ആണായി ജനിച്ച് പെണ്ണായി ജീവിച്ചവൾ, ആ യാതനകൾ തുറന്നുപറഞ്ഞ് വിജയരാജമല്ലിക

മനു ജെ കൃഷ്ണൻ എന്ന പേരിൽ ഒരു ആണായി ജനിച്ച വ്യക്തി വിജയരാജ മല്ലികയായതിന് പിന്നിൽ സഹിച്ച യാതനകൾ നിരവധിയാണ്

വിജയരാജ മല്ലിക,  പൂർത്തിയാകാത്ത പ്രണയത്തിന്റെ പ്രതീകം എന്നവണ്ണം പ്രിയതമനെ കാത്തിരിക്കുന്ന ഒരു പുഷ്പം. പേരിൽ ഒളിച്ചിരിക്കുന്ന ഇങ്ങനൊരർഥത്തെ ജീവിതത്തിലേക്ക് ആവാഹിച്ച വ്യക്തിയാണ് ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റും മലയാളത്തിലെ ആദ്യ ട്രാൻസ്‌ജെൻഡർ കവയത്രിയുമായ വിജയരാജ മല്ലിക. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ മനു ജെ കൃഷ്ണൻ എന്ന പേരിൽ ഒരു ആണായി ജനിച്ച വ്യക്തി വിജയരാജ മല്ലികയായതിന് പിന്നിൽ സഹിച്ച യാതനകൾ നിരവധി. ആൺ ശരീരത്തിലെ പെണ്ണത്വം സ്വയം തിരിച്ചറിഞ്ഞ നാളുകൾ, അതംഗീകരിക്കാനാവാതെ മനുവായി ജീവിക്കാനും വിവാഹിതനാകാനും പ്രേരിപ്പിച്ച വീട്ടുകാർ. ഒടുവിൽ സ്വയം പ്രഖ്യാപിത ചട്ടക്കൂടുകളിൽ നിന്നും പുറത്തു വന്ന് തന്നിലെ സ്ത്രീത്വത്തെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിച്ച് വിജയരാജ മല്ലിക എന്ന പേരിൽ ഒരു ട്രാൻസ്‌ജെൻഡർ ആയി ജീവിക്കാൻ തീരുമാനിച്ചപ്പോൾ അതുവരെ കൂടെ ഉണ്ട് എന്ന് വിശ്വസിച്ചവർ പോലും എതിരായി. എന്നാൽ അതുകൊണ്ടൊന്നും പിന്തിരിയാൻ മല്ലിക തയ്യാറല്ലായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ ബലത്തിൽ തന്റെ കൂട്ടത്തിൽ പെട്ട, ചൂഷണം അനുഭവിക്കുന്ന ഭിന്നലിംഗ സമൂഹത്തിനായി പോരാടാൻ അവർ തീരുമാനിച്ചു. ആ ശ്രമങ്ങൾ ലക്‌ഷ്യം കാണുന്നതിന്റെ ഫലമാണ്, ഭിന്നലിംഗക്കാർക്കായുള്ള ഇന്ത്യയിലെ ആദ്യ റെസിഡൻഷ്യൽ സ്‌കൂളിന്റെ ആശയം മല്ലികയുടെ ചിന്തയിൽ വിരിയുന്നത്. ചിന്തയിലും എഴുത്തിലും തികച്ചും വ്യത്യസ്തത പുലർത്തുന്ന വിജയരാജ മല്ലികക്ക് മുന്നിൽ ട്രാൻസ്‌ജെൻഡർ ഉന്നമനം എന്ന ഒരു ലക്‌ഷ്യം മാത്രമേയുളൂ. ഭിന്നലിംഗക്കാർക്കായുള്ള ഇന്ത്യയിലെ ആദ്യ റെസിഡൻഷ്യൽ സ്‌കൂള്‍ ഉടൻ യാഥാർഥ്യമാകണം, അതിനായി സഹായിക്കാൻ മനസ്സുള്ളവർ മുന്നോട്ട് വരണം, വിജയരാജ മല്ലിക മനസ് തുറക്കുന്നു....

മനു എന്ന ശരീരത്തിനുള്ളിൽ കിടന്നു മല്ലികയുടെ പെണ്മനസ്സ് ശ്വാസം മുട്ടുകയായിരുന്നു

ക്ലേശങ്ങൾ നിറഞ്ഞ കുട്ടിക്കാലത്തിന്റെ ഓർമ്മകൾ ?
തൃശൂർ ജില്ലയിലെ ഒരു സാധാരണ കുടുംബത്തിൽ ആൺകുട്ടിയായിട്ടായിരുന്നു ജനനം. മനു എന്ന പേരിൽ ഞാൻ അവിടെ വളർന്നു. എന്നാൽ വർച്ചയുടെ പല ഘട്ടങ്ങളിലും ഞാൻ എന്നെ തിരിച്ചറിയുകയായിരുന്നു. പുരുഷന്റെ ശരീരവും സ്ത്രീയുടെ മനസുമായാണ് ഞാൻ ജീവിക്കുന്നത് എന്ന് തിരിച്ചറിഞ്ഞ ഘട്ടത്തിൽ ഞാനത് വീട്ടുകാരോട് പറയാനുള്ള ശ്രമങ്ങളും നടത്തി. എന്നാൽ അതംഗീകരിക്കാൻ അവർ തയ്യാറല്ലായിരുന്നു. അങ്ങനെ 31 വയസ്സുവരെ ഞാൻ മറ്റുള്ളവർക്ക് വേണ്ടി പുരുഷ ശരീരത്തിൽ തന്നെ ജീവിച്ചു. ഇതിനിടക്ക് ആഗ്രഹിച്ച പോലെ പഠനം പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് മാത്രമാണ് നേട്ടം. 

വിദ്യാഭ്യാസ കാലഘട്ടത്തിൽ ആൺ ശരീരത്തിലെ പെൺ മനസ്സിന് നേരിടേണ്ടി വന്ന വിഷമതകൾ? 
മനു എന്ന ശരീരത്തിനുള്ളിൽ കിടന്നു മല്ലികയുടെ പെണ്മനസ്സ് ശ്വാസം മുട്ടുകയായിരുന്നു. ശരീരചലനങ്ങളിലും പ്രവൃത്തിയിലും ഒരു സ്ത്രീയുടെ അംഗചലനങ്ങൾ ഉണ്ടായതുകൊണ്ട് തന്നെ കൂട്ടുകാർക്കിടയിലും മറ്റും ഒറ്റപ്പെട്ടിരുന്നു. പലവിധ കളിയാക്കലുകൾ ഇരട്ടപ്പേരുകൾ... എന്നാൽ ഇത്തരം പ്രതിസന്ധികൾക്കിടയിലും ഇംഗ്ലീഷ് - ചരിത്രം എന്നീ വിഷയങ്ങളിലായി ബിരുദം പൂർത്തിയാക്കി. കാലിക്കറ്റ്  സർവകലാശാലക്ക്  കീഴിൽ റാങ്കോടെയായിരുന്നു പാസായത്. തുടർന്ന്, സോഷ്യൽ വർക്ക്സിൽ ബിരുദാനന്തര ബിരുദം നേടി. പ്രശ്നം തുടങ്ങുന്നത് വീട്ടുകാർ പുരുഷൻ എന്ന നിലയിൽ എനിക്ക് വിവാഹം ആലോചിക്കുന്നതോടെയാണ്. 

സ്ത്രീയുടെ മനസ്സോടെയുള്ള ഒരു പുരുഷന്റെ വിവാഹം...? 
ദാരുണമായ ഒന്നായിരുന്നു അത്. നിർബന്ധത്തിനു വഴങ്ങിയാണ് മാനസികമായി സ്ത്രീ ആയ ഞാൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത്. ദാമ്പത്യ ബന്ധത്തിന്റെ പവിത്രതയും ശക്തിയും കാത്തു സൂക്ഷിച്ച് ജീവിക്കുക എന്നത് അസാധ്യമായിരുന്നു. അങ്ങനെയാണ് ഞാൻ എന്നിലെ സ്ത്രീ സ്വത്വത്തെ  ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ തയാറാകുന്നത്. അങ്ങനെ മനു ജെ കൃഷ്‌ണൻ വിജയരാജ മല്ലികയായി. 

നിർബന്ധത്തിനു വഴങ്ങിയാണ് മാനസികമായി സ്ത്രീ ആയ ഞാൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുന്നത്

ഈ മാറ്റത്തെ സമൂഹം ഉൾക്കൊണ്ടതെങ്ങനെയാണ്? 
സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഒരു ട്രാൻസ്‌ജെൻഡർ എന്ന നിലയിൽ എന്നെ അംഗീകരിക്കാൻ വീട്ടുകാർക്ക് ബുദ്ധിമുട്ടായിരുന്നു. അത് മനസിലാക്കി ഞാൻ വീട് വിട്ടിറങ്ങി. ആദ്യമായി സ്ത്രീ വേഷധാരിയായപ്പോൾ അനുഭവിച്ച സന്തോഷം ഞാൻ എന്റെ ജീവിതത്തിൽ ഒരിക്കലും അനുഭവിച്ചിട്ടില്ല. മറ്റുള്ളവരെ ഉപദ്രവിക്കാതെ, അവരുടെ അന്തസ്സിനും മറ്റും കോട്ടം വരുത്താതെ ജീവിച്ചു പോകാൻ മാത്രമേ ഞാൻ ആഗ്രഹിച്ചുള്ളൂ. അതിനായി ഒരു ജോലി കണ്ടെത്തുക എന്നതായിരുന്നു എനിക്ക് മുന്നിലെ ഏക പോംവഴി. സോഷ്യൽ വർക്കസിലെ ബിരുദാനന്തര ബിരുദം എന്നെ അതിനു സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ ഫലം മറിച്ചായിരുന്നു.

ഒരു ട്രാൻസ്ജെൻഡറിന് ജോലി ചെയ്തു ജീവിക്കാനുള്ള അവസരം നമ്മുടെ സമൂഹം നൽകുന്നുണ്ടോ?
ഒരിക്കലുമില്ല. ഇവിടെ സ്ത്രീക്കും പുരുഷനും ജോലിയുണ്ട്. എന്നാൽ ഒരു ട്രാൻസ്ജെൻഡറിന് അതിനുള്ള അവകാശമില്ല. ഇനി ജോലി ലഭിച്ചയാൾ തന്നെ നേരിടേണ്ടി വരുന്നത് പലവിധത്തിലുള്ള ചൂഷണങ്ങളാണ്. സ്ത്രീക്കും പുരുഷനും ലഭിക്കുന്ന വേതനം ട്രാൻസ്‌ജെൻഡർ തൊഴിലാളിക്ക് ലഭിക്കുന്നില്ല. സർക്കാർ രേഖകളിൽ മൂന്നാംലിംഗക്കാർ അംഗീകരിക്കപ്പെട്ടതുകൊണ്ട് മാത്രം ഈ പ്രശ്ങ്ങൾ തീരുന്നില്ല. ആവശ്യത്തിന് വിദ്യാഭ്യാസം ഉണ്ടായിട്ടും ഞാനിപ്പോഴും തൊഴിൽ അന്വേഷിയായി നടക്കുന്നത് അതിന്റെ ഭാഗമായാണ്. 

തൊഴിലിടങ്ങളിൽ ട്രാൻസ്ജെൻഡർമാർ സുരക്ഷിതരല്ല എന്ന് പറഞ്ഞല്ലോ, ഇതിനെ സാധൂകരിക്കുന്ന ഏതെങ്കിലും അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ? 
തീർച്ചയായും. ഞാൻ എം എ  കഴിഞ്ഞശേഷം സൈക്കോളജിക്കൽ കൗൺസിലിംഗ് നടത്തുന്ന സമയത്ത് അത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്ന് മല്ലികയുടെ രൂപത്തിലേക്ക് ഞാൻ വന്നിട്ടില്ല, എന്നിട്ടു പോലും കൗൺസിലിംഗ് നടത്താനായി എത്തിയ ചിലർ മുറിയുടെ വാതിൽ അടച്ചിട്ട് എന്നെ  ഉപദ്രവിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഭിംന്നലിംഗക്കാരായവർക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല എന്ന ദാർഷ്ട്യമാണ്‌ ഇത്തരം അക്രമങ്ങൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെയാണ് എന്നെ പോലുള്ളവർക്കായി പ്രവർത്തിക്കാൻ ഞാൻ തീരുമാനിച്ചത്. 

സർക്കാർ നേതൃത്വത്തിൽ നിലവിൽ വന്ന ട്രാൻസ്‌ജെൻഡർ പോളിസി ഗുണകരമാകും എന്ന് കരുത്തുന്നുണ്ടോ? 
ട്രാൻസ്‌ജെൻഡർ സമൂഹത്തിന് താങ്ങാകാനുള്ള സർക്കാർ ശ്രമങ്ങളെ ഞാൻ സ്വാഗതം ചെയ്യുന്നു. എന്നാൽ, ട്രാൻസ്‌ജെൻഡർ പോളിസി വേണ്ടത്ര ഫലം ചെയ്യുമെന്ന് ഉറപ്പില്ല. കാരണം, ഭിന്നലിംഗക്കാരുടെ ശരിയായ പ്രശ്നങ്ങൾ പഠിച്ച ശേഷമാണ് പോളിസി രൂപവത്കരിച്ചത് എന്ന് തോന്നുന്നില്ല. അതിനാൽ പലയിടങ്ങളിലും ആ പോരായ്മകൾ ദൃശ്യമാണ്. സമൂഹത്തിന്റെ മുന്നിൽ ഭിന്നലിംഗക്കാർ നേരിടുന്ന വ്യക്തിഹത്യക്ക് എതിരെയുള്ള ഒരു നിയമം പോളിസിയിൽ കണ്ടില്ല. ഞങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ മുന്നിലാണ് ചാന്തുപൊട്ട്, ഒൻപത് തുടങ്ങിയ പേരുകളിലുള്ള ഈ വ്യക്തിഹത്യ.

ഏതു രീതിയിലുള്ള നിയമനിർമ്മാണമാണ് ട്രാൻസ്‌ജെൻഡർ സമൂഹത്തിന് ഗുണകരമാകുക? 
ഞാൻ നേരത്തെ പറഞ്ഞ പോലെ സ്ത്രീയെയും പുരുഷനെയും പോലെ അവരെയും അംഗീകരിക്കുക, വിദ്യാഭ്യാസം നൽകുക, ഉന്നത പഠനത്തിന് സാഹചര്യം ഒരുക്കുക. പ്രൈവറ്റ് സ്ഥാപനങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും ഒരുപോലെ ഇക്കൂട്ടർക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. അതാണ് വേണ്ടത്. വിദ്യഭ്യാസത്തിന്റെ ശക്തി കരുത്താക്കി സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ഓരോ ട്രാൻസ്ജെൻഡറിനെയും പ്രാപ്തരാക്കണം. 

ഭിന്നലിംഗക്കാർക്കായുള്ള ഇന്ത്യയിലെ ആദ്യ റെസിഡൻഷ്യൽ സ്‌കൂൾ എന്ന താങ്കളുടെ സ്വപ്നം യാഥാർഥ്യമാകുന്നതിനെക്കുറിച്ച്?
ഞാൻ പഠിച്ചതുകൊണ്ട് തന്നെ, എനിക്ക് വിദ്യാഭ്യാസത്തിന്റെ വിലയറിയാം. എന്റെ അറിവിൽ 70 ശതമാനം ഭിന്നലിംഗ സമൂഹവും പ്രാഥമിക വിദ്യാഭ്യാസം നേടാൻ കഴിയാത്തവരാണ്. ശാരീരികവും മാനസികവുമായ പലകാരണങ്ങൾ കൊണ്ടും അവർ പഠിപ്പു നിർത്തുന്നു. ഭിന്നലിംഗക്കാർക്ക് പൊതുവെ ജോലി കണ്ടെത്താൻ ബുദ്ധിമുട്ടുള്ള നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം കൂടി ഇല്ലാതാകുമ്പോൾ ഉള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. ആ അവസ്ഥ ഒഴിവാക്കാനാണ് റെസിഡൻഷ്യൽ സ്‌കൂൾ എന്ന ആശയം ഞാൻ മുന്നോട്ടു വച്ചത്. ഇവിടെ ആദ്യഘട്ടത്തിൽ പത്തോളം ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കൾക്ക് താമസവും വിദ്യാഭ്യാസവും ഒരുക്കുന്നു. 

എന്തുകൊണ്ടാണ് സ്‌കൂൾ എന്നതിന് പകരം റെസിഡൻഷ്യൽ സ്‌കൂൾ എന്ന ആശയം തന്നെ സ്വീകരിച്ചത്? 
സത്യത്തിൽ, അത് നമ്മുടെ നാട്ടിലെ ഞാൻ ഉൾപ്പെടെയുള്ള  ഭിന്നലിംഗക്കാരുടെ പരിതാപകരമായ അവസ്ഥയോർത്താണ്. ട്രാൻസ്‌ജെൻഡർ വ്യക്തിത്വം തുറന്നു പറഞ്ഞാൽ ഇവിടെ താമസിക്കാൻ ഇടമില്ലാതാകും. നമ്മുടെ നാട്ടിൽ സ്ത്രീക്കും പുരുഷനും ഹോസ്റ്റലുകൾ ഉണ്ട്, വാടക വീടുകൾ ഉണ്ട് എന്നാൽ ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് താമസിക്കാൻ ഇടമില്ല. അതിനാൽ പഠനത്തോടൊപ്പം താമസ സൗകര്യം കൂടി ലഭിക്കുന്ന ഒരവസ്ഥ വരുമ്പോൾ കൂടുതൽ പേരെ മുന്നോട്ട് വരും. 

പത്താം ക്‌ളാസ് തത്തുല്യ വിദ്യാഭ്യാസം ഭിന്നലിംഗക്കാർക്ക് നൽകുക എന്നതാണ് ഉദ്ദേശം

സ്‌കൂളിന്റെ പ്രവർത്തനത്തെ സംബന്ധിച്ച മറ്റു വിശേഷങ്ങൾ?  
എറണാകുളം, തൃശൂർ ജില്ലകളാണ് സ്‌കൂൾ ആരംഭിക്കുന്നതിനായി നോക്കി വച്ചിരിക്കുന്നത്. എന്നാൽ സ്‌കൂൾ ആരംഭിക്കുന്നതിനായി സ്ഥലവും കെട്ടിടവും ലഭിക്കുക എന്നത് വലിയ ഒരു ചോദ്യചിഹ്നമായി നിൽക്കുകയാണ്. ഇതിനായി രാഷ്ട്രീയ പാർട്ടികളുടെയും മറ്റു ഭരണ സമിതികളുടേയും പിന്തുണയോടെ സ്ഥലം അന്വേഷിക്കുന്നുണ്ട്. ഉടൻ തന്നെ ഞങ്ങളുടെ അന്വേഷണങ്ങൾക്ക് ഒരു ഫലം കിട്ടു എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഏതു തരാം പാഠ്യക്രമമാണ് ഇവിടെ പിന്തുടരുന്നത്? 
പത്താം ക്‌ളാസ് തത്തുല്യ വിദ്യാഭ്യാസം ഭിന്നലിംഗക്കാർക്ക് നൽകുക എന്നതാണ് ഉദ്ദേശം. ഒപ്പം, പഠനം കഴിഞ്ഞു പുറത്തിറങ്ങുന്നവർക്ക് സ്വയം തൊഴിൽ ചെയ്തു ജീവിതമാർഗം കണ്ടെത്തുന്നതിനായി തയ്യൽ, ഡ്രൈവിംഗ്, കരകൗശല വസ്തുക്കളുടെ നിർമാണം, ആഭരണ നിർമാണം തുടങ്ങിയ സ്വയം തൊഴിൽ പരിശീലനം കൂടി നൽകാൻ ആഗ്രഹിക്കുന്നു. ഇതിനുള്ള ഒരുക്കങ്ങളും മറ്റും പൂർത്തിയായിക്കഴിഞ്ഞു. ക്‌ളാസുകൾ എടുക്കാൻ പ്രാപ്തരായ വ്യക്തികളും തയ്യാറാണ്. സ്‌കൂളിനായി ഒരു കെട്ടിടം കണ്ടെത്തുക എന്നത് മാത്രമാണ് ഇനിയുള്ള കടമ്പ. അതിനായി സഹായിക്കാൻ മനസുള്ളവരിൽ നിന്നും സഹകരണം പ്രതീക്ഷിക്കുന്നു. 

ഭിന്നലിംഗക്കാർ ലൈംഗീക തൊഴിലാളികളായി മുദ്രകുത്തപ്പെടുന്നതിനെക്കുറിച്ച്? 
ആ തൊഴിൽ ചെയ്ത് ആരും ജീവിക്കുന്നില്ല എന്ന് ഞാൻ പറയുന്നില്ല. ഒരു വിഭാഗം അങ്ങനെയും ജീവിക്കുന്നുണ്ട്. പക്ഷെ, അത് ജീവിക്കാനുള്ള മാർഗം കണ്ടെത്തുന്നതിന്റെ ഭാഗമായി പെട്ടുപോകുന്നതാണ്. അവരെ അതിൽ നിന്ന് കരകയറ്റാൻ വിദ്യാഭ്യാസവും ജോലിയുടെ ലഭ്യതയും കൊണ്ട് സാധിക്കും. അതിനായാണ് എന്റെ ശ്രമങ്ങൾ.