സോഷ്യൽ മീഡിയ വഴി മികച്ച വരുമാനം, കരുത്തേകും രേവതിയുടെ വിജയഗാഥ

രേവതി

രേവതി പഠിച്ചത് ബയോടെക്നോളജിയായിരുന്നെങ്കിലും ചെന്നെത്തിയത് വസ്ത്രങ്ങളുടെ ലോകത്താണ്. അതും മാർക്കറ്റിങ്ങിൽ. വിവാഹശേഷം കൊച്ചിയിലേക്കു കൂടുമാറിയപ്പോൾ സുഹൃത്തിന്റെ ബുട്ടീക്കിൽ ഒപ്പം കൂടി. അവിടെ ഓൺലൈൻ മാർക്കറ്റിങ് ഏറ്റെടുത്തു. അക്കാലത്ത് അത്തരമൊരു വിപണനശൈലി നമ്മുടെ നാട്ടിൽ ചുവടുറപ്പിക്കുന്നതേ ഉള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ അതു മടുത്തു, ജോലി വിട്ടു.

തുടക്കം ബോറടി മാറ്റാൻ

വർഷം ഒന്നു കഴിഞ്ഞപ്പോൾ വീണ്ടും പഴയ ബോറടി തലപൊക്കിത്തുടങ്ങി. ഇത്തവണ അതൽപം സീരിയസായിരുന്നു. അതുകൊണ്ടുതന്നെ കാര്യമായി എന്തെങ്കിലും ചെയ്യണമെന്നു തോന്നി. ഐടി മേഖലയിൽ സംരംഭകനായ ഭർത്താവ് ശ്യാമിന്റെ പിന്തുണയും ഉണ്ടായിരുന്നു.

ഇന്ത്യൻ ഫാബ്രിക്സ് ഉപയോഗിച്ചുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുടെ ഒരു ഷോപ്പ്. സ്വദേശമായ പെരുമ്പാവൂരിലായിരുന്നു തുടക്കം. പരസ്യത്തിനും പ്രമോഷനും വേണ്ടി ഫെയ്സ്ബുക്കിൽ ഒരു പേജും തുടങ്ങി. വസ്ത്രങ്ങളോടുള്ള അഭിനിവേശവും ഫാഷനിലുള്ള അഭിരുചിയുമായിരുന്നു ആകെയുള്ള കൈമുതൽ.

ആദ്യകാലത്ത് വടക്കേ ഇന്ത്യയിൽ മൊത്തം കറങ്ങി വെറൈറ്റി റെഡിമെയ്ഡ് വസ്ത്രങ്ങൾ എടുത്തു കൊണ്ടുവന്നു വിറ്റു. കൂടുതൽ മികച്ചതിന്റെയെല്ലാം ഫോട്ടോ എടുത്ത് ഫെയ്സ്ബുക്ക് പേജിലിടുന്നതു പതിവാക്കി. അതു കണ്ടിട്ട് പലരും അന്വേഷണവുമായെത്തി. ആ ഫോട്ടോയും ഫോണിലാക്കി ഷോപ്പിലെത്തി അതേ സാധനം ആവശ്യപ്പെട്ടവരുമുണ്ട്. ശരിക്കും സോഷ്യൽ മീഡിയ നല്ലൊരു മാർക്കറ്റ് പ്ലേസാണെന്നു തിരിച്ചറിയുന്നത് അപ്പോഴാണ്. പിന്നെ അതിലെ സാധ്യതകളെക്കുറിച്ചായി അന്വേഷണം.

എക്സ്ക്ലൂസീവ്

ഈ സമയത്ത് ഓൺലൈൻ മാർക്കറ്റിങ് കേരളത്തിൽ പച്ചപിടിച്ചിരുന്നു. ഒട്ടേറെ സ്ഥാപനങ്ങളും ഈയവസരം പ്രയോജനപ്പെടുത്തി തുടങ്ങി. അങ്ങനെയൊരു അവസ്ഥയിൽ മറ്റുള്ളവർ നൽകുന്നതു തന്നെ നമ്മളും കൊടുത്താൽ പിടിച്ചു കയറാനാകില്ലെന്നു മനസ്സിലായി. ശരിക്കും പറഞ്ഞാൽ ആ ഒരു തിരിച്ചറിവാണ് ജുഗൽബന്ദിയെ വിജയത്തിലേക്കു നയിച്ചത്. പുതുമയും എക്സ്ക്ലൂസീവുമായ ഉൽപന്നങ്ങൾ നൽകണം എന്ന ലക്ഷ്യത്തോടെയായിരുന്നു പിന്നീടുള്ള യാത്ര. സ്വന്തമായി ഡിസൈനുകൾ തയാറാക്കി. നെയ്ത്തുകാർക്കു പാറ്റേണുകൾ നൽകി നെയ്തു വാങ്ങി.

കൊച്ചിയിൽ സ്റ്റോർ തുറന്നപ്പോൾ മറ്റു രീതിയിലുള്ള മാർക്കറ്റിങ് ഒന്നും വേണ്ടിവന്നില്ല. അത്രയ്ക്കും ഓൺലൈൻ പ്രസൻസ് ജുഗൽബന്ദിക്ക് ഉണ്ടായിരുന്നു. ഫെയ്സ്ബുക്കിനു പുറമേ ഇൻസ്റ്റാഗ്രാമിലൂടെയും ഇപ്പോൾ ഓർഡറുകൾ വരുന്നു. വെബ്സൈറ്റ് റെ‍ഡിയാണെങ്കിലും ഇതുവരെ ലോഞ്ച് ചെയ്തിട്ടില്ല. പുതുവർഷത്തിൽ അതും ഉണ്ടാകും.

പേയ്മെന്റ് അക്കൗണ്ട് വഴി

വസ്ത്രങ്ങൾ തയാറാക്കി രണ്ടാഴ്ച കൂടുമ്പോൾ പ്രഫഷനൽ ഫൊട്ടോഗ്രഫർമാരെ കൊണ്ടു ഫോട്ടോ ഷൂട്ട് നടത്തുകയാണു പതിവ്. എന്നിട്ട് ആ ചിത്രങ്ങൾ ഫെയ്സ്ബുക്ക് പേജിലിടും. ആ സമയത്ത് അതിന്റെ എല്ലാ സൈസിലുള്ള പീസുകളും സ്റ്റോക്ക് ഉണ്ടാകും. പേജ് കാണുന്നവർ ഫോണിലോ ഫെയ്സ്ബുക്കിലൂടെയോ ഇ– മെയിൽ വഴിയോ കോൺടാക്റ്റ് ചെയ്യും. ഓർഡർ സ്വീകരിച്ചാൽ കുറിയർ വഴി ഉൽപന്നം അയച്ചു കൊടുക്കുന്നു. പേയ്മെന്റ് ഗേറ്റ് വേ ഉണ്ടെങ്കിലും ബാങ്ക് അക്കൗണ്ട് വഴിയാണ് കൂടുതൽ പേരും പണം നൽകുന്നത്.

ഇപ്പോൾ വിദേശത്തുനിന്നു ഒട്ടേറെ ഓർഡറുകൾ കിട്ടുന്നുണ്ട്. കുറിയർ ട്രാക്കിങ് നമ്പർ കസ്റ്റമർക്ക് അയച്ചു കൊടുക്കുകയും ഉൽപന്നം അവരുടെ കൈയിലെത്തിയെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്ന പതിവുണ്ട്. കുറിയർ ചാർജ് വിലയിൽ കൂട്ടി ഈടാക്കുന്നതിനു പകരം ഉപഭോക്താവു തന്നെ നൽകുന്ന രീതിയാണ് പിന്തുടരുന്നത്. വിവിധ സ്ഥലങ്ങളിലേക്കു വ്യത്യസ്ത കുറിയർ നിരക്കായതിനാൽ ഉപഭോക്താക്കൾക്ക് കൃത്യമായ തുക മാത്രമേ ചെലവു വരുന്നുള്ളൂ.

ഉയർന്ന വരുമാനം

ഓൺലൈനിൽ ഇത്തരമൊരു സംരംഭം തുടങ്ങാൻ പ്രത്യേകം ഇൻവെസ്റ്റ്മെന്റ് വേണ്ട, ജീവനക്കാർ വേണ്ട, സ്ഥലവും വേണ്ട. പരസ്യത്തിന് സോഷ്യൽ മീഡിയയെ തന്നെ ആശ്രയിക്കുകയുമാകാം. അതുപോലെ ഏതു സമയത്തും ബിസിനസ് ചെയ്യാമെന്നൊരു മേന്മയുമുണ്ട്. ജുഗൽബന്ദിയിൽ എപ്പോൾ അപ്ഡേഷൻസ് വന്നാലും ഉടൻ തന്നെ മറുപടി കൊടുക്കാൻ ശ്രമിക്കും. വിദേശങ്ങളിൽ നിന്നുള്ളവർക്കൊക്കെ പെട്ടെന്നു തന്നെ റിപ്ലേ കൊടുക്കണം. അല്ലെങ്കിൽ അവർ തൊട്ടടുത്ത ദിവസമായിരിക്കും നമ്മുടെ മറുപടി കാണുക. ഒരുപക്ഷേ അപ്പോഴേക്കും സാധനം വാങ്ങാനുള്ള താൽപര്യം തന്നെ ഇല്ലാതായിരിക്കും. അതുകൊണ്ട് എൻക്വയറി വന്നാൽ എത്രയും വേഗം പ്രതികരിച്ച് അതു കച്ചവടമാക്കണം എന്നത് ഓൺലൈൻ ബിസിനസിലെ പ്രധാന പാഠമാണ്.

ജുഗൽബന്ദിയിൽ സോഷ്യൽ മീഡിയ വഴി ഒരു മാസം ശരാശരി 8–10 ലക്ഷം രൂപയുടെ ബിസിനസ് നടക്കുന്നുണ്ട്. സീസണിൽ ഇതു 20 ലക്ഷം വരെയാകാം. ശരാശരി 30 ശതമാനം വരെയാണ് ലാഭം. ബിസിനസിന്റെ അക്കൗണ്ട് സൈഡ് ഭർത്താവ് ശ്യാം ശ്രദ്ധിക്കുമ്പോൾ ഡിസൈൻ, പ്രൊഡക് ഷൻ, മാർക്കറ്റിങ് തുടങ്ങിയവ രേവതിയുടെ ചുമതലയാണ്.

സ്വന്തമായി ഡിസൈനേഴ്സ് ഉണ്ടെങ്കിലും രേവതി തന്നെയാണ് ഫൈനൽ ചെയ്തു കൊടുക്കുക. അതു ഡവലപ് ചെയ്ത് പാറ്റേൺ ആക്കുന്നു. ഡിസൈന്റെ കാര്യത്തിൽ നേരിട്ടു ശ്രദ്ധിച്ചില്ലെങ്കിൽ ഡിസൈനേഴ്സ് മാറുന്നതനുസരിച്ച് ബ്രാൻഡിന്റെ ടേസ്റ്റും സ്വഭാവവും മാറിപ്പോകുമെന്നാണ് രേവതിയുടെ അഭിപ്രായം.

വൈറ്റിലയിൽ വീടിന്റെ മുകൾനിലയിലാണ് പ്രൊഡക് ഷൻ യൂണിറ്റ്. ഷോപ്പും അടുത്തു തന്നെ. ബിസിനസിനൊപ്പം രണ്ടു വയസ്സുള്ള മകളുടെ കാര്യങ്ങൾക്കും രേവതി സമയം കണ്ടെത്തുന്നു. ഭാവിയിൽ കേരളത്തിനകത്തും പുറത്തും ജുഗൽബന്ദിയുടെ ഫ്രാഞ്ചൈസി ഷോപ്പുകൾ തുടങ്ങാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ഇവരിപ്പോൾ.

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam