സിനിമയെയും സിനിമാക്കാരെയും വെറുത്ത ജയലളിത പിന്നെങ്ങനെ സിനിമാക്കാരിയായി?

ജയലളിതയും എംജിആറും

സന്ധ്യ അഭിനയിച്ച കർണൻ‌ എന്ന സിനിമയുടെ നൂറാം പ്രദർശന ദിവസം ഹോട്ടൽ വുഡ്‌ലാൻഡ്സിൽ ആഘോഷിക്കുകയാണ്. ജയലളിതയുടെ മെട്രിക്കുലേഷൻ പരീക്ഷ കഴി‍ഞ്ഞ സമയം. കോളജിൽ ചേരാൻ ഇനി രണ്ടു മാസമുണ്ട്. കൗമാരം വിടാത്ത ജയയെ സന്ധ്യ സാരിയുടുപ്പിച്ചാണന്ന് ആഘോഷത്തിനു കൂടെ കൂട്ടിയത്. ആ ചടങ്ങിൽ പങ്കെടുത്തവരെല്ലാം ചോദിച്ചു:
മാനത്തുനിന്നു പൊട്ടിവീണ മാരിവില്ലുപോലെ ഉള്ള ഈ സുന്ദരി ആര്? അന്നത്തെ പ്രധാന അതിഥി ബി.ആർ. പന്തലു എന്ന ഫിലിം പ്രൊഡ്യൂസറായിരുന്നു. പന്തലു സന്ധ്യയോടു പറ‍ഞ്ഞു: ‘‘യൂ പ്ലീസ് സ്റ്റേ ബാക്ക്.’’

‘‘അടുത്തയാഴ്ച ഞാനൊരു കന്നട ഫിലിമിന്റെ വർക്ക് തുടങ്ങുന്നു. അതിലെ നായിക നിങ്ങളുടെ മകളായിരിക്കും.’’ മകൾ സിനിമയിൽ പ്രവേശിക്കരുതെന്നായിരുന്നു ആ അമ്മയുടെ ആഗ്രഹം. തന്നെയുമല്ല കോളജിൽ ചേരാൻ അവൾ കാത്തിരിക്കുകയായിരുന്നു.
‘‘അത്..സർ, രണ്ടു മാസത്തിനകം അവളുടെ കോളജ് ക്ലാസ് തുടങ്ങും.’’
‘‘ഡോണ്ട് വറി. രണ്ടുമാസം കൊണ്ട് ഷൂട്ടിങ് ഫിനിഷ് ചെയ്യും.’’

സന്ധ്യ ചിന്താക്കുഴപ്പത്തിലായി. താൻ സമ്മതിച്ചാലും മകൾ സമ്മതിക്കുമോ? പക്ഷേ, അമ്മയെ അദ്ഭുതപ്പെടുത്തിക്കൊണ്ടു മകൾ പറഞ്ഞു:
‘‘ഞാൻ റെഡി.’’ പന്തലുവിന്റെ വൃന്ദാവൻ ഗാർഡൻസിലെ ഷൂട്ടിങ്ങിൽ പങ്കെടുക്കാൻ ജയലളിത മൈസൂറിനു പോയി. കർണാടകയിലെ മാൻഡിയം അയ്യങ്കാർ സമുദായത്തിലെ അംഗമായിരുന്നു ജയലളിത. പക്ഷേ, ഒരു മാഗസിനിൽ വന്ന അഭിമുഖത്തിൽ ജയലളിത താൻ ഒരു തമിഴത്തിയാണെന്നും അമ്മ തമിഴ്നാട്ടിലെ ശ്രീരംഗത്തുകാരിയാണെന്നും പറഞ്ഞിരുന്നു. അതു കർണാടകക്കാരെ ക്ഷുഭിതരാക്കി.

ജയലളിത എംജിആറിനൊപ്പം

ജയലളിത മാപ്പു പറയണമെന്നായി അവർ. അല്ലെങ്കിൽ ബി.ആർ‌. പന്തലുവിന്റെ ചാമുണ്ഡി സ്റ്റുഡിയോയിലെ ഷൂട്ടിങ് കലക്കും. സിനിമാക്കാരെല്ലാം യാചിച്ചു മാപ്പുപറയാൻ. അവൾ വഴങ്ങിയില്ല. കാരണം, ജയലളിതയുടെ കുടുംബം തമിഴ്നാട്ടിലെ ശ്രീരംഗത്തുനിന്നു വന്നവർതന്നെയാണല്ലോ. ഷൂ‍ട്ടിങ് രംഗം കലുഷിതമായി. ആൾക്കാർ ക്യാമറ തല്ലിപ്പൊളിക്കുമെന്നായി. ജയലളിതയുടെ ആദ്യ ഫിലിം ഷൂട്ടിങ് അങ്ങനെ കലങ്ങിപ്പോയി. അതൊരു ദുശ്ശകുനം പോലെയായി. മൈസൂറിൽ നിന്നു ജയ ചെന്നൈയിലേക്കു മടങ്ങി.

ആ സമയത്താണ് എജ്യൂക്കേഷൻ മിനിസ്ട്രിയിൽ നിന്നു മെട്രിക്കുലേഷൻ പരീക്ഷയിൽ നേടിയ ഉന്നത വിജയം കണക്കിലെടുത്ത് തുടർന്നുള്ള പഠനത്തിനു സ്കോളർഷിപ് വാഗ്ദാനം ചെയ്തുകൊണ്ടുള്ള കത്തു കിട്ടുന്നത്. പഠനം തുടരാൻ ജയലളിത തീരുമാനിച്ചു. പക്ഷേ, ശ്രീധറിന്റെ ചിത്രത്തിൽ നായികയാകാനുള്ള ഒാഫർ താമസിയാതെ എത്തി. ശ്രീധറിനെപ്പോലുള്ള മുൻനിര സംവിധായകരുടെ നായികാവേഷം അന്നത്തെ നടികളുടെ ജന്മാഭിലാഷമായിരുന്നു. സന്ധ്യ മകളെ അതുപറഞ്ഞാണു നിർബന്ധിച്ചത്. ജയലളിത സമ്മതിച്ചില്ല. അവൾ കരഞ്ഞുനോക്കി. ഒടുവിൽ സന്ധ്യ ചോദിച്ചു: ‘‘ഇക്കാണുന്ന സമ്പത്തും െഎശ്വര്യവും പ്രശസ്തിയുമൊക്കെ ഒരു െഎഎഎസുകാരിയുടെ തുക്കടാ ശമ്പളത്തിൽനിന്നുണ്ടായതാണോ? ഏതൊരു മിടുക്കിക്കും കഷ്ടപ്പെട്ടിരുന്നു പഠിച്ചാൽ ഒരു െഎഎഎസുകാരിയാകാം. പക്ഷേ, എല്ലാവർക്കും ഒരു ജയലളിതയാകാൻ പറ്റുമോ മോളേ?’’
സന്ധ്യയുടെ ആ ചോദ്യം ജയലളിതയുടെ മനസ്സിൽ ശരിക്കു കൊണ്ടു.

ആയിരത്തിൽ ഒരുവനിലെ ആദ്യരംഗം ഷൂട്ട് ചെയ്തപ്പോൾ എട്ടും പൊട്ടും തിരിയാത്ത ജയ വല്ലാതെ പരിഭ്രാന്തയായിപ്പോയി.

ശ്രീധറിന്റെ സിനിമ തീരും മുൻപേ, ബി.ആർ. പന്തലുവിന്റെ ‘ആയിരത്തിൽ ഒരുവൻ’ എന്ന ചിത്രത്തിന്റെ കരാറായി. അതിലെ നായകൻ താരദൈവമായ എംജിആർ ആയിരുന്നു. പതിനാറുകാരിയായ ജയലളിത തന്നെക്കാൾ മുപ്പത്തഞ്ചു വയസ്സു മൂപ്പുള്ള നായകനുമായി അഭിനയിച്ചു തകർത്തു. ഷൂട്ടിങ് ഫ്ലോറിൽ എംജിആർ വിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പന്തലു വിനയപൂർവം വന്നു പറഞ്ഞു.

‘‘സാറിന്റെ നായിക തൊട്ടടുത്ത ഫ്ലോറിലുണ്ട്, ഒന്നു പരിചയപ്പെടാം.’’
ആളെ കണ്ടപ്പോൾ എംജിആർ അമ്പരന്നു പോയി. അൻപത്തൊന്നുകാരനായ തന്റെ നായിക ഒരു സ്കൂൾ കുട്ടിയോ?
ആയിരത്തിൽ ഒരുവനിലെ ആദ്യരംഗം ഷൂട്ട് ചെയ്തപ്പോൾ എട്ടും പൊട്ടും തിരിയാത്ത ജയ വല്ലാതെ പരിഭ്രാന്തയായിപ്പോയി. അവരെ സാധാരണ നിലയിലാക്കാൻ എംജിആറിനു നന്നേ പണിപ്പെടേണ്ടിവന്നു. പക്ഷേ, അടുത്ത ദിവസം സെറ്റിലുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കാലിൻമേൽ കാൽ കയറ്റിവച്ചു പുസ്തകം വായിച്ചിരിക്കുന്ന ജയലളിതയെയാണു മറ്റുള്ളവർ കണ്ടത്. മുതിർന്ന താരങ്ങളെപോലും അവൾ പിന്നെ മൈൻഡ് ചെയ്തിട്ടില്ല. തന്റെ പ്രാധാന്യം അംഗീകരിക്കപ്പെടണമെന്നു നിർബന്ധമുള്ളയാളാണു പന്തലു. ജയലളിതയുടെ ഈ പെരുമാറ്റം അയാളിൽ നീരസമുണ്ടാക്കി. അതറിഞ്ഞു സന്ധ്യ പറഞ്ഞു:

‘‘മോളേ, നിന്റെ അച്ഛന്റെ പ്രായമില്ലേ പന്തലു സാറിന്. അദ്ദേഹത്തെ ബഹുമാനിക്കണം.’’
ജയലളിത മുഖത്തടിച്ച മാതിരി പറഞ്ഞു: ‘‘എനിക്കിത്രയേ പറ്റൂ.’’ അമ്മയുമായി ഈവക കാര്യങ്ങളിൽ വഴക്കുണ്ടാക്കുക ജയയുടെ സ്ഥിരം പതിവായിരുന്നു. ക്രമേണ സിനിമാരംഗത്തെ അലിഖിത നിയമങ്ങളെക്കുറിച്ചു ജയ പഠിച്ചു. മുതിർന്നവരെ ബഹുമാനിക്കാനും സീനിയർ ആർട്ടിസ്റ്റുകൾ വരുമ്പോൾ എഴുന്നേറ്റു നിന്ന് ആദരിക്കാനും, സെറ്റിൽ ശബ്ദമുണ്ടാക്കാതിരിക്കാനും തുടങ്ങി, പിന്നെ ജയ മേക്കപ്പ് കഴിഞ്ഞ് ഒരു മൂലയിൽ പോയി പുസ്തകം വായിച്ചിരിക്കാൻ തുടങ്ങി.

ഇത്ര ശക്തിയും ചൈതന്യവുമുള്ള മറ്റൊരു ഗ്രഹനില കണ്ടിട്ടില്ലെന്നാണു ജയലളിതയുടെ ജാതകം പരിശോധിച്ച പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ പറയുന്നത്.

ആയിരത്തിൽ ഒരുവന്റെ ഷൂട്ടിങ് വേളയിൽ തമിഴ്നാട്ടിലുടനീളം ഹിന്ദി വിരുദ്ധ പ്രക്ഷോഭം കത്തിക്കയറുകയായിരുന്നു. ഹിന്ദി ഒഴിക എന്ന മുദ്രാവാക്യം നാടെങ്ങും അലയടിക്കുന്ന സമയം. ഹിന്ദി സിനിമകൾ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ജനം കത്തിച്ചു. ഹിന്ദി നടന്മാരുടെ ഫ്ലക്സുകൾ കീറി. ഹിന്ദി വിരുദ്ധ സമരത്തിനു നേതൃത്വം നൽകിയത് ഡിഎംകെ എന്ന രാഷ്ട്രീയ കക്ഷിയായിരുന്നു. ആ കക്ഷിയുടെ പ്രധാന നായകനായിരുന്നു എംജിആർ. ആ സ്ഥിതിക്ക് എംജിആർ ഷൂട്ടിങ് നിർത്തിവച്ചു സമരത്തിൽ പങ്കെടുക്കേണ്ടതായി വന്നു. ഷൂട്ടിങ് നിർത്തിവച്ചാലുണ്ടാകാവുന്ന വൻ സാമ്പത്തികനഷ്ടം കണക്കിലെടുത്ത് അന്നത്തെ പാർട്ടി പ്രസിഡന്റ് സി. എൻ. അണ്ണാദുരൈ ഷൂട്ടിങ് തുടരാൻ അനുമതി നൽകി. കർണാടകയിലെ കാർമാർ എന്ന സ്ഥലത്ത് ആയിരത്തിൽ ഒരുവന്റെ ബാക്കി ഭാഗം പൂർത്തിയാക്കി. ഒരു ചെറിയ ദ്വീപായിരുന്നു കാർമാർ. അവിടേക്കെത്താ‍ൻ ബോട്ട് വേണം.

ഒരു ദിവസം കരയിലെ ആർട്ടിസ്റ്റിനെ കയറ്റാൻ ബോട്ട് വന്നില്ല. യൂണിറ്റ് ഷോട്ട് റെഡിയായി കാത്തിരിപ്പാണ്. അപ്പോഴുണ്ട് സെറ്റിലുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് ഒരാൾ കട്ടമരത്തിൽ തുഴഞ്ഞ് ദ്വീപിലേക്കു വരുന്നു. അതു ജയലളിതയായിരുന്നു!

സെറ്റിലുള്ളവരെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കാലിൻമേൽ കാൽ കയറ്റിവച്ചു പുസ്തകം വായിച്ചിരിക്കുന്ന ജയലളിതയെയാണു മറ്റുള്ളവർ കണ്ടത്. മുതിർന്ന താരങ്ങളെപോലും അവൾ പിന്നെ മൈൻഡ് ചെയ്തിട്ടില്ല

ആയിരത്തിൽ ഒരുവൻ ഒരു ഗമണ്ടൻ വിജയമായി. അതിന്റെ റിലീസോടെ തമിഴ് സിനിമയിൽ ഒരു താരജോടി ഉദയം ചെയ്തു. എംജിആറും ജയലളിതയും തമ്മിലുള്ള ബന്ധം തിരശ്ശീലയ്ക്കു പുറത്തേക്കു വളർന്നു. പലർക്കും അതു രസിച്ചില്ല. ഫിലിം പ്രൊഡ്യൂസറും രാഷ്ട്രീയ നേതാവുമായിരുന്നു ആർ.എം. വീരപ്പൻ അത് എതിർത്തു. ആ എതിർപ്പ് ആരും പിന്നീടു കാര്യമാക്കിയില്ല.

ഇത്ര ശക്തിയും ചൈതന്യവുമുള്ള മറ്റൊരു ഗ്രഹനില കണ്ടിട്ടില്ലെന്നാണു ജയലളിതയുടെ ജാതകം പരിശോധിച്ച പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണപ്പണിക്കർ പറയുന്നത്. അടിയുറച്ച ശ്രീകൃഷ്ണ ഭക്തയായിരുന്നു അവർ. ഗുരുവായൂർ അമ്പലത്തിൽ അവർ നടയ്ക്കു വച്ച കൃഷ്ണ എന്ന ആന ഇന്ന് അമ്പലത്തിലെ ആനകൾക്കിടയിലൊരു താരമാണ്. ആനയോട്ട മത്സരത്തിൽ അതൊരിക്കൽ ഒന്നാം സ്ഥാനം നേടിയിരുന്നുവല്ലോ.

(തുടരും)