ചെളിപുരണ്ടൊരു തോർത്തുമുണ്ടുടുത്ത് ഉമിക്കരികൊണ്ടു പല്ലുതേച്ചു മുറ്റത്തുനിൽക്കുന്ന അച്ഛനായിരുന്നു എല്ലാ പുലർകാലങ്ങളിലെയും ആദ്യ കാഴ്ച. കന്നുകളെ തെളിച്ച് പാടത്തേക്കിറങ്ങും മുൻപ് ഉമ്മറത്തിരുന്നാണ് അച്ഛന്റെ പ്രഭാത ഭക്ഷണം.
ഞങ്ങൾ അഞ്ചു മക്കൾക്കും അച്ഛനുണ്ടാക്കിത്തന്ന പ്രത്യേക പലകയുണ്ട്. അടുക്കളയിൽ ആ പലകയിൽ നിരന്നിരുന്ന് അമ്മ രേവതിയമ്മയ്ക്കൊപ്പം ഞങ്ങളും കഴിക്കും. ഇളയകുട്ടിയുടെ സർവാനുകൂല്യങ്ങളും അധികാരമാക്കി കൊണ്ടുനടന്ന ഞാൻ പക്ഷേ, എല്ലാവർക്കുമൊപ്പം പലകയിലിരിക്കില്ല.
ഉമ്മറത്തുനിന്നുള്ള കുട്ട്യേ...എന്ന നീട്ടിവിളിക്കു കാതോർത്തു വാതിലിനപ്പുറം നിൽക്കും ഞാൻ. ചട്ണിയിൽ കുഴച്ച ദോശയോ കടലയിൽ കുഴച്ച പുട്ടോ ഒരുരുള അച്ഛൻ ബാക്കി വച്ചിട്ടുണ്ടാകും– ‘അച്ഛന്റെ ബാക്കി’. അതാണ് ആദ്യ ഭക്ഷണം.
ഒരിക്കൽ അച്ഛൻ പറ്റിച്ചു. കുട്ട്യേ വിളി കേൾക്കാഞ്ഞ് ഉമ്മറത്തിറങ്ങിച്ചെല്ലുമ്പോൾ അച്ഛൻ പോയ്ക്കഴിഞ്ഞു. പ്ലേറ്റിൽ എനിക്കുള്ള ഉരുളയില്ല. ഉറക്കെ കരഞ്ഞു ഞാൻ – അച്ഛന്റെ ബാക്കി കിട്ടിയില്ല. ഓടിവന്ന അമ്മ പ്ലേറ്റിലൊരു വാഴയില വച്ചു. ഇല തിരിച്ചെടുത്തപ്പോൾ പ്ലേറ്റിലരൊരു ഉരുള! ജീവിതത്തിലാദ്യം കണ്ട മാജിക്. അമ്മ കാണിച്ച മാജിക്. എന്റെ കണ്ണീരുണക്കിയ മാജിക്!
മെഴുകുതിരി പോലൊരമ്മ
സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന നിലമ്പൂരിലെ കർഷക കുടുംബമായിരുന്നു ഞങ്ങളുടേത്. അച്ഛൻ മുഴുവൻ സമയം പാടത്തായിരിക്കും. അമ്മ, ഞങ്ങളഞ്ചു പേരെയും നോക്കി, വീട്ടു ജോലികൾ ചെയ്ത്, ശേഷിക്കുന്ന സമയം അച്ഛനൊപ്പം പാടത്തേക്കിറങ്ങി കൊയ്തും മെതിച്ചും വിശ്രമമില്ലാതെ ഓടിനടന്നു. ഒരു നിമിഷം വെറുതെയിരിക്കാറില്ല. അരിയില്ലാത്തപ്പോൾ പതിരുപോലും ഭക്ഷണമാക്കേണ്ടി വന്നിട്ടുണ്ട്. ഒരിക്കലും വിശപ്പുമൂലം ഞങ്ങളുടെ കണ്ണുനിറയാതെ കാത്തു. നല്ല മൂല്യങ്ങളൊക്കെ പഠിച്ചത് അവിടുന്നാണ്. ഒന്നും പറഞ്ഞു തന്നിട്ടില്ല – അങ്ങനെ ചെയ്യൂ, ഇങ്ങനെ ചെയ്യരുത് എന്നൊന്നും. പകരം, ജീവിച്ചു കാണിച്ചുതരികയായിരുന്നു.
മറക്കാത്ത അമ്മത്തല്ല്
സ്കൂളിൽ ചേർന്ന ആദ്യ ദിവസമാണ്. ചേട്ടനൊപ്പം സ്കൂളിലെത്തിയപ്പോൾ അവിടുത്തെ അന്തരീക്ഷം എനിക്കത്ര പിടിച്ചില്ല. പഠിക്കേണ്ട, എനിക്ക് അമ്മയെ കണ്ടാൽ മതി. പിള്ളമാഷോട് വയറുവേദനയെന്നു പറഞ്ഞു കരഞ്ഞു. മാഷ് ചേട്ടനെക്കൂട്ടി വീട്ടിലേക്കു തിരിച്ചയച്ചു. രണ്ടാം ദിവസവും സ്കൂളിലെത്തിയപ്പോൾ എനിക്കു വയറുവേദന. തലേന്നത്തെപ്പോലെ അന്നും വീട്ടിലെത്തുമ്പോൾ അമ്മ മുറ്റത്തുണ്ട്. ഒരു വടിയെടുത്ത് വീടുമുതൽ സ്കൂളുവരെ അടിച്ചോടിച്ചു എന്നെ. പാടവരമ്പത്തൂടെ അന്നോടിയ ഓട്ടത്തിനിടെ എന്റെ ‘വയറുവേദന’യും എന്നേക്കുമായി ഓടിപ്പോയി. ഇന്നീ 53ാം വയസ്സ് വരെ ഒരു കാര്യത്തിലും മടിപിടിച്ചിരുന്നിട്ടില്ല ഞാൻ.
അമ്മയ്ക്കാകെ ഒരു വാശി
ഓണത്തിനും വിഷുവിനും എല്ലാവരും കൂടെയുണ്ടാകണം. അതുമാത്രമാണ് അമ്മ ഇക്കാലത്തിനിടെ നിർബന്ധിച്ച് ആവശ്യപ്പെട്ടിട്ടുള്ളത്. അറിഞ്ഞുകൊണ്ട് ആ കണ്ണുകൾ നനിയിച്ചിട്ടില്ലിതുവരെ. ഫയർ എസ്കേപ്പ് ചെയ്യുന്നത് അമ്മയ്ക്കു പേടിയാണ്. പക്ഷേ, അരുതെന്ന് പറയില്ല. പ്രോഗ്രാം കഴിയുംവരെ കരഞ്ഞു പ്രാർഥിച്ചിരിക്കും. ഞാൻ ഫോൺ ചെയ്തു കഴിഞ്ഞേ അവിടെനിന്നെണീക്കൂ. ഇന്നും അങ്ങനെതന്നെ. 1993ൽ, ഞാൻ ഡിഗ്രി പഠനം പൂർത്തിയാക്കി മുഴുവൻ സമയം മാജിക്കിനായി മാറ്റിവയ്ക്കുന്ന സമയത്താണ് അച്ഛന്റെ മരണം. മാജിക് ഒരു പ്രഫഷൻ ആക്കിയവർ ആരുമില്ലാത്ത കാലമാണ്. മാജിക് കൊണ്ട് എന്റെ ജീവിതം രക്ഷപ്പെടുമോയെന്നായിരുന്നു അമ്മയുടെ പേടി. എന്നെ അഭിഭാഷകനായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന അച്ഛൻ മരണക്കിടക്കയിൽ പറഞ്ഞു: ന്റെ കുട്ടി മാജിക്കുകൊണ്ട് ജീവിക്കും! എന്നെക്കാൾ, അമ്മയ്ക്കാണാ വാക്കുകൾ ധൈര്യമായത്. പിന്നെയെന്നും അമ്മ കൂടെയുണ്ട്. ഇങ്ങനെ പ്രാർഥിച്ചും കാത്തിരുന്നും.
തയാറാക്കിയത്: നിന്നി മേരി ബേബി