ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ 1981 ലാണ് മഞ്ജുള വഗേല ആദ്യമായി കുപ്പ പെറുക്കി തുടങ്ങിയത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഇവർക്ക് ആദ്യ കാലങ്ങളിൽ ഒരു ദിവസം മുഴുവൻ കുപ്പ പെറുക്കിയാൽ ലഭിച്ചിരുന്നത് അഞ്ച് രൂപ മാത്രമായിരുന്നു. തന്റെ മുന്നിലെ വെല്ലുവിളികൾക്കു മുന്നിൽ തളരാതെ പൊരുതിയ മഞ്ജുള എന്ന 60-കാരി ഇന്ന് ഒരു കോടിയോളം രൂപ വാർഷിക വരുമാനമുള്ള സ്ഥാപനത്തിന്റെ ഉടമയാണ്.
മാലിന്യം എങ്ങനെ നിർമാർജ്ജനം ചെയ്യുമെന്ന ചോദ്യത്തിന് മറുപടിയാണ് മഞ്ജുളയുടെ പ്രവർത്തനങ്ങൾ. ശ്രീ സൗന്ദര്യ സഫായി ഉത്കർഷ് മഹിളാ സേവ സഹ്കാരി മണ്ഡലി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ രൂപീകരണമാണ് മഞ്ജുളയുടെ ജീവിതം മാറ്റി മറിച്ചത്, ഒപ്പം ഒരു സംഘം സ്ത്രീകളുടേയും. മഞ്ജുളയുടെ സ്ഥാപനവുമായി ആദ്യമായി ബിസിനസ് ബന്ധം ആരംഭിച്ചത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ ആയിരുന്നു.
ഇരുപത്തിനാലു മണിക്കൂറും ലഭ്യമാകുന്ന ക്ലീനിങ്, ഹൗസ് കീപ്പിങ് സേവനമാണ് മഞ്ജുള വഗേലയുടെ സ്ഥാപനം നൽകുന്നത്. 40 സ്ത്രീകളുടെ സഹകരണത്തോടെ ആരംഭിച്ച സ്ഥാപനത്തിൽ ഇന്ന് 400 ജീവനക്കാരാണുള്ളത്. ദാരിദ്രത്തോട് തളരാതെ കുപ്പയിലെ മാണിക്യം കണ്ടെത്തിയ മഞ്ജുള, വലിയൊരു ജീവിതപാഠം തന്നെയാണ് സമൂഹത്തിന് നൽകുന്നത്.