ഒരേയൊരു സുഷ്, ഒട്ടേറെ കാമുകന്മാർ; പണത്തിനു വേണ്ടിയല്ല ലളിത് മോദിയെ സുസ്മിത പ്രണയിച്ചത്!
ഏതാണ്ട് 11 പേർ സുസ്മിതയുടെ കാമുകന്മാർ എന്ന പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എങ്കിലും സംവിധായകൻ വിക്രംഭട്ടുമായുള്ള സുസ്മിതയുടെ ബന്ധമാണ് ഏറെ വിവാദമുണ്ടാക്കിയത്. വിക്രംഭട്ട് അന്നു വിവാഹിതനായിരുന്നുവെന്നതാണ് കോലാഹലങ്ങൾക്കു കാരണമായത്......
ഏതാണ്ട് 11 പേർ സുസ്മിതയുടെ കാമുകന്മാർ എന്ന പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എങ്കിലും സംവിധായകൻ വിക്രംഭട്ടുമായുള്ള സുസ്മിതയുടെ ബന്ധമാണ് ഏറെ വിവാദമുണ്ടാക്കിയത്. വിക്രംഭട്ട് അന്നു വിവാഹിതനായിരുന്നുവെന്നതാണ് കോലാഹലങ്ങൾക്കു കാരണമായത്......
ഏതാണ്ട് 11 പേർ സുസ്മിതയുടെ കാമുകന്മാർ എന്ന പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എങ്കിലും സംവിധായകൻ വിക്രംഭട്ടുമായുള്ള സുസ്മിതയുടെ ബന്ധമാണ് ഏറെ വിവാദമുണ്ടാക്കിയത്. വിക്രംഭട്ട് അന്നു വിവാഹിതനായിരുന്നുവെന്നതാണ് കോലാഹലങ്ങൾക്കു കാരണമായത്......
‘‘ഡയമണ്ട് വാങ്ങിത്തരാനായി എനിക്കൊരു പുരുഷനെ ആവശ്യമില്ല. എനിക്കതു സ്വന്തമായി വാങ്ങാവുന്നതേയുള്ളൂ’’, സുസ്മിത സെൻ ഇതു പറഞ്ഞിട്ട് രണ്ടു ദശാബ്ദം പിന്നിട്ടു. പക്ഷേ 46–ാം വയസ്സിലും അവിവാഹിതയായി തുടരുന്ന സുസ്മിതയ്ക്കിനി സ്വന്തം നിലയ്ക്കു വൈരമാലയും രത്നക്കല്ലുകളും വാങ്ങാനാകുമോ? നാട്ടിലെ പുതിയ പ്രണയജോടികളെന്നു മാധ്യമങ്ങൾ ആഘോഷിച്ച വാർത്തയ്ക്കു പിന്നാലെ നാട്ടുകാർ ചർച്ചചെയ്തത് ഇതായിരുന്നു. ഐപിഎൽ വിവാദനായകനായ ലളിത് മോഡി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച ചില ചിത്രങ്ങൾ അതിവേഗമാണ് വൈറലായത്. സുസ്മിത തന്റെ പങ്കാളിയാണെന്നും പുതിയൊരു ജീവിതത്തിന്റെ തുടക്കമാണിതെന്നും ആവേശത്തിരതള്ളലോടെ സമൂഹ മാധ്യമത്തിൽ കുറിച്ച ലളിത് മോദി, തുടർപോസ്റ്റിൽ തങ്ങൾ വിവാഹിതരായിട്ടില്ലെന്നും അതും ഉടൻ ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു. ലളിത് മോദിയും സുസ്മിതയും പ്രണയത്തിലാണോ എന്നതിനേക്കാൾ സമ്പന്നനായ മധ്യവയസ്കനെ ചൂഷണം ചെയ്യാനൊരുങ്ങുന്ന ജോലിയില്ലാത്ത താരസുന്ദരിയെന്നു സുസ്മിതയ്ക്കു നേരെ വിരൽചൂണ്ടുകയായിരുന്നു ഏറെപ്പെരും. ‘ഗോൾഡ് ഡിഗ്ഗർ’ (Gold Digger) എന്ന് സുസ്മിതയെ ആക്ഷേപിക്കാൻ അൽപം പോലും താമസമുണ്ടായില്ല. പണം നോക്കി പ്രണയം തിരഞ്ഞെടുക്കുന്ന സ്ത്രീയെന്ന മുൻവിധിയുണ്ടാകേണ്ട വ്യക്തിയല്ല സുസ്മിത സെൻ. അവരുടെ മുൻകാല തിരഞ്ഞെടുപ്പുകളിൽ നിന്നും ജീവിതത്തിൽ നിന്നും ആർക്കും ഏറ്റവുമെളുപ്പം മനസ്സിലാക്കാനാകുന്നത് അവരുടെ തീരുമാനങ്ങളിലെ ഉറപ്പാണ്. എന്നിട്ടും സുസ്മിതയ്ക്കെതിരെ വെർച്വൽ പൊങ്കാലയുണ്ടാകാനുള്ള കാരണം ഒന്നേയുള്ളൂ – അവരുടെ ജീവിതത്തിലുണ്ടായിട്ടുള്ള പല പുരുഷൻമാർ. 24–ാം വയസ്സിൽ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ച വ്യക്തിയാണ് സുസ്മിത. ഇപ്പോൾ രണ്ടു മക്കൾ. സുസ്മിതയുടെ കാമുകനെന്ന പേരിൽ പത്തോളം പേരെങ്കിലും ഇതുവരെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. സൗഹൃദം, പ്രണയം, മക്കൾ... സുസ്മിതയുടെ അസാധാരണമായ ആ ജീവിതത്തിലൂടെ ഒരു യാത്ര...
∙ ഒരേയൊരു സുഷ്! കാമുകന്മാർ ഒട്ടേറെ
വിശ്വസുന്ദരിയെന്നാൽ ഇന്ത്യക്കാർക്കു മുന്നിൽ എന്നും ഒരു പേരാണ്– സുസ്മിത സെൻ. 19–ാം വയസ്സിൽ സുസ്മിത ആദ്യമായി ഈ കിരീടം രാജ്യത്തെത്തിച്ചതിനു ശേഷം പലരും ഈ സൗന്ദര്യപ്പട്ടം വീണ്ടെടുത്തിട്ടുണ്ട്. പക്ഷേ സുസ്മിതയെപ്പോലെ ആ കിരീടത്തിനു തന്നെ അലങ്കാരമായി മാറിയവർ മറ്റാരുമില്ല! ഫിലിപ്പീൻസിലെ വേദിയിൽ 1994ൽ മിസ് യൂണിവേഴ്സ് കീരിടത്തിന് തിളക്കമേകിയത് വെറും സൗന്ദര്യമല്ല, ബുദ്ധിയും അഴകും ഒത്തുചേരുന്ന സൗന്ദര്യ സമവാക്യമാണ് ‘സുഷ്’.
വിശ്വസുന്ദരിപ്പട്ടത്തിനു ശേഷം സുസ്മിതയുടെ സവിശേഷമായ വ്യക്തിത്വവും മികച്ച നിലപാടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടെങ്കിലും മാധ്യമങ്ങൾക്കു സുഷ് വാർത്താതാരമായത് അവരുടെ പ്രണയബന്ധങ്ങളുടെ പേരിലായിരുന്നു. നടൻ രൺദീപ് ഹൂഡ, ബിസിനസുകാരായ സഞ്ജയ് നാരംഗ്, ഹോട്ട്മെയിൽ സംരംഭകൻ സബീർ ഭാട്യ, റിതിക് ബാസിൻ, ഇംതിയാസ് ഖത്രി തുടങ്ങി ക്രിക്കറ്റർ വാസിം അക്രം ഉൾപ്പെടെ ഏതാണ്ട് 11 പേർ സുസ്മിതയുടെ കാമുകന്മാർ എന്ന പേരിൽ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എങ്കിലും സംവിധായകൻ വിക്രംഭട്ടുമായുള്ള സുസ്മിതയുടെ ബന്ധമാണ് ഏറെ വിവാദമുണ്ടാക്കിയത്. വിക്രംഭട്ട് അന്നു വിവാഹിതനായിരുന്നുവെന്നതാണ് കോലാഹലങ്ങൾക്കു കാരണമായത്. 1996ൽ സുഷിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ദസ്തക്’ സംവിധാനം ചെയ്തത് വിക്രം ആയിരുന്നു. അന്നു തുടങ്ങിയ പ്രണയം വിക്രം ഭട്ടിന് ഒട്ടേറെ പ്രശ്നങ്ങളുമുണ്ടാക്കി. പക്ഷേ ഈ ബന്ധം ഏറെനാൾ നീണ്ടില്ല.
ഓരോ തവണ കാമുകൻമാർ മാറിയപ്പോഴും സുസ്മിത സെൻ മാധ്യമങ്ങളുടെ നോട്ടപ്പുള്ളിയായി. പക്ഷേ വിമർശനങ്ങൾക്കു മുന്നിൽ പതറുന്ന സ്ത്രീയായിരുന്നില്ല സുഷ്. ഓരോ തവണയും പ്രണയത്തെ അവർ ആഘോഷമാക്കി. പ്രണയനിമിഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചു. ഏതാണ്ട് ആറു മാസം മുൻപു വരെ സുസ്മിതയുടെ കാമുകൻ, മോഡലായ റൊഹ്മാൻ ഷാൾ ആയിരുന്നു. മൂന്നു വർഷത്തെ കടുത്ത പ്രണയത്തിനു പിന്നാലെ കഴിഞ്ഞ ഡിസംബറിലാണ് പരസ്പരം വേർപിരിഞ്ഞ വിവരം സുസ്മിത സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. ഒരു ഫാഷൻഷോയിൽ കണ്ടുമുട്ടിയ റൊഹ്മാനുമായി സുസ്മിത പെട്ടെന്നു തന്നെ അടുക്കുകയായിരുന്നു. തുടർന്നുള്ള മൂന്നു വർഷം സുഷിനും മക്കൾക്കുമൊപ്പം താമസിക്കുകയും ഒന്നിച്ചു യാത്രകൾ ചെയ്യുകയും അതിന്റെ ചിത്രങ്ങൾ പങ്കിടുകയും ചെയ്തിരുന്നു രണ്ടാളും. സുസ്മിതയുടെ കുടുംബത്തിലെ ചടങ്ങുകളിൽ വരെ റൊഹ്മാൻ നിത്യസാന്നിധ്യമായിരുന്നതോടെ ഈ പ്രണയം വിവാഹത്തിലെത്തുമെന്ന തോന്നലുണ്ടാക്കിയിരുന്നു.
മൂന്നു വർഷം നീണ്ട ഈ ബന്ധത്തിനിടെയും സുസ്മിതയെ വിമർശിക്കാനാളുണ്ടായിരുന്നു. നാൽപതുകാരിക്ക് പകുതിപോലും പ്രായമില്ലാത്ത കാമുകൻ എന്ന അസ്വസ്ഥതയായിരുന്നു അതിനു പിന്നിൽ. സമൂഹ മാധ്യങ്ങളിലൂടെ പ്രണയം നിറഞ്ഞാഘോഷിച്ച സുഷും റൊഹ്മാനും ഇതു കാര്യമാക്കിയതുമില്ല. ബന്ധം അവസാനിപ്പിച്ചതിനു ശേഷവും ഇരുവരും സൗഹൃദം തുടരുന്നു.
∙ കൂടുതൽ ബന്ധങ്ങൾ, കൂടുതൽ വളർച്ച
വിശ്വസുന്ദരി കിരീടം നേടിയതിന്റെ അഞ്ചാം വർഷം സുസ്മിതയുമായി നടത്തിയ അഭിമുഖത്തിൽ അവതാരകയായ സിമി ഗരേവാൾ ചോദിച്ചു, ‘‘കയ്യിലെ വലിയ വൈരക്കൽ മോതിരം ആരു നൽകിയതാണ്?’’ നിറഞ്ഞ ചിരിയോടെയായിരുന്നു സുസ്മിതയുടെ ഉത്തരം. ‘‘ഇത് എനിക്കു വേണ്ടി അമ്മ വാങ്ങിയതാണ്. എനിക്ക് ഡയമണ്ട് വാങ്ങിത്തരാനായി ഒരു പുരുഷന്റെ ആവശ്യമില്ല. പക്ഷേ ഇതിനൊരു ഗുണമുണ്ട്. ചില പുരുഷന്മാർക്ക് ഇതു കാണുമ്പോൾ ഭയമുണ്ടാകും. അവർക്ക് രണ്ടിലൊന്ന് തിരഞ്ഞെടുക്കാം – ഒന്നുകിൽ ഈ ഡയമണ്ടിന്റെ വലുപ്പം, അല്ലെങ്കിൽ എന്റെ ഹൃദയത്തിന്റേത്.’’
കാമുകന്മാരെ മാറുന്നതിനെക്കുറിച്ചുള്ള വിവാദങ്ങൾക്കും സുഷ് അന്നു വിശദീകരണം നൽകി– ‘‘ആദ്യകാലത്ത് ബോയ്ഫ്രണ്ടിനെ കണ്ടെത്താനുള്ള തിരക്കിലായിരുന്നു ഞാൻ. ഒട്ടേറെപ്പേരെ ഡേറ്റ് ചെയ്തു. പിന്നീട് സ്വാഭാവികമായും ഭർത്താവാക്കാൻ പറ്റിയയാളെ തേടുകയായിരുന്നു. പിന്നീട് എന്റെ മക്കൾക്ക് അച്ഛനായിരിക്കാൻകൂടി കഴിയുന്ന ഒരാളെയായി.
എത്ര കൂടുതൽ ബന്ധങ്ങളിൽ നിങ്ങളെത്തുന്നുവോ, അത്രയും നിങ്ങൾ ബന്ധങ്ങളിൽ വളരുന്നു. എന്റെ ജീവിതത്തിൽ ഇത്രയും മികച്ച പുരുഷന്മാരുണ്ടായതിൽ ഞാൻ നന്ദിയുള്ളവളാണ്. അവരെല്ലാം കൃത്യസമയത്ത് ഇറങ്ങിപ്പോകുകയും എന്നെ വളരാൻ സഹായിക്കുകയും ചെയ്തു. അവരെല്ലാം നല്ല വ്യക്തികളായിരുന്നു, പക്ഷേ എനിക്ക് നല്ലതിനായിരുന്നില്ലെന്നു മാത്രം.’’– സുസ്മിത തുറന്നു പറഞ്ഞു.
∙ രണ്ടു ദത്തുമക്കൾ: സുസ്മിതയെന്ന സ്നേഹപ്രപഞ്ചം
24–ാം വയസ്സിൽ ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചപ്പോൾ മാതാപിതാക്കൾക്കുൾപ്പെടെ എതിർപ്പുണ്ടായിരുന്നുവെന്ന് സുസ്മിത വെളിപ്പെടുത്തിയിട്ടുണ്ട്. ‘‘എന്റെ ആഗ്രഹം യഥാർഥ ജീവിതത്തിൽ എളുപ്പമുള്ളതാകില്ല എന്നു പറഞ്ഞു അമ്മയും അച്ഛനും. വിവാഹം കഴിക്കാത്ത മകൾ കുഞ്ഞിനെ ദത്തെടുക്കുന്നത് ഒട്ടും യോജിക്കാനാകുന്നതായിരുന്നില്ല അവർക്ക്. പക്ഷേ എന്റെ തീരുമാനത്തിന്റെ ഉറപ്പ് അവർക്കറിയാം, അതുകൊണ്ട് അവർ കൂടെനിന്നു’’.
14 അനാഥാലയങ്ങളിൽ കയറിയിറങ്ങിയിട്ടും സുസ്മിതയെന്ന അവിവാഹിതയായ യുവതിക്ക് ദത്തുനൽകാൻ തയാറായിരുന്നില്ല സ്ഥാപനങ്ങൾ. വിശ്വസുന്ദരിപ്പട്ടം നേടിയ താരം കൂടുതൽ പ്രശസ്തി ആഗ്രഹിച്ചു നടത്തുന്ന പ്രഹസനമായിരുന്നു ദത്തെടുക്കൽ എന്ന മുൻവിധിയായിരുന്നു അവർക്ക്. പിന്നീട് കോടതിക്കു മുന്നിലെത്തിയാണ് കുഞ്ഞിനെ സുസ്മിത സ്വന്തമാക്കിയത്. ഇതേക്കുറിച്ച് പിന്നീട് സുസ്മിത പറഞ്ഞതിങ്ങനെ, ‘‘എനിക്കു പ്രശസ്തി വേണമെങ്കിൽ ഏതെങ്കിലും മാഗസിനിൽ അഭിമുഖം നൽകി കവർപേജ് ചിത്രമായാൽ മതി. അതിനു വേണ്ടി ജീവിതകാലത്തേക്കു മുഴുവനായുള്ള ഒരു ചുമതല ഏറ്റെടുക്കേണ്ടതില്ലല്ലോ.’’
അന്ന് റെനെ എന്ന അസുഖക്കാരിയായ കുഞ്ഞിനെ ദത്തെടുക്കുമ്പോൾ താനൊരു നല്ല അമ്മയാകുമെന്ന് ഉറപ്പായിരുന്നു സുസ്മിതയ്ക്ക്. സംശയമുനകൾ ഉയർത്തിയ ലോകത്തിനും പിന്നീട് ആ അമ്മമനസ്സിനെ അംഗീകരിക്കേണ്ടി വന്നു. പിന്നീട് 10 വർഷം കഴിഞ്ഞ് രണ്ടാമത്തെ മകൾ അലീഷയ്ക്കായും സുസ്മിത സെൻ കോടതിയിലെത്തി. ഒരു പെൺകുഞ്ഞിനെ ദത്തെടുത്തയാൾക്കു വീണ്ടുമൊരു പെൺകുഞ്ഞിനെ ദത്തുനൽകുന്നതിലെ നൂലാമാലകൾ നീക്കാനായിരുന്നു അന്നത്തെ നിയമയുദ്ധം. ഇന്ന് ഇരുപത്തിരണ്ടുകാരിയാണ് റെനെ സെൻ. പതിമൂന്നുകാരിയാണ് അലീഷ. രണ്ടു പെൺമക്കളുടെ പരിധികളില്ലാത്ത സ്നേഹപ്രപഞ്ചത്തിന്റെ ഉടമയാണ് 46കാരിയായ സുസ്മിത. ജീവിതത്തിൽ എത്ര പുരുഷൻമാർ കയറിയിറങ്ങിയാലും മാറ്റമില്ല ഈ അമ്മ – മക്കൾ ബന്ധത്തിന്.
കഴിഞ്ഞമാസം നടിയും എഴുത്തുകാരിയുമായ ട്വിങ്കിൾ ഖന്നയുടെ അഭിമുഖത്തിൽ സുസ്മിതയുടെ വാക്കുകൾക്ക് കുറെക്കൂടി വ്യക്തതയുണ്ടായിരുന്നു. ‘‘എന്റെ പ്രണയബന്ധങ്ങൾക്കു മക്കൾ തടസ്സമായിട്ടില്ല. എന്നു മാത്രമല്ല എന്റെ ജീവിതത്തിലെ പുരുഷന്മാരെ ബഹുമാനത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കാനും അവർ തയാറായിട്ടുണ്ട്. 24–ാം വയസ്സിൽ റെനെയുടെ അമ്മയാകുമ്പോൾ ഞാൻ പ്രതീക്ഷിച്ചിരുന്നില്ല ഈ 46–ാം വയസ്സിലും ഞാൻ അവിവാഹിതയായിരിക്കുമെന്ന്. പക്ഷേ അതിനു തടസ്സമായത് മക്കളല്ല’’.
∙ സ്വയം നഷ്ടപ്പെടുത്തിയാൽ പിന്നെന്ത് ?
‘ഖുദ് ഘോ ഗയാതോ, ക്യാ പായാ’ സ്വയം നഷ്ടപ്പെടുത്തിയാൽ പിന്നെ എന്തു നേടിയിട്ട് എന്തുണ്ടു കാര്യം. ഇതാണ് തന്റെ ജീവിതമന്ത്രമെന്നു പറഞ്ഞിട്ടുണ്ട് സുസ്മിത സെൻ. ‘‘എന്റെ ജീവിതത്തിന്റെ അടിസ്ഥാനമിതാണ്. സ്വയം സത്യസന്ധയായിരിക്കാനും മനസ്സിലുള്ളതു തുറന്നു പറയാനും അത് അതിമനോഹരമായി പറയാനും കഴിയണമെന്നാണ് എന്റെ ആഗ്രഹം. പ്ലാസ്റ്റിക് സർജറിയായാലും എന്റെ ജീവിതത്തിലെ പുരുഷൻമാരെക്കുറിച്ചായായാലും അതു അവിഹിതബന്ധമാണെങ്കിലും തുറന്നുപറഞ്ഞിട്ടുണ്ട് ഞാൻ’’
മൂന്നു തവണയെങ്കിലും വിവാഹത്തിനടുത്തു വരെ എത്തിയിരുന്നു താനെന്ന് സുസ്മിത വ്യക്തമാക്കുന്നു. ‘‘വിവാഹത്തോടടുത്തെത്തിയ മൂന്ന് അവസരങ്ങളിലും തെറ്റായ തീരുമാനത്തിൽനിന്നു പിൻവാങ്ങാനായി. മൂന്നു തവണയും ദൈവം എന്നെ രക്ഷിച്ചു. പിന്നീട് ആ പുരുഷന്മാരുടെ വ്യക്തിജീവിതത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ച് എനിക്കു നിങ്ങളോടു പറയാനാകില്ല. പക്ഷേ അതെല്ലാം എന്റെ കാര്യത്തിൽ ദൈവത്തിന്റെ രക്ഷപ്പെടുത്തലായിരുന്നു. എന്റെ രണ്ടു മക്കളുടെമേൽ ദൈവത്തിന്റെ രക്ഷയുണ്ട്, അതുകൊണ്ടു തന്നെ എനിക്ക് എന്നെ നല്ലതല്ലാത്തൊരു ബന്ധത്തിൽ ഉൾപ്പെടുത്താനാകില്ല’’. ഏതാണ്ട് രണ്ടാഴ്ച മുമ്പാണ് നടി ട്വിങ്കിൾ ഖന്നയുടെ ‘ട്വീക്ക് ഇന്ത്യ’ യുട്യൂബ് ചാനലിലൂടെ സുസ്മിത ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.
സമൂഹമാധ്യത്തിലൂടെ ഐപിഎൽ വിവാദവ്യക്തി ലളിത് മോദി സുസ്മിതയെ പങ്കാളിയെന്നു വിശേഷിപ്പിച്ചു നടത്തിയ വെളിപ്പെടുത്തൽ ഇതുവരെയും നടി സ്ഥിരീകരിച്ചിട്ടില്ല. അപ്രതീക്ഷിത പോസ്റ്റിനു പിന്നാലെയുയർന്ന വിവാദം സുസ്മിതയെ അസ്വസ്ഥതപ്പെടുത്തിയിരിക്കുന്നു എന്നുറപ്പ്. പിറ്റേന്ന് അവർ സമൂഹമാധ്യത്തിൽ പങ്കുവച്ച കുറിപ്പിൽ വിവാഹമില്ലെന്നും വിവാഹമോതിരമില്ലെന്നും വ്യക്തമാക്കുന്നു. ‘പരിധിയില്ലാത്ത സ്നേഹത്താൽ വലയം ചെയ്യപ്പെട്ടിരിക്കുകയാണ് ഞാൻ’ എന്നെഴുതിയ പോസ്റ്റിനൊപ്പം മക്കളുമൊത്തുള്ള ചിത്രമാണ് സുഷ് നൽകിയിരിക്കുന്നത്. ലളിത് മോദിയെക്കുറിച്ചുള്ള പരാമർശങ്ങളുമില്ല. ‘‘ഇതിൽ കൂടുതൽ വിശദീകരണം ആവശ്യമില്ല. ഞാനിനി ജോലിയിലേക്കും ജീവിതത്തിലേക്കും മടങ്ങുന്നു. എന്റെ സന്തോഷത്തിൽ പങ്കുചേരുന്നവർക്കു നന്ദി. മറ്റുള്ളവരോടു പറയാൻ ഒന്നേയുള്ളൂ –NOYB (നൺ ഓഫ് യുവർ ബിസിനസ്).’
മനസ്സിലുള്ളതു തുറന്നുപറഞ്ഞു ശീലിച്ചിട്ടുള്ള സുസ്മിത സെൻ പണത്തിനു വേണ്ടി മാത്രം ലളിത് മോദിയെ പ്രണയിക്കാൻ വഴിയില്ലെന്നുറപ്പാണ് ആരാധകർക്ക്. എഴുത്തുകാരി തസ്‌ലീമ നസ്‌റിൻ പറയുന്നതു പോലെ ‘ഒരുപക്ഷേ അവർ ലളിത് മോദിയിൽ യഥാർഥ പ്രണയം കണ്ടെത്തിയിരിക്കാം. പക്ഷേ അതു വിശ്വസിക്കാനെനിക്ക് ആഗ്രഹമില്ല’. സുസ്മിതയ്ക്കു ചേരുന്നയാളാണോ ലളിത് മോദി? കഴിഞ്ഞദിവസത്തെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ അയാൾ പ്രണയം പങ്കുവച്ച രീതി കണ്ടതിലൂടെ മാത്രം സുഷിന്റെ ആരാധകർ പറയുന്നു, ‘‘ഷി ഡിസർവ്സ് ബെറ്റർ!’’
English Summary: Love, Relations, Controversies..The Life of Sushmita Sen