ എന്റെ മുഖത്തു കാണാം. അവിടെ എല്ലാവരും വളരെ സ്നേഹവും സഹകരണ മനോഭാവവും ഉള്ളവരാണ്. അതു നൽകിയ ധൈര്യവും കംഫർട്ടും വളരെ വലുതായിരുന്നു. എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യരുത് എന്നു കൃത്യമായി പറഞ്ഞു തന്നു. സമൂഹമാധ്യമത്തിൽനിന്നു മുഖ്യധാരാ മാധ്യമത്തിലേക്ക് വരുമ്പോൾ ചില ശീലങ്ങൾ ഒഴിവാക്കേണ്ടി വരുമല്ലോ. അതെല്ലാം ശരിയാകാൻ കുറച്ചു ദിവസങ്ങളെടുത്തു.
∙ ബംപർ ചിരി നൽകിയ പുതിയ പാഠങ്ങൾ ?
ഓരോ പ്ലാറ്റ്ഫോമിനും ഓരോ രീതിയുണ്ട്. അതിന് അനുസരിച്ച് നമ്മളില്‍ മാറ്റങ്ങൾ വരുത്തേണ്ടി വരും എന്നതാണ് ഒന്നാമത്തെ പാഠം. ടെലിവിഷനിൽ സംപ്രേഷണം ചെയ്യുന്ന ഓരോ പരിപാടിക്കു പിന്നിലും നിരവധി ആളുകളുടെ കഠിനാധ്വാനമുണ്ട്. ഒരുപാട് ഘടകങ്ങൾ കൂടിച്ചേരുമ്പോഴാണ് ഒരു പരിപാടി ഉണ്ടാകുന്നത്. ഇത്ര ആളുകൾ കഷ്ടപ്പെടുന്നുണ്ട് എന്ന് വീട്ടിലിരുന്ന് പരിപാടി കാണുമ്പോൾ അറിയുന്നില്ലല്ലോ. ആ തിരിച്ചറിവ് വലിയൊരു പാഠവും അദ്ഭുതവും ആയിരുന്നു. ഒരുപാട് ആളുകളെ പരിചയപ്പെടാൻ അവസരം ലഭിച്ചു. അവരിൽ നിന്നെല്ലാം എന്തെങ്കിലും പുതിയതായി പഠിക്കാനും സാധിക്കുന്നു.
∙ പ്രേക്ഷകരുടെ പ്രതികരണം എങ്ങനെയുണ്ട് ?
ഞാന്‍ പ്രതീക്ഷിച്ചതിലും നല്ല പ്രതികരണമാണ്. നമ്മുടെ അവതരണശൈലി അൽപം വ്യത്യസ്തമാണല്ലോ. അതുകൊണ്ട് ആദ്യം പ്രേക്ഷകർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ അതിപ്പോൾ മാറി എന്നാണ് തോന്നുന്നത്.
∙ അഭിനന്ദിക്കുന്നവരോടും വിമർശിക്കുന്നവരോടും പറയാനുള്ളത് ?
‘കൊള്ളാം, കാർത്തിക് നന്നായി ചെയ്യുന്നു’ എന്നു പറയുന്നവരോട് നന്ദി അറിയിക്കുന്നു. അവരുടെ പിന്തുണ മുന്നോട്ടു പോകാൻ കരുത്തേകുന്നു.
വിമർശനങ്ങൾ ഞാൻ കാണാറുണ്ട്. അതിൽ പ്രധാനമെന്നു തോന്നുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നുമുണ്ട്. മാറ്റങ്ങൾ വരുത്താൻ കഠിനമായി ശ്രമിക്കുന്നു. ഞാൻ എല്ലാം തികഞ്ഞ ഒരു വ്യക്തി അല്ലെന്ന ബോധ്യമുണ്ട്. തീർച്ചയായും നിങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരാൻ പരമാവധി ശ്രമിക്കും. വിമർശകരോടും നന്ദി പറയുന്നു.
∙ ഷോയിലെ രസകരമായ അനുഭവം ?
എന്നും എന്തെങ്കിലുമൊക്കെ രസകരമായി സംഭവിക്കുന്നുണ്ട്. ഷോയുടെ നെടുംതൂണുകളായ മഞ്ജു ചേച്ചി, നസീറിക്ക, സാബു ചേട്ടൻ എന്നിവർ അപാരമായ ഹ്യൂമർ സെൻസ് ഉള്ളവരാണ്. അതുകൊണ്ട് അവരുടെ അടുത്തു ചെന്നാൽ ചിരിക്കാനേ സമയം കാണൂ.
ഇടയ്ക്കിടെ സംഭവിക്കുന്ന രസകരമായ ഒരു സംഭവം പറയാം. ഇവർ മൂന്നു പേരും ഇരിക്കുന്ന പാനലിൽ വെള്ളം വച്ചിട്ടുണ്ടാകും. ഷോട്ടിനിടയിൽ ഞാൻ അവിടെ ചെന്ന് വെള്ളം കുടിക്കും. എന്നിട്ട് ആ കുപ്പി അവർ ഇരിക്കുന്ന ടേബിളിൽ മറന്നു വച്ചു പോകും. ഷോട്ട് തുടങ്ങുമ്പോൾ ടേബിളിൽ ഒരു കുപ്പി. അതോടെ പ്രൊഡ്യൂസർ ‘കട്ട്’ വിളിക്കും. ‘എന്തിനാ അവിടെ കുപ്പി എടുത്തു വച്ചിരിക്കുന്നത്’ എന്നു മഞ്ജു ചേച്ചിയോട് ചോദിക്കും. ചേച്ചി പാവം.
∙ ബംപർ ചിരി ജീവിതത്തിൽ വരുത്തിയ മാറ്റങ്ങള്‍ ?
വ്ലോഗിന്റെ കാഴ്ചക്കാർ കൂടുതലും യുവാക്കളാണ്. പക്ഷേ ഷോയുടെ പ്രേക്ഷകരിൽ എല്ലാ പ്രായത്തിലുള്ള ആളുകളും ഉണ്ട്. ഇപ്പോൾ എന്നെ തിരിച്ചറിഞ്ഞ് സന്തോഷം പങ്കുവയ്ക്കാനും അഭിനന്ദിക്കാനും എത്തുന്നവരിൽ മുത്തശ്ശിമാർ വരെയുണ്ട്. നമ്മുടെ വ്യക്തിത്വം കൂടുതൽ ആളുകളിലേക്ക് എത്തുന്നു എന്നതു വലിയൊരു മാറ്റവും നേട്ടവുമായി കാണുന്നു.
∙ ഒരു വ്ലോഗർ എന്ന നിലയിൽ ജീവിതത്തിലുണ്ടായ മറക്കനാവാത്ത അനുഭവം ?
ഒരിക്കൽ ഞാൻ ഗോവയിൽ പോയി. പോകുന്നതിനു മുമ്പ് ട്രെയിനിന്റെ വിവരങ്ങൾ പങ്കുവച്ചിരുന്നു. ഒരു സബ്സ്ക്രൈബർ ട്രെയിൻ നമ്പർ നോക്കി സമയം കണ്ടെത്തി എനിക്ക് ഭക്ഷണവുമായി വന്നു. അദ്ഭുതം തോന്നി. ഈ സ്നേഹത്തിന്റെ കാരണം അതിലേറെ അമ്പരപ്പിച്ചു. അദ്ദേഹത്തെ ആത്മഹത്യയിൽനിന്നു മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചത് എന്റെ ഒരു വിഡിയോ ആയിരുന്നത്രേ!.
പ്രതിസന്ധികൾ രൂക്ഷമായതോടെ ജീവിതം അവസാനിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഉയരമുള്ള സ്ഥലത്തുനിന്നു ചാടി ആത്മഹത്യ ചെയ്യാമെന്നാണു കരുതിയത്. അതിനായി അങ്ങനെ ഒരിടത്ത് എത്തുകയും ചെയ്തു. കുറച്ചു നേരം അവിടെ വെറുതെ ഇരുന്നു. അതിനിടയിൽ യൂട്യൂബ് നോക്കിയപ്പോഴാണ് എന്റെ വിഡിയോ കാണുന്നത്. ഡൽഹിയിൽ ഞാൻ ലുങ്കിയുടുത്ത് നടക്കുന്ന വിഡിയോ ആയിരുന്നു അത്. അത്രയും വിഷമത്തിലായിരുന്നെങ്കിലും അതു കണ്ടപ്പോൾ അദ്ദേഹം ചിരിച്ചു പോയി. പിന്നെ എന്റെ മറ്റു വിഡിയോകളിലൂടെ സഞ്ചരിച്ചു. അങ്ങനെ ആത്മഹത്യ ചെയ്യാനാണ് വന്നതെന്ന കാര്യം മറന്ന് ജീവിതത്തിലേക്ക് തിരിച്ചു നടന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒരുപക്ഷേ എന്നെപ്പോലെ ഉള്ളവന്മാർ ഈ ലോകത്തു ജീവിക്കുന്നുണ്ടെങ്കിൽ പിന്നെ തന്നെപ്പോലുള്ളവർ എന്തിനു മരിക്കണം എന്നു പുള്ളി ചിന്തിച്ചു കാണും.
അത് എന്തായാലും നമ്മൾ ചെയ്ത വിഡിയോ ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു നടത്തി എന്നറിയുന്നതിലും വലുതായി എന്താണുള്ളത്. മറ്റുള്ളവരെ സന്തോഷിപ്പിക്കാനും ചിരിപ്പിക്കാനും സാധിക്കുന്നു എന്നത് ഒരു വലിയ ഭാഗ്യമാണ്.
∙ വ്ലോഗിങ് തുടങ്ങിയിരുന്നില്ലെങ്കിൽ ഇപ്പോൾ എവിടെ ആയിരുന്നിരിക്കാം. ചിന്തിച്ചിട്ടുണ്ടോ?
ഒരു ഐഡിയയുമില്ല. എന്തെങ്കിലും ബിസിനസ് ചെയ്യണം എന്നായിരുന്നു അന്നത്തെ ആഗ്രഹം. ബിസിനസ് തുടങ്ങുകയും ചെയ്തു. എന്നാൽ സംതൃപ്തി കിട്ടിയില്ല. അങ്ങനെയാണ് വ്ലോഗിങ് തുടങ്ങിയത്. 2017 നവംബർ 1ന് ആയിരുന്നു ആദ്യത്തെ വ്ലോഗ്. അതിപ്പോൾ ഇവിടെ എത്തി നിൽക്കുന്നു. വീണ്ടുമൊരു നവംബർ ഒന്ന് വരികയാണ്. ഗ്രാന്റ് ആയി എന്തെങ്കിലും ചെയ്യണം എന്നുണ്ട്.
∙ കാർത്തിക് സൂര്യ എന്ന വ്ലോഗറുടെ വിജയരഹസ്യം ?
വിജയിച്ചു എന്ന് പറയാനാകുമോ?. ഇനിയും ചെയ്തു തീര്‍ക്കാൻ ഒരുപാട് കാര്യങ്ങൾ ബാക്കിയാണ്. വിജയിച്ചു എന്നു ചിന്തിച്ചാൽ വളരാനുള്ള സാധ്യത ഇല്ലാതാകുമെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഞാന്‍ വളർന്നു കൊണ്ടിരിക്കുന്നു അല്ലെങ്കിൽ മുന്നേറി കൊണ്ടിരിക്കുന്നു എന്ന് പറയുന്നതാണു ശരി.
പിന്നെ മറ്റുള്ളവർ എന്തു പറയും എന്നു ചിന്തിച്ച് ഒന്നും ചെയ്യാതിരിക്കരുത്. അങ്ങനെ ചെയ്യാതിരുന്നാൽ അതായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും മോശം കാര്യം. നമുക്ക് എന്താണോ ഇഷ്ടം അതു ചെയ്യുക. മറ്റുള്ളവർ എന്തെങ്കിലും പറയട്ടേ.
കേരളത്തിലെ ആദ്യ ലൈഫ്സ്റ്റൈൽ വ്ലോഗർ ആണു ഞാൻ. അന്നു സ്വന്തം ലൈഫ് എടുത്തു കാണിച്ചപ്പോൾ ആർക്കും മനസ്സിലായില്ല. ഒരുപാട് നെഗറ്റിവ് കമന്റുകൾ വന്നു. നിന്റെ ജീവിതം കണ്ടിട്ട് ഞങ്ങൾക്ക് എന്തു നേട്ടം എന്ന ചിന്തയായിരുന്നു പലർക്കും. വളരെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതികരണങ്ങൾ. പക്ഷേ ഞാൻ ആ കമന്റുകൾ നോക്കി ഇരുന്നില്ല. അങ്ങനെ ഇരുന്നെങ്കിൽ ഇവിടെ എത്തില്ലായിരുന്നു. നമുക്ക് ഇഷ്ടമുള്ളത് ചെയ്യുക. അത് ഇഷ്ടപ്പെടുന്ന ഒരു കൂട്ടം ആളുകൾ എവിടെയെങ്കിലും കാണും. അങ്ങനെ ഒരിടത്ത് എത്തിപ്പെടുന്നതു വരെ കഷ്ടപ്പെടുക.
∙ സ്വയം എങ്ങനെ വിലയിരുത്തുന്നു ?
എനിക്ക് വലിയ കഴിവുകൾ ഒന്നും ഇല്ല. ആകെ ഉള്ളത് എത്ര വേണമെങ്കിലും സംസാരിക്കുന്ന ഒരു നാവ് ആണ്. ബാക്കിയെല്ലാം ഞാൻ കഷ്ടപ്പെട്ടു നേടിയെടുക്കുകയാണ്. ബംപർ ചിരിയിൽ നൃത്തം ചെയ്യേണ്ടി വരുന്നു, സ്കിറ്റ് അവതരിപ്പിക്കേണ്ടി വരുന്നു. അങ്ങനെ ഓരോ സമയത്തും ഓരോ കഴിവുകള്‍ ആവശ്യമായി വരുന്നു. അതു നേടിയെടുക്കാൻ എത്ര അധ്വാനിക്കാനും എനിക്ക് മടിയില്ല. ഞാനൊരു കഠിനാധ്വാനിയാണ്.
∙ സ്വപ്നം
ഇന്ത്യയെ പ്രതിനിധീകരിച്ച് ഒരു വേദിയിൽ നിൽക്കണം എന്നാണ് സ്വപ്നം. ഞാൻ പറയുന്നതു കേൾക്കുമ്പോൾ തമാശയായി തോന്നിയേക്കാം. കറങ്ങിത്തിരിഞ്ഞ് ഒരിക്കൽ എന്റെ സ്വപ്നത്തിലേക്ക് എത്തുക തന്നെ ചെയ്യും. സ്വപ്നം കാണാൻ ധൈര്യപ്പെടുക.
∙ കുടുംബം
തിരുവനന്തപുരം ചെല്ലമംഗലം സ്വദേശിയാണ്. എന്റെ അച്ഛൻ സുരേഷ് ബാബു. അമ്മ മോളി. അപ്പൂപ്പൻ, അമ്മൂമ്മ, അമ്മൂമ്മയുടെ സഹോദരി എന്നിവർ ഉൾപ്പെടുന്നതാണ് കുടംബം.
∙ പ്രേക്ഷകരോട്
എന്നെ സ്വീകരിച്ചതിന് നന്ദി. നിങ്ങളെ സന്തോഷിപ്പിക്കാനായി ഓരോ ദിവസവും പുതിയതായി എന്തെങ്കിലും ഒന്ന് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. അതിനായി കഠിനമായി പ്രയത്നിക്കുമെന്ന് ഉറപ്പ് നൽകുന്നു. നിങ്ങളുടെ പിന്തുണയും സ്നേഹവും ഇനിയും തുടരുക.
English Summary : Bumper Chiri anchor Karthik Surya about his life and career