രാഹുലിനെപ്പോലൊരു മകൻ, നാലാംവയസിൽ നാടുംവീടും വിട്ടു കേരളത്തിലെത്തിയ നാസിം !

ഒക്ടോബർ 13... അന്നാണ് ആലപ്പുഴയിൽ നിന്നുള്ള രാഹുലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട ഫീച്ചർ ഷെയർ ചെയ്യുന്നത്. "സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ഒന്നു ശ്രമിച്ചു കൂടേ, രാഹുലിനെ കണ്ടെത്താന്‍... #FindoutRahul എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് പരമാവധി ഷെയര്‍ ചെയ്യൂ ഈ അമ്മയുടെ കഥ.." എന്ന കുറിപ്പോടു കൂടിയാണ് റിപ്പോർട്ട് വായനക്കാർക്ക് പങ്കുവച്ചത്. രാഹുലിനെ എങ്ങനെയെങ്കിലും കണ്ടെത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു അതിനു പുറകിൽ.

സോഷ്യൽ മീഡിയ വിഷയം ഏറ്റെടുത്തതോടെ റിപ്പോർട്ട് വൈറലായി. ഫെയ്സ്ബുക്കിൽ വനിതയുടെ പേജിലൂടെ മാത്രം കാൽ ലക്ഷത്തോളം പേരാണ് ഇതു ഷെയർ ചെയ്തത്. വാട്സ് ആപ്പ് അടക്കമുള്ള മാധ്യമങ്ങളിലൂടെ വേറെയും. എന്നാൽ പോസ്റ്റിനു താഴെ വന്ന കമന്റുകളിൽ ശ്രദ്ധിക്കപ്പെട്ടത് നാസിം ചാലിയം എന്ന ചെറുപ്പക്കാരൻ എഴുതിയ വരികളായിരുന്നു. അത് ഇപ്രകാരമായിരുന്നു.

"എന്റെ പേര് നാസിം.. 11 വർഷം ഒരമ്മ മകൻ എവിടെയെന്നറിയാതെ അവനെ മാത്രം സ്വപ്നം കണ്ടു ജീവിക്കുന്ന ആ ഓർമകളിൽ കണ്ണീരുമായി ജീവിക്കുന്ന ആ അമ്മയുടെ മുമ്പിൽ ആ മകനെ എത്രയും പെട്ടന്ന് എത്തിച്ചു കൊടുക്കാൻ സർവലോക ദൈവങ്ങളോടും പ്രാത്ഥിക്കുന്നു... അതുപോലെ ഞാൻ 4 വയസിൽ കേരളത്തിൽ എത്തിപ്പെട്ടതാണ്. എന്റെ മനസിലെ വേദന പറഞ്ഞാൽ തിരുല്ലാ.... ഇപ്പോഴും എന്റെ മനസിൽ ഉമ്മയും ഉപ്പയേയും... കാണാൻ കഴിയാത്തതിൽ മനസിലെ വിഷമം പറഞ്ഞാൽ തിരൂല..."

ഓർമകളുടെ പാളങ്ങളിൽ

നാസിമിന്റെ വരികളുടെ സത്യമറിയാൻ വനിത ഓൺലൈൻ നടത്തിയ അന്വേഷണത്തിൽ മനസ്സിലായത് അച്ഛനമ്മമാരെ തേടിയുള്ള ഒരു മകന്റെ 26 വർഷങ്ങൾ നീണ്ട കാത്തിരിപ്പാണ്. ഒരുപക്ഷേ മറ്റൊരു നാട്ടിൽ ഇവനാകാം രാഹുൽ. നാസിമിന്റെ കഥ ഇതാണ്;

നാസിമിന് സ്വന്തം നാടും വീടും ഉറ്റവരെയും നഷ്ടപ്പെടുമ്പോൾ വയസ്സു നാലു മാത്രം. ഓർമ്മകൾ ചികഞ്ഞെടുക്കാൻ ബുദ്ധിമുട്ടല്ലേ എന്ന് ചോദിച്ചപ്പോൾ മറുപടി, ‘ഞാനൊന്നും മറന്നിട്ടില്ല’. ന്യൂഡൽഹിയിലെ ഏതോ നഗരത്തിലായിരുന്നു ജനനം. അയാൾക്ക് ഒന്നുറപ്പാണ്, ഇടത്തരം കുടുംബത്തിൽ കാണുന്നതിനേക്കാൾ ജീവിത സാഹചര്യങ്ങൾ അന്ന് തന്റെ വീട്ടിൽ ഉണ്ടായിരുന്നു. വാർപ്പ് വീടും ടിവിയും ഫോണുമെല്ലാം. റെയിൽവേ സ്റ്റേഷനടുത്തായിരുന്നു വീടെന്നും നാസിമിന് ഉറപ്പുണ്ട്. കാരണം, വീടിന് തൊട്ടു മുന്നിൽ ട്രെയിനുകൾ നിർത്തിയിടാറുണ്ട്. ഓർമകളിൽ ഇത്രയും ഇപ്പോഴും തെളിഞ്ഞുതന്നെ നിൽക്കുന്നു.

അന്ന് സഹോദരിയ്‌ക്കൊപ്പം കളിച്ചു കളിച്ചായിരുന്നു നാസിം ആ ട്രെയിനിന് അടുത്തെത്തിയത്. കമ്പിയിൽ ഏന്തിപ്പിടിച്ചു നിർത്തിയിട്ട ബോഗിക്കുള്ളിൽ കയറിപ്പറ്റുമ്പോൾ ഒരിക്കലും ആ കുരുന്ന് വിചാരിച്ചിരുന്നില്ല, നാളെ ജീവിതം പാളം തെറ്റി ഓടിത്തുടങ്ങാൻ പോകുന്നുവെന്ന്. ‘ബോഗിക്കുള്ളിൽ കയറിയതോടെ ട്രെയിൻ നീങ്ങിത്തുടങ്ങി, ഇത് കണ്ടതോടെ സഹോദരി ചാടിയിറങ്ങി. എനിക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല," നാസിം വേദനയോടെ പറയുന്നു. അന്ന് നാസിമിന് എന്നന്നേക്കുമായി നഷ്ടപ്പെട്ടത് പ്രിയപ്പെട്ട വാപ്പയും മതിയാവോളം സ്നേഹം വാരിക്കോരി നൽകുന്ന ഉമ്മയും എപ്പോഴും നിഴൽ പോലെ ഒപ്പമുണ്ടാകാറുള്ള മുതിർന്ന സഹോദരിയും അടങ്ങുന്ന സ്വന്തം കുടുംബമാണ്.

നാസിമിന്റെ ജീവിതകഥയുമായി ബന്ധപ്പെട്ടു വന്ന ഒരു പഴയ പത്രവാർത്ത

ഉറുദുവാണ് അന്ന് സംസാരിച്ചിരുന്നത്. ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തിയപ്പോൾ ചാടിയിറങ്ങി നിർത്തിയിട്ടിരുന്ന മറ്റൊരു ട്രെയിനിൽ ചാടിക്കയറി. അങ്ങനെ രണ്ടോ മൂന്നോ ട്രെയിനുകൾ മാറിക്കയറി. ഇടയ്ക്കെപ്പോഴോ കരഞ്ഞു തളർന്നുറങ്ങി. കണ്ണു തുറന്നപ്പോൾ ഏതോ ഒരു സ്റ്റേഷൻ. ആളുകൾ സംസാരിക്കുന്നത് മറ്റേതോ ഭാഷ. പിന്നെ എപ്പോഴോ മനസിലായി, കോഴിക്കോട് എന്നാണ് ഈ നാടന്റെ പേര്. ദുബായിൽ ബിസിനസുകാരനായിരുന്ന ചാലിയം സ്വദേശി നൗഷാദ് അലിയാണ് അന്ന് പ്ലാറ്റ്‌ഫോമിൽ വച്ച് നാസിമിനെ കണ്ടെടുക്കുന്നത്. അദ്ദേഹം അവനെ അധികൃതരുടെ സമ്മതത്തോടെ ചാലിയം അമ്പലത്ത് വീട്ടിൽ ആയിഷയ്ക്ക് വളർത്താൻ കൊടുത്തു. ആണ്‍മക്കളില്ലാത്ത ആയിഷ സ്വന്തം മകനെപ്പോലെ അവനെ വളർത്തി.

പുതിയ ഭാഷയും സാഹചര്യങ്ങളുമായി മനസ്സുകൊണ്ട് അവന് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. വെറും നാല് വയസ്സുകാരന്റെ ചിന്തകളോ മനസ്സോ ഒന്നുമായിരുന്നില്ല നാസിമിന്റേത്. സ്വന്തം ഉമ്മയ്ക്കും വാപ്പയ്ക്കും വേണ്ടി അവന്റെ പിഞ്ചു മനസ്സ് അലഞ്ഞുകൊണ്ടിരുന്നു. പ്രായം കൂടുംതോറും അതവനെ അതി കഠിനമായി അലട്ടി. വർഷങ്ങൾ മുന്നോട്ട് സഞ്ചരിച്ചപ്പോഴും നാസിമിന്റെ മനസിൽ നിറഞ്ഞുനിന്ന സ്വത്വം അവനെ വിട്ടുപോയില്ല. പഠനത്തിനായി കൊടിയത്തൂർ അൽ ഇസ്‌ലാം യത്തീംഖാനയിൽ ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. നാലാം ക്ലാസ്സിൽ പഠനം ഉപേക്ഷിച്ച് ഉമ്മയെയും വാപ്പയെയും അന്വേഷിച്ചിറങ്ങി. പലയിടങ്ങളിൽ ജോലി ചെയ്തു, പല ഭാഷകൾ പഠിച്ചു.

ലക്ഷ്യം ന്യൂഡൽഹി...

സ്വന്തം വീട്.. ഉമ്മ, വാപ്പ, സഹോദരി... അങ്ങനെ നാലു വയസുകാരന്റെ ഓർമ്മകൾ അവനെ മാടിവിളിച്ചുകൊണ്ടിരുന്നു. അവരെയെല്ലാം ഒരിക്കൽ കൂടി കാണണം. അതിനായി ഡൽഹിയിൽ പോകണം. ദേശസഞ്ചാരത്തിനിടയ്‌ക്ക് കെട്ടിടം പണിയുമായി ബന്ധപ്പെട്ട് നാസിം ജയ്‌പ്പൂരിൽ എത്തി. ഉള്ളിന്റെയുള്ളിലെ ആഗ്രഹം തീവ്രമായപ്പോൾ ഒരിക്കൽ കൂട്ടുകാരുടെ സഹായത്തോടെ ഡൽഹിയിലും എത്തി. എന്നാല്‍ നിരാശ മാത്രമായിരുന്നു ഫലം.

ഓർമ്മകളിലെ വീടും കുടുംബവുമൊന്നും കണ്ടെത്താനാവാതെ നാസിം തിരിച്ചു വീണ്ടും കോഴിക്കോട് തന്നെ എത്തി. ഇപ്പോൾ നാസിമിന് മുപ്പതു വയസ്സായി, മലയാളി പെൺകുട്ടി ജീവിത സഖിയായി കൂട്ടിനുണ്ട്, കൂടാതെ മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞു മോളുമുണ്ട്. എങ്കിലും നാസിമിന്റെ മനസ്സിനകത്ത് ഇപ്പോഴും വിങ്ങലാണ്... ട്രെയിനിൽ ഒറ്റപ്പെട്ടപ്പോൾ ഉമ്മയെയും വാപ്പയെയും അന്വേഷിച്ചു നിലവിളിച്ച അതേ നാലുവയസ്സുകാരന്റെ വിങ്ങൽ.

കഥയെല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ നാസിം ചോദിച്ചു, ’ന്റെ ഉമ്മയെയും വാപ്പയെയും കണ്ടുപിടിച്ചു തരാൻ നിങ്ങൾക്ക് പറ്റുമോ’ എന്ന്. ശ്രമിക്കാം എന്ന് മറുപടി പറഞ്ഞപ്പോൾ മനസ്സിൽ ആദ്യം ഓടിവന്ന മുഖം രാഹുലിന്റെ അമ്മയുടേതായിരുന്നു. ഒരുപക്ഷേ നാസിമിനെക്കാൾ വേദനയോടെ ഉത്തരേന്ത്യയിൽ എവിടെയോ ഒരമ്മ അവനെയും കാത്തിരിപ്പുണ്ടാവും... ആ അമ്മയുടെ തേങ്ങലുകൾക്കും രാഹുലിന്റെ അമ്മയുടെ വേദനയാകും...