''ജീവിക്കാൻ ഇനി ശരീരം വിൽക്കുകയല്ലാതെ മറ്റു മാർഗങ്ങളില്ല'', മനസിൽ ഏറെ നോവനുഭവിച്ചുകൊണ്ടാണ് ട്രാൻസ്‌െജൻഡർ യുവതി കോട്ടയം സ്വദേശി രഞ്ജു മോഹൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടത്. ട്രാൻസ്‌ജെൻഡർ വിഭാഗക്കാരോട് സമൂഹം കാണിക്കുന്ന അവഗണനയുടെ ബാക്കി പത്രമാണ് രഞ്ജു. ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കു കോളജുകളിലും തൊഴിലിടങ്ങളിലും സംവരണം നടപ്പിലാക്കിയെന്നു സർക്കാർ പറയുന്നു. എന്നാൽ ജോലി സ്ഥലത്തും പഠിക്കാൻ ഉദ്ദേശിച്ച കലാലയത്തിലും ട്രാൻസ്‌ജെൻഡർ ആണ് എന്ന ഒറ്റകാരണം കൊണ്ടു പടിയിറങ്ങേണ്ടി വന്ന കഥയാണ് രഞ്ജുവിന് പറയാനുള്ളത്. ആൺശരീരത്തിൽ നിന്നും പെൺശരീരത്തിലേക്കുള്ള കൂടുമാറ്റത്തിനും ജീവിതത്തിനും ഇടയിൽ താൻ നേരിട്ട യാതനകൾ തുറന്നു പറയുകയാണ് രഞ്ജു.
കയ്‌പേറിയ മെട്രോ അനുഭവങ്ങൾ
കൊച്ചി മെട്രോയിൽ ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കു തൊഴിൽ നൽകുന്നു എന്ന വാർത്ത ഏറെ ആഘോഷിക്കപ്പെട്ടതാണ്. എന്നാൽ പൊതുജനം കരുതുന്ന പോലെ ഞങ്ങളെ സർക്കാർ സർവീസിൽ എടുക്കുകയല്ല ചെയ്തത്. കൊച്ചി മെട്രോയുടെ നടത്തിപ്പു ജോലികൾക്ക് കരാർ എടുത്തിരുന്ന ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ കീഴിലെ സ്റ്റാഫുകൾ മാത്രമായിരുന്നു ഞങ്ങൾ. 10000 രൂപയായിരുന്നു ശമ്പളം.
അകാരണമായ ശകാരങ്ങൾക്കിടയിലും നല്ല ജീവിതം എന്ന സ്വപ്നം മനസിൽ സൂക്ഷിച്ചുകൊണ്ടാണ് ഞാൻ മുന്നോട്ട് പോയത്.ലോഡ്ജിൽ താമസിച്ചിരുന്ന എനിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ പുറത്തു പോകാനുള്ള അനുവാദം പോലും ഉണ്ടായിരുന്നില്ല. ഒരിക്കൽ സിസ്റ്റം ഡൗൺ ആയതിനെ തുടർന്ന് ടിക്കറ്റിങ്ങിൽ എറർ വന്നതിന് മാനേജ്‌മെന്റ് എന്ന കണ്ണ് പൊട്ടുന്ന ചീത്ത വിളിച്ചു. ജോലിയിൽ നിന്നു പിരിച്ചു വിട്ടു.
ഏറെ ശ്രമിച്ചിട്ടാണ് നിരപരാധിത്വം തെളിയിച്ചു വീണ്ടും ജോലിക്ക് കയറിയത്. എന്നാൽ പിന്നീടും ഇത് ആവർത്തിക്കപ്പെട്ടു. ജോലി കഴിഞ്ഞു മുറിയിലേക്കു പോകാൻ ഇറങ്ങിയ എന്നെ ഒരാൾ ശാരീരികമായി ആക്രമിച്ചു. അയാളുടെ ഉദ്ദേശം നടക്കില്ല എന്ന് മനസിലായപ്പോൾ എന്റെ ബാഗുമായി കടന്നു കളഞ്ഞു. ഇക്കാര്യം പറഞ്ഞപ്പോൾ, ഞാൻ ലൈംഗികത്തൊഴിലാളിയാണ് എന്ന സമീപനമായിരുന്നു. അങ്ങനെ വീണ്ടും ജോലിയിൽ നിന്നും പുറത്തായി.
ആക്രമിക്കപ്പെട്ടത് ഞാൻ, പോലീസ് വന്നപ്പോൾ പ്രതിയായി
മെട്രോ ജോലിയുടെ ഭാഗമായി ചങ്ങമ്പുഴ സ്റ്റേഷനിൽ ജോലി നോക്കുമ്പോൾ ഒരാൾ എന്നെ ശാരീരികമായി ആക്രമിച്ചു. ഞാൻ പ്രതിരോധിക്കുകയും അയാളെ പിടിച്ചു കെട്ടുകയും ചെയ്‌തു. അതിനുശേഷം പോലീസിനെ വിളിച്ചു വരുത്തി. എന്നാൽ പൊലീസ് വന്നപ്പോൾ വാദിയായ ഞാൻ പ്രതിയായി. സംഘം ചേർന്നു വഴിയാത്രികനെ ആക്രമിച്ചു എന്ന പേരിൽ എന്നെ സ്റ്റേഷനിൽ കൊണ്ടുപോയി. അവിടെയും ഞങ്ങൾക്ക് നീതി നിഷേധിക്കപ്പെട്ടു.
ആർഎൽവി കോളജിന്റെ വാതിലും അടഞ്ഞു
ചെറുപ്പത്തിലേ ഓട്ടൻതുള്ളൽ പഠിച്ച വ്യക്തിയാണ് ഞാൻ. അടുത്തിടെ മഴവിൽ ദ്വയ എന്ന പരിപാടിയുടെ ഭാഗമായി നീണ്ട 12 വർഷങ്ങൾക്കുശേഷം ഓട്ടൻതുള്ളൽ അവതരിപ്പിക്കാൻ കഴിഞ്ഞു. കാണികളിൽ നല്ല അഭിപ്രായം പറഞ്ഞപ്പോഴാണ് ആർഎൽവി കോളജിൽ ചേർന്ന് ട്രാൻസ്ജെൻഡറുകൾക്കായുള്ള സംവരണ സീറ്റിൽ കഥകളിയിൽ ബിരുദം നേടാൻ ആഗ്രഹിച്ചത്. എന്നാൽ നിയമം വന്നെങ്കിലും അതു സംബന്ധിച്ച ഓർഡറുകൾ ലഭിച്ചിട്ടില്ല എന്ന് കോളജ് അധികൃതർ പറഞ്ഞു. എം.ജി യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെടാൻ പറഞ്ഞതനുസരിച്ച് ഞാൻ പരാതി സമർപ്പിച്ചു. സിൻഡിക്കേറ്റ് കൂടി തീരുമാനം എടുക്കാതെ ഒന്നും ചെയ്യാനാകില്ല എന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്റെ കഥകളി പഠനമെന്ന മോഹം അതോടെ അവസാനിപ്പിക്കേണ്ടി വന്നു.
ബിരുദധാരിയാണ്, ജോലി നേടിയിരിക്കും
ബിഎസ്‌സി ജ്യോഗ്രഫി ബിരുദധാരിയാണ്. ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റവും പഠിച്ചിട്ടുണ്ട്. ഞാൻ പഠിച്ച വിഷയം റെയർ ആയതിനാൽ ജോലി സാധ്യതയുണ്ട് . പിഎസ്‌സി ടെസ്റ്റുകൾ എഴുതുന്നുണ്ട്. ലിസ്റ്റിൽ വന്നിട്ടുണ്ട്. സംവരണം നടപ്പിലായാൽ ജോലി ലഭിക്കും എന്ന ഉറപ്പുണ്ട്. ഇനി ലഭിച്ചില്ലെങ്കിലും മെട്രോ ജോലിയിലേക്ക് ഇനിയില്ല. ട്രാൻസ്‌ജെൻഡർ ആണ് എന്ന ഒറ്റ കാരണം കൊണ്ട് അത്രയേറെ അനുഭവിച്ചിട്ടുണ്ട് .
ഹോട്ടൽ തുടങ്ങും, മാന്യമായി ജീവിക്കും
സർക്കാർ ഞങ്ങളുടെ വിഭാഗക്കാർക്ക് നൽകിയിരിക്കുന്ന വാഗ്ദാനങ്ങൾ നിറവേറ്റിയാൽ ഞങ്ങൾക്കു മാന്യമായി ജീവിക്കാനാകും. സാമൂഹ്യനീതി വകുപ്പിനു കീഴിൽ ട്രാൻസ്‌െജൻഡർ വിഭാഗക്കാർക്ക് സംരംഭങ്ങൾ തുടങ്ങാനായി ലോൺ അനുവദിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജന്മനാടായ കോട്ടയത്ത് മറ്റു അഞ്ച് ട്രാൻസ്‌ജെൻഡർ സുഹൃത്തുക്കളുമായി ചേർന്ന് ഒരു ഹോട്ടൽ തുടങ്ങുന്നതിനുള്ള പ്രൊജക്റ്റ് സമർപ്പിച്ചിട്ടുണ്ട്. പത്തു ലക്ഷം രൂപയാണ് വായ്പയായി എടുക്കുന്നത്. കോട്ടയത്തു താമസമാക്കിയാലേ വായ്പ ലഭിക്കൂ. നിലവിലെ സാഹചര്യത്തിൽ സ്വന്തം വീട്ടിൽ നിൽക്കാനാവില്ല. അതിനാൽ ഷെൽട്ടർ ഹോംസ് തുടങ്ങണമെന്നു കമ്യുണിറ്റി ബേസ്ഡ് ഓർഗനൈസേഷൻ വഴി അപേക്ഷ നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഷെൽട്ടർ ഹോംസ് ആരംഭിക്കും. ഇത്തരത്തിൽ താമസസൗകര്യം ലഭ്യമായാൽ ഹോട്ടൽ നടത്തി ജീവിതത്തിലേക്ക് തിരികെയെത്താനാണ് ഉദ്ദേശിക്കുന്നത്. വിജയിക്കും എന്ന ഉറപ്പുണ്ട്.
സമൂഹം മാറുന്നുണ്ട്
ട്രെൻഡ്‌ജെൻഡറുകളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ ഇപ്പോൾ നല്ല വ്യത്യാസം വന്നിട്ടുണ്ട്. പുരുഷ ശരീരത്തിനുള്ളിൽ ഒരു സ്ത്രീ മനസ്സാണ് എനിക്കുള്ളത് എന്നു മനസിലാക്കിയപ്പോൾ വീട്ടിൽനിന്ന് പുറത്തായ ആളാണ് ഞാൻ. എന്നാൽ ഇപ്പോൾ അതല്ല സാഹചര്യം. സർക്കാർ നൽകുന്ന പരിപൂർണ പിന്തുണ ട്രാൻസ്ജെൻഡറുകൾക്ക് തുണയാകുന്നു. ഇപ്പോൾ പലർക്കും വീട്ടുകാരിൽ നിന്നുള്ള ഒറ്റപ്പെടുത്തലില്ല. എന്നെ പുരുഷനായി കണ്ട കോളേജ് കാലത്തെ പല സുഹൃത്തുക്കളും സ്ത്രീവേഷത്തിലും എന്നെ അംഗീകരിക്കുന്നു എന്നത് ഏറെ സന്തോഷം നൽകുന്ന കാര്യമാണ്. ഇത് ഓരോ ട്രാൻസ്‌ജെൻഡർ വ്യക്തിയുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നു.
അനുഭവിച്ചത്ര യാതനകൾ ഇനി ഉണ്ടാകില്ല
എന്തായാലും നനഞ്ഞിറങ്ങി, ഇനി കുളിച്ചു കയറാം. ജീവിതത്തിൽ പലവിധ വേഷങ്ങൾ കെട്ടി. പെൺശരീരത്തോടെ ജീവിക്കുന്നതിനായി പല ജോലികൾ ചെയ്തു, ട്രെയിനിൽ ഭിക്ഷ യാചിച്ചു. ഇനി വയ്യ. എന്തും നേരിടാനുള്ള മനക്കരുത്ത് ഇപ്പോഴുണ്ട്. ശരീരം വിൽക്കുകയല്ലാതെ ജീവിക്കാൻ വേറെ മാർഗമില്ല എന്നു പോസ്റ്റ് ഇട്ട നിമിഷം എന്നെ സഹായിക്കാൻ നിരവധിപേർ മുന്നോട്ട് വന്നു.വിഷമം സഹിക്കാനാവാതെയാണ് അത്തരത്തിൽ ഒരു പോസ്റ്റ് ഇട്ടത്. വാടക കുടിശ്ശിക തീർക്കാനും മറ്റും സഹായിച്ചത് നേരിൽ കണ്ടിട്ടുപോലുമില്ലാത്ത ഫെയ്സ്ബുക്ക് സുഹൃത്തുക്കളാണ്. അതിനാൽ ആരുമില്ലാത്തവളല്ല ഞാൻ എന്ന ആത്മവിശ്വാസം ഉണ്ട്. ഇനി എല്ലാം ഒന്നിൽ നിന്നു തുടങ്ങണം.