കണ്ണീർ, പ്രാർഥന, ഒടുവിൽ അമ്മയ്ക്കു സാറയുടെ ഉമ്മ

സാറ അമ്മയ്ക്കും അമ്മാവനും ഒപ്പം

കൺമുന്നിൽനിന്ന് അമ്മ തെല്ലൊന്നു മാറിയപ്പോഴേക്കും കുഞ്ഞുസാറയെയുംകൊണ്ട് അവർ കടന്നുകളഞ്ഞിരുന്നു. പിന്നീടു പ്രാർഥനകളുടെയും കരച്ചിലിന്റെയും നിമിഷങ്ങളായിരുന്നു അനീഷ എന്ന ലക്നൗ സ്വദേശിനിക്ക്. ബഹ്റൈൻ പൊലീസിന്റെ സഹായത്തോടെ ഇരുപത്തിനാലുമണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ അവളെ തിരിച്ചുകിട്ടി. ആശ്വാസത്തോടെ അമ്മയ്ക്കരികിലേക്ക് ഓടിയെത്തുന്ന സാറയുടെ ദൃശ്യം കാണുന്നവരെ ഈറനണിയിക്കുന്നതാണ്.

അമ്മയ്ക്കരികിലേക്ക് ഓടിയടുക്കുന്ന സാറ

മനാമയിലെ ഹൂറയിൽനിന്നാണ് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചുവയസുകാരിയായ സാറയെ കാണാതായത്. പതിവുപോലെ ഡേ കെയറിൽനിന്നു സാറയെയും കൊണ്ടു വീട്ടിലേക്കു മടങ്ങുകയായിരുന്നു അനീഷ. ഇതിനിടയിൽ ഹൂറയിലെ ഗോൾഡൻ സാൻഡ്‌സ് അപ്പാർട്ട്മെന്റിനു സമീപം കാർ നിർത്തി മകളെ പിൻസീറ്റിലിരുത്തി അടുത്തുള്ള കോൾഡ് സ്റ്റോറിൽ കയറി തിരിച്ചു വന്നപ്പോഴേക്കും കാറുമായി അഞ്ജാതർ കടന്നു കളഞ്ഞു. കുറച്ചുദൂരം കാറിനു പുറകെ ഓടിയെങ്കിലും അപ്പോഴേക്കും കാർ കണ്ണെത്താദൂരത്ത് എത്തിയിരുന്നു.

സാറയെ കെട്ടിപ്പുണരുന്ന അമ്മ അനീഷ

ഹൂറ പോലീസ് സ്റ്റേഷനിൽ അനീഷ പരാതി നൽകി. ഒപ്പം സമൂഹമാധ്യമം വഴിയും സാറയ്ക്കു വേണ്ടി തിരച്ചിൽ ആരംഭിച്ചിരുന്നു. 25 പട്രോളിങ് വാഹനങ്ങളും നിരവധി പൊലീസുകാരുമുൾപ്പെട്ട വൻ സംഘമാണ് തിരച്ചിൽ നടത്തിയത്. ഒടുവിൽ സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ബഹ്‌റൈൻ പോലീസ് അറസ്റ്റു ചെയ്തു. മുപ്പത്തിയെട്ടുകാരനായ ബഹ്‌റൈൻ സ്വദേശിയും മുപ്പത്തിയേഴുകാരിയായ ഏഷ്യൻ വംശജയുമാണ് പിടിയിലായത്.

അമ്മയ്ക്കരികിലേക്ക് ഓടിയടുക്കുന്ന സാറ

സാറയുടെ ആരോഗ്യം തൃപ്തികരമാണെന്ന് അമ്മാവൻ അനീഷ് ചാൾസ് അറിയിച്ചു. തട്ടിക്കൊണ്ടുപോയ സമയത്ത് സാറയ്ക്ക് ഒരു പായ്ക്കറ്റ് ചിപ്സും കുറച്ചു ജ്യൂസും മാത്രമായിരുന്നു നൽകിയതെന്ന് അവൾ പിന്നീടു പറഞ്ഞു. സാറയുടെ പിതാവാണു തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്ന വാദം അടിസ്ഥാനമില്ലാത്തതാണെന്നും അനീഷ് പറഞ്ഞു. മൂന്നു വർഷം മുമ്പ് വിവാഹമോചിതരായതാണ് അനീഷയും ഭർത്താവും.