സിയാൻ സ്റ്റീഫൻസൺ, ജീവിതത്തിൽ പരാജയപ്പെട്ടു എന്നു തോന്നുന്ന നിമിഷം നിങ്ങൾക്ക് ഈ പേര് അന്വേഷിക്കാം. കാരണം, ഈ പേരിനും പേരിന്റെ ഉടമയ്ക്കും മായാജാലങ്ങൾ സൃഷ്ടിക്കാനാകും. മടുപ്പിലേക്കും നിരാശയിലേക്കും മുങ്ങിത്താഴുന്ന ഒരുവനു കൈത്താങ്ങാകാൻ, പ്രതിസന്ധികൾക്കൊടുവിൽ ജീവിതം അവസാനിക്കുകയല്ല ആരംഭിക്കുകയാണ് എന്നു സ്വന്തം ജീവിതം കൊണ്ടു തെളിയിക്കാൻ സിയാൻ സ്റ്റീഫൻസൺ എന്ന ഈ കുഞ്ഞു മനുഷ്യനു മാത്രമേ സാധിക്കൂ. കാരണം, അമേരിക്കൻ സ്വദേശിയായ ഈ യുവാവ് ലോകമറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർ ആയതിനു പിന്നിൽ ഉള്ളത് ആരുടേയും കണ്ണ് നനയ്ക്കുന്ന ജീവിതകഥയാണ്.
1979 ൽ അമേരിക്കയിൽ സാധാരണക്കാരായ അച്ഛനും അമ്മയ്ക്കും ഏറെ പ്രതീക്ഷകൾ നൽകിയാണ് കുഞ്ഞു സിയാൻ ജനിച്ചു വീണത്. കുഞ്ഞിന്റെ ജനനം മറ്റേതൊരു മാതാപിതാക്കളെയും പോലെ സിയാനിന്റെ അച്ഛനെയും അമ്മയെയും ആനന്ദത്തിൽ ആറാടിച്ചു. എന്നാൽ വെള്ളത്തിലെ കുമിളപോലായിരുന്നു പെട്ടന്നുണ്ടായ ആ സന്തോഷത്തിന്റെ ആയുസ്സ്. കാത്തിരുന്നു ജനിച്ച മകന് എല്ലുകളെ ബാധിക്കുന്ന ജനിതക വൈകല്യമുണ്ട് എന്നു മനസിലാക്കിയ നിമിഷം ആ മാതാപിതാക്കൾ തളർന്നു പോയി.
പൊടിഞ്ഞു തീരുന്ന അസ്ഥികളുമായി ഒരു ബാല്യം
ഓസ്റ്റിയോജെനിസ് ഇംപെർഫെക്റ്റാ അഥവാ ബ്രിട്ടിൽ ബോൺ ഡിസീസ് എന്ന രോഗമായിരുന്നു സിയാനെ ബാധിച്ചിരുന്നത്. എല്ലുകൾ അകാരണമായി പൊടിയുന്ന അവസ്ഥ. ശരീരം ചെറുതായി എവിടെയെങ്കിലും ഒന്നു തട്ടുകയോ ഒന്ന് ശക്തിയായി തുമ്മുകയോ മറ്റോ ചെയ്‌താൽ മതി എല്ലുകൾ പൊടിയും. അതിനാൽ ഒന്നും ചെയ്യാനാകാത്ത അവസ്ഥ. ജീവിതം വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങി പോകും എന്നു സിയാനൊപ്പം സിയാന്റെ വീട്ടുകാരും കരുതി.
എന്നാൽ വിധിയുടെ മുന്നിൽ മുട്ടുമടക്കി പരാജയം സമ്മതിക്കാൻ സിയാൻ തയ്യാറല്ലായിരുന്നു. പ്രതിബന്ധങ്ങളെ വകവയ്ക്കാതെ വാശിയോടെ പഠിച്ചു.അമേരിക്കയിലെ ചിക്കാഗോ ചിൽഡ്രൻസ് ആശുപത്രിയിലായിരുന്നു സിയാന്റെ ചകിത്സ നടന്നത്. എന്നാൽ ജനിതക വൈകല്യം ആയതുകൊണ്ടു തന്നെ ചികിൽസിച്ച് പൂർണമായി ഭേദമാക്കുക എന്നത് അസാധ്യമായിരുന്നു. എല്ലുകൾ പൊടിയുന്നതിനനുസരിച്ച് ശരീരം ചെറുതായി വന്നു. 20 വയസ്സ് തികയുമ്പോൾ രണ്ടരയടിയായിരുന്നു സിയാന്റെ ഉയരം.
എല്ലുകൾ പൊടിയുമ്പോൾ ഉണ്ടാകുന്ന വേദന മരണ വേദനയ്ക്ക് തുല്യമാണെന്നു സിയാൻ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. തന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളിൽ നിന്നും ജീവിക്കാൻ ആവശ്യമായ പോസിറ്റിവ് ചിന്താഗതി വളർത്തുകയാണ് സിയാൻ ചെയ്തത്. തന്റെ 17ാമത്തെ വയസ്സ് മുതൽ സിയാൻ മറ്റുള്ളവരെ മോട്ടിവേറ്റ് ചെയ്യുന്നതിനായി മോട്ടിവേഷണൽ സ്പീക്കറുടെ കുപ്പായം ധരിച്ചു. മേക്ക് എ വിഷ് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെ സിയാൻ തന്റെ മോട്ടിവേഷണൽ ചിന്തകൾ വളർത്തുകയായിരുന്നു.
വലിയ ലോകം സ്വപ്നം കണ്ടു വളർന്നവൻ
ഡീ പോൾ സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ സിയാൻ പിന്നീട്ട് എഴുത്തിന്റെ ലോകത്തേക്ക് തിരിയുകയായിരുന്നു. 2001 ൽ അദ്ദേഹം തന്റെ ആദ്യ പുസ്തകമായ 'ഹൌ യൂത്ത് കാൻ സക്സീഡ്' പുറത്തിറക്കി. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടിങ്ങോട്ട് 15 വർഷത്തിനുള്ളിൽ രണ്ടു പുസ്തകങ്ങൾ. തന്റെ ജീവിതവും പ്രതിസന്ധികളും മുൻനിർത്തി മറ്റുള്ളവരുടെ വലിയ പ്രശ്നങ്ങളെ പരിഹരിക്കാനുള്ള കുറുക്കു വഴികൾ തേടുകയായിരുന്നു സിയാൻ.
ഇന്നു ലോകം മുഴുവൻ ആവശ്യക്കാരുള്ള ഒരു മോട്ടിവേഷണൽ സ്പീക്കറാണ് സിയാൻ. പഠനം ഹരമാക്കിയ സിയാൻ അമേരിക്കയിൽ നിന്നുതന്നെ ക്ലിനിക്കൽ ഹിപ്നോ തെറാപ്പിയിൽ ബിരുദം നേടി, ഇന്ന് അമേരിക്കയിലെ പേരെടുത്ത ഒരു ഹിപ്നോ തെറാപ്പിസ്റ്റ് കൂടിയാണ് അദ്ദേഹം. ജീവിതത്തിൽ താൻ തോറ്റുപോകുന്നു എന്നു തോന്നുന്ന നിമിഷത്തിൽ ധാരാളം പേർ സിയാനെത്തേടി വരുന്നു. സിയാന്റെ ക്ളാസുകൾ അവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടു പോകുന്നു. ഇതിനിടയിൽ മിന്റി നിസ് എന്ന യുവതി സിയാന്റെ ഭാര്യയായി ജീവിതത്തിലേക്കു വന്നു.
3 ഫൂട്ട് ജയന്റ് എന്ന പേരിൽ സിയാനെക്കുറിച്ചിറക്കിയ ഡോക്യുമെന്ററി കണ്ടതു ലക്ഷക്കണക്കിന് ആളുകളാണ്. ഇന്ന് യൂട്യൂബിൽ ഏറ്റവും കൂടുതൽ തെരെയപ്പെടുന്ന മോട്ടിവേഷണൽ വീഡിയോകൾ ഇദ്ദേഹത്തിന്റേതാണ്. ജീവിതത്തിൽ പലവിധതിരിച്ചടികൾ ഉണ്ടാകും. എന്നാൽ അതിലൊന്നും തളരരുത്,.മറിച്ച്, ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയർത്തെഴുന്നേൽക്കണം. ഇതാണ് സിയാന്റെ ജീവിതം നമുക്ക് നൽകുന്ന സാരം .