‘കാമില അച്ഛന്റെ ഭാര്യ മാത്രം, അമ്മയല്ല’: ഭിന്നത ‘പരസ്യമാക്കി’ വില്യം രാജകുമാരൻ? ഹാരിയും?
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജകുടുംബം വീണ്ടും മാധ്യമങ്ങളുടെയും ജനങ്ങളുടെയും നിരന്തര ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. രാജാവായി സ്ഥാനമേറ്റ ചാൾസിനെക്കാൾ ക്വീൻ കൊൺസോർട് ആയി മാറിയ കാമിലയെ കുറിച്ചാണ് കഥകളേറെയുമെന്നതാണ് കൗതുകകരം. കാമിലയും, ചാൾസിന്റെ മകനും അടുത്ത കിരീടാവകാശിയുമായി വില്യം
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജകുടുംബം വീണ്ടും മാധ്യമങ്ങളുടെയും ജനങ്ങളുടെയും നിരന്തര ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. രാജാവായി സ്ഥാനമേറ്റ ചാൾസിനെക്കാൾ ക്വീൻ കൊൺസോർട് ആയി മാറിയ കാമിലയെ കുറിച്ചാണ് കഥകളേറെയുമെന്നതാണ് കൗതുകകരം. കാമിലയും, ചാൾസിന്റെ മകനും അടുത്ത കിരീടാവകാശിയുമായി വില്യം
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജകുടുംബം വീണ്ടും മാധ്യമങ്ങളുടെയും ജനങ്ങളുടെയും നിരന്തര ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. രാജാവായി സ്ഥാനമേറ്റ ചാൾസിനെക്കാൾ ക്വീൻ കൊൺസോർട് ആയി മാറിയ കാമിലയെ കുറിച്ചാണ് കഥകളേറെയുമെന്നതാണ് കൗതുകകരം. കാമിലയും, ചാൾസിന്റെ മകനും അടുത്ത കിരീടാവകാശിയുമായി വില്യം
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജകുടുംബം വീണ്ടും മാധ്യമങ്ങളുടെയും ജനങ്ങളുടെയും നിരന്തര ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്. രാജാവായി സ്ഥാനമേറ്റ ചാൾസിനെക്കാൾ ക്വീൻ കൊൺസോർട് ആയി മാറിയ കാമിലയെ കുറിച്ചാണ് കഥകളേറെയുമെന്നതാണ് കൗതുകകരം. കാമിലയും, ചാൾസിന്റെ മകനും അടുത്ത കിരീടാവകാശിയുമായി വില്യം രാജകുമാരനുമായുള്ള ബന്ധം അത്ര സുഖകരമല്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. കാമിലയെ തന്റെ മക്കളുടെ മുത്തശ്ശിയായി കരുതാനാകില്ലെന്ന് വില്യം നയം വ്യക്തമാക്കിയത്രെ. ‘എന്റെ മക്കൾക്ക് രണ്ട് മുത്തശ്ശന്മാരുണ്ട്, ഒരു മുത്തശ്ശിയും,’ എന്ന് വില്യം പറഞ്ഞതായി വെളിപ്പെടുത്തിയിരിക്കുന്നത് കാമിലയുടെ ജീവചരിത്രകാരി ഏഞ്ജല ലെവിൻ ആണ്. അവർ രചിച്ച, ‘കാമില: ഫ്രം ഔട്ട്കാസ്റ്റ് ടു ക്വീൻ കൊൺസോർട്’ എന്ന കൃതിയാണ് രാജകുടുംബത്തിനുള്ളിലെ അന്തഛിദ്രങ്ങളുടെ പുതിയ കഥ പുറത്തുവിട്ടിരിക്കുന്നത്. ലോകത്ത് ഒരുപക്ഷേ ഏറ്റവുമധികം പുസ്തകങ്ങൾക്ക് വിഷയമായ കുടുംബമാകും ബ്രിട്ടിഷ് രാജകുടുംബം. ഓരോ വർഷവും കുടുംബത്തിലെ അംഗങ്ങൾ ആരെയെങ്കിലും വിഷയമാക്കി പുസ്തകം പുറത്തുവരും. അതോടെ വിവാദങ്ങൾക്കും തുടക്കമാകും. അതുകൊണ്ട് തന്നെ ഓരോ പുസ്തകങ്ങളുടെയും പിറവി രാജകുടുംബത്തിന് തലവേദനയാണ്. കൊട്ടാരത്തിലെ അംഗങ്ങളുമായി പലതവണ അഭിമുഖങ്ങൾ നടത്തുകയും ഹാരിയെ കുറിച്ച് അടക്കം മുൻപ് പുസ്തകങ്ങൾ രചിക്കുകയും ചെയ്ത ഏഞ്ജലയുടെ പുതിയ പുസ്തകത്തിൽ ഇത്തവണ കാമിലയാണ് നായിക. ഏഞ്ജലയാകട്ടെ കാമിലയോട് വ്യക്തമായ ഹൃദയൈക്യം പുലർത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ രാജകുടുംബത്തിലെ മറ്റ് അംഗങ്ങളിൽ പലരും ഏഞ്ജലയുടെ നോട്ടപ്പുള്ളികളായിട്ടുണ്ട്.
∙ കാമില ‘മുത്തശ്ശി’യല്ല
അതീവ ഹൃദ്യമായതല്ലെങ്കിലും ഏറെക്കുറെ ഊഷ്മളമായ ബന്ധമാണ് വില്യം രാജകുമാരനുമായി കാമിലയ്ക്ക് ഉണ്ടായിരുന്നതെന്നാണ് അടുത്ത കാലം വരെ കരുതപ്പെട്ടിരുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അതിനു നേരെ വിപരീതമായ ദിശയിലുള്ളതാണ്. തന്റെ മക്കളായ ജോർജ്, ഷാർലറ്റ്, ലൂയി എന്നിവർക്ക് രണ്ട് മുത്തശ്ശന്മാരും ഒരു മുത്തശ്ശിയുമേ ഉള്ളൂവെന്ന് പറഞ്ഞതിലൂടെ പിതാവായ ചാൾസ് രാജാവിനെയും ഭാര്യ കേറ്റ് മിഡിൽടന്റെ മാതാപിതാക്കളായ മൈക്കൽ മിഡിൽടൺ – കരോൾ എന്നിവരെയുമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തം. വില്യമിന്റെ മക്കൾക്ക് കേറ്റിന്റെ കുടുംബത്തോടാണ് അടുപ്പം കൂടുതലെന്നും പറയപ്പെടുന്നു. കാമിലയെ തന്റെ അച്ഛന്റെ ഭാര്യയായി മാത്രമേ താൻ കണക്കാക്കുന്നുള്ളൂ എന്നും വില്യം പറഞ്ഞതായാണ് ഏഞ്ജലയുടെ പുസ്തകത്തിലെ പരാമർശം.
ഡയാന രാജകുമാരിയുടെ മക്കളായ വില്യമിനും ഹാരിക്കും എക്കാലവും ഏറ്റവും പ്രിയപ്പെട്ടയാൾ അമ്മയായ ഡയാനയാണ്. ഏറ്റവും നോവുന്ന ഓർമയും അമ്മ തന്നെ. അതുകൊണ്ട് തന്നെ അമ്മ ഇല്ലാതായെങ്കിലും ആ സ്ഥാനത്ത് മറ്റൊരാളെ കാണാൻ ഇരുവർക്കും ഒരിക്കലും ആയില്ല. തങ്ങളുടെ കുടുംബത്തെ തല്ലിപ്പിരിച്ച കാമിലയോട് ആ നീരസം എന്നും ഇരുവർക്കുമുണ്ട്. ഹാരി അത് തുറന്നു തന്നെ പ്രകടിപ്പിച്ചപ്പോൾ വില്യം കുറച്ചുകൂടി ഒതുക്കത്തോടെയാണ് പെരുമാറിയത്. എന്നാൽ ഇപ്പോൾ വില്യത്തിന്റെ അനിഷ്ടവും പുറത്തുവന്നിരിക്കുകയാണ്.
∙ കാമിലയോടു ‘പൊറുക്കാനാകില്ല’
രാജകുടുംബത്തെ കുറിച്ച് ടിന ബ്രൗൺ എഴുതിയ ‘പാലസ് പേപ്പേഴ്സ്’ എന്ന പുസ്തകത്തിലും, വില്യമിനും ഹാരിക്കും ആദ്യം മുതൽ കാമിലയുമായി നല്ല ബന്ധമുണ്ടായിരുന്നില്ല എന്ന് കൊട്ടാരം ജീവനക്കാരെ ഉദ്ധരിച്ച് പറയുന്നു. രാജകുമാരന്മാർ അവരെ സഹിക്കുക മാത്രമാണ് ചെയ്തതെന്നാണ് ടിന ബ്രൗൺ വെളിപ്പെടുത്തുന്നത്. ഡയാന രാജകുമാരിയുടെ മരണത്തെ തുടർന്ന് ബ്രിട്ടിഷ് ജനതയ്ക്ക് ചാൾസിനോടും കാമിലയോടുമുണ്ടായ അനിഷ്ടം മാറ്റാൻ വേണ്ടി ചാൾസ് കണ്ടെത്തിയ പ്രചാരവേലക്കാരൻ മാർക് ബോളണ്ട് ആണ് കാമില– വില്യം – ഹാരി ബന്ധത്തെ ഹൃദ്യമെന്ന മട്ടിൽ അവതരിപ്പിച്ചതെന്നാണ് ടിനയുടെ വാദം.
ഏഞ്ജല ലെവിൻ പറയുന്നത് ചാൾസിന്റെ മക്കളോടും പേരക്കുട്ടികളോടും നല്ല ബന്ധം പുലർത്താൻ കാമില എക്കാലവും ശ്രമിച്ചുവെന്നാണ്. എന്നാൽ, രാജകുടുംബത്തിന്റെ ഒത്തുകൂടലുകളിൽ വല്ലപ്പോഴും കണ്ടുമുട്ടിയിരുന്ന, സൗഹൃദത്തോടെ പെരുമാറുന്ന വ്യക്തി മാത്രമായിരുന്നു വില്യമിനും ഹാരിക്കും കാമിലയെന്നും പുസ്തകത്തിൽ പറയുന്നു. ഇക്കാര്യത്തിലെ യാഥാർഥ്യമെന്തായിരുന്നാലും രാജകുമാരന്മാർക്ക് കാമിലയെ ഒരിക്കലും അംഗീകരിക്കാനായിരുന്നില്ലെന്ന് തെളിയുകയാണ്. വില്യമിന് ഇരുപത്തിമൂന്നും ഹാരിക്ക് ഇരുപതും വയസ്സുള്ളപ്പോഴാണ് ചാൾസ് – കാമില വിവാഹം. തങ്ങളുടെ അമ്മയുടെ സ്ഥാനം തട്ടിയെടുത്തവൾ എന്ന മട്ടിലാണ് അവർ കാമിലയെ പരിഗണിച്ചിരുന്നതെന്ന് പറയപ്പെടുന്നു.
∙ ക്ഷമിക്കാനാകാതെ ഹാരി
കാമിലയോട് കൊട്ടാരത്തിൽ ഏറ്റവും വെറുപ്പ് സൂക്ഷിച്ചിരുന്നത് എലിസബത്ത് രാജ്ഞിയും ഹാരിയുമായിരുന്നെന്നാണ് കൊട്ടാരം ജീവനക്കാർ പറയുന്നത്. ചാൾസുമായുള്ള വിവാഹ ശേഷം വർഷങ്ങളോളം പിന്നണിയിൽ നിന്ന് ചാൾസിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങളും മറ്റു സാമൂഹിക പ്രവർത്തനങ്ങളും കാമില നടത്തിയത് രാജ്ഞിക്ക് അവരോടുള്ള മനോഭാവത്തിൽ മാറ്റമുണ്ടാക്കി. പക്ഷേ, തന്റെ അമ്മയുടെ മരണത്തോടെ ഹൃദയം തകർന്നുപോയ ഹാരി എന്നും അകന്നു മാത്രം നിന്നു. കാമിലയെ കുറിച്ച് ഹാരി പലരോടും അനിഷ്ടത്തോടെ സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. വിവാഹം കഴിഞ്ഞുവന്ന കാലത്ത് കാമില, ചാൾസിന്റെ ഗ്ലസ്റ്റർഷയറിലെ എസ്റ്റേറ്റിലുള്ള ഭവനത്തിലെ ഹാരിയുടെ കിടപ്പറ അവരുടെ ഡ്രസ്സിങ് റൂമാക്കി മാറ്റിയെന്ന് പല സുഹൃത്തുക്കളോടും ഹാരി അനിഷ്ടം പറഞ്ഞിരുന്നു. മേഗൻ മാർക്കലുമായുള്ള ഹാരിയുടെ വിവാഹത്തിനു ശേഷം ആദ്യ കാലങ്ങളിൽ കാമില മേഗനുമായി നല്ല ബന്ധമാണ് ഉണ്ടാക്കിയത്. പിന്നീട് ഹാരിയും മേഗനും രാജകുടുംബവുമായി ബന്ധം പിരിഞ്ഞതോടെ ഈ സ്നേഹബന്ധത്തിലും വിള്ളലുകൾ വീണു. കാമിലയോട് ഏറെ സ്നേഹം സൂക്ഷിക്കുന്ന ഏഞ്ജല ലെവിനാകട്ടെ പല അഭിമുഖങ്ങളിലും മേഗനെതിരായ പരാമർശങ്ങൾ നടത്തി പുലിവാൽ പിടിക്കുകയുമുണ്ടായി. ഏഞ്ജലയുടെ പുസ്തകം രാജകുടുംബാംഗങ്ങൾക്കിടയിലെ ബന്ധം കൂടുതൽ വഷളാക്കിയെന്ന വിമർശനങ്ങളുമുണ്ട്.
ചാൾസിന്റെ മക്കളുടെ മേൽ സ്വാധീനം ചെലുത്താൻ നിൽക്കാതെ പ്രോത്സാഹനജനകമായ പെരുമാറ്റമാണ് കാമില എന്നും പുലർത്തിയിരുന്നതെന്ന് ഏഞ്ജല പറയുന്നു. ഹാരിയും രാജകുടുംബവുമായുള്ള ബന്ധം മെച്ചപ്പെടുത്താനും കാമില ശ്രമിച്ചിരുന്നത്രെ. കൊട്ടാരം വിട്ടതിനു ശേഷം ഇക്കഴിഞ്ഞ ഏപ്രിലിൽ ഹാരിയും മേഗനും വിൻഡ്സർ കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചിരുന്നു. അതോടൊപ്പം ചാൾസും കാമിലയുമായും ദമ്പതികൾ കൂടിക്കാഴ്ച നടത്തി. തങ്ങൾക്കിടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മധ്യസ്ഥനെ വച്ചാലോ എന്ന ഹാരിയുടെ നിർദേശം തള്ളിയ കാമില ‘അതു നാണക്കേടാണ്. ഇതൊരു കുടുബമാണ്. നമുക്ക് ഒന്നിച്ചിരുന്നു ചർച്ച ചെയ്തു പരിഹാരമുണ്ടാക്കാം’ എന്ന് തിരുത്തിയതായി കൊട്ടാരവുമായി അടുപ്പമുള്ളവർ വെളിപ്പെടുത്തിയിരുന്നു. എലിസബത്ത് രാഞ്ജിയുടെ മരണശേഷം രാജാവായി സ്ഥാനമേറ്റപ്പോൾ ചാൾസ് നടത്തിയ പ്രസംഗത്തിലും തനിക്ക് ഹാരിയോടും മേഗനോടുമുള്ള സ്നേഹം ഉറക്കെ പ്രഖ്യാപിച്ചിരുന്നു.
∙ ബോംബാണോ പുസ്തകവും സീരീസും?
ഹാരിയുടേതായി പുറത്തുവരാനിരിക്കുന്ന ജീവചരിത്രവും നെറ്റ്ഫ്ലിക്സിലെ ഡോക്യുസീരീസുമാണ് ലോകം ഉറ്റുനോക്കുന്ന രണ്ടു കാര്യങ്ങൾ. രാജകുടുംബത്തിന് തലവേദന സൃഷ്ടിക്കാനുതകുന്ന ഒട്ടേറെ കാര്യങ്ങൾ ഇവ രണ്ടിലും ഉണ്ടാകുമെന്ന് ഉറപ്പാണ്. ഹാരിയും മേഗനും കൊട്ടാരവും രാജകീയ ചുമതലകളും ഉപേക്ഷിച്ച ശേഷം, ഓപ്ര വിൻഫ്രിയുമായി നടത്തിയ ടിവി അഭിമുഖത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങളാണ് രാജകുടുംബവുമായുള്ള ബന്ധം പൂർണമായും വഷളാക്കിയത്. അതിലും ഞെട്ടിക്കുന്ന വിവരങ്ങളാകും വരാൻ പോകുന്ന പുസ്തകത്തിലും സീരീസിലും ഉണ്ടാകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ വർഷം അന്ത്യത്തോടെ പുറത്തുവരുമെന്ന് കരുതിയിരുന്ന പുസ്തകം അടുത്ത വർഷമേ ഇറങ്ങൂ എന്നാണ് ഇപ്പോഴത്തെ അഭ്യൂഹം.
എലിസബത്ത് രാജ്ഞിയുടെ മരണത്തിനു തൊട്ടുപിന്നാലെ, രാജകുടുംബത്തെ കുറിച്ച് അത്രയേറെ കടുപ്പിച്ച് പറയുന്ന പുസ്തകം പുറത്തിറക്കുന്ന കാര്യത്തിൽ ഹാരി ആശങ്കയിലാണെന്ന് പറയപ്പെടുന്നു. വെബ് സീരിസിന്റെ കാര്യത്തിലും ഹാരിക്ക് ഇതേ മനംമാറ്റമുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. ഡോക്യുസീരിസിന്റെ ഉള്ളടക്കം അൽപ്പം മയപ്പെടുത്തുന്ന കാര്യത്തെ കുറിച്ച് ഹാരിയും മേഗനും ആലോചിക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതിനെ പിന്നാലെ ഇതിനെ ഖണ്ഡിച്ച് ഡെയ്‌ലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. സീരീസ് നിലവിൽ ചിത്രീകരിച്ചതു പോലെ തന്നെ പുറത്തുവരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
എന്തായാലും ലോകമെമ്പാടുമുള്ള രാജകുടുംബത്തിന്റെ ആരാധകർ കാത്തിരിക്കുകയാണ്, അടുത്ത വാർത്ത എന്തെന്ന് അറിയാനായി. വാർത്തയിലെ താരം ആരായിരുന്നാലും, വാർത്ത നെഗറ്റീവോ പോസിറ്റീവോ ആയാലും ചർച്ചകളും തുടർചർച്ചകളും അവസാനിക്കുന്നേയില്ല...
English Summary: Prince William's decision on Camilla: 'Not children's step-grandmother'?