അങ്ങനെ ജൂൺ ഒന്നു വന്നു.. രണ്ടു മാസത്തെ അവധിക്കാലത്തിനു ശേഷം സ്കൂളുകളെല്ലാം തുറന്ന ദിവസം. പാടത്തും പറമ്പിലും പുഴയിലും മഴയിലുമൊക്കെ കളിച്ചു തിമിർത്ത് അമ്മയോടു വഴക്കുകൂടി കൂട്ടുകാരോടു കൂട്ടുകൂടി നടന്ന അവധിക്കാലത്തിനൊരു ലോങ് ബ്രേക്.. ഇനി പഠനത്തിന്റെ ദിനങ്ങളാണ്. പുത്തനുടുപ്പും ബാഗും കുടയും ചെരിപ്പുമെല്ലാം അണിഞ്ഞ് മിടുക്കരായി പോകാൻ തലേന്നു തന്നെ ഒരുങ്ങുമെങ്കിലും വീടിനു പുറത്തേക്കു കാലെടുത്തു വയ്ക്കും നിമിഷം തുടങ്ങും ചിണുങ്ങാൻ. എനിക്കു സ്കൂളിൽ പോകേണ്ടമ്മേയെന്നു വിതുമ്പിക്കരഞ്ഞാലും അമ്മ വാത്സല്യത്തോടെ തഴുകി ആശ്വസിപ്പിച്ച് നിർബന്ധിച്ചു പറഞ്ഞയയ്ക്കും. അന്നു തോന്നും ഈ അമ്മ എന്തൊരു സാധനമാ അമ്മയ്ക്കെന്നെക്കാൾ ഇഷ്ടം ആ സ്കൂളിനെയാണല്ലോയെന്ന്..
ആർത്തു പെയ്യുന്ന മഴയ്ക്കൊപ്പം ഉള്ളിലും പെയ്യുന്നുണ്ടാകും ഒരു കണ്ണീർമഴ. അച്ഛനു മുമ്പില്‍ വിതുമ്പി ടാറ്റാ പറഞ്ഞ് അമ്മയ്ക്കു മുന്നിൽ വാവിട്ടു കരഞ്ഞ് ചേട്ടന്റെയും ചേച്ചിമാരുടെയും കളിയാക്കി ചിരിക്കലുകള്‍ക്കു മുന്നിൽ തോറ്റുപോയി അങ്ങനെ പടിയിറങ്ങും. പോകുന്ന വഴിയിലെ കാഴ്ച്ചകളൊന്നും മനസിനു സന്തോഷം നൽകില്ല. ഇടയ്ക്കു കുടയിൽ വന്നുവീഴുന്ന മഴത്തുള്ളികൾ മാത്രം ആശ്വസിപ്പിക്കുകയാണോയെന്നു തോന്നും. എങ്കിലും മഴയോടും കടുത്ത ദേവഷ്യമാണ്, രാവിലെ തന്നെ എത്തിയത് കൊണ്ട്. ആ മഴയത്തു മൂടിപ്പുതച്ചു കിടന്നുറങ്ങാനല്ലേ ഇഷ്ടം... ആ മഴയിൽ കളിക്കാനല്ലേ ആഗ്രഹം. അപ്പോൾ പഠിക്കാൻ പോകണമെന്നു പറഞ്ഞാലോ.. ചേട്ടനും ചേച്ചിയുമൊക്കെ പഠിക്കുമ്പോൾ എന്നെയും പഠിപ്പിക്കുമോ എന്നു പറഞ്ഞു പിന്നാലെ പോകുമായിരുന്നു. പക്ഷേ, ഇത്ര കഠിനമാണ് പഠനമെന്നറിയില്ലാരുന്നല്ലോ...
സ്കൂളിലെത്തും വരെ ആ പുത്തൻ ബാഗും കുടയുമൊക്കെ സ്വകാര്യ അഹങ്കാരമാണ്. എന്നാൽ അവിടെയെത്തിയാലോ , പല വർണത്തിലും നിറത്തിലുമുള്ള ഒരു നൂറു ബാഗുകളും കുടകളുമല്ലേ... അതോടെ എല്ലാം ഡിം! അങ്ങനെ അമ്മ ക്ലാസിൽ കൊണ്ടിരുത്തും. ദൈന്യതയോടെ അമ്മയെങ്ങും പോകല്ലേയെന്നു പറഞ്ഞ് കരഞ്ഞു പിഴിഞ്ഞിരിക്കുമ്പോഴായിരിക്കും ടീച്ചർ കയറിവരിക. ചേട്ടനും ചേച്ചിയുമൊക്കെ പറഞ്ഞു കേട്ടിട്ടുള്ള ടീച്ചർ ഇതാണല്ലേ കേട്ടിട്ടുള്ളത്രയും ഭീകരമൊന്നുമല്ലല്ലോയെന്നോർത്തിരിക്കുമ്പോഴേയ്ക്കും ടീച്ചർ പറയും അമ്മമാരൊക്കെ ഒന്നു പുറത്തു പൊയ്ക്കേ.. സാരിത്തുമ്പിൽ വലിച്ചുതൂങ്ങിക്കരഞ്ഞാലും അമ്മയൊരു ദാക്ഷിണ്യവും കൂടാതെ പോയിക്കളയും..
തേങ്ങിക്കരഞ്ഞിരിക്കുന്നതിനിടയിലേക്ക് ടീച്ചറതാ മധുരവുമായി കടന്നു വരുന്നു. മധുരപ്രിയ്യർ കരച്ചിലും തീറ്റയും തകർക്കുമ്പോൾ മധുരം ഇഷ്ടമുണ്ടായിട്ടും ചിലരതിനെ റബ്ബർപന്തുപോലെ വലിച്ചെറിയും. സ്കൂളും വേണ്ട മധുരവും വേണ്ട അമ്മയെ കണ്ടാൽ മതിയെന്നുറക്കെയുറക്കെ കരയും. തൊണ്ടകീറി കണ്ണീരൊഴുക്കിയതിന്റെ ക്ഷീണത്തിലിരിക്കുമ്പോഴാകും ടീച്ചർ ഓരോരുത്തരെ പരിചയപ്പെടാനായി അടുത്തു വരിക. ചിലർ മുഖത്തു പോലും നോക്കില്ല, ചിലരാണെങ്കിൽ ആർക്കൊക്കെയോ വേണ്ടി പറയും. ഒരു പാട്ടും പാടി നാളെ തൊട്ടു നമുക്കു കളിയും ചിരിയും പഠനവുമൊക്കെ രസകരമാക്കാം ട്ടോ എല്ലാരും നല്ല കുട്ടികളായിരുന്നാൽ കളിക്കാൻ കുറേ സാധാനങ്ങൾ തരാമെന്നൊക്കെയുള്ള ടീച്ചറുടെ വാക്കുകൾ ആരു കേൾക്കാൻ. അപ്പോഴൊക്കെയും കണ്ണുകൾ ജനലിനപ്പുറം നിൽക്കുന്ന അമ്മയ്ക്കു നേരെയായിരിക്കും.
ആദ്യദിവസമല്ലേ ഇന്നിത്രേം മതിയെന്നു പറഞ്ഞു ടീച്ചർ തിരിച്ചു വിടുമ്പോൾ മത്സരം ജയിച്ചു വരുന്ന സന്തോഷമായിരിക്കും.. ശ്വാസംമുട്ടി ഇരുന്ന നിമിഷങ്ങളോട് ബൈ പറഞ്ഞ് വീട്ടിലെത്തുമ്പോഴായിരിക്കും അമ്മ പിന്നെയും പറയുന്നത് നാളെയും മോൻ നല്ല കുട്ടിയായി പോണം ട്ടോ... കരയുന്നത് ചീത്തക്കുട്ടികളാ.. എന്റെ മോൻ നല്ല മോനല്ലേയെന്നൊക്കെ.. അതോടെ പോകും സകല സന്തോഷവും....
ഓരോ കുട്ടികളുടെയും ആദ്യസ്കൂൾ ഓർമകൾ ഇങ്ങനെയൊക്കെയാണ്... വീട്ടിനുള്ളിലും പുറത്തും കളിച്ചുനടന്ന് അമ്മയുടെയും അച്ഛന്റെയും സ്നേഹവും ലാളനയും മുഴുവൻ നേരവും അനുഭവിച്ച് പെട്ടെന്ന് ആ ചുറ്റുപാടിൽ നിന്നുള്ള പറിച്ചുനടല്‍ അവർക്കൊരു വേദനയാകും. പക്ഷേ ആ വേദനകൾ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണെന്നു പതിയെ മനസിലാകുന്നതോടെ സ്കൂളും ടീച്ചറും കൂട്ടുകാരുമെല്ലാം പ്രിയപ്പെട്ടവരാകും...