മീരാസ് കിച്ചന്‍ എന്ന ഓണ്‍ലൈന്‍ കേക്ക് ഷോപ്പിന്‍റെ വിജയഗാഥ സ്വയംതൊഴില്‍ സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ്. ലക്ഷങ്ങളുടെ ഇന്‍വെസ്റ്റ്‌മെന്‍റോ ഷോപ്പോ പോലും ഇല്ലാതെ മീര എന്ന വീട്ടമ്മ മാസം തോറും നല്ല ഒരു വരുമാനം കണ്ടെത്തുന്നു. തന്‍റെ ബിസിനസ് വിജയത്തിന്‍റെ വിശേഷങ്ങള്‍ മീര പങ്കുവയ്ക്കുന്നു..
എങ്ങനെയാണ് കേക്ക് മേക്കിങ് ബിസിനസ്സിലേക്ക് എത്തിയത്?
കുക്കിങ് ഇഷ്ടമായിരുന്നു. കല്യാണമൊക്കെ കഴിഞ്ഞ് ഒരു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇങ്ങനെയൊരു ആശയം വരുന്നത്. ബേക്കിങ്ങിന്റെ ഒരു പ്രൊഫഷണല്‍ കോഴ്സ്ചെയ്തിരുന്നു. അതുപക്ഷേ ബിസിനസ് മുന്നില്‍ കണ്ടായിരുന്നില്ല. ഹോം ബേക്കിങ് മാത്രം, പിള്ളേര്‍ക്കു കേക്ക് ഉണ്ടാക്കിക്കൊടുക്കാം എന്നൊരു വിചാരം കൊണ്ടായിരുന്നു. വീട്ടിലെയൊക്കെ ചില ഒക്കേഷന്‍സിനു പ്ലെയിന്‍ കേക്ക് ഉണ്ടാക്കിത്തുടങ്ങി. അതുകഴിച്ച് ഇഷ്ടപ്പെട്ട ഫ്രണ്ട്സ് പിന്നെ ഡിസൈന്‍സ് അയച്ച് തന്നിട്ടു ചെയ്യാമോ എന്നു ചോദിച്ചപ്പോഴാണ് അങ്ങനെ ഒരു വഴി ആലോചിച്ചത്. അവരൊക്കെ കേക്കിന്റെ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ ഇട്ടു, ലൈക്ക് കിട്ടിത്തുടങ്ങിയപ്പോള്‍ റെസ്പോണ്‍സ് അറിഞ്ഞപ്പോള്‍ സംഗതി കാര്യമായിട്ട് ആലോചിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയാണ് ശരിക്കും ഇത്രയും വളര്‍ത്തിയത്. പിന്നെ ഞാന്‍ കുറച്ചു പ്രൊഫഷണല്‍ ആകാന്‍ തന്നെ തീരുമാനിച്ച് ഒരു അഡ്വാന്‍സ് കോഴ്സ് പഠിച്ചു.
എന്തൊക്കെയാണ് സ്പെഷ്യല്‍സ്?
കസ്റ്റമര്‍ പറയുന്ന എല്ലാ ഫ്ലേവേഴ്സും ചെയ്യും. ഡിസൈനര്‍ കേക്കിന്റെ ഓര്‍ഡര്‍ ആണ് കൂടുതലും എടുക്കുന്നത്. കേക്കിന്റെ കാര്യത്തില്‍ ഇപ്പോള്‍ നമുക്കു ഫോറിന്‍ ഇന്‍ഫ്ലുവന്‍സ് ആണ്. യൂറോപ്യന്‍സിനൊക്കെ എല്ലാ ഒക്കേഷനും കേക്ക് കട്ടിങ് ഉണ്ടാവും. അതെ രീതിയാണ് ഇപ്പോള്‍ നമ്മുടെ നാട്ടിലും. പിറന്നാള്‍,വെഡിങ്ങ് ആനിവേഴ്സറി എന്നു വേണ്ട കോര്‍പ്പറേറ്റ് ബുക്കിങ്ങില്‍ സാലറി ഹൈക്കും ഫെയര്‍വെല്‍ പാര്‍ട്ടിയും എല്ലാം വരും. പണ്ടൊന്നും ബാപ്റ്റിസത്തിനും ഹോളി കംമ്യൂനിയനും ഒന്നും കേക്ക് ഉണ്ടായിരുന്നില്ല. ഇപ്പോള്‍ അതിനും ഉണ്ട്.
ഫ്ലേവേഴ്സിന്റെ കാര്യത്തിലും ഈ വെസ്റ്റെണ്‍ ഇന്‍ഫ്ലുവന്‍സ് ഉണ്ട്. എല്ലാ യൂറോപ്യന്‍ ഇന്‍ഗ്രേഡിയൻസും നമുക്ക് ഇപ്പോള്‍ ഇവിടെ ഇംപോർട്ട് ചെയ്തു കിട്ടും. സ്ട്രോബെറി, ബ്ലൂബെറി, റാസ്പ്ബെറി എല്ലാം ഇപ്പോള്‍ ആവശ്യാനുസരണം ചെയ്യുന്നുണ്ട്. പ്രിസര്‍വ്ഡ് കാന്‍ഡ് ഫ്രൂട്ട്സ് ലഭ്യമാണ്. വാല്‍നട്ട്, ഹെയ്സല്‍ നട്ട് ഒന്നും നമ്മുടെ നാട്ടില്‍ അത്ര പ്രചാരം ഉണ്ടായിരുന്നില്ല, ഇപ്പോള്‍ ആവശ്യക്കാരുണ്ട്. അതുപോലെ ആല്‍മണ്ട് കുറച്ച് എക്സ്പെന്‍സീവ് ആയതുകൊണ്ട് അഫോര്‍ഡബില്‍ ആയിട്ടുള്ളവരാണ് കൂടുതലും ഇതൊക്കെ ചോദിക്കുന്നത്.അല്ലാതെ സാധാരണ പ്രലീന്‍, വൈറ്റ് ഫോറസ്റ്റ്, ബ്ലാക്ക് ഫോറസ്റ്റ് ഒക്കെയുണ്ട്. പുറം നാടുകളില്‍ താമസിച്ചു വരുന്നവര്‍ക്ക് കേക്കിന്റെ ഒരുപാട് വെറൈറ്റികള്‍ അറിയാം. അവര്‍ ആവശ്യപ്പെട്ടു വരാറുണ്ട്, അതുപോലെ യു ട്യൂബില്‍ ഒക്കെ കണ്ടിട്ടു വരുന്നവരുമുണ്ട്. ആളുകള്‍ക്ക് ഇപ്പോള്‍ വ്യത്യസ്തതയാണ് താല്‍പര്യം.
ഇന്‍വെസ്റ്റ്മെന്റ് എങ്ങനെയാണ്?
വലിയ ഒരു ഇന്‍വെസ്റ്റ്‌മെന്റ് ആവശ്യമുള്ള ഒരു ബിസിനസ് അല്ല ഇത്. വീട്ടിലെ അടുക്കള തന്നെയാണ് പ്രധാന വര്‍ക്കിങ് സ്പെയ്സ്. ഒരു ഓവന്‍ മാത്രം വാങ്ങേണ്ടതുണ്ട്. സാധാരണ മൈക്രോവേവ് അല്ല. കേക്ക് ബേക്കിങ് ഓവന്‍ തന്നെ വേണം. ആറായിരം രൂപയ്ക്കൊക്കെ കിട്ടും. പിന്നെ ട്രേ, പത്രങ്ങള്‍, ഇന്‍ഗ്രേഡിയന്‍സ് ഒക്കെ മതി. അല്‍പ്പം ക്രിയേറ്റിവിറ്റിയും താല്‍പര്യവും ഉണ്ടെങ്കില്‍ സാധാരണ ഒരു സ്ത്രീക്കു നടത്തിക്കൊണ്ടു പോകാന്‍ പറ്റുന്ന ബിസിനസ് ആണ്. നല്ല വരുമാനവും ഉണ്ട്. ആദ്യമൊക്കെ ഞാന്‍ ചില ഡിസൈന്‍ കാണുമ്പോ പകച്ചു പോകുമായിരുന്നു. പക്ഷേ ചെയ്തു വരുമ്പോ ശരിയാകും. ഹസ്ബന്റ് ഒരുപാട് ഹെല്‍പ്പ് ചെയ്യും. വീട്ടിലുള്ള സമയത്ത് കളര്‍ മിക്സിങ്ങിലും ക്രിയേറ്റീവ് സൈഡിലും ഒക്കെ നല്ല സജഷന്‍സ് തരും.
എങ്ങനെയാണ് മാര്‍ക്കറ്റിങ്ങ്?
ഷോപ്പ് ആയിട്ട് തുടങ്ങിയിട്ടില്ല, പ്ലാന്‍ ഉണ്ട്. ഓണ്‍ ലൈനിലൂടെ തന്നെയാണ് പ്രധാന വില്‍പ്പന. ഫെയ്സ്ബുക്കും വാട്സപ്പും ഒരുപാട് സഹായിക്കുന്നുണ്ട്. കേക്ക് മോഡലുകള്‍ ഷെയര്‍ ചെയ്തു പോയി കണ്ടും കേട്ടും അറിഞ്ഞ് പലരും വരാറുണ്ട്. മൗത്ത് പബ്ലിസിറ്റി പ്രധാനമാണ്. കൊച്ചിയാണ് പ്രധാനകേന്ദ്രം. എങ്കിലും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തൃശ്ശൂര്‍ ജില്ലകളില്‍ നിന്നൊക്കെ ഓര്‍ഡര്‍ചെയ്ത് കൊടുക്കാറുണ്ട്. കാര്‍ എസിയില്‍ മെല്‍റ്റ് ചെയ്ത് പോകാത്ത രീതിയില്‍ ഹാര്‍ഡ് ഐസിങ് ആണ് കൊടുക്കുന്നത്. കേക്ക് സോഫ്റ്റ് ആയിരിക്കും, മൂന്നു ദിവസം വരെ എസിയില്‍ കൊണ്ടു പോകാവുന്നതാണ്. ഫ്രഷ് ക്രീം കേക്ക് മാത്രം ഇത്തരത്തില്‍ ചെയ്യാന്‍ പറ്റില്ല എന്നു പറയാറുണ്ട്. വളരെ നന്നായി പായ്ക്കു ചെയ്ത് സെയ്ഫ് ആയി കൊടുത്തയക്കാറുണ്ട്. ഒരു കിലോ പ്ലെയിന്‍ കേക്കിന് 850 രൂപ മുതലാണ് ചാര്‍ജ് ചെയ്യുന്നത്. ഡിസൈനര്‍ കേക്കിനു ഡിസൈന്‍, മോഡല്‍ ഒക്കെ അനുസരിച്ച് വില കൂടും.
എന്താണ് വിജയരഹസ്യം?
ക്വാളിറ്റിയില്‍ കോംപ്രമൈസ് ഇല്ല. പേസ്ട്രി ഷോപ്പുകാര്‍ ചെയ്യുന്നതുപോലെ റെഡി മിക്സ് ഇല്ല, പ്രിസര്‍വേറ്റീവ്സ് ഇല്ല. മാര്‍ജിന്‍ കിട്ടാന്‍ വേണ്ടി അവര്‍ ചെയ്യുന്നതാണ് അതൊക്കെ. അഞ്ചുവര്‍ഷമായിട്ട് ഇന്നുവരെ അങ്ങനെ ചെയ്തിട്ടില്ല. ഇന്‍ഗ്രീഡിയന്‍സ് ഓരോന്നും ഞാന്‍ തന്നെ ഷോപ്പില്‍ പോയി വാങ്ങുന്നതാണ്. ഹൈ ക്വാളിറ്റി ബ്രാന്റഡ് മൈദാ, പൗഡേഡ് ഷുഗര്‍, ബട്ടര്‍ എല്ലാം നമ്മള്‍ ഷോപ്പില്‍ പോയി നേരിട്ടെടുക്കും. ചിലവു കൂടുതലാണെങ്കിലും ഒരു റെഡിമിക്സ് എടുത്ത് സോഡാ ചേര്‍ത്ത് വെറുതെ ബേക്ക് ചെയ്യുന്ന രീതി ഹോം ബേക്കേഴ്സ് ചെയ്യില്ല. പല ഷോപ്പിലും കിട്ടുന്ന കേക്കില്‍ ബട്ടര്‍ ഇല്ല, മുട്ടയില്ല ഒന്നുമില്ല. ജസ്റ്റ് ബേക്ക് ചെയ്യുകയാണ്. ഹെല്‍ത്തി ആന്‍ഡ് ഹൈജീനിക് കേക്ക് ആണ് നമ്മള്‍ ഓഫര്‍ ചെയ്യുന്നത്. കഴിക്കുന്നവര്‍ക്ക് അതറിയാം. ജര്‍മനിയിലും ബെല്‍ജിയത്തിലും ഒക്കെ താമസിച്ചിട്ടു വരുന്നവര്‍ ഇവിടുത്തെ പേസ്ട്രി ഷോപ്പുകളില്‍ ചെന്നാല്‍ ഒരു പീസില്‍ കൂടുതല്‍ കഴിക്കില്ല. ആ രുചി-ക്വാളിറ്റി വ്യത്യാസം അവര്‍ക്കു പെട്ടെന്ന് മനസ്സിലാകും. നമ്മുടെ ഹോം ബേക്ക്സില്‍ അവര്‍ക്ക് ആ രുചി കിട്ടാറുണ്ട് ആ മൗത്ത് പബ്ലിസിറ്റിയാണ് നമ്മുടെ പരസ്യം. അതാണ് സന്തോഷവും. വലിയ മാര്‍ജിന്‍ ഇല്ല എന്നുള്ളതു സത്യമാണ്. പക്ഷേ വോള്യം ബിസിനസ് ഉണ്ട്. ആളുകള്‍ പരസ്പരം നല്ലതു പറയുന്നു. ഒരിക്കല്‍ വാങ്ങിച്ചവര്‍ വീണ്ടും വരുന്നു.
ബള്‍ക്ക് ഓര്‍ഡര്‍ എന്‍ക്വയറീസ് വരാറുണ്ട്, സമയമുണ്ടെങ്കില്‍ മാത്രമേ അതു ചെയ്യാറുള്ളൂ. മിക്കവാറും വീട്ടില്‍ ഓര്‍ഡര്‍ കാണും. ഡിസൈനര്‍ കേക്ക് ഒരെണ്ണം ചെയ്തു വരുമ്പോള്‍ പത്തുമണിക്കൂര്‍ എങ്കിലും എടുക്കും. ബേക്ക് ചെയ്ത് അതു പിന്നെ തണുത്ത് ഐസിങ് ചെയ്ത് പെര്‍ഫെക്റ്റ് ആക്കണം. അതില്‍ കോണ്‍സന്‍ട്രേറ്റ് ചെയ്യേണ്ടി വരുന്നതുകൊണ്ട് ബള്‍ക്ക് ഓര്‍ഡറുകള്‍ സ്നേഹപൂര്‍വ്വം നിരസിക്കാറാണു പതിവ്. സമയമുണ്ടെങ്കില്‍ മാത്രം ചെയ്യാറുണ്ട്.
പുതിയ പദ്ധതികള്‍ എന്തൊക്കെയാണ്?
ഒരുപാടു പദ്ധതികൾ ഉണ്ട്. സീസണില്‍ ആണ് ഏറ്റവും ബിസിനസ്. നവംബര്‍,ഡിസംബര്‍ ഫുള്‍ ബുക്ക്ഡ് ആണ്. കൊച്ചിയില്‍ ഒരു ഫിനിഷിങ് സ്കൂള്‍ ആലോചിക്കുന്നുണ്ട്. രണ്ടുവര്‍ഷമായി മനസ്സിലുള്ള കണ്‍സപ്റ്റ് ആണ്. എല്ലാം പഠിപ്പിക്കുന്ന ഒരിടം.നല്ല ഫാക്കല്‍റ്റികളെ വച്ചു തുടങ്ങാനാണ് ആലോചന. എല്ലാം ഒത്തുവന്നാല്‍ തുടങ്ങും. കുക്കിങ് ഇൻഡസ്ട്രിയിലെ പേരുകേട്ടവരെ ഹയര്‍ ചെയ്ത്, അല്ലെങ്കില്‍ വിസിറ്റിങ് ഫാക്കല്‍റ്റികളായിട്ട് പ്രതീക്ഷിയ്ക്കുന്നുണ്ട്. ഒരുപാടു ഫോര്‍മാലിറ്റീസ് ഉണ്ടല്ലോ.
അഞ്ചുവര്‍ഷമായി കുക്കിങ് ക്ലാസ്സുകള്‍ എടുക്കുന്നുണ്ട്. അതു വിപുലീകരീച്ച് ഈ ഒരു ഫിനിഷിങ്ങ് സ്കൂളിലേക്ക് എത്താനാണ് പ്ലാന്‍. കോണ്ടിനെന്റല്‍, പേസ്ട്രി, പുഡ്ഡിങ്ങ് മേക്കിങ് എല്ലാം പഠിപ്പിക്കും. കൂടാതെ ടേബിള്‍ എറ്റിക്കെറ്റ് പോലെയുള്ള കാര്യങ്ങള്‍. കല്യാണം കഴിച്ച് ഒരു വീട്ടില്‍ ചെല്ലുമ്പോള്‍ അല്ലെങ്കില്‍ ഒറ്റയ്ക്കു വീടു മാനേജ് ചെയ്യേണ്ടി വരുമ്പോഴൊക്കെ ഉപകാരപ്പെടുന്ന കാര്യങ്ങള്‍. പെട്ടെന്നു ഗസ്റ്റ് ഒക്കെ വന്നാല്‍ എങ്ങനെ മാനേജ് ചെയ്യണമെന്നു പലര്‍ക്കും അറിയില്ല. ഒന്നുകില്‍ പുറത്ത് നിന്ന് ഫുഡ് വാങ്ങും. അല്ലെങ്കില്‍ അവരെയും കൂട്ടി പുറത്ത് പോകും. നമുക്കു തന്നെ മാനേജ് ചെയ്യാവുന്നതേയുള്ളൂ ഒന്നു ശ്രമിച്ചാല്‍, തലേന്ന് തന്നെ ചെയ്ത് വയ്ക്കാവുന്ന പല കാര്യങ്ങളും ഉണ്ട്.സാലഡ് ഒക്കെ ഗസ്റ്റ് വരുന്നതിനു തൊട്ടു മുമ്പു വേണം ഉണ്ടാക്കാന്‍. ഒത്തിരി പഠിക്കാനുണ്ട് പലതും. എല്ലാം പ്ലാന്‍ ചെയ്തു ചെയ്‌താല്‍ ഗസ്റ്റ് വരുന്നതിന് ഒരു മണിക്കൂര്‍ മുന്‍പെങ്കിലും നമുക്ക് ഫ്രീ ആകാം. ഗസ്റ്റ് വന്നു കഴിഞ്ഞാല്‍ പണി ചെയ്തോണ്ടിരിക്കാന്‍ പറ്റില്ല. അങ്ങനെയൊക്കെയുള്ള പ്ലാനിങ്ങിന്റെ ഒരു കംപ്ലീറ്റ് ട്രെയിനിങ് പാക്കേജ് ആണ് ഉദ്ദേശിക്കുന്നത്.
വിലാസം: മീര മനോജ്
7C, അബാദ് സിൽവർ ക്രസ്റ്റ് അപാർട്മെന്റ്സ്
സുഭാഷ് ചന്ദ്രബോസ് റോഡ്
കടവന്ത്ര, കൊച്ചി 20
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam