മരണമുഖത്തുനിന്ന് കന്യാസ്ത്രീയുടെ എസ്എംഎസ്: ആത്മാവിനായി പ്രാർഥിക്കണം

ഇറ്റലി ഭൂകമ്പത്തിൽ പരുക്കുകളോടെ രക്ഷപ്പെട്ട സിസ്റ്റർ മർജാന ലെഷി.

മരണത്തെ മുഖാമുഖം കണ്ട് അവർ കൂട്ടുകാർക്ക് എസ്എംഎസ് അയച്ചു – എന്റെ ആത്മാവിനായി പ്രാർഥിക്കണം. ഇറ്റലിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിൽ ഇടിഞ്ഞുവീണ മതിലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നായിരുന്നു സിസ്റ്റർ മർജാന ലെഷി എന്ന കന്യാസ്ത്രീയുടെ സന്ദേശം. ജീവിതത്തിലേക്കു തിരികെയെത്തി ആ നിമിഷങ്ങൾ ഓർത്തെടുക്കുമ്പോൾ ദൈവത്തിന്റെ മഹാകാരുണ്യം എന്നു സിസ്റ്റർ പ്രാർഥനാനിരതയാകുന്നു.

അമാട്രൈസ് എന്ന സ്ഥലത്തെ കോൺവന്റിൽ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ഭൂകമ്പം. മതിൽ തകർന്നുവീണ് അതിനടിയിലായിപ്പോയി സിസ്റ്റർ. നിലവിളിച്ചുവെങ്കിലും ആരും കേട്ടില്ല. ദേഹം മുഴുവൻ പരുക്കുണ്ടായിരുന്നു. ആരും രക്ഷിക്കാനെത്തില്ലെന്നുറപ്പായതോടെ കയ്യിലുണ്ടായിരുന്ന ഫോണിൽനിന്നു സന്ദേശങ്ങൾ അയച്ചു. പിന്നീടു മണിക്കൂറുകൾക്കു ശേഷം ഒരാൾ രക്ഷിക്കുകയായിരുന്നു.

പരുക്കുകളുണ്ടെങ്കിലും സെപ്റ്റംബർ നാലിന് റോമിൽ മദർ തെരേസയുടെ നാമകരണച്ചടങ്ങിൽ പങ്കെടുക്കാമെന്ന പ്രതീക്ഷയിലാണ് സിസ്റ്റർ.