Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

60 വയസ്സാകുമ്പോൾ കോടിപതിയാകണോ? ഇതാ വഴികൾ!

Crorepati Representative Image

പെൻഷനില്ല, വയസ്സാംകാലത്ത് മക്കൾ പരിപാലിക്കുമെന്ന വിശ്വാസവും ഇല്ല. വാർധക്യകാല ജീവിതത്തിനായി ഒരു കോടി രൂപ സ്വരൂപിച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നു. അതിനായി ഇപ്പോൾ എത്ര വീതം നിക്ഷേപിക്കണം? ഭേദപ്പെട്ട വരുമാനമുണ്ടാക്കുന്ന ചെറുകിട സംരംഭകയായ നാൽപതുകാരി ആനി ജോൺ ചോദിക്കുന്നു.

എത്ര വീതം എന്നതിനൊപ്പം എവിടെ നിക്ഷേപിക്കണം എന്നു കൂടിയായാലേ ചോദ്യം പൂർണമാകൂ. കാരണം, 20 വർഷം കൊണ്ട് ആനിക്ക് ഒരു കോടിയെന്ന ലക്ഷ്യം കൈവരിക്കാൻ ലഭ്യമായ മിക്ക പദ്ധതികളിലും വൻതുക മാസം തോറും നിക്ഷേപിക്കേണ്ടി വരും. ഇന്നത്തെ സാഹചര്യത്തിൽ 10,000 രൂപയിലധികം മാറ്റിവയ്ക്കാൻ ആനിയെപ്പോലുള്ളവർക്കു ബുദ്ധിമുട്ടായിരിക്കും.

വൻ വളർച്ചാസാധ്യതയുള്ള ഓഹരിയാണ് ഒരു മാർഗം. പക്ഷേ, റിസ്ക് വളരെ കൂടുതലാണെന്നതിനാൽ ഒഴിവാക്കാനാകും മിക്കവർക്കും താൽപര്യം. ഇവിടെയാണ് ഇക്വിറ്റി ഫണ്ട് എസ്ഐപി ആശ്വാസമാകുന്നത്.

നാൽപതു വയസ്സുള്ള ആനി മാസം 10,871 രൂപ വീതം നിക്ഷേപിച്ചാൽ 20 വർഷം കഴിയുമ്പോഴേക്ക് ഒരു കോടിയുടെ സമ്പത്തു വളർത്തിയെടുക്കാൻ കഴിയും.

വിവിധ പ്രായക്കാരായവർ പ്രതിമാസം എത്ര രൂപ വീതം എസ്ഐപി വഴി നിക്ഷേപിച്ചാൽ 60–ാം വയസ്സിൽ ഒരു കോടിയുണ്ടാക്കാം എന്നതു വിശദമാക്കുന്ന പട്ടിക താഴെ കൊടുത്തിരിക്കുന്നു.

 പ്രായം       മാസ ഗഡു

 25 –             1,815

 30–              3,248

 35–              5,875

 40–             10,871

ഇപ്പോഴത്തെ വരുമാനത്തിൽനിന്നു 10,871 രൂപ ആനിക്കു നീക്കിവയ്ക്കാനില്ലെന്നിരിക്കട്ടെ. വിഷമിക്കേണ്ട. ഇപ്പോൾ 5,387 രൂപയ്ക്ക് എസ്ഐപി തുടങ്ങുക. എന്നിട്ട് ഓരോ വർഷവും 10 ശതമാനം വീതം മാസഗഡു വർധിപ്പിച്ചാൽ മതി. അറുപതാം വയസ്സിൽ ഒരു കോടി നേടാം. ഇതേ രീതിയിൽ പ്രതിവർഷം 10 ശതമാനം വീതം തുക വർധിപ്പിക്കാൻ തയാറാണോ? എങ്കിൽ വിവിധ പ്രായക്കാർക്കു പ്രതിമാസം എത്ര തുക വീതം എസ്ഐപി വഴി നിക്ഷേപിച്ചാൽ ഒരു കോടിയിലേക്കെത്താമെന്നു മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന പട്ടിക നോക്കുക.

 25–       634

 30–      1,252

 35–       2,541

 40–       5,367

കുറഞ്ഞ പ്രായത്തിലാണ് എസ്ഐപി തുടങ്ങുന്നതെങ്കിൽ 60–ാം വയസ്സിൽ ഒരു കോടി ഉറപ്പിക്കാൻ ചെറിയ തുക മതി. ഇവിടെ നൽകിയിരിക്കുന്നത് 12% ശരാശരി ആദായം നൽകിയ ഫണ്ടിനെ അടിസ്ഥാനപ്പെടുത്തിയാണ്. മികച്ച പല ഫണ്ടുകളും 14–20 ശതമാനം വരെ റിട്ടേൺ നൽകുന്നുണ്ട്. അതിനാൽ 60–ാം വയസ്സിൽ ഒരു കോടിയിലധികം തുക കണ്ടെത്താൻ കഴിയും. ഇനി ഫണ്ട് മോശമാണെങ്കിൽ തുകയിൽ ചെറിയ കുറവു വരാനും സാധ്യതയുണ്ട്. •

Read more: Lifestyle Malayalam Magazine, Business Success Stories, Money Management Plans