ഓണം കുടുംബത്തോടൊപ്പം; ജീവിതത്തിൽ അവശേഷിക്കുക മനോഹരമായ ഓർമകൾ: ജയസൂര്യ
നമുക്ക് ഇഷ്ടപ്പെട്ട സ്ഥലത്തുനിന്ന് സദ്യ ഓർഡർ ചെയ്തു വരുത്താനാകുന്ന കാലമാണിത്. മിക്ക വീട്ടിലും ഇപ്പോൾ അങ്ങനെയായിരിക്കാം. അവിടെ ഒരു പ്രധാന നഷ്ടം സംഭവിക്കുന്നു. സദ്യ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒത്തുചേരൽ....
നമുക്ക് ഇഷ്ടപ്പെട്ട സ്ഥലത്തുനിന്ന് സദ്യ ഓർഡർ ചെയ്തു വരുത്താനാകുന്ന കാലമാണിത്. മിക്ക വീട്ടിലും ഇപ്പോൾ അങ്ങനെയായിരിക്കാം. അവിടെ ഒരു പ്രധാന നഷ്ടം സംഭവിക്കുന്നു. സദ്യ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒത്തുചേരൽ....
നമുക്ക് ഇഷ്ടപ്പെട്ട സ്ഥലത്തുനിന്ന് സദ്യ ഓർഡർ ചെയ്തു വരുത്താനാകുന്ന കാലമാണിത്. മിക്ക വീട്ടിലും ഇപ്പോൾ അങ്ങനെയായിരിക്കാം. അവിടെ ഒരു പ്രധാന നഷ്ടം സംഭവിക്കുന്നു. സദ്യ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒത്തുചേരൽ....
ഓണം കുടുംബത്തോടൊപ്പമാകണമെന്ന് മലയാളികളുടെ പ്രിയതാരം ജയസൂര്യയ്ക്ക് നിർബന്ധമാണ്. അങ്ങനെ ചെലവിടുന്ന ആ നല്ല നിമിഷങ്ങൾ ഓർമകളായി എന്നും കൂടെയുണ്ടാകും. മക്കൾക്കും ഭാര്യയ്ക്കും മാതാപിതാക്കൾക്കും വേണ്ടി ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം അതാണെന്നും ജയസൂര്യ വിശ്വസിക്കുന്നു. അതുകൊണ്ട് ഓരോ ഓണവും ജയസൂര്യയും കുടുംബവും പരമാവധി ആഘോഷിക്കുന്നു. വീണ്ടുമൊരു ഓണക്കാലമെത്തുമ്പോൾ തന്റെ ഓണവിശേഷങ്ങള്‍ ജയസൂര്യ മനോരമ ഓൺലൈൻ വായനക്കാരോട് പങ്കുവയ്ക്കുന്നു.
∙ ഓണം കുടുംബത്തോടൊപ്പം
ഇത്തവണയും ഓണം കുടുംബത്തോടൊപ്പം ആയിരിക്കും. ഓണനാളുകളിൽ ഷൂട്ടിങ് ഉണ്ടെങ്കിൽ എന്നെ ഒഴിവാക്കണമെന്നു നേരത്തേ ആവശ്യപ്പെടാറുണ്ട്. എന്നിട്ടും ഒഴിവാകാനാകാത്ത സാഹചര്യമാണെങ്കിൽ കുടുംബത്തെ സെറ്റിലേക്ക് വരുത്തി അവരോടൊപ്പം ഓണം ആഘോഷിക്കും.
മക്കൾ മുതിർന്നു വരികയാണ്. ജീവിതത്തിൽ സൂക്ഷിക്കാന്‍ അവശേഷിക്കുക മനോഹരമായ ഓർമകൾ മാത്രമാകും. ഇത്തരം ആഘോഷവേളകളിലാണ് ഒന്നിച്ചു ചെലവഴിക്കാന്‍ കൂടുതൽ സമയം കിട്ടുന്നത്. അതു പിന്നീട് നല്ല ഓർമകളായി സൂക്ഷിക്കാം.
‘എടാ അച്ഛനെക്കുറിച്ച് ഓർക്കുമ്പോൾ നിന്റെ മനസ്സിൽ പെട്ടെന്ന് എന്താണു വരുന്നതെ’ന്നു ഞാൻ ചിലപ്പോഴൊക്കെ മക്കളോടു ചോദിക്കാറുണ്ട്. അവർക്കു വില കൂടിയ വിഡിയോ ഗെയിമോ കംപ്യൂട്ടറോ വാങ്ങിക്കൊടുത്തത് തൊട്ടു മുമ്പത്തെ ആഴ്ചയിലായിരിക്കും. അവർ അതുപറയും എന്നാണ് ഞാൻ കരുതുക. പക്ഷേ അച്ഛന്റെ ഒപ്പം അന്ന് വൈകുന്നേരം ഡ്രൈവിനു പോയില്ലേ, അല്ലെങ്കിൽ അന്നത്തെ ഓണത്തിന് നമ്മൾ ഇങ്ങനെ ചെയ്തില്ലേ എന്നൊക്കെയായിരിക്കും അവരുടെ മറുപടി. അതു കേട്ട് ഞാൻ അദ്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ മക്കൾ മാത്രമല്ല എല്ലാ മക്കളും നമുക്കൊപ്പമുള്ള ജീവിതത്തിലെ മനോഹര നിമിഷങ്ങളായിരിക്കും ഓർത്തെടുക്കുക. നമ്മൾ വാങ്ങിക്കൊടുക്കുന്ന സാധനങ്ങൾ താൽകാലിക ആനന്ദം മാത്രമേ നൽകൂ. എന്നാൽ നമ്മൾ സമ്മാനിക്കുന്ന നല്ല നിമിഷങ്ങൾ അവരുടെ ഓർമകളിൽ എന്നുമുണ്ടാകും. നമ്മുടെ സമയം മാതാപിതാക്കൾക്കും ഭാര്യയ്ക്കും മക്കൾക്കും വേണ്ടി ചെലവഴിക്കുക എന്നതാണ് നമുക്ക് ചെയ്യാനാവുന്ന ഏറ്റവും നല്ല കാര്യം.
∙ ഓണസദ്യ
നമുക്ക് ഇഷ്ടപ്പെട്ട സ്ഥലത്തുനിന്ന് സദ്യ ഓർഡർ ചെയ്തു വരുത്താനാകുന്ന കാലമാണിത്. മിക്ക വീട്ടിലും ഇപ്പോൾ അങ്ങനെയായിരിക്കാം. അവിടെ ഒരു പ്രധാന നഷ്ടം സംഭവിക്കുന്നു. സദ്യ ഉണ്ടാക്കുമ്പോൾ ഉണ്ടാകുന്ന ഒത്തുചേരൽ. സദ്യ ഉണ്ടാക്കുന്നതിൽ എല്ലാവരും ഭാഗമാകുമ്പോഴേ അതുണ്ടാകൂ. അല്ലാതെ ഭാര്യയോ അമ്മയോ ഒറ്റയ്ക്ക് അടുക്കളയിൽ കഷ്ടപ്പെടുകയും ബാക്കിയുള്ളവർ ടിവിയുടെ മുന്നിലോ മൊബൈലിലോ സമയം കളയുകയും ചെയ്യുന്നതിനോട് യോജിപ്പില്ല.
വീട്ടിൽ ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്. എന്റെ അമ്മയുടെ സാമ്പാർ എനിക്ക് ഒരുപാടിഷ്ടമാണ്. എന്റെ ഭാര്യ സരിത ഗംഭീരമായി പാചകം ചെയ്യും. അവൾ എന്തുണ്ടാക്കിയാലും എനിക്ക് ഇഷ്ടമാണ്. സരിതയുടെ പരിപ്പുകറി എടുത്തു പറയേണ്ടതാണ്. അവളുടെ പായസവും മികച്ചതാണ്.
∙ മാറുന്ന ഓണക്കാലം
എന്റെ ജീവിതത്തിലെ എല്ലാ ഘട്ടത്തിലും കഴിയുന്നതുപോലെ ഭംഗിയായി ഓണം ആഘോഷിച്ചിരുന്നു. പറമ്പിൽ ഓടിക്കളിച്ച് പൂക്കൾ പറിച്ച് പൂക്കളം ഉണ്ടാക്കിയിരുന്ന കുട്ടിക്കാലത്തെ ഓണക്കാലം എനിക്ക് പ്രിയപ്പെട്ടതാണ്. അന്നത്തെ ജീവിത സാഹചര്യത്തിനനുസരിച്ചാണ് അന്ന് ഓണം ആഘോഷിച്ചിരുന്നത്. ജീവിത സൗകര്യവും പ്രകൃതിയും മാറുന്നതിനനുസരിച്ച് നമ്മുടെ ഓണവും മാറും. ഇന്നും തൊടിയിലെ പൂക്കൾ പറിച്ച് പൂക്കളമിട്ട് ഓണം ആഘോഷിക്കുന്നവരുണ്ട്. ഞാൻ മിമിക്രിക്കാരനായിരുന്ന സമയത്ത് ചിലപ്പോൾ ഓണസദ്യ കഴിക്കാൻ വീട്ടിൽ എത്താനാവില്ല. അപ്പോൾ പരിപാടി നടക്കുന്ന സ്ഥലത്ത് എന്താണോ കിട്ടുന്നത് അത് കഴിക്കും. അതിലും ഓർക്കാൻ മധുരമുള്ള പലതുമുണ്ട്. പിന്നീട് സിനിമാതാരമായപ്പോൾ ചില ആഘോഷങ്ങൾ സെറ്റിലേക്ക് മാറി. ഇപ്പോഴുള്ള അവസ്ഥയിലും സന്തോഷമായി ഓണം ആഘോഷിക്കുന്നുണ്ട്. ഏതാണ് നല്ലത് എന്നു പറയാൻ കഴിയില്ല. എല്ലാം നല്ലതാണ്.
∙ ഞാൻ എന്നും ഹാപ്പി
എനിക്ക് സന്തോഷമായിരിക്കാൻ ഒരു ആഘോഷ ദിവസം വേണമെന്നില്ല. ഞാൻ ഒറ്റക്കിരിയ്ക്കുമ്പോഴും ആരുടെയെങ്കിലും ഒപ്പമിരിക്കുമ്പോഴും സന്തോഷവാനാണ്. സന്തോഷിക്കാൻ ഒരു കാരണം വേണമെന്നാണെങ്കിൽ, ആ കാരണം ഇല്ലാതാകുമ്പോൾ നമ്മുടെ സന്തോഷവും നശിക്കും. അതുകൊണ്ട് സന്തോഷിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.
English Summary: Actor Jayasurya on Onam celebration with family.