അധികാര കാലാവധി കഴിഞ്ഞാലും ഔദ്യോഗികസ്ഥാനമാനങ്ങളിൽ കടിച്ചുതൂങ്ങികിടക്കുന്ന രാഷ്ട്രീയ നേതാക്കൻമാർ കണ്ടുപഠിക്കേണ്ട മാതൃകയാണ് ജോസെ മുഷീക്കയുടെ ജീവിതം.
കൃഷിയിടത്തിൽ യാതൊരു മടിയുമില്ലാതെ പണിയെടുക്കുന്ന, പഴയ കാർ സ്വന്തമായോടിച്ച് ജോലി സ്ഥലത്തെത്തുന്ന, പാർലമെന്റിൽ സാധാരണ വേഷത്തിൽ എത്തുന്ന സാത്വിക ജീവിതം നയിക്കുന്ന ജോസെ മുഷീക്ക 2010 മുതൽ 2015 വരെ യുറുഗ്വായുടെ പ്രസിഡന്റ് പദവി അലങ്കരിച്ച മഹാനാണ്.
ലോകത്തിലെ ഏറ്റവും പാവപ്പെട്ട പ്രസിഡന്റെന്ന് അറിയപ്പെടുന്ന ഇദ്ദേഹം എല്ലാ രാഷ്ട്രീയ നേതാക്കൾക്കും മാതൃകയാണ്. യുറുഗ്വായിലെ ഒരു കൊച്ച് കൃഷിയിടത്തിലാണ് ഭാര്യയ്ക്കും മൂന്നുകാലുള്ള തന്റെ നായയക്കുമൊപ്പം ഈ യഥാര്‍ഥ ജനനായകൻ ഇപ്പോൾ താമസിക്കുന്നത് . തന്റെ വരുമാനത്തിന്‍റെ 90% വും ചാരിറ്റിക്കും രാജ്യത്തിനും വേണ്ടിയാണ് അദ്ദേഹം നീക്കിവയ്ക്കുന്നത്.
വേഷവിധാനത്തിലോ, കാട്ടിക്കൂട്ടലുകളിലോ അല്ല തന്റെ നയങ്ങളിലാണദ്ദേഹം വിശ്വസിച്ചിരുന്നത്. അതുകൊണ്ടാണ് മുഷീക്ക സാധാരണ വസ്ത്രങ്ങൾ ധരിച്ച് പാർലമെന്റിൽ പോലും എത്തിയിരുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ജോസെ മുഷീക്ക സൈനികഭരണകാലത്ത് 14 കൊല്ലമാണ് ജയിൽവാസം അനുഭവിച്ചത്. പിന്നീട് ഭരണത്തിലെത്തിയെങ്കിലും എന്നും ജനങ്ങളിലൊരുവനായാണ് ജീവിച്ചത്. രാഷ്ടീയത്തിൽ നിന്നും വിരമിച്ച് സ്വന്തമായി അധ്വാനിച്ച് അഭിമാനപൂർവം ജീവിക്കുന്ന ഇദ്ദേഹം ഇന്നത്തെ എല്ലാ രാഷ്ട്രീയനേതാക്കൻമാർക്കും അനുകരണീയനാണ്.