Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15,000 രൂപ പരിധിയിൽ അടച്ചവർക്കെല്ലാം അധിക പെൻഷൻ!!

Extra Pension പെൻഷൻ വർധന എങ്ങനെയാണ് എന്നു മനസ്സിലാക്കിയാലേ ഈ ചട്ടങ്ങൾ വ്യക്തമാകൂ. നിലവിൽ മിക്ക സ്ഥാപനങ്ങളും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ്...

നിങ്ങളുടെ പിഎഫ് വിഹിതം തൊഴിലുടമ പിടിച്ചിരിക്കുന്നത് 6,500 രൂപയ്ക്കു മേൽ, 15,000 രൂപ പരിധിക്കുള്ളിലാണോ? എങ്കിൽ നിങ്ങൾക്ക് അധിക പെൻഷൻ അർഹതയുണ്ട്. കോടതിവിധിയുടെ പിൻബലം ഇല്ലാതെ തന്നെ.2014 ഓഗസ്റ്റ് ഒന്നിനുശേഷം വിരമിച്ചവരുടെ കാര്യത്തിലും ചട്ടം ഇതാണ്. മാത്രമല്ല, ഇനി വിരമിക്കാനിരിക്കുന്നവർക്കും നിലവിൽ അംഗങ്ങളായവർക്കും ഇതു ബാധകമാണ്.

എന്നാൽ 15,000 രൂപയ്ക്കു മേലുള്ള ശമ്പളം അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ പിഎഫ് വിഹിതം പിടിച്ചിരിക്കുന്നതെങ്കിൽ ചട്ടം വ്യത്യസ്തമാണ്. അധിക പെൻഷൻ കിട്ടാൻ നിങ്ങൾ 2015 ൽ തന്നെ അപേക്ഷിക്കണമായിരുന്നു. അതല്ലെങ്കിൽ അനുകൂല കോടതി വിധിയുണ്ടായിരിക്കണം.

വർധന വരുന്നതെങ്ങനെ?

പെൻഷൻ വർധന എങ്ങനെയാണ് എന്നു മനസ്സിലാക്കിയാലേ ഈ ചട്ടങ്ങൾ വ്യക്തമാകൂ. നിലവിൽ മിക്ക സ്ഥാപനങ്ങളും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് (തൊഴിലുടമയും തൊഴിലാളിയും) പിഎഫിലേക്ക് അടയ്ക്കുന്നത്. ഇതിൽ തൊഴിലുടമയുടെ വിഹിതത്തിന്റെ 8.33 ശതമാനം പെൻഷൻ ഫണ്ടിലേക്കു പോകും. പക്ഷേ, നേരത്തേ പെൻഷൻ ഫണ്ടിന് 6,500 രൂപയെന്ന ശമ്പളപരിധിയുണ്ടായിരുന്നു. ഉയർന്ന ശമ്പളത്തിൽ പിഎഫ് വിഹിതം പിടിച്ചിട്ടുണ്ടെങ്കിലും 6500 രൂപയുടെ 8.33 ശതമാനം മാത്രമേ പെൻഷൻ ഫണ്ടിലേക്കു പോയിരുന്നുള്ളൂ. ബാക്കി പിഎഫ് ഫണ്ടിൽ കിടക്കുകയും നിങ്ങൾ വിരമിക്കുമ്പോൾ പലിശ സഹിതം തിരിച്ചു കിട്ടുകയും ചെയ്യും. ഇതായിരുന്നു സ്ഥിതി. ഇതിന്റെ ഫലമായി പെൻഷൻ വിഹിതം കുറയും. തൻമൂലം വിരമിച്ച ശേഷം നാമമാത്ര പെൻഷനാണ് ഉയർന്ന ശമ്പളത്തിൽ റിട്ടയർ ചെയ്തവർക്കു പോലും കിട്ടിയിരുന്നത്.

െപൻഷൻ സ്കീം നിലവിൽ വന്ന 1995 മുതൽ അംഗമായി 15 ഉം 20 ഉം വർഷം പണമടച്ചിട്ടും 1000 രൂപ മിനിമം പെൻഷൻ മാത്രം കിട്ടുന്നവർ നൂറുകണക്കിനായതും അതുകൊണ്ടാണ്. ഇതിനെതിരെ പലരും കോടതിയിൽ പോയി. സുപ്രീം കോടതിയിൽനിന്ന് അനുകൂല വിധിയുണ്ടായി. ഉയർന്ന ശമ്പളത്തിൽ പിഎഫ് പിടിച്ചവരിൽനിന്നു കണക്കനുസരിച്ചുള്ള തുക പെൻഷൻ ഫണ്ടിലേക്കു വകയിരുത്തി ന്യായമായ പെൻഷൻ അനുവദിക്കണമെന്നായിരുന്നു ഉത്തരവ്.

അർഹരായ എല്ലാവർക്കും അധിക പെൻഷൻ അനുവദിക്കണമെന്നു സുപ്രീം കോടതി നിർദേശിക്കുകയും ചെയ്തു. തുടർന്നാണ് അർഹതയുള്ള എല്ലാവർക്കും അധിക പെൻഷൻ ലഭ്യമാക്കാനുള്ള വിജ്ഞാപനം 2017 മാർച്ചിൽ കേന്ദ്രസർക്കാർ ഇറക്കിയത്. അതായത്, 6500 രൂപയ്ക്കുമേലുള്ള ശമ്പളത്തിൽനിന്നു പി എഫ് പിടിച്ചിരുന്നവർക്കെല്ലാം അധിക പെൻഷന് അർഹതയുണ്ട്.

വർധനയുടെ ചിത്രം

ഒരു ഉദാഹരണം വഴി ഈ പെൻഷൻ വർധനയുടെ സാധ്യത മനസ്സിലാക്കാം. 2001 മുതൽ 15,000 രൂപ ശമ്പളത്തിൽ പിഎഫ് പിടിക്കുന്ന ജീവനക്കാരനാണ് താങ്കൾ എന്നിരിക്കട്ടെ. ഇതിൽ 6500 രൂപയിൽ നിന്നു മാത്രമാണ് മാസം പെൻഷൻ വിഹിതമായി മാറ്റുന്നത്. എന്നാൽ കേന്ദ്ര വിജ്ഞാപനം വന്നതോടെ 15,000 രൂപ അടിസ്ഥാനമാക്കിയുള്ള വിഹിതം പിഎഫിൽ നിന്നു പെൻഷൻ ഫണ്ടിലേക്കു മാറ്റാനാണ് ഉത്തരവ്. അതും 2001 മുതലുള്ള മുൻകാല പ്രാബല്യത്തോടെ പലിശ സഹിതം പെൻഷൻ ഫണ്ടിലേക്കു മാറ്റാം. അതായത് നിലവിലുള്ളതിന്റെ ഇരട്ടിയിലധികം തുക പെൻഷൻ ഫണ്ടിലേക്കു വരും. അതു വഴി നിങ്ങൾ റിട്ടയർ ചെയ്യുമ്പോൾ നല്ലൊരു തുക മാസപെൻഷനായി ഉറപ്പാക്കാം.

പക്ഷേ, ഇങ്ങനെ തുക പെൻഷൻ ഫണ്ടിലേക്കു മാറ്റാൻ നിങ്ങളും തൊഴിലുടമയും ചേർന്ന് അപേക്ഷ നൽകണം. അപേക്ഷിച്ചവരുടെ കണക്കുകൾ പരിശോധിച്ച് അർഹമായ തുക പെൻഷൻ ഫണ്ടിലേക്ക് പിഎഫ് ഓഫിസ് നീക്കിത്തുടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഇത് നിലവിൽ ജോലി ചെയ്യുന്നവരുടെ കാര്യം. വിരമിച്ചവർക്കും അപേക്ഷ നൽകി പെൻഷൻ വർധിപ്പിക്കാൻ അവസരം ഉണ്ട്. പക്ഷേ, പിഎഫ് തുക കൈപ്പറ്റിക്കഴിഞ്ഞതിനാൽ കണക്കനുസരിച്ചുള്ള തുക കൈയിൽനിന്ന് എടുത്ത് അടയ്ക്കേണ്ടി വരും. എന്നാൽ 2014 മുതൽ വർധിച്ച പെൻഷന് അർഹതയുള്ളതിനാൽ അന്നു മുതൽ ഇന്നുവരെയുള്ള തുക അരിയേഴ്സായി തിരിച്ചു കിട്ടും.

1.16 ശതമാനം കേന്ദ്ര വിഹിതം

15,000 രൂപ വരെയുള്ള പരിധിയിൽ പെൻഷൻ ഫണ്ട് പിടിക്കുമ്പോൾ കേന്ദ്ര സർക്കാർ വിഹിതമായി 1.16 ശതമാനം കൂടി അംഗത്തിന്റെ അക്കൗണ്ടിൽ എത്തും.എന്നാൽ ഉയർന്ന ശമ്പളക്കാർക്ക് ഈ സബ്സിഡിക്ക് അർഹതയില്ല. ഓഗസ്റ്റ് 2014 നു പെൻഷൻ വിഹിതത്തിനുള്ള പരിധി ഉയർത്തി. അതോടെ 15,000 രൂപയ്ക്കു മേൽ പിഎഫ് പിടിക്കുന്നവർക്ക് പെൻഷൻ വിഹിതത്തിൽ 1.16 ശതമാനം സർക്കാർ സബ്സിഡിക്ക് അർഹതയില്ലാതായി. എന്നാൽ സ്വന്തം കൈയിൽനിന്ന് ഈ 1.16 ശതമാനം കൂടി അടച്ച് ഉയർന്ന പെൻഷൻ നേടാൻ അവസരം ഉണ്ട്.

ഉയർന്ന ശമ്പളക്കാർ ഉത്തരവിനായി കാത്തിരിക്കുക

സ്വന്തം കൈയിൽനിന്ന് അധിക വിഹിതം പിടിക്കാൻ ഉള്ള അപേക്ഷ നിശ്ചിത സമയത്ത് നൽകാത്ത, ഉയർന്ന ശമ്പളം വാങ്ങി, 2014 നു ശേഷം വിരമിച്ച വ്യക്തിയാണോ താങ്കൾ? എങ്കിൽ കാത്തിരിക്കുക. അതു സംബന്ധിച്ചു കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ ഉത്തരവു വരുന്നതു വരെ. സബ്സിഡിയായി കിട്ടേണ്ട തുക കയ്യിൽ നിന്ന് അടയ്ക്കാൻ താൽപര്യം ഇല്ലാത്തവർ മാത്രം അറിയിച്ചാൽ മതിയെന്ന ഉത്തരവാകുമെന്നാണ് സൂചന. അല്ലാത്തവർക്കെല്ലാം അധികപെൻഷന്് അനുമതി നൽകാൻ ഉദ്ദേശിക്കുന്നത്. അതിനാൽ അധിക വിഹിതം അടച്ച് ഉയർന്ന പെൻഷന് അർഹത നേടാൻ താങ്കൾക്ക് അവസരം കിട്ടുമെന്നും പ്രതീക്ഷിക്കാം.

2014 ശേഷം വിരമിച്ചവരുടെ കാര്യത്തിൽ, കോടതി വിധിയില്ലെങ്കിൽ പെൻഷൻ വിഹിതമായി മാറ്റേണ്ട തുക റിട്ടയർ ചെയ്യുമ്പോൾ പിഎഫിൽ പെടുത്തി തിരിച്ചു നൽകുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഭാവിയിൽ അനുകൂല വിജ്ഞാപനം വരുന്നതോടെ ഈ തുക തിരിച്ചടച്ച് പെൻഷൻ വർധിപ്പിക്കാൻ ഇവർക്കും കഴിഞ്ഞേക്കും.

താഴ്ന്ന ശമ്പളക്കാർക്ക് കോടതി ആശ്വാസമാകുമോ?

 6500 രൂപ പരിധിയിൽ മാത്രം പിഎഫ് പിടിച്ചിരുന്ന ചിലർ ഇതിനകം കോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട്, ശമ്പളത്തിന് ആനുപാതികമായ പെൻഷൻ എന്ന തുല്യാവകാശം നിഷേധിക്കുന്നതിനെതിരെ. ഇതിൽ കോടതി വിധി എന്തായിരിക്കുമെന്നാണ് വലിയൊരു വിഭാഗം കാത്തിരിക്കുന്നത്.

കോടതി വിധി വേണ്ടത് ആർക്ക്?

പെൻഷൻ വർധന 2014 ഓഗസ്റ്റ് ഒന്നിനു മുന്‍പ് വിരമിച്ചവർക്കും അനുകൂല കോടതി വിധിയുള്ളവർക്കും മാത്രമായി പരിമിതപ്പെടുത്തിയെന്ന വാർത്ത എന്തുകൊണ്ട്? 2014 ഓഗസ്റ്റ് ഒന്നിന് ഇപിഎഫിൽ നിലവിൽ വന്ന ഒരു ഉത്തരവുമായി ഉദ്യോഗസ്ഥർ കേന്ദ്ര വിജ്ഞാപനത്തെ കൂട്ടിക്കുഴച്ചതാണ് ഇത്തരമൊരു വാർത്തയ്ക്കും ആശയക്കുഴപ്പത്തിനും വഴിയൊരുക്കിയത്. 2014 ഓഗസ്റ്റിൽ പിഎഫ് പെൻഷനുള്ള ശമ്പളപരിധി 15,000 രൂപയാക്കി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ താൽപര്യമുള്ളവർക്ക് പെൻഷൻ വിഹിതം അടയ്ക്കാം പക്ഷേ ഉയർന്ന ശമ്പളക്കാരുടെ പെൻഷൻ വിഹിതത്തിന് 1.16 ശതമാനം സർക്കാർ സബ്സിഡി കിട്ടില്ല. തൻമൂലം ഈ തുക കൂടി സ്വന്തം കൈയിൽനിന്ന് അടയ്ക്കണം എന്നായിരുന്നു നിർദേശം. അതിനുള്ള സമ്മതം അറിയിക്കാൻ നിശ്ചിത സമയവും അനുവദിച്ചിരുന്നു. സമ്മതം അറിയിക്കാത്തവരുടെ കാര്യത്തിലാണ് അവ്യക്തതയുള്ളത്.

നിശ്ചിത സമയത്ത് സമ്മതം അറിയിക്കാത്തവർക്ക് പെൻഷൻ വർധന അനുവദിക്കില്ല. അല്ലെങ്കിൽ അനുകൂല കോടതി വിധി ഉണ്ടായിരിക്കണം. ഇതു രണ്ടുമില്ലെങ്കിൽ 2014 നു ശേഷം വിരമിച്ചവരെ അധിക വിഹിതം അടയ്ക്കാൻ അനുവദിക്കാനാകില്ല എന്നാണ് പിഎഫ് ഓഫിസിന്റെ വിശദീകരണം. പക്ഷേ, ഇതെല്ലാം 15,000 രൂപ പരിധിക്കു മേൽ പിഎഫ് പിടിച്ചവരുടെ കാര്യമാണ്. അല്ലാതെ 15,000 രൂപയിൽ താഴെ പിഎഫ് പിടിച്ചിരുന്നവരുടെ കാര്യത്തിൽ പ്രശ്നമോ അവ്യക്തതയോ ഇല്ല. ആവശ്യമായ രേഖകൾ സമർപ്പിച്ച് പെൻഷൻ വർധന നേടാം.

കേന്ദ്ര വിജ്ഞാപനവും കേന്ദ്ര കമ്മിഷണറും പറഞ്ഞിട്ടും കോടതി വിധിയുള്ളവർക്കു മാത്രമേ അർഹതയുള്ളൂവെന്ന ധാരണ ഉണ്ടായത്, അല്ലെങ്കിൽ ഉണ്ടാക്കിയത് എന്തുകൊണ്ട്? യാഥാർഥ്യം എന്താണ്? വായിക്കുക സമ്പാദ്യം ഓഗസ്റ്റ് ലക്കം

Read more: Malayalam Lifestyle Magazine