Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'പെൻഷൻ ഇല്ലാതെ എങ്ങനെ ജീവിക്കും ' പേടിക്കേണ്ട, മറക്കാതിരുന്നാൽ മതി ഈ കാര്യങ്ങൾ!!

pension Representative Image

പെൻഷൻ പറ്റിയപ്പോൾ 20 ലക്ഷം രൂപ കിട്ടിയതാണ്. വർഷം രണ്ടു കഴിഞ്ഞപ്പോൾ അഞ്ചു പൈസയുമില്ല, മാസം പെൻഷനുമില്ല. കിട്ടുന്നതുകൊണ്ട്  ജീവിക്കാനറിയാത്ത മക്കളിൽ നിന്നൊന്നും പ്രതീക്ഷിക്കാനുമില്ല. ഞാനും ഭാര്യയും   ഇനിയെങ്ങനെ ജീവിക്കും? അറുപതാം വയസ്സിൽ മുന്നോട്ടുള്ള ജീവിതം ഓർത്ത് നക്ഷത്രമെണ്ണുകയാണ് ശ്രീധരൻ. ഇങ്ങനെ ആയിരക്കണക്കിനു പേരുണ്ട് നമുക്കു  ചുറ്റും. റിട്ടയർമെന്റ്  തുക കൈയിൽ കിട്ടുമ്പോൾത്തന്നെ അടിച്ചു പൊളിച്ചു തീർക്കാതെ ശരിയായി പ്ലാൻ ചെയ്താലേ ബാക്കി ജീവിതം അല്ലലില്ലാതാക്കാനാകൂ. ഓരോ ദിവസം കഴിയുന്തോറും ചെലവു വർധിക്കുന്നതിനാൽ പെൻഷൻ പ്ലാനിങ് ഇല്ലാതെ ഇനി മുന്നോട്ടു പോകാനാവില്ല. 

പെൻഷനുള്ളവരും ഇല്ലാത്തവരും

റിട്ടയർ ചെയ്തവരെ രണ്ടായി തിരിക്കാം. ആവശ്യത്തിനു മാസപെൻഷൻ കിട്ടുന്നവരാണ് ആദ്യ വിഭാഗം. അതില്ലാത്തവർ രണ്ടാം വിഭാഗത്തിൽപ്പെടുന്നു. സർക്കാർ പെൻഷനില്ലെങ്കിലും മുൻകൂട്ടി നിക്ഷേപിച്ചു പെൻഷൻ വരുമാനം ഉറപ്പാക്കിയവരും ആദ്യ ഗ്രൂപ്പിലാണ്. ഇവർക്കു കാര്യമായ ആശങ്ക വേണ്ട. കാരണം, ജീവിതാവസാനം വരെ അത്യാവശ്യത്തിനുള്ള തുക കിട്ടിക്കൊണ്ടിരിക്കും. അതിനാൽ വിരമിക്കുമ്പോൾ കിട്ടുന്നത് ജീവിതം ആസ്വദിക്കാനായി  വിനിയോഗിക്കാം. രണ്ടാമത്തെ കൂട്ടരുടെ കാര്യം അങ്ങനെയല്ല. ഭാവി ആവശ്യ

ങ്ങൾക്ക് പണം ഉറപ്പാക്കാൻ നിക്ഷേപം കൂടിയേ തീരു. ഒപ്പം ദൈനംദിന ചെലവിനു പണം കരുതുകയും വേണം.  റിട്ടയർമെന്റ് ബെനിഫിറ്റായി കിട്ടുന്ന തുക കൊണ്ട് ഇതു രണ്ടുംകൂടി മുന്നോട്ടു കൊണ്ടു പോകുക എളുപ്പമല്ല.

ബാധ്യതയുള്ളവരും ഇല്ലാത്തവരും

റിട്ടയർ ചെയ്തവരെ മറ്റൊരു തരത്തിലും വിഭജിക്കാം. ജീവിതത്തിലെ പ്രധാന ഉത്തരവാദിത്തങ്ങൾ നിറവേറ്റിയവരും അല്ലാത്തവരും എന്ന്. മക്കളുടെ വിദ്യാഭ്യാസം, ജോലി, വിവാഹം, സ്വന്തമായ വീട് എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കാത്ത രണ്ടാമത്തെ കൂട്ടർക്കു കിട്ടുന്ന തുക എത്ര വലുതായാലും ഒന്നിനും മതിയാകില്ല. ഉത്തരവാദിത്തങ്ങൾ നിറവേറ്റിയവരെ സംബന്ധിച്ച് കാര്യങ്ങൾ എളുപ്പമായിരിക്കും. ഇതിൽ നിങ്ങൾ ഏതു വിഭാഗത്തിൽപ്പെടുമെന്ന് ആദ്യം മനസ്സിലാക്കണം. അതിനു സ്വന്തം ആവശ്യവും സാഹചര്യവും സ്വയം വിലയിരുത്തിയാൽ മതി.  

ജോലി ചെയ്യാം, അധികം നേടാം

ഇനിയും പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങൾ നിറവേറ്റാനുള്ള വ്യക്തിയാണ് നിങ്ങളെങ്കിൽ ഏറ്റവും മികച്ച രീതിയിൽ പ്ലാൻ ചെയ്യണം. അതേസമയം  പല ഉത്തരവാദിത്തങ്ങളും ഇനിയും നിറവേറ്റാനുണ്ട്, മാസ പെൻഷനുമില്ല എന്നാെണങ്കിൽ സ്ഥിതി ഗുരുതരമാണ്. ഈ സാഹചര്യത്തിൽ ഏതാനും വർഷത്തേക്കെങ്കിലും മറ്റൊരു ജോലി കണ്ടെത്തേണ്ടി വരാം. വീട്ടിൽത്തന്നെ വരുമാനം നേടാവുന്ന  കൃഷിയോ ചെറുബിസിനസ്സുകളോ പരിഗണിക്കാം.ഇനി ആവശ്യമായ പണവും സൗകര്യങ്ങളും ഉണ്ടെങ്കിലും എന്തെങ്കിലും ജോലികളിൽ ഏർപ്പെടുന്നത് നന്നായിരിക്കും. ആരോഗ്യം മെച്ചപ്പെടും. മനസ്സും സജീവമായി നിലനിർത്താം. എഴുപതോ എഴുപത്തിയഞ്ചോ വയസ്സുവരെ ജോലിചെയ്യുന്നവർ നമുക്കു ചുറ്റും ഏറെയുണ്ട്. അധികവരുമാനം കൊണ്ട് മക്കളെയോ മറ്റുള്ളവരെയോ സഹായിക്കാം. സ്വന്തമായി യാത്രകൾ ചെയ്യാം.

പണപ്പെരുപ്പം വില്ലനാകും 

പത്തു ലക്ഷം രൂപ കൈയിൽ ഉണ്ട്. ഞങ്ങൾക്കു രണ്ടാൾക്കു ജീവിക്കാൻ ഇതുമതി എന്നു വിശ്വസിക്കുന്നവരുണ്ട്. എന്നാൽ അറിയുക, നിങ്ങളുടെ കൈയിലെ പണത്തിൽനിന്ന് ആവശ്യമായ വരുമാന വർധന നേടാൻ മാർഗങ്ങൾ വളരെ കുറവാണിപ്പോൾ. അതുകൊണ്ട് കൈയിലെ പണം  പെട്ടെന്നു തന്നെ ഒഴുകി ഇല്ലാതാകാം.  നിക്ഷേപത്തിനു സുരക്ഷ കൂടി ഉറപ്പാക്കണമെങ്കിൽ മികച്ച വഴികൾ ഇല്ലെന്നു പറയേണ്ടി വരും. ഒരു വശത്ത് ചെലവു അനുദിനം കൂടുന്നു. മറുവശത്ത് നിക്ഷേപത്തിൽനിന്നു കിട്ടുന്ന ആദായം കുറയുന്നു. ഫലത്തിൽ ലഭ്യമായവയിൽനിന്നു മികച്ചവ കണ്ടെത്തി ശരിയായി പ്ലാൻ ചെയ്യുകയാണു വേണ്ടത്. 

x-default Representative Image

10 ലക്ഷത്തിന് ഒരു പ്ലാൻ  

പത്തു ലക്ഷം രൂപ കൈയിൽ ഉള്ളയാൾക്കു വേണ്ടി   ഒരു പ്ലാൻ ഇവിടെ തയാറാക്കി നൽകുന്നു. സ്വന്തം ആവശ്യങ്ങളും സാഹചര്യങ്ങളും വിലയിരുത്തി അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തി നിങ്ങൾക്ക് ഇതു പരിഗണിക്കാം. പകുതി അഥവാ അഞ്ചു ലക്ഷം രൂപയും സുരക്ഷിതമായ പദ്ധതിയിൽ  വേണം ഇടാൻ. സഹകരണ സംഘത്തിലാണെങ്കിൽ ഒൻപതു ശതമാനത്തിലധികം പലിശ നേടാം. പോസ്റ്റ് ഓഫിസ്, ബാങ്ക് സീനിയർ സിറ്റിസൺസ്  സേവിങ്സ് സ്കീമുകളും പരിഗണിക്കാം. 8.6 ശതമാനം പ്രതീക്ഷിക്കാം. ഇതുവഴി മാസം 3.500–3,900 രൂപയോളം ഉറപ്പാക്കാം. ബാങ്ക്, പോസ്റ്റ് ഓഫിസ് എന്നിവിടങ്ങളിലെ പദ്ധതികളിൽ എട്ടു ശതമാനത്തിൽ താഴെേയ കിട്ടൂ.

മൂന്നു ലക്ഷം രൂപ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാം. അതിൽത്തന്നെ വിഭജനം സാധ്യമാണ്. ഒരു ലക്ഷം ഇക്വിറ്റി ഫണ്ടിലും രണ്ടു ലക്ഷം ഡെറ്റ് ഫണ്ടിലും നിക്ഷേപിക്കാം. ഇക്വിറ്റി ഫണ്ടിൽത്തന്നെ റിസ്ക് കുറ‍ഞ്ഞ ലാർജ് ക്യാപ്, മൾട്ടി ക്യാപ് ഫണ്ടുകൾ മതി. റിസ്ക് എടുക്കാൻ തയാറല്ലെങ്കിൽ ബാലൻസ്ഡ് ഫണ്ടു പരിഗണിക്കാം, മാസം തോറും നിശ്ചിത തുക നൽകുന്ന നല്ല  ഫണ്ടുകൾ ഉണ്ട്. അതുമല്ലെങ്കിൽ ഡെറ്റ് ഫണ്ടുകളിൽ തന്നെ മാസവരുമാനപദ്ധതി (എംഐപി) ആകാം. ഇടയ്ക്ക് അൽപം തുക  കൈയിൽ വന്നാൽ ഫിക്സഡ് മെച്യൂരിറ്റി പ്ലാൻ വഴി വരുമാനവർധന നേടാം. ഒരു മാസം മുതൽ മൂന്നു വർഷം വരെയുള്ള പദ്ധതികളുണ്ട്. ബാങ്ക് നിരക്കിനെക്കാൾ നേട്ടം നൽകും.  

മൂന്നു ലക്ഷത്തിന്റെ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽനിന്നു ശരാശരി 10–12 ശതമാനം നേട്ടം പ്രതീക്ഷിക്കാം.  ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുണ്ട്. വരുമാനത്തിന് ഉറപ്പില്ല. ചിലപ്പോൾ കൂടാം, കുറയാം. കൂടുതൽ കിട്ടുന്ന അവസരങ്ങൾ ഉപയോഗപ്പെടുത്താനാകണം.  

ഒരു ലക്ഷം രൂപ ഓഹരിക്കായി മാറ്റിവയ്ക്കാം. വളരെ സുരക്ഷിതമായ ഓഹരികൾ കണ്ടെത്തി വേണം ചെയ്യാൻ. ശരാശരി 15 ശതമാനം വാർഷിക വരുമാനം പ്രതീക്ഷിക്കാം. അതിനായി നല്ലൊരു ഉപദേശകനെ കണ്ടെത്തണം. ആവശ്യത്തിനു സമയമുള്ളതിനാൽ സ്വയം പഠിച്ചു ചെയ്താലും നല്ല നേട്ടമുണ്ടാക്കാം.

ബാക്കി ഒരു ലക്ഷം രൂപ കാഷായി  സൂക്ഷിക്കാം. പക്ഷേ, ഇവിടെയും വരുമാനവർധനയ്ക്ക് അവസരം ഉണ്ട്. ലിക്വിഡ് ഫണ്ട്, ഷോർട്ട് ടേം ഫണ്ട് തുടങ്ങിയ  പദ്ധതികളിൽ 8–9 ശതമാനം വാർഷികാദായം കിട്ടും. അത്യാവശ്യത്തിനു പിൻവലിക്കുകയുമാകാം.  10,000–20,000 രൂപയെങ്കിലും എസ്ബി അക്കൗണ്ടിൽ സൂക്ഷിച്ചിട്ട് ബാക്കിയുള്ളത് ഇത്തരം ഫണ്ടുകളിൽ നിക്ഷേപിക്കാവുന്നതാണ്.

ഇത്തരത്തിൽ സമഗ്രമായ  പ്ലാൻ തയാറാക്കി നിക്ഷേപിച്ചാൽ ആകെ 10–12 ശതമാനം വാർഷിക വരുമാനം നേടാനാകും. 

മറക്കരുത് ഈ കാര്യങ്ങൾ

∙ റിട്ടയർ ചെയ്താൽ കുറഞ്ഞത് 20–25 വർഷത്തേക്കുള്ള ജീവിതം കൂടി കണക്കാക്കി പ്ലാൻ ചെയ്യണം.   

∙ കിട്ടുന്നതിൽ  കൂടിയ പങ്ക് സുരക്ഷിതമായ പദ്ധതിയിൽ ഇടുക. അതിൽത്തന്നെ ഉയർന്ന നേട്ടം കിട്ടുന്നവ തിരഞ്ഞെടുക്കണം.

∙ ഒരു വിഹിതം അൽപം റിസ്ക് ഉള്ള, ഉയർന്ന ആദായം കിട്ടുന്ന പദ്ധതികളിലാകാം. പ്രായവും റിസ്ക് എടുക്കാനുള്ള കഴിവും വിലയിരുത്തി വേണം ഇതു ചെയ്യാൻ.

∙ ഒരു തുക ലിക്വിഡ് കാഷായി കരുതണം. കാരണം, ബാക്കി തുക സ്ഥിര നിക്ഷേപം ആയിരിക്കുമെന്നതിനാൽ അതിൽനിന്ന് അത്യാവശ്യങ്ങൾക്കെടുക്കാനാകില്ല.

∙ മെഡിക്ലെയിം തീർച്ചയായും എടുക്കുക. നിലവിൽ ഉള്ളതു ടോപ് അപ് ചെയ്യുന്നതും നന്ന്. വാർധക്യത്തിൽ ചികിൽസാ ചെലവായിരിക്കും വലിയ തലവേദന. 

∙ ലൈഫ് പോളിസി ആവശ്യമാണെങ്കിൽ മാത്രം എടുക്കുക. ഉത്തരവാദിത്തങ്ങളോ ബാധ്യതകളോ ഉണ്ടെങ്കിൽ  കവറേജ് ആവശ്യമാണ്. അല്ലാത്തവർ ലൈഫ് പോളിസിക്ക് പണം                 മുടക്കരുത്. നിലവിലുള്ള പോളിസിയിൽ കവറേജ് ഉണ്ടെങ്കിൽ പുതിയവയ്ക്കു പണം മുടക്കരുത്. ഉയർന്ന പ്രീമിയം നൽകേണ്ടി വരും.

∙ ഉയർന്ന വരുമാനം കിട്ടുമെന്നതിനാൽ പെൻഷൻ തുക ഒന്നായി ഓഹരിയിലോ ഇക്വിറ്റി ഫണ്ടിലോ നിക്ഷേപിക്കുന്നവരുണ്ട്. വലിയ വാഗ്ദാനങ്ങളുമായി  വരുന്നവരുടെ വലയിൽ കുടുങ്ങുന്നവരും കുറവല്ല. ഈ രീതി ഒരിക്കലും നിങ്ങൾ പിന്തുടരരുത്. 

Read more: Trenidng News in Malayalam, Viral News in Malayalam, Beauty Tips in Malayalam